Image

ലിവിറ്റയുടെ സംസ്കാരം ഇന്ന് വോകീഗനില്‍; തെരഞ്ഞെടുക്കപ്പെട്ടാല്‍ റോംനി ഏറ്റവും ധനികനായ പ്രസിഡന്റ്; ജോണ്‍ എഫ്.കെന്നഡിയുടെ മരണ ദിവസത്തെ ടേപ്പുകള്‍ പുറത്തുവിട്ടു

Published on 01 February, 2012
ലിവിറ്റയുടെ സംസ്കാരം ഇന്ന് വോകീഗനില്‍; തെരഞ്ഞെടുക്കപ്പെട്ടാല്‍ റോംനി ഏറ്റവും ധനികനായ പ്രസിഡന്റ്; ജോണ്‍ എഫ്.കെന്നഡിയുടെ മരണ ദിവസത്തെ ടേപ്പുകള്‍ പുറത്തുവിട്ടു
ന്യൂയോര്‍ക്ക്: ഇല്ലിനോയിയിലെ ജയിലില്‍ നിരാഹാരം അനുഷ്ഠിച്ച് മരണത്തിന് കീഴടങ്ങിയ ഇന്ത്യക്കാരി ലിവിറ്റ ഗോമസിന്റെ മൃതദേഹം ഇന്ന് സംസ്കരിക്കു. വോക്കീഗനിലെ ഹോളി ഫാമിലി പള്ളിയില്‍ പ്രാദേശിക സമയം 10 മണിക്കാണ് സംസ്കാരച്ചടങ്ങുകള്‍ ആരംഭിക്കുക. ബ്രിട്ടനിലുള്ള ലിവിറ്റയുടെ ഇളയ സഹോദരി ലിമിയ ഫെര്‍ണാണ്ടസും ഭര്‍ത്താവും സംസ്കാരച്ചടങ്ങില്‍ പങ്കെടുക്കും. വോക്കീഗനിലെ മിറാന്‍ഡ ഫ്യൂനറല്‍ സര്‍വീസസിലെ ആല്‍ഫ്രഡോ മിറാന്‍ഡ യാണ് സംസ്കാരച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.

ഹോളി ഫാമിലി പള്ളിയും, ഷിക്കാഗോ കത്തോലിക് ചാരിറ്റിയും മിറാന്‍ഡ് ഫ്യൂനറല്‍ സര്‍വീസും സംയുക്തമായണ് സംസ്കാരച്ചെലവുകള്‍ വഹിക്കുന്നത്. 1959ല്‍ ഗോവന്‍ സ്വദേശികളായ ലാമാര്‍ട്ടിന്‍ ഗോമസിന്റെയും പരേതയായ മരിയ ലൂസിയ ഓള്‍ ഗോമസിന്റെയും മകളായി ജനിച്ച ലിവിറ്റ പഠ
ത്തില്‍ മിടുക്കിയായിരുന്നു. ബയോകെമിസ്ട്രി, എഡ്യൂക്കേഷന്‍ എന്നിവ പഠിച്ച് മാസ്റ്റര്‍ ബിരുദം നേടിയിട്ടുള്ള ലിവിറ്റ ഒരു കണക്ക് പാഠപുസ്തകവും എഴുതിയിട്ടുണ്ട്. 1986ല്‍ അവര്‍ പാനാം വിമാന കമ്പനിയില്‍ ഫ്‌ളൈറ്റ് അറ്റന്‍ഡസ്റ്റായി. പാനാം, ഡെല്‍റ്റയില്‍ ലയിച്ചപ്പോള്‍ ഇന്‍ഫ്‌ളൈറ്റ് ട്രയിനിംഗ് സൂപ്പര്‍വൈസറായി പ്രമോഷന്‍ ലഭിച്ചു. 1999ല്‍ ചെയര്‍മാന്‍സ് ക്ലബ് അവാര്‍ഡും ലഭിച്ചു. എല്ലാവരുമായും നല്ല ബന്ധം സൂക്ഷിക്കുന്ന സമര്‍ത്ഥയായ ഉദ്യോഗസ്ഥയെന്ന നിലയിലാണ് സഹപ്രവര്‍ത്തകര്‍ ലിവിറ്റയെ ഓര്‍ക്കുന്നത്.

തെരഞ്ഞെടുക്കപ്പെട്ടാല്‍ റോംനി ഏറ്റവും ധനികനായ പ്രസിഡന്റ്

വാഷിംഗ്ടണ്‍: ഈവര്‍ഷം നംവബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്ന്‍ സ്ഥാനാര്‍ഥിയാവുകയും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്താല്‍ നാലു ദശകത്തിനിടെ അമേരിക്കന്‍ ജനതയ്ക്ക് ലഭിക്കുന്ന ഏറ്റവും ധനികനായ പ്രസിഡന്റായിരിക്കും മിറ്റ് റോംനിയെന്ന് റിപ്പോര്‍ട്ട്. റിച്ചാര്‍ഡ് നിക്‌സണ്‍ മുതല്‍ ബറാക് ഒബാമവരെയുള്ള പ്രസിഡന്റമാരുടെ ആകെ സമ്പത്തിന്റെ ഇരട്ടിയണ് റോംനിയുടെ ഇപ്പോഴത്തെ സമ്പാദ്യം. തന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ചുള്ള വ്യക്തമായ വിവരങ്ങള്‍ റോംനി പുറത്തുവിട്ടിട്ടില്ലെങ്കിലും ഏകദേശ കണക്കുകള്‍ അനുസരിച്ച് 190 മില്യണ്‍ ഡോളറിനും 250 മില്യണ്‍ ഡോളറിനും ഇടയ്ക്കായിരിക്കും അദ്ദേഹത്തിന്റെ ആസ്തിയുടെ ആകെ മൂല്യമെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതായത് നിലവിലെ പ്രസിഡന്റ് ബറാക് ഒബാമയുടെ ആകെ ആസ്തിയുടെ അമ്പതിരട്ടി. എങ്കിലും സമ്പന്നരായ പ്രസിഡന്റുമാരുടെ ആദ്യം മുതലുള്ള കണക്കെടുത്താല്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് വാഷിംഗ്ടണും, തോമസ് ജെഫേഴ്‌സണും ഹെബര്‍ട്ട് ഹൂവറും ജോണ്‍ എഫ്.കെന്നഡിയും തന്നെയാണ് റോംനിയേക്കാള്‍ സമ്പന്നര്‍. എന്നാല്‍ റൂസ്‌വെല്‍റ്റോ ജോര്‍ ബുഷോ സമ്പത്തിന്റെ കാര്യത്തില്‍ റോംനിയ്ക്ക് സമീപത്തെങ്ങുമില്ലതാനും.

ജോണ്‍ എഫ്.കെന്നഡിയുടെ മരണ ദിവസത്തെ ടേപ്പുകള്‍ പുറത്തുവിട്ടു

വാഷിംഗ്ടണ്‍: മുന്‍ യുഎസ് പ്രസിഡന്റ് ജോണ്‍ എഫ്.കെന്നഡി വെടിയേറ്റു മരിച്ച ദിവസത്തെ കൂടുതല്‍ വിവരങ്ങള്‍ യുഎസ് നാഷണല്‍ ആര്‍ക്കൈവ്‌സ് പുറത്തുവിട്ടു. 1963 നവംബര്‍ 22ന് ഡാളസസില്‍ കെന്നഡി വെടിയേറ്റ് മരിച്ചശേഷം യുഎസ് നേതൃത്വത്തിലുണ്ടായ ആശയക്കുഴപ്പങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഇപ്പോള്‍ പുറത്തുവിട്ട 42 മിനുട്ട് ദൈര്‍ഘ്യമുള്ള ശബ്ദ സംഭാഷണം. നേരത്തെ പുറത്തുവിട്ട വിവരങ്ങളില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നില്ല.

മരണശേഷം പ്രസിഡന്റിന്റെ മൃതദേഹവും വഹിച്ച് വാഷിംഗ്ടണിലേക്കു പറന്ന എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലെ സംഭാഷണങ്ങളാണ് യുഎസ് നേതൃത്വത്തിന്റെ ആശയക്കുഴപ്പത്തിലേക്ക് വെളിച്ചം വീശുന്നത്. കെന്നഡിയുടെ മരണത്തെത്തുടര്‍ന്ന് താല്‍ക്കാലിക പ്രസിഡന്റായി അധികാരമേറ്റ ലിന്‍ഡന്‍ ജോണ്‍സന്റെയും കെന്നഡിയുടെ പത്‌നി ജാക്വിലിന്‍ കെന്നഡിയുടെയും സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കെന്നഡിയുടെ മൃതദേഹം എന്തു ചെയ്യണമെന്നതിനെക്കുറിച്ച് യുഎസ് നേതൃത്വത്തിന് തീര്‍ച്ചയുണ്ടായിരുന്നില്ല. ഒടുവില്‍ ജോണ്‍ എഫ്.കെന്നഡിയുടെ മാതാവ് റോസ് ടെയ്‌ലറെ ഫോണില്‍ ബന്ധപ്പെട്ട് ഇക്കാര്യം ആരായുന്നതും സംഭാഷണങ്ങളില്‍ കേള്‍ക്കാം. ആദ്യമായാണ് നാഷണല്‍ ആര്‍ക്കൈവ് ഈ ഓഡിയോ സംഭാഷണം പരസ്യമാക്കുന്നത്.

ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ഇനി യുഎസില്‍ രാജ്യാന്തര അധ്യാപിക

വാഷിംഗ്ടണ്‍: യുഎസ് സ്‌പെയ്‌സ് എജ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ ആദ്യ രാജ്യാന്തര അധ്യാപികയായി പുണെയിലെ മിഡില്‍ സ്കൂള്‍ അധ്യാപികയെ തിരഞ്ഞെടുത്തു. വിദ്യാവാലി സ്കൂളില്‍ 20 വര്‍ഷമായി ശാസ്ത്രവിഷയങ്ങള്‍ പഠിപ്പിക്കുന്ന വന്ദനാ സൂര്യവാന്‍ഷിക്കാണ് ഈ ബഹുമതി. അമേരിക്കയിലെ 19 പ്രശസ്ത വിദ്യാഭ്യാസ വിചക്ഷണരോടൊപ്പം വന്ദനയും ബഹിരാകാശ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കാകും. 10 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സ്‌പെയ്‌സ് ഫൗണേ്ടഷനാണ് വന്ദനയുള്‍പ്പെടെ 20 പേരെ ബഹിരാകാശ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കായി തിരഞ്ഞെടുത്തത്. ഇന്ത്യയില്‍ നിന്ന് ആദ്യമായാണ് ഫൗണേ്ടഷന്‍ ഒരു അധ്യാപികയെ തെരഞ്ഞെടുക്കുന്നത്. ശാസ്ത്രീയമായ ബഹിരാകാശ പഠനം ക്‌ളാസ് മുറികളിലെത്തിക്കുകയാണ് ലക്ഷ്യം. ഏപ്രില്‍ 16 മുതല്‍ 19 വരെ കൊളറാഡോവില്‍ നടക്കുന്ന ദേശീയ ബഹിരാകാശ സിമ്പോസിയത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരെ ആദരിക്കും.

ചൈനയുമായി ഇന്ത്യ അതിര്‍ത്തി സംഘര്‍ഷത്തിന് ഒരുങ്ങുന്നുവെന്ന് യുഎസ്

വാഷിംഗ്ടണ്‍: ചൈനയുമായി ഇന്ത്യ അതിര്‍ത്തി സംഘര്‍ഷത്തിന് ഒരുങ്ങുകയാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്‍. അതിര്‍ത്തി പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് ഇരു രാജ്യങ്ങളും പ്രസ്താവനകള്‍ ഇറക്കുന്നുണെ്ടങ്കിലും ഇന്ത്യന്‍ മഹാസമുദ്രത്തിലും ഏഷ്യ-പസഫിക് മേഖലയിലും ചൈനയുടെ സാന്നിദ്ധ്യം ഇന്ത്യയെ അലോസരപ്പെടുത്തുന്നുണെ്ടന്നും നാഷണല്‍ ഇന്റലിജന്‍സ് ഡയറക്ടര്‍ ജെയിംസ് ക്‌ളാപ്പര്‍ പറഞ്ഞു. ചൈനയുമായി അതിര്‍ത്തി സംഘര്‍ഷം ആസന്നമല്ലെങ്കിലും അതിര്‍ത്തിയില്‍ സൈന്യത്തിന്റെ ശക്തി ഇന്ത്യ നിരന്തരം വര്‍ധിപ്പിച്ചു വരികയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൈനീസ് സേനാവിന്യാസത്തിനൊപ്പമെത്തുന്നതിന് വേണ്ടിയാണിതെന്നും ക്‌ളാപ്പര്‍ അമേരിക്കന്‍ സെനറ്റിന്റെ രഹസ്യാന്വേഷണ വിഭാഗം സെലക്ട് കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ യുഎസ് സേനയുടെ പിന്തുണ ഇന്ത്യ ആവശ്യപ്പെടുന്നുണെ്ടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം തങ്ങളുടെ എല്ലാ അതിര്‍ത്തി രാജ്യങ്ങളുമായി ചൈന സമാധാന ബന്ധമാണ് ആഗ്രഹിക്കുന്നതെങ്കിലും രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വെല്ലുവിളി ഉയര്‍ന്നാല്‍ സമാധാനപാത വെടിയുമെന്ന് ചൈന നിലപാട് എടുത്തിട്ടുണെ്ടന്നും റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക