Image

ജിഷയുടെ രക്തസാക്ഷിത്വത്തിന് മെയ് 28ന് ഒരുമാസം (എ.എസ് ശ്രീകുമാര്‍)

Published on 28 May, 2016
ജിഷയുടെ രക്തസാക്ഷിത്വത്തിന് മെയ് 28ന് ഒരുമാസം (എ.എസ് ശ്രീകുമാര്‍)
കൊടിയ ദാരിദ്ര്യത്തില്‍ ജീവിതം നരകമായ പെരുമ്പാവൂര്‍ പെണ്‍കൊടി ജിഷയുടെ രക്തസാക്ഷിത്വത്തിന് മെയ് 28ന് ഒരുമാസം തികയുമ്പോള്‍ പുതിയ അന്വേഷണത്തില്‍ നീതി ലഭിക്കുമെന്ന പ്രതീക്ഷ തെളിയുന്നു. അതോടൊപ്പം അത്യന്തം ദാരുണമായ ഈ കൊലപാതകം രാഷ്ട്രീയവല്‍ക്കരിച്ച് മുതലെടുപ്പ് നടത്താന്‍ പല തല്‍പര കക്ഷികളും ആവുംവിധം ശ്രമം നടത്തുന്നുണ്ട്. ഇപ്പോള്‍ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലും യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചനും തമ്മില്‍ ഒരു കലാപം തന്നെ പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. കൊലപാതകത്തിനു പിന്നില്‍ വി.ഐ.പി സാന്നിധ്യം ഉണ്ടെന്നും അത് പി.പി തങ്കച്ചനാണെന്നുമുള്ള രീതിയില്‍ ജോമോന്റെ ഫേസ്ബുക്ക് പോസ്റ്റും ഹര്‍ജിയുമാണ് വാക്‌പോരിന് വളമിട്ടിരിക്കുന്നത്. ജിഷയുടെ വേര്‍പാടിന്റെ ചുടുകണ്ണീര്‍ ആ സാധുകുടുംബത്തിന്റെ മേല്‍ക്കൂരയില്‍ പേമാരിയായി പെയ്‌തൊഴുകുന്ന ഹൃദയവേദനയുടെ ദിനരാത്രങ്ങളില്‍ ജോമോനും തങ്കച്ചനും തമ്മിലുള്ള ഈ വ്യക്തിയുദ്ധം അനുചിതവും അനവസരത്തിലുള്ളതുമായിപ്പോയി എന്ന് തോന്നുന്നു.

പച്ച മലയാളത്തില്‍ ഈ നടപടിയെ 'പുരകത്തുമ്പോള്‍ വാഴവെട്ടുക...' എന്ന് വിശേഷിപ്പിക്കാം. കേരളത്തിന്റെ സാമൂഹിക സുരക്ഷിതത്വത്തിന്റെ നീറുന്ന അടയാളപ്പെടുത്തലായി ജിഷ ആകാശത്ത് ഒരു വെള്ളിനക്ഷത്രമായി ഉദിച്ചുനില്‍ക്കുമ്പോള്‍ ഈ ഹതഭാഗ്യയുടെ കുടുംബത്തിന് വേണ്ടത് ശാശ്വതമായ നീതിയാണ്, അവഹേളനമല്ല. ജിഷയുടെ അമ്മ രാജേശ്വരിയും പി.പി തങ്കച്ചനും പെരുമ്പാവൂരുകാരാണല്ലോ. രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ 20 വര്‍ഷത്തോളം ജോലിക്ക് നിന്നിട്ടുണ്ടെന്നും ജിഷയുടെ പിതൃത്വത്തില്‍ സംശയമുണ്ടെന്നുമാണ് ജോമോന്‍ ഫേസ്ബുക്കില്‍ ആരോപണ പോസ്റ്റിട്ടത്. ജിഷ വധത്തിനു പിന്നില്‍ ഉന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിന് പങ്കുണ്ടെന്ന വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതിന് പിന്നലെയാണ് കടുത്ത ആക്ഷേപങ്ങള്‍ വന്നത്.

കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയെപ്പോലെ തങ്കച്ചന്‍ ഡി.എന്‍.എ ടെസ്റ്റ് നടത്താന്‍ തയ്യാറുണ്ടോയെന്ന് ജോമോന്‍ വെല്ലുവിളിച്ചു. ഇതിനിടെ കെ.പി.സി.സി പ്രഖ്യാപിച്ച സഹായ ധനമായ 15 ലക്ഷം രൂപ ജിഷയുടെ അമ്മയുടെ അക്കൗണ്ടില്‍ ക്രെഡിറ്റാവുകയും ചെയ്തു. പ്രസ്തുത പണം അടിയന്തരമായി നല്‍കിയത് രാജേശ്വരി തങ്കച്ചന്റെ വീട്ടില്‍ ജോലി ചെയ്തിട്ടില്ലെന്ന് പറയിപ്പിക്കാന്‍ വേണ്ടിയാണെന്ന്, ശല്യക്കാരനായ വ്യവഹാരിയെന്ന് അറിയപ്പെടുന്ന നവാബ് രാജേന്ദ്രന്റെ വഴിയെ നടക്കുന്ന ജോമോന്‍ പറയുന്നു. തങ്കച്ചനാണ് ജിഷയുടെ പിതാവ് എന്നും ഈ വിവരം പുറത്ത് പറയാതിരിക്കാന്‍ ജിഷയെ വകവരുത്തിയെന്നുമാണ് കഥയുടെ രത്‌നച്ചുരുക്കം.

എന്നാല്‍ ജോമോന്റെ ആരോപണങ്ങളും ആക്ഷേപങ്ങളും നട്ടാല്‍ കുരുക്കാത്ത നുണയാണെന്ന് പറഞ്ഞ പി.പി തങ്കച്ചന്‍, ഈ വിവാദ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമാണെന്നും രാജേശ്വരിയുമായി തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു ബന്ധവുമില്ലെന്നും അവര്‍ തന്റെ വീട്ടില്‍ ജോലിക്കു നിന്നിരുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും വ്യക്തമാക്കി. ജിഷയുടെ സഹോദരി ദീപയും അമ്മ രാജേശ്വരിയും ഇക്കാര്യം നിഷേധിക്കുകയും തങ്ങളുടെ കുടുംബത്തെക്കുറിച്ച് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന നിലപാടെടുക്കുകയും ചെയ്തിരിക്കുകയാണ്. 

തന്റെ അമ്മ പ്രസവശുശ്രൂഷയ്ക്കും പ്രായമായവരെ പരിചരിക്കുന്നതിനും വിവിധയിടങ്ങളില്‍ പോയിട്ടുണ്ട്. തങ്കച്ചന്റെ മകളുടെ പ്രസവ ശുശ്രൂഷയ്ക്കും നിന്നിട്ടുണ്ട്. അതു പക്ഷെ, തങ്കച്ചന്റെ വീട്ടിലായിരുന്നില്ല, മറിച്ച് ആശുപത്രിയില്‍ ആയിരുന്നുവെന്നും അതാണ് ആ കുടുംബവുമായുള്ള ഏക ബന്ധമെന്നും തങ്കച്ചനെ വ്യക്തിപരമായി അറിയില്ലെന്നും ദീപ പറയുമ്പോള്‍ ഇവരെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കണമെന്നായിരിക്കും ജോമോന്റെ അടുത്ത ആവശ്യം. കോട്ടയത്ത് സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ കണ്‍വീനറായി രംഗപ്രവേശം ചെയ്ത ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ സമാനമായ നിരവധി സംഭവങ്ങളിലൂടെ പൊതുതാത്പര്യ ഹര്‍ജിക്കാരനും പിന്നീട് മനുഷ്യാവകാശ പ്രവര്‍ത്തകനുമൊക്കെയായി ക്ഷിപ്രവേഗത്തില്‍ വളരുകയായിരുന്നു.

ഏതായാലും ജോമോന്റെ ദുഷ്പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തങ്കച്ചന്‍ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരിക്കുകയാണ്. ജോമോന്റെ പ്രചാരണം ജിഷ വധക്കേസ് അട്ടിമറിക്കാനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ പുതിയ പരാതിയുടെ ഉറവിടം അന്വേഷിക്കണമെന്നുമാണ് തങ്കച്ചന്റെ ആവശ്യം. എന്നാല്‍ ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് ജോമോനും അവകാശപ്പെടുന്നു. മറ്റൊരു സുപ്രധാന വിവരം ജോമോന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ജിഷയുടെ അച്ഛന്‍ പാപ്പുവിന്റെ മൊഴി പോലീസ് ശേഖരിച്ചു എന്നതാണ്. ജോമോന്റെ ആരോപണങ്ങള്‍ തന്റെ പിതൃത്വത്തെ ചോദ്യം ചെയ്യുന്നതാണെന്നും അപമാനകരമാണെന്നും കാട്ടി പാപ്പു ഐ.ജിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇതിനിടെ പട്ടിക ജാതി-വര്‍ഗ പീഡന നിയമ പ്രകാരം ജോമോനെതിരെ പോലീസ് കേസെടുത്തിരിക്കുന്നു.

ജിഷ കൊല്ലപ്പെട്ടിട്ട് ഒരു മാസം തികയുന്ന ഘട്ടത്തില്‍ പോലീസിന്റെ മനപൂര്‍വമായ നിഷ്‌ക്രിയത്വവും കുറ്റകരമായ അനാസ്ഥയുമാണ് ഇത്രയും നാള്‍ സമൂഹ മനസാക്ഷിയുടെ പരമോന്നത കോടതിയില്‍ വിചാരണ ചെയ്യപ്പെട്ടത്. കേസില്‍ ഇരുട്ടില്‍ തപ്പുകയായിരുന്ന മുന്‍ സര്‍ക്കാരിന്റെ പോലീസ് വഴിയെ പോകുന്നവരെ ഓടിച്ചിട്ടു പിടിച്ച് രക്തമെടുത്ത് ഡി.എന്‍.എ പരിശോധനയ്ക്ക് അയയ്ക്കല്‍ പരിപാടി മാത്രമാണ് ഇത്ര നാള്‍ ബഹുകേമമായി നടത്തി കൊണ്ടിരുന്നത്. ജനത്തിനു മുമ്പില്‍ പോലീസ് തീര്‍ത്തും അപഹാസ്യരായി. അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനു പിന്നില്‍ ഉന്നത ഇടപെടലുകള്‍ ഉണ്ടാകുന്നു എന്ന ആക്ഷേപം ശക്തമാവുകയും ചെയ്തു. ഇടയ്ക്ക് പ്രതിയുടെ ഡി.എന്‍.എ കണ്ടെത്തിയതായിരുന്നു പോലീസിന്റെ ഏക കച്ചിത്തുരുമ്പ്. എന്നാല്‍ ഇതേ ഡി.എന്‍.എ ഉള്ള ആരേയും കണ്ടെത്താനും സാധിച്ചില്ല. ഒട്ടനവധി നിരപരാധികളെ ചോദ്യം ചെയ്ത് പീഡിപ്പിച്ചതായിരുന്നു മിച്ചം. 

പോലീസിന്റെ ഭാഗത്തു നിന്ന് തുടക്കത്തിലേ തന്നെ മാപ്പര്‍ഹിക്കാത്ത വീഴ്ചയുണ്ടായി. അത് മനപൂര്‍വമായിരുന്നോ എന്നു സംശയിക്കാന്‍ സാഹചര്യമുണ്ട്. ജിഷയുടെ ശരീരത്തില്‍ 32 മുറിവുകളാണുണ്ടായിരുന്നത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്ത മൃതദേഹം തിടുക്കത്തില്‍ ദഹിപ്പിക്കാന്‍ ആര്‍ക്കൊക്കെയോ വല്ലാത്ത നിര്‍ബന്ധമുണ്ടായിരുന്നു എന്നു നിരീക്ഷിക്കാം. കൊലപാതകം സംബന്ധിച്ച ദുരൂഹത ചൂഴ്ന്നു നില്‍ക്കുന്നതിനാല്‍ മൃതദേഹം ദഹിപ്പിക്കുന്നതിനു പകരം മറവു ചെയ്യുകയായിരുന്നു വേണ്ടിയിരുന്നത്. ശരീരാവശിഷ്ടങ്ങള്‍ പിന്നീട് പുറത്തെടുത്ത് പരിശോധന നടത്താന്‍ ഇടവരില്ലെന്ന് പോലീസ് എങ്ങനെ ഉറപ്പിച്ചു...? നാളെ ഉത്തരം പറയേണ്ടിവരും അവര്‍ക്ക്.

പോസ്റ്റ് മോര്‍ട്ടം എന്നത് ക്രിമിനല്‍ പ്രോസിജിയര്‍ കോഡിലെ 174-ാം വകുപ്പാണ്. അന്വേഷണത്തിന്റെ കാതലായ ഭാഗമാണ് പോസ്റ്റ് മോര്‍ട്ടം. ഇത് അന്വേഷ ഉദ്യോഗസ്ഥന്റെ മുന്നില്‍ വച്ച് തന്നെ വേണം നടത്താന്‍. അതേ സമയം തന്നെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ഡോക്ടറുടെ മൊഴിയെടുക്കുകയും വേണം. ഇതൊന്നും നടന്നിട്ടില്ല. ജിഷയുടെ കാര്യത്തില്‍ യോഗ്യതയുള്ള ആളാണോ പോസ്റ്റ് മോര്‍ട്ടം നടത്തിയത് എന്നും വ്യക്തമല്ല. ജിഷ കൊല്ലപ്പെട്ട ഏപ്രില്‍ 28ന് തൊട്ടുള്ള ദിവസങ്ങളില്‍ വീടിന് സമീപത്തെ കനാലില്‍ നാട്ടുകാര്‍ കണ്ടതായി പറയുന്ന രക്തം പുരണ്ട വെട്ടുകത്തിയും വസ്ത്രങ്ങളും ഇന്നേ വരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. മൃതദേഹം കണ്ടെത്തിയ സമയം വീടും പരിസരവും സീല്‍ ചെയ്യാത്തതിനാല്‍ ഫിംഗര്‍ പ്രന്റുകള്‍ നഷ്ടപ്പെട്ടു പോവുകയും ചെയ്തു. 

ഈ കേസില്‍ പോലീസിന് വീഴ്ചകള്‍ മാത്രമേ ഉണ്ടായിട്ടുള്ളു. അതുകൊണ്ടാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റയുടന്‍ എ.ഡി.ജി.പി ബി സന്ധ്യയുടെ നേതൃത്വത്തില്‍ എട്ടംഗ സംഘത്തെ അന്വേഷണ ചുമതലയേല്‍പ്പിച്ചത്. നേരത്തെ അന്വേഷിച്ച പോലീസുദ്യോഗസ്ഥരെയെല്ലാം കൂട്ടത്തോടെ സ്ഥലം മാറ്റി. 27ന് ബി സന്ധ്യ ജിഷയുടെ വീട്ടിലെത്തി തെളിവെടുപ്പു നടത്തുകയുണ്ടായി. കേസന്വേഷണത്തിന് സമയം എടുക്കുമെന്നും ക്ഷമയാണ് ഈ ഘട്ടത്തില്‍ ആവശ്യമെന്നും അവര്‍ പറഞ്ഞു. പെരുമ്പാവൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിയെയും എ.ഡിജി.പി സന്ദര്‍ശിച്ച് മൊഴിയെടുത്തു. ''സന്ധ്യയെത്തി... ഇനിയെല്ലാം ശരിയാകുമോ...'' എന്നാണ് കേരളീയ മനസാക്ഷി ചോദിക്കുന്നത്.

രാജേശ്വരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് സമാശ്വാസത്തിന്റെ ഗംഗാ പ്രവാഹമാണ്. ഇതുവരെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഒരു കോടി പത്തു ലക്ഷം രൂപ ലഭിച്ചിരിക്കുന്നു. രാജേശ്വരിക്ക് പ്രതിമാസം 5,000 രൂപയുടെ പെന്‍ഷന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.  ദീപയ്ക്ക് ജോലിയും. വീടുപണി പുരോഗമിച്ചുകൊണ്ടിരിക്കുന്നു. ഇതൊന്നും കാണാനും അനുഭവിക്കാനും ജിഷയില്ലാതെ പോയല്ലോ. ജിഷയുണ്ടായിരുന്നെങ്കില്‍ അവരുടെ ദാരിദ്ര്യവും നിരാശ്രയത്വവും നരകജീവിതവും ആരും കാണില്ലായിരുന്നുവെന്നതും മറ്റൊരു കണ്ണീര്‍ സത്യം. 

ജിഷയുടെ രക്തസാക്ഷിത്വത്തിന് മെയ് 28ന് ഒരുമാസം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക