Image

കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത മന്ത്രി സഭ

അനില്‍ പെണ്ണുക്കര Published on 26 May, 2016
കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത മന്ത്രി സഭ
കേരളത്തില്‍ ഏതു ഭരണംവന്നാലും ഒരു കേരളാ  കോണ്‍ഗ്രസുകാരനെങ്കിലും മന്ത്രിക്കസേരയില്‍ കാണുമായിരുന്നു. ഇത്തവണ അതില്ല. ഉള്ളവരൊക്കെ പ്രതി പക്ഷത്തും. 

ഇത്തവണയും പി.ജെ ഒരു ശ്രമം നടത്തിയതായിട്ടാണ് അറിവ്. തന്റെ മൌനാനുവാദത്തോടുകൂടി ആണ് ഫ്രാന്‍സിസ് ജോര്ജും കൂട്ടരും ഇടതു മുന്നണിയിലേക്ക് പോയതെന്നും തെരഞ്ഞെടുപ്പുകാലത്ത് ഒരു കിംവദന്തി ഉണ്ടായിരുന്നു. എന്തായാലും അവരും  സി പി എമ്മിന്റെ ഔദാര്യത്തിനായി കാത്തു നില്ക്കുന്നു. വളരും തോറും പിളരുകയും പിളരും തോറും വളരുകയും ചെയ്യുന്ന ഈ പാര്ട്ടിക്കു ഒരു വലിയ ചരിത്രമാനുള്ളത്.

1964ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വിട്ടു പോന്ന കേരളത്തിലെ ഒരു വിഭാഗം നേതാക്കാള്‍ രൂപം കൊടുത്ത രാഷ്ട്രീയ കക്ഷി ആയാണ് തുടക്കം. അന്ന് കോണ്‍ഗ്രസ് വിട്ടുപോന്നവരുടെ നേതാവായിരുന്ന മൂവാറ്റുപുഴക്കടുത്ത് വാഴക്കുളം സ്വദേശി, കെ.എം. ജോര്‍ജ്ജ് ആണ് കേരളാ കോണ്ഗ്രസ്സിന്റെ സ്ഥാപക നേതാവായി കണക്കാക്കപ്പെടുന്നത്. നേതൃത്വത്തിലും അണികളിലും സുറിയാനി ക്രിസ്ത്യാനികളാണ് ഏറെയും. കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം ജില്ലകളിലാണ് കേരളാ കോണ്‍ഗ്രസ് വ്യാപിച്ചു കിടക്കുന്നത്.

അനേകം പിളര്‍പ്പുകളിലൂടെ കടന്നു പോയ ഈ കക്ഷിയില്‍ ഇന്ന് പല വിഭാഗങ്ങളുണ്ട്. ഇത്തരം പിളര്‍പ്പുകള്‍ക്ക് പിന്നില്‍ ആശയപരമായ ഭിന്നതക്ക് പകരം, വിവിധ സമ്മര്‍ദ്ദ വിഭാഗങ്ങളുടേയും നേതാക്കളുടേയും താത്പര്യങ്ങളായിരുന്നു എന്ന് ആക്ഷേപിക്കപ്പെട്ടിട്ടുണ്ട്. അതേസമയം, നിരന്തരമായ പിളര്‍പ്പുകള്‍ കക്ഷിയെ ബലഹീനമാക്കുന്നതിന് പകരം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്ന കെ.എം. മാണിയുടെ നിരീക്ഷണം ഇടക്ക് കൗതുകമുണര്‍ത്തി. 

പിളരും തോറും വളരുന്ന കക്ഷി എന്നാണ് അദ്ദേഹം കേരളാ കോണ്‍ഗ്രസിനെ വിശേഷിപ്പിച്ചതും മാണി തന്നെ. 1979ല്‍ മാണി തന്നെ പാര്ട്ടി പിളര്‍ത്തി കേരളത്തിലെ മറ്റൊരു രാഷ്ട്രീയ  കക്ഷിയായി കേരള കോണ്‍ഗ്രസ് (എം) എന്ന പാര്‍ട്ടി  രൂപീകരിച്ചു. കെ. എം.മാണിയാണ് ഇതിന്റെ നേതാവും ചെയര്‍മാനും. കോട്ടയം തിരുനക്കര മൈതാനിയില്‍ വെച്ച് എന്‍.എസ്.എസ്. നേതാവ് മന്നത്ത് പത്മനാഭന്‍ തിരികൊളുത്തിയാണ് പാര്‍ട്ടി ജനിച്ചത്.

കേരള കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ ആര്‍. ബാലകൃഷ്ണപിള്ളയുടെ നേതൃത്വത്തില്‍ രൂപം കൊണ്ട പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് (ബി). 
നിലവില്‍ പാര്‍ട്ടിക്ക് ഒരു എം.എല്‍.എ. കൊല്ലം ജില്ലയിലെ പത്തനാപുരം നിയോജക മണ്ഡലത്തെ 2001 മുതല്‍ പ്രതിനിധീകരിക്കുന്ന കെ.ബി. ഗണേഷ് കുമാറാണ് ഏക ജനപ്രതിനിധി. ഐക്യജനാധിപത്യ മുന്നണിയുടെ (യു.ഡി.എഫ്.) ഒരു ഘടകകക്ഷിയായിരുന്നു കേരള കോണ്‍ഗ്രസ് (ബി). 

ഗണേഷ് കുമാര്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഒരംഗമായിരുന്നുവെങ്കിലും 2013 ഏപ്രില്‍ 1ന് രാജിവയ്ക്കുകയുണ്ടായി. ഗണേഷ് കുമാര്‍ പാര്‍ട്ടിയെ അനുസരിക്കുന്നില്ലെന്നും അതിനാല്‍ അദ്ദേഹത്തെ മന്ത്രിസ്ഥാനത്തുനിന്നും നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്സ് (ബി) മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കത്തു നല്‍കുകയുണ്ടായി. യു.ഡി.എഫ്. യോഗത്തിലും കേരള കോണ്‍ഗ്രസ് പ്രതിനിധികള്‍ ഇതേ ആവശ്യം ഉന്നയിക്കുകയുണ്ടായി. അങ്ങനെ ആണ് ഗണേഷ് കുമാര് രാജി വച്ചത് .

ബാലകൃഷ്ണപിള്ള 1971ല്‍ ലോകസഭയിലേയ്ക്കും 1960 മുതല്‍ എട്ടു തവണ നിയമസഭയിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2006ലെ തിരഞ്ഞെടുപ്പില്‍ ഇദ്ദേഹം സി.പി.ഐ.എമ്മിന്റെ  അയിഷാ പോറ്റിയോട് തോല്‍ക്കുകയുണ്ടായി. ഗണേഷ് കുമാര്‍ 2001ലാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഇദ്ദേഹം പത്തനാപുരത്തുനിന്ന് തിരഞ്ഞെടുക്കപ്പെടുകയും എ.കെ. ആന്റണിയുടെ മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയാവുകയും ചെയ്തു.

2011ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റുകളില്‍ ഡോ. എന്‍.എന്‍. മുരളി കൊട്ടാരക്കരയില്‍ നിന്നും ഗണേഷ് കുമാര്‍ പത്തനാപുരത്തു നിന്നും) മത്സരിക്കുകയുണ്ടായെങ്കിലും ഗണേഷ് കുമാര്‍ മാത്രമേ വിജയിച്ചുള്ളൂ.എന്നാല്‍ ഇത്തവണ ഗണേഷ് കുമാര്‍ ഇടതു സ്ഥാനാര്‍ഥി ആയി  പത്തനാപുരത്തുനിന്നും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചുവെങ്കിലും മന്ത്രി സ്ഥാനം നല്‍കിയില്ല. താര സംഘടനയുടെ ഭാഗത്ത് നിന്നും സംമര്ദ്ധം ഉണ്ടായിട്ടും അച്ചുതാനന്ദന്‍ ഇതിനോട് യോജിച്ചില്ല എന്നാണ് കേള്‍ക്കുന്നത്.അല്ലെങ്കില്‍ ഈ മന്ത്രി സഭയിലും ഒരു കേരളാ കോണ്‍ഗ്രസ്  മന്ത്രി ഉണ്ടായേനെ.

ഭരണത്തില്‍ ഉണ്ടായിരുന്ന  മറ്റൊരു  കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്   കേരളാ കോണ്‍ഗ്രസ് (ജേക്കബ്). പരേതനായ ടി.എം. ജേക്കബ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയാണിത് . വിദ്യാഭ്യാസം, ജലസേചനം, സാംസ്‌കാരികം, പൊതുവിതരണം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയായിരുന്നു ടി.എം. ജേക്കബ്. 2011ല്‍ ഇദ്ദേഹം മരിച്ച ശേഷം ജോണി നെല്ലൂര്‍ ആണ് പാര്‍ട്ടി നയിക്കുന്നത്. 

ജേക്കബിന്റെ ഭാര്യ ഡേയ്‌സി ജേക്കബ് ആണ് പാര്‍ട്ടി വൈസ് ചെയര്‍. 

വിദ്യാര്‍ത്ഥി നേതാവ് എന്ന നിലയ്ക്കാണ് ജേക്കബ്  പൊതുരംഗത്തെത്തിയത്. അവിഭാജ്യ കേരള കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ കേരള സ്റ്റുഡന്റ്‌സ് കോണ്‍ഗ്രസ് ആയിരുന്നു ഇദ്ദേഹത്തിന്റെ സംഘടന. 26 വയസ്സില്‍ ഇദ്ദേഹം കേരളത്തിലെ ഏറ്റവും പ്രായം കുറവുള്ള എം.എല്‍.എ. ആയി മാറി. 1982ല്‍ 32 വയസ്സ് പ്രായമുള്ളപ്പോള്‍ ഇദ്ദേഹം കേരളത്തിലെ വിദ്യാഭ്യാസമന്ത്രിയായി. 

കെ. എം. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയില്‍ നിന്നും അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് 1993ല്‍ ടി.എം. ജേക്കബ്,  ജോണി നെല്ലൂര്‍, മാത്യൂ സ്റ്റീഫന്‍, പി.എം. മാത്യു എന്നിവര്‍ വിഭജിച്ച് പുതിയ കക്ഷിയുണ്ടാക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി.എം. മാത്യൂ, മാത്യൂ സ്റ്റീഫന്‍ എന്നിവര്‍ പിന്നീട് മാതൃസംഘടനയിലേയ്ക്ക് മടങ്ങി. എറണാകുളം ജില്ലയുടെ കിഴക്കന്‍ ഭാഗങ്ങളായ പിറവം, കൂത്താട്ടുകുളം, കണ്ണൂര്‍, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിലെ പോക്കറ്റുകള്‍ എന്നിവിടങ്ങളിലാണ് പാര്‍ട്ടിക്ക് ശക്തിയുള്ളത്. 1993 ഡിസംബര്‍ 12ന് കക്ഷി രൂപീകരിച്ചതുമുതല്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) വിഭാഗം യു.ഡി.എഫിന്റെ ഭാഗമായിരുന്നുവെങ്കിലും 2005ല്‍ ഉമ്മന്‍ ചാണ്ടിയുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് കെ. കരുണാകരന്റെ ഡെമോക്രാറ്റിക് ഇന്ദിര കോണ്‍ഗ്രസ് (കരുണാകരന്‍) കക്ഷിയില്‍ ലയിക്കാനുള്ള തീരുമാനമെടുത്തു. 2006ലെ തിരഞ്ഞെടുപ്പില്‍ ഡി.ഐ.സി. (കെ) ഐക്യജനാധിപത്യ മുന്നണിയുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. 

എല്‍.ഡി.എഫുമായി പാര്‍ട്ടി സഖ്യമുണ്ടാക്കും എന്നായിരുന്നു പരക്കെ പ്രതീക്ഷിക്കപ്പെട്ടിരുന്നത്.ടി.എം. ജേക്കബും (പിറവം) ജോണി നെല്ലൂരും (മൂവാറ്റുപുഴ) 2006ലെ തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയാണുണ്ടായത്.

2006 സെപ്റ്റംബറില്‍ പാര്‍ട്ടി പ്രസിഡന്റായ കെ. മുരളീധരനുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ടി.എം. ജേക്കബും ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ഡി.ഐ.സി.യില്‍ നിന്ന് വിഘടിച്ച് കേരള കോണ്‍ഗ്രസ് (ജേക്കബ്) കക്ഷി പുനരുജ്ജീവിപ്പിച്ചു. ഇവരെ ചെറിയ ഇടവേളയ്ക്കുശേഷം യു.ഡി.എഫിലേയ്ക്ക് തിരികെ സ്വീകരിക്കുകയുണ്ടായി.

2011ലെ തിരഞ്ഞെടുപ്പില്‍ ടി.എം. ജേക്കബ് പിറവത്തുനിന്നും വിജയിച്ചുവെങ്കിലും ജോണി നെല്ലൂര്‍ അങ്കമാലിയില്‍ നിന്ന് പരാജയപ്പെട്ടു. ടി.എം. ജേക്കബ് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രിയായി.  ഇദ്ദേഹം മരിച്ചതിനെത്തുടര്‍ന്ന് മകന്‍ അനൂപ് ജേക്കബ് പിറവത്തുനിന്നും മത്സരിച്ചു ജയിച്ചു. ഇദ്ദെഹം കേരള യൂത്ത് ഫ്രണ്ട് (ജേക്കബ്) സംസ്ഥാന പ്രസിഡന്റായിരുന്നു. ആദ്യ തവണ നിയമസഭയിലെത്തുന്ന അനൂപ് ജേക്കബിന് ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം നല്‍കുകയുണ്ടായി. അനൂപ് ജേക്കബ്  ഭക്ഷ്യ സിവില്‍ സപ്ലൈസ്, ഉപഭോക്തൃ വകുപ്പ്, രജിസ്‌ട്രേഷന്‍ എന്നിവയുടെ മന്ത്രി ആയിരുന്നു. ഇത്തവണ പിറവത്തുനിന്നു  അനൂപ് ജേക്കബ് ജയിച്ചുവെങ്കിലും ഭരണം ഇടതു മുന്നണിക്ക് കിട്ടിയാതിനാല്‍ മന്ത്രിക്കുപ്പായം കിട്ടിയില്ല.

പി.സി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിലവിലുണ്ടായിരുന്ന ഒരു രാഷ്ട്രീയ കക്ഷിയാണ് കേരള കോണ്‍ഗ്രസ് (സെക്യുലര്‍). ടി.എസ്. ജോണ്‍, ജേക്കബ് തോമസ് അരികുപുറം എന്നിവരായിരുന്നു പാര്‍ട്ടിയിലെ മറ്റു പ്രധാന നേതാക്കള്‍. 
2009 ഒക്‌റ്റോബറില്‍ പാര്‍ട്ടി കേരള കോണ്‍ഗ്രസ് (മാണി) വിഭാഗവുമായി ലയിച്ചു. ഇതിനുശേഷവും പാര്‍ട്ടിയുടെ ഒരു വിഭാഗം കേരള കോണ്‍ഗ്രസ് (സെക്യുലര്‍) എന്ന പേരില്‍ തന്നെ നിലനില്‍ക്കുന്നുണ്ടായിരുന്നു. ഇവര്‍ കോണ്‍ഗ്രസ് (എസ്) പാര്‍ട്ടിയില്‍ ലയിക്കാന്‍ തീരുമാനിക്കുകയുണ്ടായി.

മാണി ഗ്രൂപ്പുമായി പി.സി. ജോര്‍ജ്ജ് ലയിച്ച ശേഷം പൂഞ്ഞാറില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ കേരള കോണ്‍ഗ്രസ് സെക്യുലര്‍ നേതാവായ മോഹന്‍ തോമസായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഐക്യജനാധിപത്യ മുന്നണിക്കകത്തുള്ള കേരള കോണ്‍ഗ്രസ് ഗ്രൂപ്പുകളെ ഒന്നിപ്പിക്കാനുള്ള ശ്രമം 2008ല്‍ നടക്കുകയുണ്ടായി. ഐക്യ കേരള കോണ്‍ഗ്രസില്‍ കേരള കോണ്‍ഗ്രസ് (മാണി), കേരള കോണ്‍ഗ്രസ് (ബാലകൃഷ്ണപിള്ള), കേരള കോണ്‍ഗ്രസ് (ജേക്കബ്), കേരള കോണ്‍ഗ്രസ് (സെക്യുലര്‍) എന്നീ കക്ഷികളെ ഉള്‍പ്പെടുത്താനായിരുന്നു ശ്രമം. എന്നാല്‍ ഇത് ഫലവത്തായില്ല. 

കേരള കോണ്‍ഗ്രസ് (ജോസഫ്), കേരള കോണ്‍ഗ്രസ് (സെക്യുലര്‍) എന്നീ വിഭാഗങ്ങള്‍ മാണി ഗ്രൂപ്പിനൊപ്പം ലയിക്കുകയുണ്ടായി. മാണിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് പി.സി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനിച്ചതോടെ കേരള കോണ്‍ഗ്രസ് സെകുലര്‍ പുനരുജ്ജീവിപ്പിക്കുമെന്നു പി.സി. ജോര്‍ജ് പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് പഴയ നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. പക്ഷെ അവയെല്ലാം കാറ്റില്‍ പറത്തി പി സി ജോര്‍ജു ഇപ്പോള്‍ ജന പക്ഷ മുന്നണിയായി ഈ തെരഞ്ഞെടുപ്പില്‍ ഒരു മുന്നണിയിലും നില്‍ക്കാതെ മത്സരിച്ചു വന്പിച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയുണ്ടായി. നിയമസഭയില്‍ സത്യത്തിനൊപ്പം നില്‍ക്കുമെന്നു പി സി പറയുമ്പോള്‍ ഇടതു മുന്നണിക്കൊപ്പമാണ് ഗണേഷ് കുമാര്‍ .

പി ജെയും മാണിയുമാകട്ടെ യു ഡി എഫ്ഫിനോപ്പവും. മാണിയും സംഘവും എന്‍ ഡി എ യുടെ ഭാഗമാകാന്‍ ശ്രമിക്കുന്നതായും വാര്‍ത്തകള്‍ വരുമ്പോള്‍ കേരളാ കോണ്‍ഗ്രസുകള്‍ വീണ്ടും ചരിത്രത്തിലെക്കോ ചരിത്രത്തിന്റെ ഭാഗമായോ മാറാനുള്ള സാധ്യത തള്ളിക്കളയാനാവില്ല .

കേരളാ കോണ്‍ഗ്രസ് ഇല്ലാത്ത മന്ത്രി സഭ
Join WhatsApp News
indian 2016-05-26 08:32:05
what about muslim leauge ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക