Image

ചെങ്ങന്നൂരില്‍ കൊല്ലപ്പെട്ടത് ഹൂസ്റ്റന്‍ സ്വദേശി; മൃതദേഹം കത്തിച്ച് പുഴയില്‍ ഒഴുക്കി; മകന്‍ അറസ്റ്റില്‍

Published on 28 May, 2016
ചെങ്ങന്നൂരില്‍ കൊല്ലപ്പെട്ടത് ഹൂസ്റ്റന്‍ സ്വദേശി; മൃതദേഹം കത്തിച്ച് പുഴയില്‍ ഒഴുക്കി; മകന്‍ അറസ്റ്റില്‍

കോട്ടയം: ചെങ്ങന്നൂരില്‍ മൂന്നു ദിവസം മുന്‍പ് കാണാതായ അമേരിക്കന്‍ മലയാളിയെ കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു. സംഭവത്തില്‍ മകന്‍ ഷെറിന്‍ അറസ്റ്റില്‍. ചെങ്ങന്നൂര്‍ സ്വദേശി  വാഴാര്‍മംഗലം ഉഴത്തില്‍ വീട്ടില്‍ ജോയ് ജോണ്‍ (68)ആണ് കൊല്ലപ്പെട്ടത്. മകനുമായുണ്ടായ വഴക്കിനിടെ വെടിയേറ്റ ജോയ് മരണപ്പെടുകയായിരുന്നു. മൃതദേഹം ഗോഡൗണില്‍ ഇട്ട് കത്തിച്ച ശേഷം അവശിഷ്ടം പുഴയില്‍ ഒഴുക്കിയതായി മകന്‍ പോലീസിനോട് സമ്മതിച്ചു. 
എഴുപതുകളില്‍ അമേരിക്കയിലെത്തിയ ജോയ് ജോണ്‍ ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അംഗമായിരുന്നു.

കൊലപാതകത്തിനു ശേഷം ഷെറീന്‍ ഒളിവില്‍ പോകുകയായിരുന്നു. ജോയിയെ കൊലപ്പെടുത്തിയതായി ഷെറിന്‍ അമ്മയെ വിളിച്ചുപറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഒളിവില്‍ പോയത്. അമ്മ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മകനെ പോലീസ് പിടികൂടിയത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരനായിരുന്നു ഷെറിന്‍. 

കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍ വച്ചാണ് ഷെറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തനിക്ക് നേരെ പിതാവ് തോക്കു ചൂണ്ടിയെന്നും പിടിവലിക്കിടെ തോക്ക് തട്ടിയെടുത്ത് പിതാവിനെ വെടിവയ്ക്കുകയായിരുന്നുവെന്നുമാണ് ഷെറിന്‍ പൊലീസിനോട് പറഞ്ഞത്. പിന്നീട് പെട്രോളൊഴിച്ച് കത്തിച്ചശേഷം അവശിഷ്ടങ്ങള്‍ പമ്പയാറില്‍ ഒഴുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. കൃത്യത്തിന് ഉപയോഗിച്ച തോക്ക് പൊലീസ് ഷെറിന്റെ കയ്യില്‍ നിന്നും കണ്ടെത്തി
തായി മനോരമ റിപ്പൊര്‍ട്ടില്‍ പറയുന്നു

ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ.ആര്‍. ശിവസുതന്‍ പിള്ളയുടെ മേല്‍നോട്ടത്തില്‍ സി.ഐ അജയ്‌നാഥ്, മാന്നാര്‍ സി.ഐ ഷിബു പാപ്പച്ചന്‍ എന്നിവരും എട്ട് എസ്.ഐമാരുമടങ്ങുന്ന സംഘം അന്വേഷണം ആരംഭിച്ചു. എസ്.പിയുടെ സ്‌പെഷല്‍ സ്‌ക്വാഡും ഇവരെ സഹായിക്കുന്നുണ്ട്. 


സംഭവത്തെപ്പറ്റി പൊലീസ് പറയുന്നത് ഇങ്ങനെ. മേയ് 25ന് പുലര്‍ച്ചെ അവരുടെ ഉടമസ്ഥതിയിലുള്ള ഗ്രേ കളറിലുള്ള കെ.എല്‍ 2 ടി 5550 സ്‌ക്വാഡ കാറിന്റെ എ.സി ശരിയാക്കാനായി ജോയി ജോണും മകന്‍ ഷെറിന്‍ ജോണും വീട്ടില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയി. ഉച്ചക്ക് 12.30ന് ഇവര്‍ ഷോറൂമില്‍നിന്ന് വീട്ടിലേക്ക് മടങ്ങി. വൈകുന്നേരം 4.30ന് ഭാര്യ മറിയാമ്മ ജോയ് ജോണിനെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ ചെങ്ങന്നൂരിന് സമീപം മുളക്കുഴയില്‍ എത്തിയതായി  പറഞ്ഞു. എന്നാല്‍, രാത്രി ഒമ്പതു മണിയായിട്ടും ഇരുവരും വീട്ടിലത്തെിയില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല. തുടര്‍ന്ന് ഇളയ മകന്‍ ഡോ. ഡേവിഡും സുഹൃത്തും അവര്‍ എത്താന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 26ന് രാവിലെ 8.30ന് ഷെറിന്‍ ജോണ്‍ മറിയാമ്മയെ ഫോണില്‍ വിളിച്ച് അച്ഛനുമായി വഴക്കിട്ടതായും അബദ്ധം പറ്റിയെന്നും ക്ഷമിക്കണമെന്നും പറഞ്ഞശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു. തുടര്‍ന്നാണ് മറിയാമ്മ പൊലീസില്‍ പരാതി നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസ്  നഗര മധ്യത്തിലെ ഇവരുടെ ബഹുനിലക്കെട്ടിടത്തിന്റെ ഗോഡൗണിലെ പാര്‍ക്കിങ് ഏരിയയിലും പരിശോധന നടത്തി. ഗോഡൗണിന്റെ ഒരു ഭാഗത്ത് ഭിത്തിയില്‍ രക്തം ചീറ്റിത്തെറിച്ച നിലയിലും തുണികള്‍ കൂട്ടിയിട്ട് പെട്രോള്‍ ഒഴിച്ച് കത്തിച്ചും മാംസം കത്തിയ നിലയിലും കണ്ടത്തെി. അവിടെനിന്ന് ലഭിച്ച ഒരു കാലിലെ ചെരിപ്പും ഉടുപ്പിന്റെ ഒരു ബട്ടന്‍സും ഭര്‍ത്താവിന്‍േറതാണെന്ന് ഭാര്യ തിരിച്ചറിഞ്ഞു. ഇതോടെയാണ് ജോയ് ജോണ്‍ കൊലചെയ്യപ്പെട്ടതാകാമെന്ന നിഗമനത്തില്‍ എത്തിയതെന്ന് പൊലീസ് പറഞ്ഞു. ഷെറിന്‍ ജോണിന്റെ മൊബൈല്‍ ഫോണ്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോള്‍ 26ന് തിരുവല്ലയില്‍ ഉണ്ടായിരുന്നതായി കണ്ടത്തെി. ഇവിടെ ക്‌ളബ് സെവനില്‍ രാത്രി 8.30 വരെ ഷെറിന്‍ ചെലവഴിച്ച ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്.


ഗോഡൗണില്‍ രക്തക്കറ കണ്ടതോടെ ചെങ്ങന്നൂര്‍ തഹസില്‍ദാര്‍ ആര്‍. സദാശിവന്‍, കൊല്ലം ഫോറന്‍സിക് അസിസ്റ്റന്റ് രാജീവ്, വിരലടയാള വിദഗ്ധ ഡോ. എസ്. മഞ്ജുഷ, സയന്റിഫിക് അസിസ്റ്റന്റ് ഹരിപ്രശാന്ത് എന്നിവരും ഡോഗ് സ്‌ക്വാഡും സ്ഥലത്തത്തെി പരിശോധന നടത്തി. ശനിയാഴ്ച വൈകുന്നേരം ജില്ലാ പൊലീസ് മേധാവി പി. അശോക് കുമാറും സ്ഥലം സന്ദര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക