Image

ജോയി ജോണിന്റെ കൊലപാതകം ആസൂത്രിതം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ (എ.എസ് ശ്രീകുമാര്‍)

Published on 30 May, 2016
ജോയി ജോണിന്റെ കൊലപാതകം ആസൂത്രിതം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ (എ.എസ് ശ്രീകുമാര്‍)
ചെങ്ങന്നൂര്‍: കുടുംബ സമേതം അവധിക്ക് നാട്ടിലെത്തിയ അമേരിക്കന്‍ മലയാളി വ്യവസായി ചെങ്ങന്നൂര്‍ വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയി ജോണിന്റെ പൈശാചികമായ കൊലപാതകത്തിന്റെ ഞെട്ടലില്‍ നിന്ന് നാട്ടുകാര്‍ ഇനിയും മോചിതരായിട്ടില്ല. ചെങ്ങന്നൂര്‍, മംഗലം പ്രദേശ വാസികള്‍ക്ക് ഏറെ സുപരിചിതനായിരുന്നു അമേരിക്കന്‍ സിറ്റിസണും ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗവുമായ ജോയി ജോണ്‍. കൊലപാതകത്തിന്റെ വിശദാംശങ്ങളറിയാന്‍ ഇ-മലയാളി ടീം ചെങ്ങന്നൂരിലെത്തിയപ്പോള്‍ ജോയി ജോണിന്റെ വീട് പൂട്ടിയ നിലയിലായിരുന്നു. ഭാര്യയും ഇളയമകനുമുള്‍പ്പെടെയുള്ളവര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കൂട്ടാക്കിയില്ല. അയല്‍പക്കക്കാര്‍ ജോയിയെക്കുറിച്ച് വളരെ താത്പര്യത്തോടെയാണ് സംസാരിച്ചത്. എന്നാല്‍ കൊലപാതകത്തിന്റെ സാഹചര്യമെന്തെന്ന് ആര്‍ക്കും വ്യക്തമല്ല.

ധൂര്‍ത്തനും വഴിവിട്ട സഞ്ചാരിയുമായ ഷെറിന്‍ എന്ന പിതൃഘാതകന്റെ ബിസിനസ് എല്ലാം പൊളിഞ്ഞിരുന്നുവെന്നും കോടികളുടെ സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. ഇതുസംബന്ധിച്ച് ജോയിയും ഷെറിനും തമ്മില്‍, തിരുവനന്തപുരത്തുനിന്നും ചെങ്ങന്നൂര്‍ വരെയുള്ള യാത്രാമധ്യേ കാറില്‍ വച്ചുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതത്രേ. 

ഈ കൊലപാതകത്തിന് 2005 ഫെബ്രുവരി 15-ാം തീയതി കോട്ടയത്തു നടന്ന പ്രവീണ്‍ വധവുമായി ഏറെ സാമ്യമുണ്ട്. മലപ്പുറം ഡി.വൈ.എസ്.പി ആയിരുന്ന ഷാജിയുടെ ബസിലെ തൊഴിലാളിയായിരുന്നു പ്രവീണ്‍. ഏറ്റുമാനൂര്‍ മേവക്കാട്ട് വീട്ടിലെ പ്രവീണിന് ഷാജിയുടെ മൂന്നാം ഭാര്യയുമായുള്ള അവിഹിതബന്ധമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രവീണിനെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന ബിനു, പള്ളൂരുത്തി പ്രിയന്‍, സുനില്‍, സജി എന്നിവരായിരുന്നു കൊലപാതകത്തിന് ഷാജിക്ക് കൂട്ടാളികളായത്. പത്തുവര്‍ഷം ഒളിവിലായിരുന്ന സജിയെ കഴിഞ്ഞ വര്‍ഷമാണ് പിടികൂടാനായത്. കൊലപാതകത്തിന് ശേഷം പ്രവീണിന്റെ ശരീരം വെട്ടിമുറിച്ചു. കാലുകള്‍ ചീര്‍പ്പുങ്കല്‍ പാലത്തിനുതാഴെ തോട്ടില്‍ നിന്നും തല അരൂര്‍ പാലത്തിനടുത്തുനിന്നും ഉടല്‍ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേ അറ്റത്തുനിന്നും കണ്ടെത്തിയിരുന്നു.

ഏതാണ്ട് ഇതേ രീതിയിലാണ് ഷെറിന്‍ സ്വന്തം പിതാവിന്റെ ശരീര ഭാഗങ്ങള്‍ പലയിടത്തായി കൊണ്ടിട്ടത്. കൊലപാതകത്തില്‍ ഷെറിന് കൂട്ടാളികള്‍ ആരെങ്കിലുമുള്ളതായി ഇതുവരെ വിവരമില്ല. 

ഷെറിന്റെ ട്രാക്ക് റെക്കോഡ് അത്ര സുഖകരമല്ലെന്നാണ് ലഭ്യമായ വിവരം. 2010ല്‍ ഷെറിനും ചെന്നൈ സ്വദേശിനിയായ യുവതിയുമായുള്ള വിവാഹം ആര്‍ഭാടപൂര്‍ണമായാണ് ചെങ്ങന്നൂരില്‍ നടത്തിയത്. ഒരു വര്‍ഷത്തിനു ശേഷം ഇവര്‍ വേര്‍പിരിഞ്ഞെന്നും വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തിയെന്നും പറയപ്പെടുന്നു. അതിനു ശേഷം ജോയിയും ഷെറിനും തമ്മില്‍ അഭിപ്രായഭിന്നതയുണ്ടെന്നും ഇടയ്ക്കിടെ വഴക്കുണ്ടാകാറുണ്ടെന്നും അകന്ന ചില ബന്ധുക്കള്‍ പറയുന്നു. ഐ.ടി വിദഗ്ധനായ ഷെറിന്‍ വിവാഹശേഷം അമേരിക്കയിലേക്കു തിരിച്ചത്തിയതുമില്ല. അവിടെ എന്തോ വലിയ കുഴപ്പങ്ങള്‍ ഉണ്ടാക്കിയതിനു ശേഷമാണ് നാട്ടിലേക്കു പോയതെന്നും കേള്‍ക്കുന്നു. 

ജോയി ജോണിന്റെ ഉടമസ്ഥതയില്‍ ചെങ്ങന്നൂര്‍ മാര്‍ക്കറ്റ് റോഡ് ജംങ്ഷനിലുള്ള ബഹുനില മന്ദിരത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറിലുള്ള ഗോഡൗണില്‍ മൃതദേഹം കത്തിച്ചതിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. പാതി കത്തിച്ച മൃതദേഹം ചാക്കില്‍ കെട്ടി മൂന്നു കിലോമീറ്റര്‍ അകലെയുള്ള ആറാട്ടുപുഴ പാലത്തില്‍ നിന്ന് പമ്പയാറ്റലേയ്ക്ക് എറിഞ്ഞുവെന്നാണ് ഷെറിന്‍ കൊടുത്ത ആദ്യ മൊഴി. എന്നാല്‍ പോലീസ് ഇത് അപ്പടെ വിശ്വസിച്ചിരുന്നില്ല. ഇന്നലെ രാത്രി (മെയ് 29) മുതല്‍ ഇന്ന് ഉച്ചവരെയുള്ള നിരന്തരമായ ചോദ്യം ചെയ്യലിനെ തടര്‍ന്ന് ഇയാള്‍ കാര്യങ്ങള്‍ പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. കൊലപാതക ദൃശ്യങ്ങള്‍ ഷെറിന്‍ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു. ഈ മൈബൈല്‍ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കാറില്‍ വച്ച് നാലുതവണ തലയ്ക്ക് വെടിയുതിര്‍ത്ത ശേഷം മൃതദേഹം ഗോഡൗണില്‍ കൊണ്ടുവന്ന് പെട്രോള്‍ ഒഴിച്ച്  കത്തിക്കാന്‍ ശ്രമിച്ചു. അത് വിജയിക്കാത്തതുകൊണ്ട് തെളിവ് നശിപ്പിക്കാനായി മൃതദേഹം പലകഷണങ്ങളായി മുറിച്ച് വിവിധ സ്ഥലങ്ങളില്‍ ഇട്ടു. ഇന്നലെ പമ്പയാറ്റിലെ പ്രയാര്‍ ഇടക്കടവുഭാഗത്തുനിന്ന് ജോയി ജോണിന്റെ തോള്‍ ഭാഗം മുതലുള്ള ഇടതു കൈ കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലിനു ശേഷം ഷെറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഷെറിനെയും കൊണ്ട് ചങ്ങനാശേരി മടുക്കംമൂട്ടില്‍ വെരൂര്‍ പള്ളിക്ക് സമീപമെത്തി. അവിടെ ആളൊഴിഞ്ഞ സ്ഥലത്ത്, കൈകാലുകളും തലയും വെട്ടിയെടുത്ത രൂപത്തില്‍ ചാക്കില്‍ കെട്ടിയ ഉടല്‍ കണ്ടെത്തി. ചാക്കില്‍ കരിഞ്ഞ മാംസക്കഷണങ്ങളുമുണ്ടായിരുന്നു. പിന്നീട് ചങ്ങനാശേരിക്കും കോട്ടയത്തിനും മധ്യേയുള്ള ചിങ്ങവനത്തേയ്ക്കാണ് പോയത്. അവിടെ പൂട്ടിപ്പോയ പൊതുമേഖലാ സ്ഥാപനമായ ടെസിലിന്റെ കാടുപിടിച്ച സ്ഥലത്ത് നിന്നും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ  നിലയിലുള്ള തലയും ലഭിച്ചു. മുഖം കത്തിക്കരിഞ്ഞ് വികൃതമായിരുന്നു. 

ഇനി ജോയിയുടെ കാലുകളും വലതുകൈയുമാണ് കിട്ടാനുള്ളത്. അവ പമ്പയാറ്റിലെറിഞ്ഞുവെന്നാണ് ഷെറിന്‍ പറയുന്നത്. ഇതോടെ തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്. ആറാട്ടുപുഴ മുതല്‍ നെടുമുടിവരെയുള്ള ഭാഗത്ത് രണ്ട് സ്പീഡ് ബോട്ടുകളിലായി പൊലീസ് സംഘം തിരച്ചില്‍ തുടരുകയാണ്. കൃത്യം നടത്തിയത് ഏതു വിധത്തിലെന്ന് വ്യക്തമാക്കിയ സാഹചര്യത്തില്‍ ഷെറിന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ് മറ്റ് നടപടികളിലേയ്ക്ക് കടന്നു. കൊലപാതകം ആയൂത്രിതമാണെന്നാണ് പോലീസിന്റെ നിരീക്ഷണം. മെയ് 19നാണ് ജോയി ജോണും ഭാര്യ മറിയാമ്മയും ഇളയ മകന്‍ ഡോ. ഡേവിഡും അമേരിക്കയില്‍ നിന്ന്  നാട്ടിലെത്തിയത്. 
-------
from Manorama
മൃതദേഹത്തിന്റെ ചിത്രം ഷെറിന്‍ മൊബൈലില്‍ പകര്‍ത്തി.  കടമുറികളുടെ പണം നല്‍കാത്തതു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ എത്തിയത്. മുളക്കുഴയില്‍ കാറില്‍ വച്ചു പിതാവിന്റെ തലയ്ക്കു നേരെ നാലു റൗണ്ടു വെടി വച്ചു.

തുടര്‍ന്നു മൃതദേഹം കത്തിക്കാന്‍ നോക്കിയെങ്കിലും നടന്നില്ല. പിന്നീട് വെട്ടുകത്തി എടുത്തു കൈകളും കാലുകളും വെട്ടി മാറ്റി. തലയും ഉടലും വേര്‍പെടുത്തി. ഇവ ഓരോ ചാക്കിലാക്കി കൈകളും കാലുകളും പമ്പയിലും ഉടലും തലയും മറ്റു സ്ഥലങ്ങളിലും കൊണ്ടിട്ടു. ചാക്കിലാക്കി ഓരോ സ്ഥലത്തായി കൊണ്ടു ചെന്നു ഇടുകയായിരുന്നു. തുടര്‍ന്നു കാര്‍ കഴുകി സര്‍വീസ് സെന്ററില്‍ കൊണ്ടിടുകയും ചെയ്തു. 

ജോയി ജോണിന്റെ കൊലപാതകം ആസൂത്രിതം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ (എ.എസ് ശ്രീകുമാര്‍)ജോയി ജോണിന്റെ കൊലപാതകം ആസൂത്രിതം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ (എ.എസ് ശ്രീകുമാര്‍)ജോയി ജോണിന്റെ കൊലപാതകം ആസൂത്രിതം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ (എ.എസ് ശ്രീകുമാര്‍)ജോയി ജോണിന്റെ കൊലപാതകം ആസൂത്രിതം; ഞെട്ടല്‍ മാറാതെ നാട്ടുകാര്‍ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക