നിശ്ചിന്ത അവനെ നശിപ്പിക്കും (ലേഖനം) നൈനാന്‍ മാത്തുള്ള
EMALAYALEE SPECIAL
21-May-2016
നൈനാന്‍ മാത്തുള്ള
EMALAYALEE SPECIAL
21-May-2016
നൈനാന്‍ മാത്തുള്ള

നാട്ടിലും ഇവിടെ അമേരിക്കയിലും തിരഞ്ഞെടുപ്പു ജ്വരം ഉന്നത ഊഷ്മാവില്‍ സ്ഥിരമായി നില്ക്കുകയാണ്. എങ്കിലും നാട്ടില്‍ രാഷ്ട്രീയമായി പ്രബുദ്ധരായിരുന്ന മലയാളി അമേരിക്കയില്‍ വന്നതിനുശേഷം കാഴ്ചപ്പാടില്‍ കാര്യമായ മാറ്റം ഉണ്ടായതായി കാണുന്നു.
പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും ഇവിടെ എത്തിപ്പെട്ട് നാട്ടില്‍ സ്വപ്നം കാണാന്‍ കഴിയാത്ത സുഖസൗകര്യങ്ങളും ജീവിതനിലവാരവും കൈവന്നു കഴിഞ്ഞപ്പോള്‍ ഇനിയും എന്താണ് വെട്ടിപ്പിടിക്കേണ്ടതെന്നറിയാതെ കുഴങ്ങുന്ന ഒരു സ്ഥിതിവിശേഷം കാണുന്നുണ്ട്.
നാം നല്ല വീടുകളും കാറുകളും വാങ്ങി, നാട്ടിലും നല്ല വീടുകള്‍ പണിയിച്ചു. കുട്ടികള്‍ക്കും സാമാന്യം നല്ല വിദ്യാഭ്യാസം കൊടുത്തു. ഇനിയും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ -നിലാവത്ത് ഇറക്കിവിട്ട കോഴിയുടെ പ്രതീതി.
ഭക്തരായ പലരുടെയും ചിന്ത, ഈശ്വരനാണ് ഇത്രയും ജീവിതസൗകര്യങ്ങള്‍ ലഭിക്കുവാന്‍ കാരണം. അതുകൊണ്ട് ബാക്കി കാര്യങ്ങളും ഈശ്വരന്‍ നോക്കിക്കൊള്ളും എന്നാണ്. അത് ഒരു വിധത്തില്‍ ഈശ്വരനെ പരീക്ഷിക്കുകയാണ്. ഈ ധാരണയില്‍ നിശ്ചിന്തരായി ഇരിക്കുകയാണ് പല സമൂഹങ്ങളും. തങ്ങളിലേക്കു തന്നെ ഒതുങ്ങി ഇവിടെയുള്ള മറ്റു മലയാളി സമൂഹമായോ ഇവിടുത്തെ ജീവിതത്തിന്റെ കേന്ദ്രധാരയിലേതോ വരാതെ രാഷ്ട്രീയമായി ഒരുതരം നിശ്ചിന്ത അഥവ അലസത മിക്കവരിലും കടന്നു കൂടിയതായി കാണുന്നു. ചുരുക്കം ചിലരെങ്കിലും ഇവിടെ രാഷ്ട്രീയമായി പ്രബുദ്ധരും ഇവിടെ നടക്കുന്ന മാറ്റങ്ങള്‍ സസൂഷ്മം വീക്ഷിക്കുന്നവരുമാണ്.
ആഫ്രിക്കയില്‍ നിന്നും കറുത്തവര്‍ഗ്ഗക്കാരെ ഇവിടെ കൊണ്ടുവന്നത് അടിമകളായിട്ടാണ് എങ്കിലും നാം ഇവിടെ വന്നത് അടിമകളായിട്ടല്ല. നമ്മെ ഇവിടെ കൊണ്ടുവന്നത് ഈ രാജ്യം ഒരിക്കല്‍ കൂടിയാണ്. അടിമകളായി വന്നവര്‍ രാഷ്ട്രീയമായി പ്രബുദ്ധരാവുകയും അവരുടെ അവകാശങ്ങള്‍ സംഘടിതരായി നേടിയെടുക്കുകയും ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് കസേര വരെ സ്വന്തമായ ചരിത്രമാണ് ഒരു ചലച്ചിത്ര ആവിഷ്‌കാരം പോലെ നമ്മുടെ മുന്‍പില്‍ തെളിഞ്ഞുനില്‍ക്കുന്നത്. അതേ സമയത്ത് ഈ രാജ്യം ഇപ്പോള്‍ ഭരിക്കുന്ന ആംഗളോഡാക്‌സണ്‍സിന് മുന്‍പ് ഇവിടെ കുടിയേറിയ സ്പാനിഷ് വംശജരെ ഇവിടെ ദാസ്യവൃത്തി ചെയ്യിച്ച് ചരിത്രവും നമുക്കു മുന്‍പിലുണ്ട്. ഇതു രണ്ടും കാലത്തിന്റെ ചുവരെഴുത്തുകളായി നമുക്കു ദൃഷ്ടാന്തമായി നില്‍ക്കുന്നു.
പുരാതന ഇസ്രയേലിനെ ദൈവം വാഗ്ദത്തം ചെയ്തതുപോലെ അടിമത്വത്തില്‍ നിന്നും വിടുവിച്ച് മോശയുടെ നേതൃത്വത്തില്‍ കനാനിന്‍ എത്തിച്ചെങ്കിലും ആ രാജ്യം അവര്‍ക്ക് യുദ്ധം ചെയ്ത് കൈവശമാക്കേണ്ടിയിരുന്നു. ഇന്ന് ലോകത്തിലുള്ള ഏതു രാജ്യമെടുത്താലും അവിടെയൊക്കെ ഭരിക്കുന്ന ജനവിഭാഗങ്ങള്‍ മറ്റെവിടെ നിന്നോ അവിടെ കുടിയേറി അധികാരം പിടിച്ചെടുത്തവരാണ് എന്നു കാണാം.
ഈശ്വരന്റെ അഗോചരമായ വിരലുകളാണ് ലോകചരിത്രം കുറിക്കുന്നതെങ്കിലും അവകാശവും അധികാരവും അതിന് അര്‍ഹതപ്പെട്ടവര്‍ക്ക് അഥവ അതിനുവേണ്ടി പോരാടാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ വിഭാഗിച്ചു നല്‍കുകയുള്ളൂ. അതല്ല എങ്കില്‍ ദൈവം നീതിമാനല്ല എന്നു വരുമല്ലോ? ഇന്നുവരെയുള്ള ലോകചരിത്രം പരിശോധിച്ചാല്‍ ഒരു ജാതിക്കും അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് നൂലില്‍ കെട്ടിയിറക്കിക്കൊടുത്തിട്ടില്ല.
നമ്മെ ഇവിടെ കൊണ്ടുവന്നത് അടിമകളായിട്ടല്ല എങ്കിലും നാം കൈതുറന്ന് അദ്ധ്വാനിക്കുകയും നമുക്ക് അവകാശപ്പെട്ട അധികാരത്തിനും അംഗീകാരത്തിനും വേണ്ടി പോരാടാന്‍ തയ്യാറായാല്‍ ഈശ്വരന്റെ അദൃശമായ കരം നമുക്ക് അനുകൂലമായിരിക്കും. പോരാടുക എന്നു പറയുമ്പോള്‍ പുരാതനകാലത്തെ പോലെ അമ്പും വില്ലും കൊണ്ടുള്ള യുദ്ധമോ മാരകായുദ്ധങ്ങള്‍ കൊണ്ടുള്ള പോരാട്ടമോ അല്ല. ഇന്ന് ഏറ്റവും ഫലവത്തായ ആയുധം സംഘടിത ശക്തിയാണ്-അവകാശങ്ങള്‍ക്കുവേണ്ടി പോരാടുക, അവകാശങ്ങള്‍ ചോദിച്ചുവാങ്ങുക. സൈനിക ശക്തിപോലും സംഘടിത ശക്തിയില്‍ നിന്നും ഉളവയാതാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു നാം പറയാറുണ്ടല്ലോ
ഇവിടെ സമൂഹത്തിന്റെ നേതൃത്വം ഏറ്റവും പ്രധാനമാണ്. ഇന്നുള്ള മലയാളി സമൂഹം മതപരമായ നേതൃത്വത്തിന്റെ കീഴില്‍ പല തട്ടുകളായി തരിഞ്ഞിരിക്കുന്ന ശോചനീയമായ കാഴ്ചയാണ് എവിടെയും കാണുന്നത്.
ഓരോ മതസമൂഹവും ജനങ്ങളെ പുറത്തുപോകാതെ മറ്റു മലയാളി സമൂഹമായി സഹകരിക്കുവാന്‍ അനുവദിക്കാതെ വേലികെട്ടി തിരിച്ചിരിക്കുകയാണ്. ആ വേലിക്കുള്ളില്‍ എല്ലാം ലഭ്യമാണെന്ന് വരുത്തിയിരിക്കുന്നു-ആട്ടവും പാട്ടും നൃത്തവും കലാപരിപാടികളും കായിക വിനോദങ്ങളും എന്തിനേരെ പറയുന്നു, റിട്ടയര്‍മെന്റ് ഹോം പോലും ലഭ്യമാണ്. ഓരോ സമൂഹവും തങ്ങളിലേക്കു തന്നെ ഒതുങ്ങിയിരിക്കുന്നു. സ്ഥലജാതി ഭേദമന്യേ നാട്ടില്‍ സഹകരിച്ചിരുന്ന മലയാളിക്ക് ഇവിടെ വന്നപ്പോഴുണ്ടയ മാറ്റം മതമൗലികവാദികളുടെയും സാമുദായിക വര്‍ഗ്ഗീയ ശക്തികളുടെയും സ്വാധീനവലയത്തില്‍ അകപ്പെട്ടതാണ് അതല്ലെങ്കില്‍ സ്വയം ഏല്‍പിച്ചുകൊടുത്തതാണ്. നമുക്ക് ഇവിടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ മതമൗലികവാദികളുടെയും സാമുദായിക, വര്‍ഗ്ഗീയശക്തികളുടെയും കരവലയത്തില്‍ നിന്ന് ജനം പുറത്തുവരേണ്ടതുണ്ട്.
ഭാഗം-2
ഇന്നുള്ള മതനേതൃത്വത്തിന്റെ ഭീതിയും സുരക്ഷിതത്വമില്ലായ്മയുമാണ് ജനങ്ങള്‍ക്കു ചുറ്റും വേലി തീര്‍ക്കുന്നതിന് കാരണമായിരിക്കുന്നത്. നാട്ടിലുള്ള മത സംഘടനകളെല്ലാം കെട്ടുറപ്പുള്ളതാണ്. അവര്‍ക്ക് ആവശ്യമായ സമ്പത്തും വസ്തുവകകളും ഉള്ളതു കാരണം പുരോഹിതന്മാ
ര്‍ക്ക് ജോലിയിലുള്ള സുരക്ഷിതത്വം ഉറപ്പുവരുത്തുവാന്‍ കഴിയുന്നു. മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്ഥലം മാറ്റവും പ്രായമായാല്‍ ജോലിയില്‍ നിന്നും വിരമിക്കുന്നതിനും വേണ്ടതായ പെന്‍ഷന്‍ ലഭിക്കുന്നതിനും അവസരമുണ്ട്. അതുകൊണ്ട് പുരോഹിതന്മാര്‍ക്ക് സ്വന്തം നിലനില്‍പിന് വേലികെട്ടി ജനങ്ങളെ വിഭാഗിച്ചു നിര്‍ത്തേണ്ട ആവശ്യം കുറവാണ്. എന്നാല്‍ ഇവിടെ പല സംഘടനകളിലും ജനങ്ങള്‍ പുരോഹിതന്മാരെ നിയമിക്കുന്നതുകാരണം അവരുടെ ജോലിക്ക് സുരക്ഷിതത്വമില്ല. സ്വന്തം നിലനില്‍പിനു വേണ്ടി അവരൊക്കെയും ജനങ്ങളെ വേലികെട്ടി പുറത്തുപോകാതെ സൂക്ഷിച്ചിരിക്കുകയാണ്. ഈ സ്ഥിതിവിശേഷത്തിന് എന്നാണ് മാറ്റം ഉണ്ടാവുന്നത്? പുരോഹിതന്മാരുടെ ജോലി സ്ഥിരതയും പെന്‍ഷനും ക്ഷേമവും ഇവിടെയുള്ള മനസംഘടനകള്‍ തന്നെ ഉറപ്പുവരുത്തേണ്ടതുണ്ട്.
സാംസ്‌കാരിക സംഘടനകളുടെ ഒരു അറിയിപ്പുപോലും മതസ്ഥാപനങ്ങളില്‍ വായിക്കുവാന്‍ പല മതനേതാക്കന്മാരും തയ്യാറാവുന്നില്ല. മതസ്ഥാപനങ്ങളുടെ വിശുദ്ധിക്ക് കോട്ടം തട്ടുന്നതായാണ് അവര്‍ കരുതുന്നതെന്നു തോന്നുന്നു. മതത്തിനും മതസ്ഥാപനങ്ങള്‍ക്കും മനുഷ്യമനസ്സിനെ സ്വാധീനിക്കാനുള്ള ശേഷി കണക്കിലെടുത്ത് മതനേതൃത്വം ജനങ്ങളെ തങ്ങളുടെ പൗരബോധവും ഉത്തരവാദിത്വങ്ങളും നിറവേറ്റുന്നതിന് ഉത്തേജിപ്പിക്കേണ്ടതുണ്ട്. പൗരബോധത്തില്‍ നിന്നും വിട്ടുനില്‍ക്കുവാന്‍ ഒരു മതപ്രവാചകനും ആവശ്യപ്പെടുന്നില്ല.
ഇവിടുത്തെ സാംസ്‌കാരിക രാഷ്ട്രീയ നേതൃത്വം പരാജയം സമ്മതിച്ച് മതമൗലികവാദികളുടെ കീഴില്‍ ഷണ്ഡന്മാരായി കഴിഞ്ഞുകൂടുന്നു. സാംസ്‌കാരിക, രാഷ്ട്രീയ മത നേതൃത്വം അന്യോന്യം ഭയപ്പെടാതെ ശത്രുക്കളായി കാണാതെ കൈകോര്‍ത്തു പ്രവര്‍ത്തിക്കുമ്പോഴാണ് സമൂഹത്തിന് ഉയര്‍ച്ചയുണ്ടാകുന്നത്.
പുരാതന ഇസ്രയേലില്‍ ദൈവത്താല്‍ സ്ഥാപിതമായ ഈ മൂന്നു സ്ഥാപനങ്ങളും ഉണ്ടായിരുന്നു-സാംസ്‌കാരിക നേതൃത്വം അഥവാ പ്രവാചകന്മാരും അവരുടെ എഴുത്തുകളും, രാജാക്കന്മാരും അവരുടെ സൈന്യവും, പുരോഹിതന്മാരും അവരുടെ സന്മാര്‍ഗ്ഗബോധവും. പ്രവാചകന്മാരുടെ എഴുത്തുകളില്‍ നിന്ന് പ്രചോദനം പ്രാപിച്ചാണ് രാജാക്കന്മാര്‍ രാജ്യം ഭരിച്ചിരുന്നതും പുരോഹിതന്മാര്‍ സന്മാര്‍ഗ്ഗബോധനം നടത്തിയിരുന്നതും. രാജാക്കന്മാരുടെ അരമനയില്‍ കടന്നുചെന്ന് രാജാവിന്റെ മുഖത്തുനോക്കി ചെയ്യുന്നത് ശരിയല്ല എന്നു പറയാനുള്ള ധൈര്യവും അഭിഷേകവും പ്രവാചകന്മാ
ര്‍ക്കും ഇന്ത്യയിലെ വേദങ്ങളുടെയും ഗീതയുടെയും എഴുത്തുകാരായ മുനിമാര്‍ക്കും ഉണ്ടായിരുന്നു. സമൂഹം മൂന്നുകൂട്ടരെയും ബഹുമാനിച്ചിരുന്നു.
ഇപ്പോള്‍ കാലം മാറിയിരിക്കുന്നു. ഇന്ന് എഴുത്തുകാരും മീഡിയയും പ്രവാചകന്മാരുടെയും മുനിമാരുടെയും നിരയിലാണ്. രാഷ്ട്രീയക്കാരും ഭരണകര്‍ത്താക്കളും രാജാക്കന്മാ
രുടെ നിലയിലും. മൂന്നുകൂട്ടരും കൈകോര്‍ത്തു പ്രവര്‍ത്തിക്കേണ്ടത് സമൂഹത്തിന്റെ ഉന്നമനത്തിന് ആവശ്യമാണ്.
നേതൃത്വത്തിന് ദര്‍ശനം ഇല്ലാതിരുന്നാല്‍ ജനം അധോഗതി പ്രാപിക്കുന്നു എന്നു പറയുന്നത് ഇവിടുത്തെ മലയാളി സമൂഹത്തെ സംബന്ധിച്ച് രാഷ്ട്രീയമായി അന്വര്‍ത്ഥമായിരിക്കുന്നു. ജനങ്ങളെ ജാതി മതഭേദമന്യേ സംഘടിപ്പിക്കേണ്ട ഫോമ, ഫൊക്കാന മലയാളി അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വം ജനങ്ങളെ ഒന്നിപ്പിക്കുന്നതിനുപകരം അധികാരത്തില്‍ കടിച്ചുതൂങ്ങി കിടക്കുവാന്‍ ശ്രമിക്കുന്നു കാഴ്ചയാണ് എവിടെയും. സാമൂദായിക വര്‍ഗ്ഗീയശക്തികളുടെ അതിപ്രസരവും കാണുന്നുണ്ട്. ഭയവും സുരക്ഷിതത്വബോധത്തിന്റെ അഭാവവും വ്യക്തമായ കാഴ്ചപ്പാടില്ലാത്തതുമാണ് മൂലകാരണങ്ങള്‍. അവരുടെ ശ്രദ്ധ കാലപരിപാടികള്‍ സംഘടിപ്പിക്കുന്നതിലും, ചാരിറ്റി പ്രവര്‍ത്തനത്തിലും മീഡിയ അവസരത്തിനുമായി ഒതുങ്ങി നില്‍ക്കുന്നു. ഇതെല്ലാം ജനങ്ങളെ സംഘടിപ്പിക്കുന്നതിനുള്ള സാമഗ്രികള്‍ മാത്രമാണ്.
ന
മുക്ക് ഇവിടെ രാഷ്ട്രീയ അധികാരം ഉണ്ടായിരിക്കണമെന്നുള്ളത് മതനേതൃത്വത്തിന്റെ കൂടി ആവശ്യമാണ്. ആടുകളുടെ സുരക്ഷിതത്വത്തിന് എല്ലാക്കാലത്തും മതനേതൃത്വം രാഷ്ട്രീയനേതൃത്വവുമായി നല്ല ബന്ധത്തില്‍ കഴിഞ്ഞിരുന്നു. ഈ അടുത്ത സമയത്ത് നമ്മുടെ ഒരു വിദ്യാര്‍ത്ഥി പ്രവീണ്‍ ചിക്കാഗോയില്‍ കൊല്ലപ്പെടുകയും മറ്റു പല സംഭവങ്ങളും ഉണ്ടായപ്പോള്‍ രാഷ്ട്രീയമായ സ്വാധീനം ഇല്ലാതിരുന്നതിന്റെ ഭവിഷത് കാണുകയും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുകയുമാണ്.
ഇവിടുത്തെ കറമ്പരെ നാം എന്തെല്ലാം കുറ്റങ്ങള്‍ ഉണ്ടെന്ന് പറഞ്ഞാലും അവരുടെ അവകാശത്തിനുവേണ്ടി ശബ്ദം ഉയര്‍ത്താന്‍ അവരുടെ നേതൃത്വം എന്നും മുന്‍പിലുണ്ട്. നമുക്കും നമ്മുടെ കുട്ടികള്‍ക്കും വരും തലമുറകള്‍ക്കും ഇവിടെ അന്തസ്സായി ജീവിക്കണമെങ്കില്‍ നാം സംഘടിതരായി അവകാശങ്ങള്‍ക്കുവേണ്ടി പോരാടേണ്ടിയിരിക്കുന്നു.
ഹോം ഓണേഴ്‌സ് അസോസിയേഷന്‍, സ്‌കൂള്‍ ബോര്‍ഡ്, സിറ്റി കൗണ്‍സില്‍, സ്റ്റേറ്റ് ഹൗസ്, കോണ്‍ഗ്രസ് മുതലായ എല്ലാ സ്ഥാപനങ്ങളിലും നമുക്കുവേണ്ടി സംസാരിക്കുവാന്‍ പ്രതിനിധികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. സാമ്പത്തികമായ നല്ല അടിത്തറയും സംഘടിതശക്തിയും അതിന് ആവശ്യമാണ്.
ഭാഗം - 3
നാമെല്ലാവരും പലതരത്തിലുള്ള നികുതി കൊടുക്കുന്നവരാണ്. അതിന്റെ ഒരു ചെറിയ ശതമാനമെങ്കിലും നമ്മുടെ സമൂഹത്തിലുള്ള ബിസിനസ്സുകള്‍ക്ക് ലഭിക്കുന്നു എന്നു തീര്‍ച്ചവരുത്തേണ്ടത് നമ്മുടെ സാമ്പത്തിക അടിത്തറ മെച്ചമാക്കുന്നതിന് സഹായിക്കും. ഇന്ന് അതിന്റെ സിംഹഭാഗവും അനുഭവിക്കുന്നത് വെള്ളക്കാരാണ്. അതിനുള്ള അധികാരം അവര്‍ മുറുകെ പിടിച്ചിരിക്കുകയാണ്. അവരും ജോലി ചെയ്യുന്നു, നാലും ജോലി ചെയ്യുന്നു. അവരുടെ സാമ്പത്തികമായ അടിത്തറക്കു കാരണം പൊതുജനങ്ങള്‍ കൊടുക്കുന്ന നികുതി ആണ്. അതിന്റെ ഓഹരി ലഭിക്കണമെങ്കില്‍ പല അധികാരസ്ഥാനങ്ങളിലേയ്ക്കുമുള്ള നിയമനം നടത്തുന്നത് രാഷ്ട്രീയമായ നിയമനങ്ങളാണ്. വെള്ളക്കാരോടും, കറമ്പരോടും, സ്വാനിഷ് വര്‍ഗ്ഗക്കാരോടും മറ്റു ഇന്ത്യന്‍ വംശജരോടും നല്ല ബന്ധങ്ങള്‍ പുലര്‍ത്തുന്നത് രാഷ്ട്രീയമായ നിയമനങ്ങള്‍ ലഭിക്കുന്നതിനും കോണ്‍ഗ്രസ് മുതലായ സ്ഥാപനങ്ങളിലേക്ക് ജയിച്ചു കയറുന്നതിനും സഹായിക്കും. നാം സംഘടിതരാണ് എന്ന് അവര്‍ കണ്ടു കഴിഞ്ഞാല്‍ നമുക്ക് അര്‍ഹമായ പല അവകാശങ്ങളും പങ്കിടുന്നത് അവര്‍ തയ്യാറാവും ഇവിടെ മതനേതൃത്വവും ഒരു കാര്യം മനസ്സിലാക്കണം-പുരോഹിത•ാര്‍ക്കു തന്നെ ഇവിടെ ഒന്നും ചെയ്യാന്‍ സാധ്യമല്ല. രാഷ്ട്രീയമായി പരിഹരിക്കേണ്ട ഒരു വിഷയം വരുമ്പോള്‍ അവര്‍ക്ക് മറ്റു സമൂഹങ്ങളുടെയും രാഷ്ട്രീയ ഭരണ കര്‍ത്താക്കളുടെയും സഹകരണം ആവശ്യമാണ്. പുരോഹിത•ാര്‍ക്ക് ഭരണകര്‍ത്താക്കളുടെ അഥവ രാഷ്ട്രീയക്കാരുടെ ഭാഷ വശമില്ലാത്തതുകാരണം അവര്‍ ഗൗനിക്കുകയേ ഇല്ല. ആവശ്യമെങ്കില്‍ സാമ-ദാന-ഭേദ-ദണ്ഡമുറകള്‍ ഉപയോഗിക്കാന്‍ അവര്‍ക്കറിയില്ലല്ലോ നാം ഒരു ആവശ്യവുമായി ഭരണകര്‍ത്താക്കളെ സമീപിക്കുമ്പോള്‍ അവര്‍ നോക്കുന്നത് തനിക്ക് ഇവരില്‍ നിന്നും ജയിക്കാന്‍ എത്ര വോട്ടു കിട്ടുമെന്നാണ്. നമ്മുടെ സമൂഹം സംഘടിതരല്ല എന്ന് അവര്‍ കാണുമ്പോള്‍ നമ്മെ സഹായിക്കുവാന്‍ തയ്യാറാവുകയില്ല.
കൂശ്യന്റെ നിശ്ചിന്ത അവനെ നശിപ്പിക്കും. നിശ്ചിന്ത നമ്മെ നശിപ്പിക്കുമെന്ന് ബൈബിളും മറ്റു മതഗ്രന്ഥങ്ങളും പഴമക്കാരും ഊന്നി പറയുന്നു. രാഷ്ട്രീയമായി അലസരായി നിഷ്‌ക്രിയരായി ഇരിക്കാതെ കൈ തുറന്ന് അദ്ധ്വാനിക്കുകയും ഒറ്റക്കെട്ടായി നമ്മുടെ അവകാശങ്ങള്‍ക്കു വേണ്ടി പോരാടുകയും ചെയ്യാമെങ്കില്‍ വിജയം സുനിശ്ചയമാണ്.
ഈ വിഷയത്തില്‍ നാം നമ്മുടെ കുട്ടികള്‍ക്ക് മാതൃകയാകുന്നില്ലെങ്കില്‍ അക്ഷരാര്‍ത്ഥത്തില്‍ അല്ലെങ്കിലും സാമ്പത്തികമായും സാംസ്‌കാരികമായും അവര്‍ ഇവിടെ അടിമകളാകാന്‍ സാധ്യതയുണ്ട്. നമ്മുടെ കുട്ടികള്‍ നമ്മെ സസൂക്ഷ്മം വീക്ഷിച്ചികൊണ്ടിരിക്കുകയാണ്. നാം പ്രാധാന്യം കൊടുക്കുന്നതിനൊക്കെ തന്നെയാണ് അവരും പ്രാധാന്യം കൊടുക്കുന്നത്. ഇവിടെ സാമൂഹിക രാഷ്ട്രീയജീവിതത്തിന്റെ കേന്ദ്രധാരയിലേക്കു വരാതെ സ്വയമായി ഉള്ളിലേക്കു വലിയുന്ന ചിത്രമാണ്. അവര്‍ കാണുന്നതെങ്കില്‍ അതേ കാലടികളെ പിന്‍തുടരുന്ന ഒരു തലമുറയെയാരിക്കും നാം സൃഷ്ടിക്കുന്നത്. മങ്ങിയും മയങ്ങിയുമുള്ള ഇന്നത്തെ അവസ്ഥയില്‍ നിന്ന് ഉണര്‍ന്ന് കൈ തുറന്ന് അദ്ധ്വാനിക്കുകയും പുരുഷത്വം കാണിക്കുകയും ചെയ്യുമെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി ശോഭനമായിരിക്കും.
ആഫ്രിക്കയില്‍ നിന്നും അവരുടെ നിശ്ചിന്ത കാരണം ഒറ്റക്കെട്ടിയില്‍ നിന്ന് എതിര്‍ക്കാന്‍ കഴിയാതെ ഇവിടെ അടിമകളായി പിടിച്ചുകൊണ്ടു വന്ന കൂശ്യസന്തതി പരമ്പരകള്‍ ഇന്ന് രാഷ്ട്രീയരംഗത്ത് അവരുടെ അലസതയൊക്കെ മാറ്റി കമ്മോത്സുകരായിരിക്കുമ്പോള്‍ കൂശ്യന്റെ സഹോദര•ാരായ ഭാരതത്തിലെ ദ്രാവിഡന്റെ സങ്കരവര്‍ഗ്ഗമായ മലയാളികള്‍ നിശ്ചിന്തയോടിരിക്കുന്ന കാഴ്ച നമ്മുടെ തലമുറകള്‍ ഇവിടെ സാമ്പത്തികമായും സാംസ്‌കാരികമായും അടിമത്വം അനുഭവിക്കുവാന്‍ സാദ്ധ്യതയുണ്ട് എന്നിതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇന്ത്യയിലെ ആദിവാസികളായ ദ്രാവിഡര്‍ തെക്കോട്ടു തള്ളപ്പെട്ടതിനു കാരണം അവരുടെ നിശ്ചിന്തയും ഒരുമിച്ചു നിന്ന് പോരാടുന്നതിനു കഴിയാതിരുന്നതുമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ വെട്ടിപ്പിടിച്ച് എടുത്തതിന് ഒരു കാരണം നമുക്ക് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിഞ്ഞില്ല എന്നതാണ്.
അതുകൊണ്ട് രാഷ്ട്രീയമായി പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന നാം രാഷ്ട്രീയരംഗത്തെ നമ്മുടെ അലസതയും നിശ്ചിന്തയും മാറ്റി കര്‍മ്മോത്സുകരാകേണ്ടത് കാലഘട്ടത്തിന്റെ ഒരു ആവശ്യമായിരിക്കുന്നു. അതിനായി ഒത്തൊരുമയോടുകൂടി ജാതിമതഭേദമന്യേ സഹകരിക്കാനും കൈകോര്‍ത്തു പ്രവര്‍ത്തിക്കാനും ഏവരെയും ആഹ്വാനം ചെയ്യുന്നു. പ്രത്യേകിച്ച് സാംസ്‌കാരിക രാഷ്ട്രീയ മതസംഘടനകളും നേതൃത്വവും തങ്ങളുടെ സങ്കുചിത ചിന്തകളൊക്കെ മാറ്റി സഹകരിച്ച് പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവണം.
നാമോരോരുത്തരും ഇവിടുത്തെ രാഷ്ട്രീയ മാറ്റങ്ങള്‍ ശ്രദ്ധിക്കുകയും ഇഷ്ടപ്പെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ടു ചെയ്യുകയും കുട്ടികളെ വോട്ടു രേഖപ്പെടുത്താന്‍ മാതാപിതാക്കളും മതസംഘടനകളും ഉത്സാഹിപ്പിക്കുകയും ചെയ്യണം. നാം വോട്ടു ചെയ്യുന്നു എന്നു കണ്ടാല്‍ ഇലക്ഷനില്‍ മത്സരിക്കുവാന്‍ യോഗ്യരായ നേതാക്കള്‍ നമ്മുടെ സമൂഹത്തില്‍ നിന്ന് മുമ്പോട്ടു വരുമെന്നതിന് സംശയമില്ല. നാട്ടിലെ പെറ്റി പൊളിറ്റിക്‌സും സാമുദായിക വര്‍ഗ്ഗീയരാഷ്ട്രീയവും ഇവിടെ കൊണ്ടുവന്നു കളിക്കുകയാണ് പലരും. അതു നിര്‍ത്തി നാം ഒരുമിച്ചു പ്രവര്‍ത്തിക്കുമെങ്കില്‍ നമ്മുടെ കുട്ടികളുടെ ഭാവി ഇവിടെ ശോഭനമാകും.
ഹൂസ്റ്റണില്‍ മലയാളം സൊസൈറ്റിയില്‍ അവതരിപ്പിച്ച ലേഖനം. www.bvpublishing .org

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments