Image

സഗൗരവത്തിന്റെ പ്രഥമ ദിനം (എ.എസ് ശ്രീകുമാര്‍)

Published on 26 May, 2016
സഗൗരവത്തിന്റെ പ്രഥമ ദിനം (എ.എസ് ശ്രീകുമാര്‍)
നവകേരളത്തിന് ചെഞ്ചായപ്പകിട്ടേകി അധികാരമേറ്റെടുത്ത പിണറായി വിജയന്‍ സര്‍ക്കാര്‍ ഏത് രീതിയിലാണ് മുന്നോട്ടുപോകുന്നത് എന്നതിന്റെ സൂചന അവരുടെ ആദ്യ മന്ത്രിസഭായോഗ തീരുമാനങ്ങളിലും മുഖ്യമന്ത്രിയുടെ ബ്രീഫിങ്ങിലും നിഴലിച്ചുവെന്ന് പറയാം. ഭരണത്തിലേറിയതിന്റെ പിറ്റേന്നു തന്നെ സര്‍ക്കാരിനെ പുകഴ്ത്തി കൈലാസം കയറ്റാനോ, ഭള്ള് പറഞ്ഞ് വിലകെടുത്താനോ മുതിരുന്നത് ഹിമാലയന്‍ മണ്ടത്തരമാണെന്ന് മാത്രമല്ല അത് യുക്തിസഹവുമല്ല. എങ്കിലും കാര്യങ്ങള്‍  സഗൗരവത്തിലാണ് തുടക്കം കുറിച്ചിരിക്കുന്നതെന്ന് സാമാന്യ ബുദ്ധിയില്‍ മനസിലാക്കാം.

അണികള്‍ 'നവകേരള വിപ്ലവനായകന്‍' എന്ന് ആവേശത്തോടെ തുല്യം ചാര്‍ത്തിയ പിണറായി വിജയന്‍ ഉള്‍പ്പെടെ 16 പേര്‍ 'സഗൗരവം' പ്രതിജ്ഞ ചെയ്തപ്പോള്‍ മാത്യു ടി തോമസ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ.ടി ജലീല്‍ എന്നിവര്‍ ദൈവനാമത്തിലാണ്  സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. തുടര്‍ന്ന് നടന്ന, ഇടതു സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭായോഗത്തിലെ തീരുമാനങ്ങളാണിവിടെ വിശകലനം ചെയ്യുന്നത്. മികച്ച തുടക്കമെന്ന് പറഞ്ഞ് പിണറായി സര്‍ക്കാരിനെ വി.എസ് അച്യുതാനന്ദന്‍ അഭിവാദ്യം ചെയ്തപ്പോള്‍ ആ കോംപ്ലിമെന്റിനെ അക്ഷരംപ്രതി സാധൂകരിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ പ്രഥമ ദിന തീരുമാനങ്ങള്‍.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് ഇടതു മുന്നണി, കേരള ജനതയുടെ മനസാക്ഷിക്കു മുന്നില്‍ അവതരിപ്പിച്ചവയില്‍ കാതലായ മൂന്നു വിഷയങ്ങളാണ് ജിഷ കൊലക്കേസ്, അഴിമതി, വിലക്കയറ്റം തുടങ്ങിയവ. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക തീരുമാനങ്ങളാണ് അധികാരമേറ്റ് ഏതാനും മണിക്കൂറിനുള്ളില്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. ജിഷ വധക്കേസിന്റെ അന്വേഷണത്തിന് എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിലുള്ള  പ്രത്യേക സംഘത്തെ നിയോഗിച്ചാണ് സുപ്രധാനമായ ഒരു തീരുമാനം. ഡല്‍ഹി പെണ്‍കുട്ടിയുടെ അതിനീചമായ കൊലപാതകത്തിനു ശേഷം സ്ത്രീ സുരക്ഷ സംബന്ധിച്ച സംവാദങ്ങളില്‍ അഖിലേന്ത്യാ തലത്തില്‍ തന്നെ കടന്നു വന്ന ഹതഭാഗ്യയാണ് പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടില്‍ ദാരുണമായി കൊല്ലപ്പെട്ട ജിഷ. 

സമൂഹ മനസാക്ഷിയെ മരവിപ്പിച്ചു നിര്‍ത്തിയ ഈ കൊലപതകം സംബന്ധിച്ച് മുന്‍ യു.ഡി.എഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണങ്ങളില്‍ സമൂഹത്തിന് പല വിധത്തിലുള്ള സംശയങ്ങളും ആശങ്കകളും അക്ഷേപങ്ങളുമുണ്ടായിരുന്നു. അത് ദുരീകരിക്കാന്‍ പര്യാപ്തമാണ് പുതിയ അന്വേഷണടീമെന്ന് ബി സന്ധ്യയുടെ ട്രാക് റെക്കോഡ് പരിശോധിക്കുമ്പോള്‍ പറയാന്‍ സാധിക്കും. ജിഷയുടെ അമ്മയ്ക്ക് പ്രതിമാസം 5000 രൂപ പെന്‍ഷനും സഹോദരിക്ക് ജോലിയും 45 ദിവസത്തിനുള്ളില്‍ ഈ നിര്‍ധന-നിരാലംബ കുടുംബത്തിന് വീടും നല്‍കാനുള്ള തീരുമാനത്തെ പൊതു സമൂഹം സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു.

മറ്റൊരു ഗൗരവതരമായ വിഷയം അഴിമതിയാണ്. ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇക്കഴിഞ്ഞ ജനുവരി ഒന്നിനു ശേഷം കൈക്കൊണ്ട വിവാദ തീരുമാനങ്ങളില്‍ നിയമവിരുദ്ധമായി എന്തെങ്കിലുമുണ്ടോയെന്ന് പരിശോധിക്കാന്‍ നിയമമന്ത്രി എ.കെ ബാലന്‍ കണ്‍വീനറായി മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചത് ഉചിതമായി. ഈ തീരുമാനത്തെ പ്രതികാര നടപടിയായി പലരും മനസില്‍ കാണുന്നുണ്ടാവാം. പക്ഷേ, ഈ സര്‍ക്കാര്‍ പ്രതികാര നടപടികളിലേയ്ക്ക് പോവുകയില്ലെന്ന് അധികാരമേല്‍ക്കും മുമ്പ് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. മെത്രാന്‍ കായല്‍, കടമക്കുടി, സന്തോഷ് മാധവനുമായി ബന്ധപ്പെട്ട ഭൂമിദാനം തുടങ്ങിയ വിവാദ തീരുമാനങ്ങളാണ് മന്ത്രിസഭാ ഉപസമിതിയുടെ പരിഗണനയില്‍ വരിക. മുന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായി തീരുമാനങ്ങള്‍ എടുത്തു എന്ന മുന്‍വിധിയോടെയല്ല പിണറായി സര്‍ക്കാര്‍ ആ തീരുമാനങ്ങളെ സമീപിക്കുന്നത്. പകവീട്ടല്‍ മനസോടെയല്ല ആ പരിശോധനാ സമിതിയെ നിയോഗിച്ചത്. ഇനി സമിതിയുടെ കണ്ടെത്തലുകള്‍ വരട്ടെ.

സാധാരണക്കാരന്റെ നടുവൊടിക്കുന്നതാണ് നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം. ഈ ഗുരുതരമായ വിഷയത്തിലും പ്രഥമ മന്ത്രിസഭാ യോഗം സാര്‍ത്ഥകമായി ഇടപ്പെട്ടു. പൊതുവിതരണ ശൃംഖല കാര്യക്ഷമമാക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ അടിയന്തിരമായി സ്വീകരിക്കും. നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധന തടയുന്നതിനും വിപണി ഇടപെടലിനുമായി സിവില്‍ സപ്ലൈസ് കോര്‍പറേഷന് 75 കോടി രൂപ അനുവദിക്കും. സാധനങ്ങള്‍ വാങ്ങുന്നതിലും വിതരണം ചെയ്യുന്നതിലുമുള്ള അഴിമതിയും കെടുകാര്യസ്ഥതയും ഒഴിവാക്കാനുള്ള നടപടികളിലേയ്ക്ക് സര്‍ക്കാര്‍ പ്രവേശിക്കുന്നത് ആശ്വാസകരമാണ്.

ക്ഷേമ പെന്‍ഷനുകള്‍ 1000 രൂപയായി ഉയര്‍ത്താനും എല്ലാ മാസവും പെന്‍ഷന്‍ തുക വീട്ടിലെത്തിക്കാനുള്ള നടപടിയും വിരല്‍ ചൂണ്ടുന്നത് യഥാര്‍ത്ഥത്തില്‍ 'വെല്‍ഫെയര്‍ സ്റ്റേറ്റ്' എന്ന ആശയത്തിലേയ്ക്കാണ്. പ്രായം ഏറെ ചെന്നവര്‍ക്കും അസുഖം മൂലം അവശതയനുഭവിക്കുന്നവര്‍ക്കും പെന്‍ഷന്‍ വീട്ടില്‍ എത്തിക്കാനുള്ള തീരുമാനം സുപ്രധാനമായ ഒരു ചുവടുവയ്പ്പാണ്.  ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്ന വര്‍ത്തമാനകാല ദുരവസ്ഥയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ ജനപക്ഷത്തു നിന്ന് ചിന്തിക്കുന്നു. ആനുകാലികമായ ലോകഗതിതന്നെയൊന്ന് പരിശോധിക്കാം. കുത്തക മുതലാളിത്തം അനുദിനം ശക്തിയാര്‍ജിച്ചുകൊണ്ടിരിക്കുന്ന ഈ കലികാലഘട്ടത്തില്‍ ഒട്ടുമിക്ക രാജ്യങ്ങളും പെന്‍ഷന്‍ പരിപാടി  അവസാനിപ്പിച്ചുകൊണ്ടിരിക്കുകയാണ്. 

ജീവിതത്തിന്റെ സുവര്‍ണകാലം മുഴുവന്‍ രാഷ്ട്രത്തിനോ സ്റ്റേറ്റിനോ സമൂഹത്തിനോ വേണ്ടി സേവനം ചെയ്തവര്‍ക്ക്, അവരുടെ ജീവിത സായാഹ്നത്തില്‍, അവശതയുടെയും രോഗാവസ്ഥയുടെയും, ആലംബമില്ലായ്മയുടെയും ദുരിത നാളുകളില്‍ സമാശ്വാസത്തിന്റെ കൈത്താങ്ങാണ് ക്ഷേമപെന്‍ഷനുകള്‍. എല്ലാ അര്‍ത്ഥത്തിലും ക്ഷേമരാഷ്ട്രം എന്ന സങ്കല്‍പ്പത്തെ കൂടുതല്‍ ബലപ്പെടുത്തിക്കൊണ്ട് ഈ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുക മാത്രമല്ല, വന്ദ്യ വയോധികര്‍ ട്രഷറിയുടെ വരാന്തയില്‍ അനിശ്ചിതത്വത്തോടെ ക്യൂ നിന്ന് വിയര്‍ത്ത് വിഷമിക്കാതെ അത് സ്വന്തം വീട്ടിലെത്തിക്കാനുള്ള സര്‍ക്കാരിന്റെ ആര്‍ജവത്തെ തികച്ചും മാനുഷികപരം എന്ന് വിശേഷിപ്പിക്കാം.

മറ്റൊരു സുപ്രധാനമായ തീരുമാനം കുട്ടികളെയും സ്ത്രീകളെയും നിര്‍ത്തി താലപ്പൊലി എടുപ്പിച്ച് മന്ത്രിമാര്‍ക്ക് സ്വീകരണം ഒരുക്കാന്‍ പാടില്ല എന്നതാണ്. മന്ത്രിമാര്‍ക്ക് സ്വീകരണം നല്‍കുന്നതില്‍ തെറ്റില്ല. പക്ഷേ കുട്ടികളെയും മറ്റും മണിക്കൂറുകളോളം താലപ്പൊലിയെടുപ്പിച്ച് കാത്തു നിര്‍ത്തുന്നത് ഒഴിവാക്കേണ്ടതാണെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. നമുക്കറിയാം, നമ്മുടെ മന്ത്രിമാര്‍ എത്രത്തോളം സമയ നിഷ്ഠ പാലിക്കുന്നവരാണെന്ന്. രാവിലെ 10 മണിക്ക് ഉല്‍ഘാടിക്കേണ്ട മന്ത്രി എത്തുന്നത് ഉച്ചയ്ക്ക് ഒരു മണിക്കായിരിക്കും. ഇത്രയും നേരം വെയിലത്ത് നിന്ന് കുട്ടികള്‍ കുഴഞ്ഞ് വീണ സംഭവങ്ങള്‍ സംസ്ഥാനത്തുടനീളം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ ദുരനുഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശ്രദ്ധേയവും അവസരോചിതവുമായ ഈ തീരുമാനം.

സര്‍ക്കാര്‍ വകുപ്പുകളില്‍ നിലവിലുള്ള ഒഴിവുകള്‍ പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണമെന്നും അതിന്റെ പുരോഗതി ചീഫ് സെക്രട്ടറി വിലയിരുത്തണമെന്നുമുള്ള നിലപാട് ഉദ്യോഗാര്‍ത്ഥികള്‍ക്കനുഗ്രഹമാണ്. മുന്‍ സര്‍ക്കാരിന്റെ അപ്രഖ്യാപിത നിയമന നിരോധനം നിലവിലുള്ള സാഹചര്യത്തിലാണിത്. തൊഴിലവസരങ്ങള്‍ പരമാവധി സൃഷ്ടിച്ച് തൊഴിലില്ലായ്മ കുറച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തിലേയ്ക്കുള്ള പദമൂന്നലാണിത്. പി.എസ്.സി ലിസ്റ്റ് ഇല്ലാത്ത വകുപ്പുകളിലെ ഒഴിവുകളഉം തിട്ടപ്പെടുത്തും. പ്രായോഗിക പ്രശ്‌നങ്ങള്‍ പി.എസ്.സിയുമായി ചര്‍ച്ച ചെയ്യും. കാലവര്‍ഷത്തെ മുന്നില്‍ കണ്ട് മഴക്കാല പൂര്‍വ ശുചീകരണം ഉള്‍പ്പെടുത്താനും തീരുമാനമായി. എല്ലാ കാലവര്‍ഷവും പ്രകൃതി ഭൂമിക്ക് നല്‍കുന്ന അനുഗ്രഹത്തോടൊപ്പം അതിന്റേതായ ദുരിതങ്ങളും വിതയ്ക്കുമല്ലോ.

തിരഞ്ഞെടുപ്പ് പ്രചാരണകാലത്തും മറ്റും വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ എങ്ങനെ നടപ്പാക്കും, പ്രകടന പത്രിക എപ്രകാരം സാക്ഷാത്കരിക്കും എന്നൊക്കെയുള്ള ഇഛാശക്തി കാട്ടുന്നതാണ് ആദ്യദിനത്തിലെ പ്രകടനം. വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനാവശ്യമായ, കാര്യക്ഷമമായ സംവിധാനത്തെക്കുറിച്ച് ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ഒരു സര്‍ക്കാര്‍ ശരിയായ ദിശിയിലാണ് പോകുന്നതെന്ന് നമ്മള്‍ മനസിലാക്കുക. തുടക്കത്തില്‍ അത്തരമൊരു സന്ദേശമാണ് പണറായി സര്‍ക്കാര്‍ നല്‍കുന്നത്. സര്‍ക്കാരനെ വിലയിരുത്താന്‍ മാസങ്ങളെടുക്കും. എങ്കിലും ഈ സര്‍ക്കാരിനെ പ്രത്യാശയോടും പ്രതീക്ഷയോടും കൂടിയാണ് കേരള ജനത കാണുന്നത്. 

ആ പ്രത്യാശയും പ്രതീക്ഷയും സാക്ഷാത്കരിക്കാനുള്ള കരുത്ത് പിണറായിക്കുണ്ട്. നിര്‍ണായക ഘട്ടങ്ങളില്‍ എടുക്കുന്ന നിലപാടാണ് ഒരു ഗവണ്‍മെന്റിനെ നയിക്കുക. എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുകയെന്നത് പിണറായിയുടെ സ്വഭാവവിശേഷതയാണ്. സമയബന്ധിതമായി കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സഹജമായ വാസന പണ്ട് വൈദ്യുതി മന്ത്രിയായിരിക്കെത്തന്നെ അദ്ദേഹം തെളിയിച്ചതാണ്. പ്രകടന പത്രിക സാക്ഷാത്കരിക്കുന്നതിന് എത്രമാത്രം പ്രതിബദ്ധതയും ഇഛാശക്തിയും കാണിക്കും എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കും പിണറായി സര്‍ക്കാര്‍ നാളെയുടെ ജനപക്ഷ രാഷ്ട്രീയ ചരിത്രത്തില്‍ സ്ഥാനം പിടിക്കുക.

സഗൗരവത്തിന്റെ പ്രഥമ ദിനം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക