Image

തോമായുടെ സുവിശേഷം (അപഗ്രഥനം-3)

ആന്‍ഡ്രൂസ്‌ സി. Published on 02 February, 2012
തോമായുടെ സുവിശേഷം (അപഗ്രഥനം-3)
വചനം 41 :- യേശു പറഞ്ഞു; കുറെ കയ്യില്‍ ഉള്ളവന്‌ കുറെക്കൂടി ലഭിക്കും. എന്നാല്‍ അല്‌പം മാത്രം ഉള്ളവനില്‍നിന്ന്‌ അതുകൂടി എടുക്കപ്പെടും.
വചനം 42 :- യേശു പറഞ്ഞു; നാം കടന്നു പേകുന്നവര്‍ (വഴിയാത്രക്കാര്‍) മാത്രം ആയിരിക്കുക
വചനം 43 :- ശിഷ്യര്‍ അവനോട്‌ ചോദിച്ചു; ഇപ്രകാരം സംസാരിക്കുവാന്‍ നീ ആരാകുന്നു?
യേശു പറഞ്ഞു; ഞാന്‍ ആരാകുന്നു എന്ന്‌ എന്റെ വാക്കുകേട്ട്‌ നിങ്ങള്‍ മനസിലാക്കുന്നില്ലയോ?
നിങ്ങളും യൂദന്മാരെപ്പോലെ ആയി മാറിയിരിക്കുന്നു. അവര്‍ക്ക്‌ മരം ഇഷ്‌ടമാണ്‌. പക്ഷെ അതിന്റെ ഫലത്തെ ഇഷ്‌ടമല്ല. അല്ലെങ്കില്‍ ഫലത്തെ ആഗ്രഹിക്കുന്നു. പക്ഷെ മരത്തെ വെറുക്കുന്നു.
വചനം 44 :- യേശു പറഞ്ഞു; പിതാവിനെതിരായി ദൂഷണം പറഞ്ഞാല്‍ അത്‌ ക്ഷമിക്കും. പുത്രനെതിരായി ദൂഷണം പറഞ്ഞാല്‍ അതും ക്ഷമിക്കും. എന്നാല്‍ ആത്മാവിനെ ദുഷിക്കുന്നത്‌ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ക്ഷമിക്കുകയില്ല.
വചനം 45 :- യേശു പറഞ്ഞു; മുള്ളുകളില്‍നിന്ന്‌ മുന്തിരിയും ഞെരിഞ്ഞിലില്‍നിന്ന്‌ അത്തിപ്പഴവും ഉണ്ടാകുകയില്ല. നല്ല മനുഷ്യന്‍ അവന്റെ നന്മയുടെ സമ്പാദ്യത്തില്‍നിന്ന്‌ നന്മ പുറപ്പെടുവിക്കുന്നു. ദുഷ്‌ടന്‍ അവന്റെ തിന്മയുടെ കലവറയില്‍നിന്ന്‌ തിന്മ പുറപ്പെടുവിക്കുന്നു. ദുഷ്‌ടന്റെ മനസ്സില്‍ തിന്മ നിറഞ്ഞിരിക്കുന്നു. അതിനാല്‍ തിന്മ അവനില്‍നിന്നും കവിഞ്ഞൊഴുകുന്നു.
വചനം 46 :- യേശു പറഞ്ഞു; യോഹന്നാന്‍ ഒരിക്കലും ലജ്ജിക്കേണ്ടി വരികയില്ല. കാരണം ആദം മുതല്‍ യോഹന്നാന്‍ വരെയുള്ളവരില്‍ യോഹന്നാനെക്കാള്‍ വലിയവന്‍ ജനിച്ചിട്ടില്ല.
എന്നാല്‍ നിങ്ങളില്‍ ആരെങ്കിലും സ്വര്‍ഗ്ഗരാജ്യം എന്താണ്‌ എന്ന്‌ കുറച്ചെങ്കിലും അറിവാന്‍ സാധിച്ചാല്‍ യോഹന്നാനെക്കാള്‍ ശ്രേഷ്‌ഠനാകുന്നു.
വചനം 47 :- യേശു പറഞ്ഞു; ഒരേ സമയത്ത്‌ രണ്ടു കുതിരപ്പുറത്തു കയറി രണ്ടു വില്ലുകള്‍ കുലയ്‌ക്കുവാന്‍ സാധിക്കുകയില്ല.
ഒരേ സമയത്ത്‌ ഒരു ദാസന്‌ രണ്ടു യജമാനന്മാരെ സേവിക്കാന്‍ സാധിക്കുകയില്ല. അവന്‍ ഒരുവനെ ബഹുമാനിക്കുകയും മറ്റൊരുവനെ അപമാനിക്കുകയും ചെയ്യും.
ആരും പഴയ വീഞ്ഞ്‌ കുടിച്ചതിനുശേഷം പുതിയ വീഞ്ഞ്‌ ആഗ്രഹിക്കുകയില്ല.
ആരും പുതിയ വീഞ്ഞ്‌ പഴയ തുരുത്തിലും പകരുകയില്ല. പഴയ വീഞ്ഞ്‌ പുതിയ തുരുത്തിലും പകരുകയില്ല. ആരും പുതിയ തുണിയില്‍ പഴന്തുണി തുന്നിച്ചേര്‍ക്കുകയില്ല. അങ്ങനെ ചെയ്‌താല്‍ അവ വീണ്ടും പെട്ടെന്ന്‌ കീറും.
വചനം 48 :- യേശു പറഞ്ഞു; ഒരു ഭവനത്തില്‍ രണ്ടുപേര്‍ തമ്മില്‍ സമാധാനം സ്ഥാപിച്ചശേഷം ഒരു മലയോട്‌ നീങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടാല്‍ മല മാറിപ്പോകും.
വചനം 49 :- യേശു പറഞ്ഞു; ഏകാന്തത തിരഞ്ഞെടുക്കുന്നവര്‍ ആനുഗ്രഹിക്കപ്പെടുന്നവരാകുന്നു. കാരണം അവര്‍ സ്വര്‍ഗ്ഗരാജ്യം കണ്ടെത്തും. അവര്‍ അവിടെനിന്നു വന്നു. അവിടേയ്‌ക്കു മടങ്ങിപ്പോവുകയും ചെയ്യും.
വചനം 50 :- യേശു പറഞ്ഞു; നിങ്ങള്‍ എവിടെ നിന്നുവരുന്നവര്‍ എന്ന്‌ നിങ്ങളോട്‌ ചോദിച്ചാല്‍ അവരോടു പറക, ഞങ്ങള്‍ വെളിച്ചത്തില്‍ നിന്നും വരുന്നു. അത്‌ നിങ്ങളോ എന്ന്‌ ചോദിച്ചാല്‍ ഞങ്ങള്‍ അവന്റെ മക്കളിലും നിത്യനായ പിതാവിനാല്‍ തിരഞ്ഞെടുക്കപ്പെട്ടവരും ആകുന്നു എന്നു പറയുക. നിങ്ങളില്‍ പിതാവിന്റെ അടയാളം എന്ത്‌ എന്ന്‌ ചോദിച്ചാല്‍ അത്‌ പൂര്‍ണ്ണമായ ചലനവും പൂര്‍ണ്ണമായ വിശ്രമവും ആകുന്നു എന്ന്‌ പറയുക.
വചനം 51 :- ശിഷ്യന്‍ അവനോടു ചോദിച്ചു; പുതിയ ലോകം എന്ന്‌ ഉളവാകും, മരിച്ചവര്‍ എന്ന്‌ പുനര്‍ജീവിക്കും? അവന്‍ പറഞ്ഞു. നിങ്ങള്‍ കാത്തിരിക്കുന്ന പുനരുദ്ധാരണം എന്നേ സംഭവിച്ചു കഴിഞ്ഞു എന്നാല്‍ നിങ്ങളോ അറിഞ്ഞില്ല, തിരിച്ചറിഞ്ഞില്ല.
വചനം 52 :- അവന്റെ ശിഷ്യര്‍ പറഞ്ഞു; ഇരുപത്തിനാല്‌ പ്രവാചകന്മാര്‍ യിസ്രായേലില്‍ സംസാരിച്ചത്‌ നിന്നിലൂടെ ആയിരുന്നു. അവന്‍ പറഞ്ഞു; നിങ്ങള്‍ ജീവനുള്ളവനെ നിങ്ങളില്‍നിന്ന്‌ തള്ളിമാറ്റിയിട്ട്‌ മരിച്ചവരെക്കുറിച്ച്‌ സംസാരിക്കുന്നു.
വചനം 53 :- ശിഷ്യര്‍ ചോദിച്ചു; പരിച്ഛേദനകൊണ്ട്‌ പ്രയോജനം ഉണ്ടോ?
അവന്‍ പറഞ്ഞു; പരിഛേദനകൊണ്ട്‌ പ്രയോജനം ഉണ്ട്‌ എങ്കില്‍ അമ്മയുടെ ഉദരത്തില്‍നിന്നും ജനിക്കുന്നതിനു മുമ്പേ പരിഛേദന ഏറ്റവരായി പിതാവ്‌ അവരെ ജനിപ്പിക്കുമായിരുന്നു. എന്നാലോ ആത്മാവിലുള്ള പരിഛേദന എല്ലാറ്റിലും ഉപരിയാകുന്നു.
വചനം 54 :- യേശു പറഞ്ഞു; ആത്മാവില്‍ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ ഭാഗ്യവാന്മാര്‍. അവര്‍ക്ക്‌ ദൈവരാജ്യം ലഭിക്കും.
വചനം 55 :- യേശു പറഞ്ഞു; അപ്പനേയും അമ്മയേയും ഉപേക്ഷിക്കാത്തവന്‌ എന്റെ പിന്നാലെ വരാന്‍ സാധിക്കുകയില്ല. സഹോദരനെയും സഹോദരിയെയും ഉപേക്ഷിക്കാത്തവനും എന്റെ ഭാരം ചുമക്കാന്‍ പ്രാപ്‌തനല്ല.
വചനം 56 :- യേശു പറഞ്ഞു; ഈ ലോകത്തെ മനസ്സിലാക്കിയവന്‍ മരിച്ച ജഢത്തെ കണ്ടെത്തുന്നു. അവന്‍ ഈ ലോകത്തെ ത്യജിക്കുന്നു.
വചനം 57 :- യേശു പറഞ്ഞു; സ്വര്‍ഗ്ഗരാജ്യം നല്ല വിത്ത്‌ വിതച്ചവന്‌ തുല്യം. അവന്റെ ശത്രു രാത്രിയില്‍ നല്ല വിത്തിനിടയില്‍ കള വിതയ്‌ക്കുന്നു എന്നാല്‍ അവന്‍ വേലക്കാരോടു പറയുന്നു, കളകള്‍ നല്ല വിത്തിന്റെ കൂടെ വളരട്ടെ. ഇപ്പോള്‍ കളകളെ പിഴുതാല്‍ നല്ല വിത്തുകൂടി അറിയാതെ അവയുടെ കൂടെ പിഴുക്കപ്പെടും. എന്നാല്‍ കൊയ്‌ത്ത്‌ ദിവസം കളകള്‍ വെളിവാകും. അവയെ തീയില്‍ ദഹിപ്പിക്കുകയും ചെയ്യാം.
വചനം 58 :- യേശു പറഞ്ഞു; കഷ്‌ടപാടുകള്‍ സഹിച്ച മനഷ്യന്‍ അനുഗ്രഹിക്കപ്പെട്ടവന്‍. കാരണം അവന്‍ ജീവിതത്തെ യാഥാര്‍ത്ഥ്യതയില്‍ കണ്ടെത്തി.
വചനം 59 :- യേശു പറഞ്ഞു; നിങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍ നിത്യജീവനെ തേടുക. അതിനാല്‍ നിങ്ങള്‍ മരിക്കുകയില്ല. മരണശേഷം നിത്യജീവനെ തേടിയാല്‍ നിത്യജീവനെ കാണുകയില്ല.
വചനം 60 :- യഹൂദ്യയിലേക്കുള്ള വഴിയാത്രയില്‍ ഒരു ശമരിയാക്കാരന്‍ ആടിനെ മോഷ്‌ടിക്കാന്‍ പതിയിരിക്കുന്നത്‌ കണ്ടിട്ട്‌ അവന്‍ പറഞ്ഞു; അവന്‍ ആടിനെ മോഷ്‌ടിക്കാന്‍ പതിയിരിക്കുന്നു.
ശിഷ്യര്‍ പറഞ്ഞു; അവന്‍ മോഷ്‌ടിച്ചശേഷം അതിനെ കൊന്നു തിന്നുവാന്‍ ശ്രമിക്കുന്നു. യേശു പറഞ്ഞു; ആട്‌ ജീവനോടെ ഉള്ളപ്പോള്‍ അതിനെ ഭക്ഷിക്കാന്‍ അവന്‌ സാധിക്കുകയില്ല. എന്നാല്‍ അതിനെ കൊന്നു കഴിയുമ്പോള്‍ അത്‌ ശവമായി മാറുന്നു. അപ്പോള്‍ അവന്‌ അതിനെ ഭക്ഷിക്കാം.
അതിനാല്‍ നിങ്ങള്‍ മരിക്കാതിരിക്കാന്‍ നിത്യജീവനെ തേടുക. അല്ലാഞ്ഞാല്‍ നിങ്ങളും ശവമായി മാറും. മറ്റുള്ളവര്‍ക്ക്‌ ഭക്ഷണമായി മാറുകയും ചെയ്യും. നിത്യവിശ്രമം മരണമല്ല.
വചനം 61 :- യേശു പറഞ്ഞു; രണ്ടുപേര്‍ ഒരു കിടക്കയില്‍ വിശ്രമിക്കുന്നു, ഒരുവന്‍ മരിക്കുന്നു, മറ്റൊരുവന്‍ ജീവിക്കുന്നു.
അപ്പോള്‍ സലോമി ചോദിച്ചു; മനുഷ്യാ! നീ ആരാകുന്നു? എന്റെ ഭവനത്തില്‍ നീ വിശ്രമിക്കുകയും എന്റെ മേശയില്‍ നിന്ന്‌ നീ ഭക്ഷിക്കുകയും ചെയ്‌തിട്ടുണ്ടല്ലോ.
യേശു അവളോടു പറഞ്ഞു; ഒരിക്കലും മാറ്റം ഉണ്ടാകാത്ത നിത്യനായവനില്‍ നിന്ന്‌ ഞാന്‍ വരുന്നു. പിതാവിന്റെ നിത്യത എനിക്കും കുറെ ലഭിച്ചിരിക്കുന്നു. ഞാന്‍ ശിഷ്യന്‍. അതിനാല്‍ ഞാന്‍ പറയുന്നു. ഒരുവന്‍ ദൈവത്തെപ്പോലെ ആയാല്‍ അവന്‍ വെളിവ്‌ നിറഞ്ഞവനായി മാറുന്നു. എന്നാല്‍ ദൈവത്തില്‍നിന്നും അകന്നവന്‍ അന്ധകാരം നിറഞ്ഞവന്‍ ആകുന്നു.
വചനം 62 :- യേശു പറഞ്ഞു; എന്റെ രഹസ്യങ്ങള്‍ അര്‍ഹിക്കുന്നവരോട്‌ കൂടെ ഞാന്‍ പങ്കിടുന്നു. നിന്റെ വലതുകരം ചെയ്യുന്നത്‌ ഇടതുകരം അറിയരുത്‌.
വചനം 63 :- യേശു പറഞ്ഞു; ധാരാളം സമ്പാദ്യങ്ങള്‍ ഉണ്ടായിരുന്ന ധനവാനായ മനുഷ്യന്‍ പറഞ്ഞു; എന്റെ സമ്പത്ത്‌ ഉപയോഗിച്ച്‌ ഞാന്‍ ധാരാളം വിതയ്‌ക്കും. എന്റെ കളപ്പുരകളില്‍ ധാന്യം നിറഞ്ഞു കവിയും. എനിക്ക്‌ യാതൊരു ബുദ്ധിമുട്ടും ഉണ്ടാവുകയില്ല. എന്നാല്‍ ആ രാത്രിയില്‍ അവന്‍ മരിച്ചു. കേള്‍ക്കാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
വചനം 64 :- യേശു പറഞ്ഞു; ഒരു മനുഷ്യന്‌ ധാരാളം സുഹൃത്തുക്കള്‍ ഉണ്ടായിരിന്നു. അവന്‍ അവര്‍ക്ക്‌ വിരുന്നൊരുക്കി. അവന്റെ ദാസനെ വിട്ട്‌ സുഹൃത്തുക്കളെ വിരുന്നിനു വിളിച്ചു. ദാസന്‍ ഒന്നാമത്തെ സ്‌നേഹിതനോട്‌ അറിയിച്ചു. യജമാനന്‍ നിന്നെ വിരുന്നിനു വിളിക്കുന്നു. അവന്‍ പറഞ്ഞു; എനിക്ക്‌ വളരെയേറെ വാണിജ്യ ഇടപാടുകള്‍ തീര്‍ക്കാനുണ്ട്‌. എന്നെ വിരുന്നില്‍നിന്നും ഒഴിവാക്കണം. ദാസന്‍ രണ്ടാമത്തെ സ്‌നേഹിതനെ വിളിച്ചു. അവന്‍ പറഞ്ഞു; ഞാന്‍ പുതിയൊരു ഭവനം വാങ്ങി. എനിക്ക്‌ സമയമില്ല. ദാസന്‍ മൂന്നാമത്തവനെ ക്ഷണിച്ചു. അവന്‍ പറഞ്ഞു; എന്റെ സുഹൃത്ത്‌ വിവാഹം കഴിക്കുന്നു. വിവാഹസദ്യയ്‌ക്ക്‌ വേണ്ടതെല്ലാം പാകം ചെയ്യണം. എനിക്ക്‌ വിരുന്നിനു വരാന്‍ സാധിക്കുകയില്ല. ദാസന്‍ നാലാമത്തെ സുഹൃത്തിനെ വിരുന്നിനു വിളിച്ചു. അവന്‍ പറഞ്ഞു; ഞാന്‍ ഒരു ഗ്രാമം വിലയ്‌ക്കു വാങ്ങി. വാടക പിരിക്കാന്‍ പോകണം. എനിക്ക്‌ വിരുന്നിന്‌ വരാന്‍ സാധിക്കുകയില്ല. ദാസന്‍ തിരികെ യജമാനന്റെ അടുക്കല്‍ എത്തി അവനോടു പറഞ്ഞു. നീ ക്ഷണിച്ച സുഹൃത്തുക്കള്‍ ആരും വിരുന്നിനു വരികയില്ല. എല്ലാവരും ക്ഷണം നിരസിച്ചു. യജമാനന്‍ ദാസനോട്‌ പറഞ്ഞു; നീ തെരുവില്‍ പോയി കാണുന്നവരെയെല്ലാം കൂട്ടിക്കൊണ്ടു വരിക. അവര്‍ വിരുന്ന്‌ ഭക്ഷിക്കട്ടെ.
ഇടപാടുകാരും കച്ചവടക്കാരും എന്റെ പിതാവിന്റെ സ്ഥലത്ത്‌ പ്രവേശിക്കുകയില്ല.
വചനം 65 :- അവന്‍ പറഞ്ഞു; ഒരു ജന്മി തന്റെ മുന്തിരിത്തോട്ടം കൃഷിക്കാര്‍ക്ക്‌ പാട്ടത്തിന്‌ കൊടുത്തു. അവന്‍ തന്റെ ദാസനെ പാട്ടം പിരിക്കാന്‍ അയച്ചു. കൃഷിക്കാര്‍ അവനെ മാരകമായി ഉപദ്രവിച്ച്‌ തിരിച്ചയച്ചു. ഒന്നാമത്തെ ദാസനെ അവര്‍ തിരിച്ചറിഞ്ഞില്ലായിരിക്കാം എന്നു കരുതി രണ്ടാമത്‌ മറ്റൊരു ദാസനെ വിട്ടു. അവനെയും കൃഷിക്കാര്‍ ഉപദ്രവിച്ച്‌ തിരിച്ചയച്ചു. മൂന്നാമത്‌ ജന്മി സ്വന്തം മകനെ തന്നെ വിട്ടു. എന്നാല്‍ ഇവനാണ്‌ തോട്ടത്തിന്റെ അവകാശി എന്ന്‌ പറഞ്ഞ്‌ കൃഷിക്കാര്‍ അവനെ കൊന്നു.
കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
വചനം 66 :- യേശു പറഞ്ഞു; പണിക്കാര്‍ തള്ളിക്കളഞ്ഞ കല്ല്‌ എന്നെ കാണിക്കുക. അതാണ്‌ മൂലക്കല്ല്‌.
വചനം 67 :- യേശു പറഞ്ഞു; സര്‍വ്വജ്ഞാനികള്‍ക്ക്‌ അല്‌പം അറിവ്‌ കുറവ്‌ ഉണ്ടെങ്കില്‍ അവന്‍ എല്ലാറ്റിലും കുറവുള്ളവന്‍ ആകുന്നു.
വചനം 68 :- യേശു പറഞ്ഞു; നിങ്ങളെ നിന്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍. നിങ്ങള്‍ നേടിയെടുക്കുന്നത്‌ ഒരിക്കലും അവര്‍ കാണുകയില്ല.
വചനം 69 :- യേശു പറഞ്ഞു; ഹൃദയത്തില്‍ യഥാര്‍ത്ഥമായ ദാരിദ്ര്യം അനുഭവിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു. അവര്‍ പിതാവിനെ യഥാര്‍ത്ഥത്തില്‍ കണ്ടറിയും. വിശപ്പ്‌ അനുഭവിക്കുന്നവര്‍ അനുഗ്രഹിക്കപ്പെട്ടവര്‍. അവരുടെ വിശപ്പിന്‌ ശമനം ലഭിക്കും.
വചനം 70 :- യേശു പറഞ്ഞു; നിങ്ങള്‍ സ്വയം കണ്ടെത്തുമ്പോള്‍ നിങ്ങള്‍ രക്ഷ പ്രാപിക്കുന്നു. നിങ്ങള്‍ സ്വയം കണ്ടെത്തുന്നില്ല എങ്കില്‍ നിങ്ങള്‍ക്കു മരണം സംഭവിക്കും.
വചനം 71 :- യേശു പറഞ്ഞു; ഞാന്‍ ഈ ഭവനം നശിപ്പിക്കും. ഒരുവനും അത്‌ വീണ്ടും പണിയാന്‍ കഴിയുകയില്ല.
വചനം 72 :- ഒരുവന്‍ അവനോട്‌ പറഞ്ഞു; എന്റെ പിതാവിന്റെ സ്വത്ത്‌ എനിക്ക്‌ കൂടി ഭാഗിക്കണം എന്ന്‌ നീ എന്റെ സഹോദരനോട്‌ പറയുക. യേശു അവനോട്‌ പറഞ്ഞു:- മനുഷ്യാ! എന്നെ ആരാണ്‌ ഭാഗിക്കുന്നവന്‍ ആക്കിയത്‌? അവന്‍ തിരിഞ്ഞ്‌ ശിഷ്യരോട്‌ ചോദിച്ചു. വിരുദ്ധത ഉണ്ടാക്കുന്നവനാണോ ഞാന്‍?
വചനം 73 :- യേശു പറഞ്ഞു; വിളവ്‌ അധികം, വേലക്കാരോ ചുരുക്കം. കൂടുതല്‍ വേലക്കാരെ അയയ്‌ക്കാന്‍ യജമാനനോട്‌ അപേക്ഷിക്കുക.
വചനം 74 :- യേശു പറഞ്ഞു; അനേകം പേര്‍ കിണറിനു ചുറ്റും കൂടി നില്‍ക്കുന്നു എന്നാല്‍ കിണറ്റില്‍ ഒന്നും ഇല്ല.
വചനം 75 :- യേശു പറഞ്ഞു; അനേകംപേര്‍ വാതില്‍ക്കല്‍ കൂടിനില്‍ക്കുന്നു. എന്നാല്‍ ഏകാകികള്‍ മാത്രമേ വിരുന്നുശാലയില്‍ പ്രവേശിക്കുകയുള്ളു.
വചനം 76 :- യേശു പറഞ്ഞു; പിതാവിന്റെ രാജ്യം അനേകം വകയുള്ള കച്ചവടക്കാരനു സമം. അവന്‍ വളരെ വിശിഷ്‌ടമായ ഒരു മുത്ത്‌ കണ്ടെത്തുന്നു. വളരെ കുശാഗ്രബുദ്ധിയുള്ള കച്ചവടക്കാരന്‍ അവന്റെ വകകള്‍ വിറ്റ്‌ മുത്ത്‌ വാങ്ങി സ്വന്തമാക്കുന്നു. നിങ്ങളും ഇത്തരം നശിച്ചു പോകാത്ത ദ്രവ്യം തേടുക. അവയെ പുഴുവും പാറ്റയും തിന്നു നശിപ്പിക്കുകയില്ല.
വചനം 77 :- യേശു പറഞ്ഞു; എല്ലാറ്റിലും ഉപരിയായ പ്രകാശം ഞാന്‍ ആകുന്നു. ഞാന്‍ എല്ലാം ആകുന്നു. എല്ലാം എന്നില്‍ നിന്ന്‌ ഉളവായി. എല്ലാം എന്നിലേക്ക്‌ തിരികെചേരും. ഒരു മരക്കഷണം കീറി നോക്കുക. എന്നെ നിങ്ങള്‍ക്ക്‌ കാണാം. ഒരു കല്ല്‌ പൊക്കി നോക്കിയാല്‍ എന്നെ അവിടെ കാണാം.
വചനം 78 :- യേശു പറഞ്ഞു; നിങ്ങള്‍ ഗ്രാമപ്രദേശത്തേക്ക്‌ എന്തിന്‌ പോകുന്നു. കാറ്റില്‍ ആടുന്ന ഞാങ്ങണ കാണുവാനോ? അതോ രാജകുമാരനെപ്പോലെയും പ്രഭുക്കന്മാരെപ്പോലെയും മൃദുലവസ്‌ത്രങ്ങള്‍ ധരിച്ചവരെ കാണുവാനോ? അവര്‍ മൃദുല വസ്‌ത്രം ധരിച്ചവരാകുന്നു എന്നാല്‍ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ല.
വചനം 79 :- ആള്‍ക്കൂട്ടത്തില്‍ നിന്നും ഒരു സ്‌ത്രീ പറഞ്ഞു; നിന്നെ വഹിച്ച ഉദരവും നീ കുടിച്ച മുലകളും പുകഴ്‌ത്തപ്പെട്ടവ ആകുന്നു.
അവന്‍ പറഞ്ഞു; പിതാവിന്റെ വചനം കേട്ട്‌ ശരിയായ വിധത്തില്‍ പാലിക്കുന്നവര്‍ പുകഴ്‌ത്തപ്പെട്ടവര്‍ ആകുന്നു. കാരണം ഗര്‍ഭം ധരിക്കാത്ത ഉദരങ്ങളും കുടിപ്പിക്കാത്ത മുലകളും വാഴ്‌ത്തപ്പെട്ടവ എന്ന്‌ നിങ്ങള്‍ പറയുന്ന കാലം വരുന്നു.
വചനം 80 :- യേശു പറഞ്ഞു; ലോകത്തെ അറിഞ്ഞവര്‍ ലോകം മരിച്ച ജഢം എന്നറിയുന്നു. എന്നാല്‍ മരിച്ച സ്വന്തം ജഢം കണ്ടെത്തിയവര്‍ ലോകം വ്യര്‍ത്ഥം എന്നറിയുന്നു.
വചനം 81 :- യേശു പറഞ്ഞു; സമ്പത്ത്‌ നേടിയവന്‍ രാജാവാകണം. അധികാരം ഉള്ളവന്‍ അത്‌ ഉപേക്ഷിക്കണം.
വചനം 82 :- യേശു പറഞ്ഞു; എന്റെ അടുത്ത്‌ നില്‍ക്കുന്നവന്‍ അഗ്നിയോട്‌ അടുത്ത്‌ നില്‌ക്കുന്നു. എന്നില്‍നിന്നും അകലുന്നവന്‍ ദൈവരാജ്യത്തില്‍നിന്നും അകലുന്നു
വചനം 83 :- യേശു പറഞ്ഞു; പിതാവിന്റെ രൂപം മനുഷ്യവര്‍ഗ്ഗത്തിന്‌ കാണുവാന്‍ സാധിക്കും. എന്നാല്‍ മനുഷ്യനിലെ പ്രകാശം പിതാവിന്റെ രൂപത്തില്‍ മറഞ്ഞിരിക്കുന്നു. പിതാവിന്റെ വെളിച്ചം സ്വയം വെളിവാകുന്നു. എന്നാല്‍ പിതാവിന്റെ രൂപം വെളിച്ചത്തില്‍ ലയിച്ചിരിക്കുന്നു.
വചനം 84 :- യേശു പറഞ്ഞു; നിങ്ങളുടെ സാദൃശ്യം നിങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ ആനന്ദം നിറഞ്ഞവരായി മാറുന്നു. എന്നാല്‍ നിങ്ങള്‍ ജനിക്കുംമുമ്പെ ഉളവായ നിങ്ങളുടെ സാദൃശ്യം നശിക്കുന്നില്ല. മൂര്‍ത്തീരൂപം ധരിക്കുന്നുമില്ല. ആ സാദൃശ്യം നിങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക്‌ ഉണ്ടാകുന്ന ആനന്ദം വഹിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുമോ?
വചനം 85 :- യേശു പറഞ്ഞു; വലിയ ധനത്തിന്റെയും അധികാരത്തിന്റെയും അവകാശിയായി ആദം വന്നു. എന്നാല്‍ അവന്‍ നിങ്ങളേക്കാള്‍ യോഗ്യത ഉള്ളവന്‍ അല്ല. അവന്‍ യോഗ്യനായിരുന്നു എങ്കില്‍ അവന്‌ മരണം സംഭവിക്കുകയില്ലായിരുന്നു.
വചനം 86 :- യേശു പറഞ്ഞു; കുറുനരികള്‍ക്ക്‌ അവയുടെ മാളവും പറവകള്‍ക്ക്‌ അവയുടെ കൂടും ഉണ്ട്‌. എന്നാല്‍ മനുഷ്യപുത്രന്‌ തലചായ്‌ക്കാന്‍ ഇടമില്ല.
വചനം 87 :- യേശു പറഞ്ഞു; ജഢത്തെ ആശ്രയിക്കുന്ന ജഢം വ്യര്‍ത്ഥം. ഇവ രണ്ടിനേയും ആശ്രയിക്കുന്ന ആത്മാവും വ്യര്‍ത്ഥം.
വചനം 88 :- യേശു പറഞ്ഞു; പ്രവാചകന്മാരും സന്ദേശവാഹകരും നിങ്ങളുടെ അടുത്ത്‌ വന്ന്‌ നിങ്ങള്‍ക്കുള്ളതിനെ നിങ്ങള്‍ക്ക്‌ തരുന്നു. പകരം നിങ്ങളുടെ കൈയ്യില്‍ ഉള്ളത്‌ നിങ്ങള്‍ അവര്‍ക്ക്‌ കൊടുക്കുന്നു.
വചനം 89 :- യേശു പറഞ്ഞു; നിങ്ങള്‍ പാനപാത്രങ്ങളുടെ പുറംഭാഗം മാത്രം കഴുകുന്നത്‌ എന്ത്‌? ഉള്‍ഭാഗം ഉണ്ടാക്കിയവന്‍ തന്നെയാണ്‌ പുറംഭാഗവും ഉണ്ടാക്കിയത്‌ എന്നു നിങ്ങള്‍ അറിയുന്നില്ലയോ?
വചനം 90 :- യേശു പറഞ്ഞു; എന്റെ അടുത്തേക്ക്‌ വരിക; എന്റെ നുകം വളരെ ലഘുവും എന്റെ നിയമം വളരെ മൃദുലവും ആകുന്നു. നിങ്ങള്‍ സ്വയം നിത്യമായ വിശ്രമം കണ്ടെത്തുകയും ചെയ്യും.

(തുടരും.............)

തോമായുടെ സുവിശേഷം (അപഗ്രഥനം-1)

തോമായുടെ സുവിശേഷം (അപഗ്രഥനം-2)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക