Image

മോദിയുടേത് നല്ല നാളുകള്‍ തന്നെ (ഡി. ബാബുപോള്‍)

Published on 28 May, 2016
മോദിയുടേത് നല്ല നാളുകള്‍ തന്നെ (ഡി. ബാബുപോള്‍)
ഭാരതീയ ജനതാപാര്‍ട്ടി കേന്ദ്രത്തില്‍ അധികാരം ഏറ്റിട്ട് രണ്ട് വര്‍ഷം തികയുകയാണ്. സര്‍ക്കാരിനെ വിലയിരുത്താന്‍ ജനങ്ങള്‍ക്കും നയപരിപാടികള്‍ മൂല്യനിര്‍ണയത്തിന് വിധേയമാക്കി, ഭേദപ്പെടുത്തേണ്ടവ ഭേദപ്പെടത്താനും ഉറപ്പിക്കേണ്ടവ ഉറപ്പിക്കാനും സര്‍ക്കാരിനും പറ്റിയ സമയം. ആരോഹണത്തിന്റെ ആഹ്ലാദവും ആരവവും ഒതുങ്ങി. കഴിഞ്ഞുപോയതിലേറെ കാലം ഭരണം ബാക്കിയുണ്ട്­ താനും.

ഏത് ചിത്രവും ചിത്രീകരിക്കപ്പെടുന്ന വസ്തുവിനെ മാത്രം അല്ല ആശ്രയിക്കുന്നത്. ചിത്രകാരന്റെ മനസ്, ഫോട്ടോഗ്രാഫറുടെ സ്ഥാനം, കാമറയുടെ ആംഗിള്‍ ഒക്കെ അനുസരിച്ച് ഒരേ വസ്തു പല പരിപ്രേക്ഷ്യങ്ങളില്‍ കാണാം. ഞാന്‍ മോദിയെയും മോദി സര്‍ക്കാരിനെയും കാണുന്നത് എന്റെ കണ്ണുകളിലൂടെയാണ്. ഒരു രാഷ്ട്രീയ കക്ഷിയിലും ഒരിക്കലും അംഗമായിട്ടില്ല ഞാന്‍. എങ്കിലും ഹ്യൂം എന്ന സായിപ്പ് സ്ഥാപിച്ച കോണ്‍ഗ്രസ് ­ അന്ന് അത് ഒരു സ്കൂള്‍ സാഹിത്യസമാജം ആയിരുന്നു എന്നത് മറക്കുക ­ സോണിയ എന്ന മദാമ്മയുടെ വീട്ടുകാര്യം ആയതിന് ശേഷം ആ കക്ഷിയോട് മമത കുറഞ്ഞിട്ടുണ്ട് എന്നും വാജ്‌­പേയ് ഭരിച്ച കാലം കണ്ടപ്പോള്‍ മുതല്‍ ആ കക്ഷിയോട് ആഭിമുഖ്യം കൂടിയിട്ടുണ്ട് എന്നും ഇവിടെ രേഖപ്പെടുത്തുന്നത് എഴുത്തുകാരന്‍ വായനക്കാരനോട് പുലര്‍ത്തേണ്ട സത്യസന്ധതയുടെ ഭാഗമായിട്ടാണ്. ഇതിനെ മുന്‍കൂര്‍ജാമ്യം എന്ന് വിളിച്ചാലും എനിക്ക് മുഷിയില്ല.

ഇനി വായിക്കുക.

ഭാരതം ഒരു നവയുഗത്തിലേക്ക് പ്രവേശിച്ചിട്ട് ഇന്ന് രണ്ടുകൊല്ലം തികയുകയാണ്. ആദ്യത്തെ രണ്ട് പതിറ്റാണ്ട് സോഷ്യലിസത്തെ ആദര്‍ശമായി പരിണയിച്ച അച്ഛന്റെ കാലം ആയിരുന്നുവെങ്കില്‍ പിന്നെ നാം കണ്ടത് മകള്‍ സോഷ്യലിസത്തെ രാഷ്ട്രീയായുധമാക്കിയ നാളുകള്‍ ആയിരുന്നു. അതും ശ്രദ്ധേയമായ പല നടപടികളും ചരിത്രത്തില്‍ ബാക്കിയായ കാലം തന്നെ, സംശയമില്ല. പേരക്കിടാവിന്റെ അഞ്ച് സംവത്സരങ്ങളും പല നേട്ടങ്ങളും കണ്ട കാലം ആയിരുന്നു. മറ്റെല്ലാം മറന്നാലും പാവപ്പെട്ടവന് ഡൂണ്‍സ്കൂള്‍ നിലവാരം പ്രാപ്യമാക്കുന്ന 'നവോദയ' സ്കൂളുകളുടെ പേരിലും വാര്‍ത്താവിനിമയ രംഗത്തെ നേട്ടങ്ങളുടെ പേരിലും രാജീവിന്റെ കാലവും പ്രധാനമാണ്. ഭാരതം കണ്ട ഏറ്റവും ബുദ്ധിമാനായ പ്രധാനമന്ത്രി നരസിംഹറാവു ആയിരുന്നു. അദ്ദേഹം ചരിത്രത്തെ തന്നെ വഴിതിരിച്ചുവിട്ടു. മന്‍മോഹന്‍സിംഗിന്റെ ആദ്യത്തെ ഊഴം അതിന്റെ തുടര്‍ച്ചയായിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രണ്ടാമൂഴത്തിന്റെ രണ്ടാംപാതി ലിബറലൈസേഷന്റെ അപകടമായി പലരും എടുത്തുപറയാറുള്ള അഴിമതിയിലേക്ക് രാജ്യം വഴുതി വീണതാണ് കണ്ടത്. ആര്‍.കെ. ലക്ഷ്­മണ്‍ വരച്ചുറപ്പിച്ച ആം ആദ്­മി അന്ധാളിച്ചുപോയ നാളുകള്‍.

ലിബറലൈസേഷന് പ്രായപൂര്‍ത്തി വന്ന കാലം. ഇനി ഒരു മടക്കയാത്ര അസാദ്ധ്യമെന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ തിരിച്ചറിഞ്ഞപ്പോള്‍ ഇല്ലത്ത് നിന്ന് പുറപ്പെട്ടുവെങ്കിലും അമ്മാത്ത് എത്താതെ ഉഴറുന്ന വഴിയറിയാത്ത നമ്പൂതിരിയായി ഭാരതം. അവിടെ ഭാരതത്തിന് വഴികാട്ടിയായി നിയതി നിയോഗിച്ച ഭാരത പുത്രനാണ് പ്രധാനമന്ത്രി മോദി. ''ഇതാ ലോകത്തിന്റെ പാപത്തെ വഹിക്കുന്ന ദൈവത്തിന്റെ കുഞ്ഞാട് .'എന്നു പറയാന്‍ ഒരു സ്‌നാപക യോഹന്നാനും ഉണ്ടായിരുന്നില്ല.

''ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു'' എന്ന് ഒരശരീരിയും നാം കേട്ടതുമില്ല. എങ്കിലും ജൂലിയസ് സീസറെ പോലെ ''വന്നു, കണ്ടു, കീഴടക്കി'' എന്ന് പറയാന്‍ അര്‍ഹതയുള്ള ഒരു പ്രധാനമന്ത്രിയാണ് താന്‍ എന്ന് മോദി തെളിയിച്ച കാലമായിരുന്നു കഴിഞ്ഞ രണ്ട് സംവത്സരങ്ങള്‍.

നയരൂപീകരണത്തില്‍ അത്യന്തം ശ്രദ്ധേയമായ ചില സംഗതികള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ട് കാണുന്നില്ല. മലയാള മാദ്ധ്യമങ്ങളില്‍ എങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് മോദി നല്‍കിയ പ്രാധാന്യം ആണ് ആദ്യം എടുത്തുപറയേണ്ടത്. ഇവിടെ മോദി മാതൃകയാക്കിയത് ചൈനയെ ആണ് എന്ന് തോന്നുന്നു.

കഴിഞ്ഞ ദശകത്തില്‍ നിക്ഷേപത്തിന്റെ നാലിലൊന്ന് ഗതാഗതത്തോട് ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനാണ് ചൈന ചെലവഴിച്ചത്. പോയ നൂറ്റാണ്ടിന്റെ അവസാന നാളുകളില്‍ വൈദ്യുതി ഉത്­പാദിപ്പിക്കുന്നതിനായി നിക്ഷേപത്തിന്റെ പകുതിയിലേറെ നീക്കിവച്ചതിന്റെ തുടര്‍ച്ച ആയിരുന്നു അത്. അതിന്റെ ഫലമായി ചൈനയുടെ ഉത്­പാദനം അഞ്ചിരട്ടിയായി. വൈദ്യുതിയുടെ മുക്കാല്‍പങ്കും വ്യവസായത്തിലാണ് പ്രയോജനപ്പെട്ടത്.

അതേസമയം നമ്മുടെ ആസൂത്രണ കമ്മിഷന്‍ സാമൂഹികക്ഷേമ മേഖലയിലും വിദ്യാഭ്യാസത്തിലും ഊന്നി. അത് മോദി ഉപേക്ഷിച്ചിട്ടില്ല. സംസ്ഥാനങ്ങളുടെയും സ്വകാര്യ മേഖലയുടെയും ചുമതലയില്‍ ആ രംഗം നിക്ഷിപ്തമാക്കിക്കൊണ്ട് അടിസ്ഥാന സൗകര്യങ്ങളുടെ വിപുലമായ വികസനം ലക്ഷ്യമാക്കി നീങ്ങുന്നു എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ കൊല്ലം ആറായിരത്തോളം കിലോമീറ്റര്‍ റോഡ് നിര്‍മ്മിച്ചത് ഓര്‍ക്കുക. തലേ കൊല്ലം ചെലവഴിച്ചതിന്റെ മൂന്നിലൊന്ന് തുക അധികമായി മോദി ഇതിന് കണ്ടെത്തി. ഇക്കൊല്ലം പതിനയ്യായിരത്തോളം കിലോമീറ്ററാണ് ലക്ഷ്യം. നിക്ഷേപിക്കപ്പെടുന്നത് കഴിഞ്ഞ കൊല്ലത്തേക്കാള്‍ മൂന്നിരട്ടി. നാട്ടിന്‍പുറങ്ങളെ ഉപജീവനത്തിന്റെ നവമേഖലകളുമായി ബന്ധിപ്പിക്കുന്നതില്‍ ഈ നയം വിജയം കാണാതിരിക്കയില്ല.

ജനങ്ങള്‍ നാട്ടിന്‍പുറങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ചേക്കേറുന്നത് കവികളെ ദുഃഖിപ്പിക്കുമെങ്കിലും ആധുനിക ജീവിതസമ്പ്രദായങ്ങള്‍ അന്യമാകാതിരിക്കാന്‍ ഈ കുടിയേറ്റം അനുപേക്ഷണീയമാണ്. അമേരിക്കയിലെ ജനസംഖ്യയുടെ മുക്കാല്‍പങ്കും ഇന്ന് നഗരങ്ങളിലാണ്. നൂറ് കൊല്ലം കൊണ്ടാണ് അത് സംഭവിച്ചത്. ചൈനയിലും ഇത് സംഭവിച്ചുകൊണ്ടിരിക്കയാണ്, ഇരട്ടിവേഗത്തില്‍. ജീവിതനിലവാരം ഉയര്‍ത്താന്‍ വേണ്ട പരിശ്രമങ്ങള്‍ വിജയിക്കണമെങ്കില്‍ ഈ നഗരവത്­കരണ പ്രക്രിയ ശ്രദ്ധാപൂര്‍വം പ്രയോജനപ്പെടുത്തേണ്ടതുണ്ട്. മോദി ഇത് തിരിച്ചറിഞ്ഞിരിക്കുന്നു. അടുത്ത പതിനഞ്ച് കൊല്ലം കൊണ്ട് ­ 2032 നകം ­ ദാരിദ്ര്യം പൂര്‍ണമായി നിര്‍മ്മാര്‍ജ്ജനം ചെയ്യുക എന്ന ലക്ഷ്യത്തോടെ നമ്മുടെ സമ്പദ്‌­വ്യവസ്ഥയെ ചൈനയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് തുല്യമായി ഉയര്‍ത്തുകയും വളര്‍ച്ചാനിരക്ക് പത്തുശതമാനമായി ഉറപ്പുവരുത്തുകയും ചെയ്യാനാണ് മോദി പദ്ധതിയിടുന്നത്.

നയപരമായ ഒരു പ്രധാന വ്യതിയാനം ചൂണ്ടിക്കാണിക്കുകയായിരുന്നു. എന്നാല്‍ മോദി അതില്‍ മാത്രം അല്ല ശ്രദ്ധിച്ചത്.

സ്വച്ഛ് ഭാരത് അഭിയാന്‍ എന്ന പരിപാടി അനുസരിച്ച് ഏതാണ്ട് ഒരുകോടി ശൗചാലയങ്ങള്‍ നിര്‍മ്മിതമായി. ഇതിനോടൊപ്പം രണ്ടരലക്ഷം പള്ളിക്കൂടങ്ങളിലായി നാല് ലക്ഷത്തോളം ശുചിമുറികള്‍ നിര്‍മ്മിച്ചും ശുചിത്വബോധം വളര്‍ത്താനുതകുന്ന ദേശീയ ബാലസ്വച്ഛതാ മിഷന്‍ ഈ നേട്ടങ്ങള്‍ കാണുന്ന സമൂഹത്തിന്റെ മാനസികാവസ്ഥയില്‍ മാറ്റം വരുത്താന്‍ സഹായിക്കും എന്നത് ഏറെപ്പേര്‍ ശ്രദ്ധിക്കാത്ത നേട്ടമാണ്.

നഗരവത്കരണവും അടിസ്ഥാനസൗകര്യവികസനവും തേടുന്നതിനൊപ്പം തന്നെ ആദര്‍ശ് ഗ്രാമയോജന (ഗ്രാമങ്ങളുടെ സമഗ്ര വികസനം), ജീവന്‍ജ്യോതി, ബീമായോജന (330 രൂപ പ്രതിവര്‍ഷ പ്രീമിയത്തില്‍ രണ്ട് ലക്ഷം രൂപയുടെ ഇന്‍ഷ്വറന്‍സ്) സുരക്ഷാ ബീമായോജന (12 രൂപ പ്രീമിയത്തില്‍ രണ്ട് ലക്ഷം വരെ അപകട ഇന്‍ഷ്വറന്‍സ്), അടല്‍ പെന്‍ഷന്‍ യോജന (മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള പെന്‍ഷന്‍), മുദ്ര ബാങ്കിലൂടെ ഇരുപത്തിനാലായിരം കോടി വായ്പ നല്‍കിയ മുദ്ര യോജന, പെണ്‍കുട്ടികള്‍ക്കായുള്ള സുകന്യ സമൃദ്ധി യോജന, ന്യൂനപക്ഷോന്മുഖമായ നയീമന്‍സില്‍ ­ ഉസ്താദ് പദ്ധതികള്‍ എന്നിങ്ങനെ നീളുന്നു സാമൂഹികക്ഷേമം ഉറപ്പുവരുത്താനുള്ള പരിപാടികള്‍.

നമാമി ഗംഗേ നമ്മുടെ പുണ്യനദിയുടെ ശുചീകരണമാണ് ലക്ഷ്യമിടുന്നത്. സമാന്തരമായി ദേശീയ ഗോകുലദൗത്യം, ജൈവകൃഷി വികസനത്തിനുള്ള പദ്ധതി, എല്ലാ കുട്ടികള്‍ക്കും രോഗപ്രതിരോധത്തിന് കുത്തിവയ്പ് (മിഷന്‍ ഇന്ദ്രധനുസ്), കാമ്പസ് കണക്ട് (കോളേജുകളിലെ വൈഫൈ), സ്റ്റാര്‍ട്ടപ്പ് ഇന്ത്യ സ്റ്റാന്‍ഡപ് ഇന്ത്യ, സ്കില്‍ ഇന്ത്യ ഇങ്ങനെ ബഹുതല സ്പര്‍ശിയായ നിരവധി പദ്ധതികള്‍ മനുഷ്യനെയും പ്രകൃതിയെയും വിദ്യാഭ്യാസത്തെയും ഒക്കെ ഒരു നവോത്ഥാന പ്രക്രിയയുടെ ഭാഗമാക്കി മാറ്റുന്നു.

ഫെഡറല്‍ സംവിധാനത്തോടുള്ള പ്രതിബദ്ധത അടിവരയിട്ടുറപ്പിച്ചതും എടുത്തുപറയണം. സംസ്ഥാനങ്ങളുടെ നികുതിവിഹിതം 32 ശതമാനത്തില്‍ നിന്ന് 42 ആയി ഉയര്‍ത്തി. പഞ്ചായത്തുകള്‍ക്ക് ധനകാരകമ്മിഷന്‍ ശുപാര്‍ശ ചെയ്തതിന്റെ മൂന്ന് ഇരട്ടി ­ രണ്ട് ലക്ഷം കോടി രൂപ ­ സഹായം. കേന്ദ്ര വില്പന നികുതിയുടെ നഷ്ടപരിഹാരമായി സംസ്ഥാനങ്ങള്‍ക്ക് പതിനോരായിരം കോടി രൂപ. റേഷന്‍ പഞ്ചസാരയുടെ വില നിര്‍ണയിക്കാനുള്ള സ്വാതന്ത്ര്യം.

കേരളത്തിന് ഇക്കാലയളവില്‍ കിട്ടിയതിന്റെ പട്ടികയും ശ്രദ്ധിക്കാതിരുന്നുകൂടാ. വിഴിഞ്ഞം പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട്, വല്ലാര്‍പാടം ­ കോഴിക്കോട്

തീരദേശപാത സാഗര്‍ മലയുടെ ഭാഗമാക്കിയത്. ഒട്ടേറെ റോഡുകളുടെ ചുമതല കേന്ദ്രം ഏറ്റെടുക്കുന്നത്. ഇടുക്കി ജില്ലയുടെ ആദ്യത്തെ കളക്ടര്‍ എന്ന നിലയില്‍ അടിമാലി ­ ചെറുതോണി ­ പൈനാവ് റോഡ് ഏറ്റെടുത്തതും ഇടുക്കി ജില്ലയെ സംയോജിത നീര്‍ത്തട പദ്ധതിയില്‍ പെടുത്തിയതും എന്റെ സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു.

നിഷിനെ ദേശീയ സര്‍വകലാശാലയാക്കി. ഫാക്ടിന് കുറഞ്ഞ നിരക്കില്‍ ഇന്ധനം, സൗരോര്‍ജ്ജ പരിപാടികള്‍ക്ക് സംസ്ഥാനത്തെ വൈദ്യുതി ബോര്‍ഡിന് പ്രത്യേക സഹായം.

ചുരുക്കിപ്പറഞ്ഞാല്‍ പ്രതീക്ഷ ഉണര്‍ന്നുകഴിഞ്ഞ ഭാരതത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അതേസമയം മോദിയുടെ ശത്രുക്കള്‍ അത്യന്തം ദുര്‍ബലമായ കോണ്‍ഗ്രസിലല്ല, സ്വന്തം പാളയത്തില്‍ തന്നെ ആണ് എന്നതും ശ്രദ്ധിക്കാതെ വയ്യ. ഘര്‍വാപസിയുമായി കേരളത്തില്‍ ഇറങ്ങിത്തിരിച്ചവരെപ്പോലുള്ളവര്‍ ഭാ­ജ­പാ­യ്‌ക്കെതിരായി ന്യൂനപക്ഷങ്ങള്‍ തിരിയാന്‍ മാത്രം ആണ് സഹായിച്ചത്. കേരളത്തില്‍ ഘര്‍വാപസിക്ക് നാലാം നൂറ്റാണ്ട് മുതല്‍ ചരിത്രം പറയാനുണ്ട്. മാണിക്കവാസഗരുടെ കാലം തൊട്ട് സര്‍ സി.പിയുടെ കാലം മുതല്‍ അതിന് സര്‍ക്കാര്‍ വ്യവസ്ഥകളും ഉണ്ട്. ഘര്‍വാപസി എന്ന പേരില്‍ പൊതുപരിപാടി നടത്തിയാല്‍ അത് ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുപോക്ക് ആവുകയില്ല. അതിന് ഉമ്മന്‍ചാണ്ടിയും പിണറായി വിജയനും നിശ്ചയിച്ചുട്ടുള്ള നാല് ഓഫീസുകളില്‍ പേരെഴുതണം. ഘര്‍വാപസി കൊണ്ട് ആകെ ഉണ്ടായ ഗുണം കുറെ വോട്ടുകളും അതിലേറെ ശുഭകാമനകളും ­ ഗുഡ്‌­വില്‍ എന്ന് സായിപ്പ് ­ പോയിക്കിട്ടി എന്നുള്ളതാണ്. ആ പരിപാടിക്ക് മോദിയുടെയും അമിത്­ഷായുടെയും

മോഹന്‍ഭഗവത്തിന്റെയും ആശീര്‍വാദം ഉണ്ടായിരുന്നില്ല എന്നതിന് തെളിവ് അത് അല്പായുസായി എന്നത് തന്നെ ആണ്.

അതുപോലെയാണ് ബീഫ് വേട്ടയും. ഗോവധ നിരോധനം ഭക്ഷണഘടനയില്‍ ഉള്ളതാണ്. നേരത്തേ നിരോധിച്ചിടത്തൊക്കെത്തന്നെ നിരോധിച്ചത് കോണ്‍ഗ്രസുകാരാണ്. വല്ലവന്റെയും അടുക്കളയില്‍ ഇരിക്കുന്നത് ബീഫാണോ മട്ടനാണോ എന്ന് അന്വേഷിക്കാനുള്ള ചുമതല സ്വയം ഏറ്റെടുത്ത് കലാപത്തിന് വിത്തിടുന്നവര്‍ തീര്‍ച്ചയായും മോദിയുടെ സുഹൃത്തുക്കളല്ല. യു.പിയില്‍ ക്രമസമാധാനം മോദിയുടെ ചുമതലയല്ല. എങ്കിലും ഗോവധത്തോട് ചേര്‍ത്തുവായിക്കാവുന്ന ക്രമസമാധാനഭംഗം ഉണ്ടാവുമ്പോള്‍ മോദിയുടെ പ്രതിച്ഛായയ്ക്കാണ് കോട്ടം തട്ടുന്നത് എന്ന് തിരിച്ചറിയാത്തവരുടെ സൗഹൃദം മോദിക്ക് ബാദ്ധ്യതയാണ്.

മോദിയെ ഞാന്‍ നേരില്‍ കണ്ടിട്ടില്ല. ഗുജറാത്തില്‍ വലിയ പരിചയം പോരാത്തതിനാല്‍ അവിടുത്തെ നന്മതിന്മകളുടെ വൃക്ഷഫലവും എനിക്ക് പരിചിതമല്ല. ഞാന്‍ കാണുന്നത് മോദി ഇപ്പോള്‍ ചെയ്യുന്നതാണ്. നെഹ്‌­റുവിനെയും അടല്‍ ബിഹാരി വാജ്‌­പേയിയെയും പോലെ സ്വപ്നം കാണാന്‍ കഴിവുള്ള ഒരു പ്രധാനമന്ത്രി. സര്‍ദാര്‍ പട്ടേലിനെ അനുസ്മരിക്കുന്ന കര്‍മ്മവൈഭവം ഉള്ള ഒരു ഭരണാധികാരി. അമ്മയെ സ്‌നേഹിക്കുന്ന മകന്‍. ഭാരതമാതാവിനെ ആദരിക്കുന്ന ദേശനായകന്‍. ബൈബിള്‍ ഉദ്ധരിച്ചാല്‍ 'മനുഷ്യരെ നീതിമാനായി ഭരിക്കുന്നവന്‍, ദൈവഭയത്തോടെ വാഴുന്നവന്‍, മേഘമില്ലാത്ത പ്രഭാതകാലത്ത് സൂര്യോദയത്തിലെ പ്രകാശത്തിന് തുല്യന്‍, മഴയ്ക്ക് പിമ്പ് സൂര്യകാന്തിയാല്‍ ഭൂമിയില്‍ മുളയ്ക്കുന്ന ഇളമ്പുല്ലിന് തുല്യന്‍' (ബൈബിള്‍, പഴയ നിയമം, ശമുവേലിന്റെ രണ്ടാം പുസ്തകം, അദ്ധ്യായം 23, വാക്യങ്ങള്‍ 3, 4). ഭര്‍ത്തൃഹരിയെ ഉദ്ധരിച്ചാലോ, ''നിന്ദന്തു നീതിനിപുണാ : യദി വാ സ്തുവന്തു ലക്ഷ്മീ: സമാവിശതു ഗച്ഛതു വാ യഥേച്ഛം, അദ്വൈവ വാ മരണമസ്തു യുഗാന്തരേ വാ, ന്യയാത്­പഥഃ പ്രവിചലന്തി പദം ന ധീരാഃ '' എന്നും പറയാം.

നല്ല നാളുകള്‍ തന്നെ കണ്ടിടത്തോളം.
Join WhatsApp News
bijuny 2016-05-28 08:15:56
Very good analaysis
George V 2016-05-28 10:35:51
ഇത് ഞങ്ങൾ അമേരിക്കയിൽ ഉള്ള അച്ചയന്മാര്ക്ക് സമ്മതിക്കാൻ തീരെ ബുദ്ധിമുട്ടാണ്. കാരണം ഞങ്ങള്ക്ക് മോഡിയെ ഇഷ്ടമല്ല. അതുകൊണ്ട് മോഡി ചെയ്യുന്നതിനെ എതിരക്കാൻ കിട്ടുന്ന എല്ലാ അവസ്സരവും ഞങ്ങൾ പരമാവധി ഉപയോഗിക്കും. എന്നാലും ബാബു പോൾ ഒരു ക്രിസ്ത്യാനി അല്ലെ ഇങ്ങനെ ഒക്കെ ചിന്തിക്കാമൊ 
pappachi 2016-05-29 06:06:55

Thanks Mr. Babu  Paul. What u wrote is totally agreebale. Pl work together  to build our Bharat to become No. 1 in the world.
Ninan Mathullah 2016-05-29 21:18:04
Appreciate the view of Mr. Babu Paul from a different angle. I wish and pray that his view is true and Prime-Minister Modi could accomplish for India great things. What shaped Modi's views are his environment, knowledge and experiences. Nobody can blame a person for it. Still if he could perceive the anxiety of minorities, and see all Indians as one irrespective of caste religion and status, he will leave an impact here. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക