Image

ജോയി വി.ജോണിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി

Published on 29 May, 2016
ജോയി വി.ജോണിന്റെ  മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ചെങ്ങന്നൂര്‍: മകന്‍ കൊലപ്പെടുത്തിയ ഹൂസ്റ്റണ്‍  സ്വദേശി  ജോയി വി.ജോണിന്റെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ പ്രയാര്‍ ഇടക്കടവില്‍ നിന്നാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. 

പമ്പയാറ്റില്‍ ഇടക്കടവു ഭാഗത്തു നിന്നാണ് തോള്‍ ഭാഗം മുതലുള്ള കൈഭാഗം കണ്ടെടുത്തത്. 

എഴുപതുകളില്‍ അമേരിക്കയിലെത്തിയ ജോയ് ജോണ്‍ ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്നു.

പമ്പയാറിലെ ആറന്‍മുള ആറാട്ടുപുഴ പാലത്തിന് കീഴെ രാവിലെ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. ഇവിടെയാണ് മൃതദേഹ അവശിഷ്ടങ്ങള്‍ ഇട്ടതെന്ന് മകന്‍ ഷെറിന്‍ ജോണ്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയത്.

എന്നാല്‍ അന്വേഷണവുമായി സഹകരിക്കാത്ത ഷെറിന്‍ പരസ്പരവിരുദ്ധമായ മൊഴിയാണ് നല്‍കുന്നത്. മൃതദേഹ അവശിഷ്ടങ്ങള്‍ കോട്ടയത്ത് ഉപേക്ഷിച്ചു എന്ന് മൊഴി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് കോട്ടയത്തേക്കും തിരിച്ചിടുണ്ട്. ഇതിനിടെ ഷെറിന്റെ അമ്മ മറിയാമ്മയെയും സഹോദരന്‍ ഡോ. ഷെറിലിനെയും പൊലീസ് സ്റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴിയെടുത്തു.

കൊലപാതകത്തിനുശേഷം ജോയിയുടെ ശരീരം 20 ലീറ്റര്‍ പെട്രോള്‍ ഉപയോഗിച്ച് കത്തിച്ചുവെന്നാണ് ഷെറിന്‍ മൊഴിനല്‍കിയത്. എന്നാല്‍ ഇത്രയും പെട്രോള്‍ ഉപയോഗിച്ചാല്‍ വലിയ അഗ്‌നിബാധ ഉണ്ടാകും. അതിനാല്‍ 20 ലിറ്റര്‍ പെട്രോള്‍ ഉപയോഗിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

കൊലപാതകം എപ്പോഴാണ് നടത്തിയതെന്നും എവിടെവെച്ചാണ് നടത്തിയതെന്നും മൃതദേഹം എവിടെയാണെന്നും കൃത്യമായ വിവരം ഷെറിന്‍ ഇതുവരെ നല്‍കിയിട്ടില്ല. കൊലപാതകം ആസൂത്രിതമാണെന്നും പോലീസ് സംശയിക്കുന്നുണ്ട്.

കാറില്‍ വെച്ചാണ് ജോയിയെ കൊലപ്പെടുത്തിയതെന്നും അല്ല തന്റെ ഉടമസ്ഥതയിലുള്ള ഗോഡൗണില്‍ വെച്ചാണ് കൊലനടത്തിയതെന്നും ഷെറിന്‍ പറയുന്നുണ്ട്. ഇയാള്‍ക്ക് ശരിയായി മലയാളം സംസാരിക്കാന്‍ അറിയാത്തതും പോലീസിന് ബുദ്ധിമുട്ടാവുന്നു.

കാറില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്. ഗോഡൗണില്‍ വെച്ച് മൃതദേഹം കത്തിച്ച് ബാക്കിയുണ്ടായിരുന്നത് പത്ത് കിലോയോളം അവശിഷ്ടിമാണെന്നാണ് ഷെറിന്‍ പറയുന്നത്. എന്നാല്‍ പരിശോധന നടത്തിയപ്പോള്‍ ഒരു ശരീരം പൂര്‍ണമായും കത്തിയതിന്റെ ലക്ഷണമൊന്നും ഗോഡൗണിലുണ്ടായിരുന്നില്ല. എന്നാല്‍ മാംസാവശിഷ്ടങ്ങളും കത്തിക്കരിഞ്ഞ വസ്ത്രങ്ങളും ഇവിടെ നിന്നും കണ്ടെത്തിയിരുന്നു. 

കാറിന്റെ എസി ശരിയാക്കാന്‍ വേണ്ടി തിരുവനന്തപുരത്തേക്ക് പോയ ഷെറിനും പിതാവ് ജോയി വി.ജോണും തിരിച്ചുവരുമ്പോള്‍ തര്‍ക്കം ഉണ്ടായകുകയും മല്‍പിടുത്തം നടത്തുകയും ചെയ്തു. ഇതിനിടെ തനിക്ക് നേരെ പിതാവ് ചൂണ്ടിയ തോക്ക് തട്ടിയെടുത്ത് വെടിവെയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. ജോയി വി.ജോണിന്റെ നെറ്റിയില്‍ വെടിയേറ്റെന്നാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക