Image

ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്നു കുഴിച്ചുമൂടി; ജര്‍മന്‍കാരന്‍ ഭര്‍ത്താവ് അറസ്റ്റില്‍

Published on 23 May, 2016
ജര്‍മനിയില്‍ മലയാളി യുവതിയെ കൊന്നു കുഴിച്ചുമൂടി; ജര്‍മന്‍കാരന്‍ ഭര്‍ത്താവ് അറസ്റ്റില്‍

 ഡൂയീസ്ബുര്‍ഗ്: മലയാളി യുവതിയെ ജര്‍മന്‍കാരനായ ഭര്‍ത്താവ് കൊന്നു സ്വന്തം പൂന്തോട്ടത്തില്‍ കുഴിച്ചുമൂടി. ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ മലയാളി കുടുംബത്തിലെ രണ്ടാം തലമുറക്കാരിയായ ജാനെറ്റ് (34) എന്ന യുവതിയെയാണ് ഭര്‍ത്താവ് റെനെ ഫെര്‍ഹോവന്‍ (33) കൊലപ്പെടുത്തിയത്. ദമ്പതികള്‍ക്ക് എട്ടുമാസം പ്രായമുള്ള പെണ്‍കുട്ടിയുമുണ്ട്.

വെള്ളിയാഴ്ചയാണ് മൃതദേഹം കണ്‌ടെത്തിയത്. ജാനെറ്റിനെ കാണാനില്ലെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സ്വന്തം വീട്ടിന്റെ പിന്നിലുള്ള പൂന്തോട്ടത്തില്‍ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്‌ടെത്തിയത്. ഭര്‍ത്താവ് റെനെയുടെ ഇടപെടലില്‍ സംശയം തോന്നിയ പോലീസ് ഇയാളെ ഉടന്‍ തന്നെ കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ കൊലപാതകം സമ്മതിക്കുകയായിരുന്നു. ഭര്‍ത്താവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

മദ്ധ്യജര്‍മന്‍ നഗരമായ ഡൂയീസ്ബുര്‍ഗിന് അടുത്തുള്ള ഹോംബെര്‍ഗിലാണ് മലയാളികളെയും ജര്‍മന്‍കാരെയും നടുക്കിയ സംഭവം ഉണ്ടായത്. ജര്‍മനിയിലെ ആദ്യ തലമുറക്കാരായ അങ്കമാലി സ്വദേശി സെബാസ്റ്റ്യന്‍ കിഴക്കേടത്തിന്റെയും റീത്തയുടെയും ഏക മകളാണ് ജാനെറ്റ്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ. കഴിഞ്ഞ ഏപ്രില്‍ 13 മുതല്‍ ജാനെറ്റിനെ കാണാനില്ലെന്നുള്ള വസ്തുത മലയാളികളുടെയും ജര്‍മന്‍കാരുടെയും ഇടയില്‍ പ്രചരിച്ചിരുന്നു. ഫേസ്ബുക്ക് വഴി ജാനെറ്റിന്റെ ഫോട്ടോ ഉള്‍പ്പടെ പലരും പ്രസിദ്ധപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനിടെ ജാനെറ്റിനെ കാണാനില്ലെന്ന കാര്യം ഭര്‍ത്താവ് ഫെര്‍ഹോഫന്‍ പോലീസിലും അറിയിച്ചു. ഭാര്യയെ കാണാനില്ലെന്ന പരാതി ഇയാള്‍ മൂന്നു തവണ പോലീസിന് നല്‍കിയിരുന്നു. മേയ് മൂന്നിനാണ് ഒടുവില്‍ പരാതി നല്‍കിയത്. ജാനെറ്റ് സ്വമേധയാ വീടുവിട്ടു പോയെന്നാണ് റെനെ പോലീസിനെ അറിയിച്ചിരുന്നത്.

ഇതിനിടയില്‍ ജാനെറ്റിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് വാട്‌സാപ്പില്‍ സന്ദേശങ്ങള്‍ പിതാവ് സെബാസ്റ്റ്യന് ലഭിച്ചിരുന്നു. ജാനെറ്റ് എന്ന പേരില്‍ ഫെര്‍ഹോഫനാണ് ഇത് അയച്ചിരുന്നതെന്ന് പോലീസ് കണ്‌ടെത്തിയിട്ടുണ്ട്.

ഹോംബെര്‍ഗില്‍ സ്‌കൂള്‍തലം മുതല്‍ തന്നെ ഫെര്‍ഹോവനും ജാനെറ്റും സുഹൃത്തുക്കളായിരുന്നു. തുടര്‍ന്ന് ഇരുവരും പ്രണയത്തിലായതോടെ വീട്ടുകാര്‍ വിവാഹം നടത്തികൊടുത്തു. അങ്കമാലിയിലാണ് ഇവരുടെ വിവാഹം നടന്നത്. മികച്ച കലാകാരിയായിരുന്ന ജാനെറ്റ് നൃത്തരംഗത്തും സജീവമായിരുന്നു.

കൊലപാതകത്തിന്റെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. കൊലപാതകം എന്നു നടന്നുവെന്നും എങ്ങനെ കൊലപ്പെടുത്തിയെന്നും പോലീസ് അന്വേഷണം തുടരുകയാണ്. മൃതദേഹം ഇന്ന് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവസ്ഥലം മുഴുവന്‍ പോലീസ് നിരീക്ഷണത്തിലാണ്. കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാന്‍ പോലീസ് കമ്മീഷനെയും നിയോഗച്ചിട്ടുണ്ട്.

ജാനെറ്റിന്റെ മാതാപിതാക്കളായ സെബാസ്റ്റ്യനും റീത്തയും ജര്‍മന്‍ മലയാളി സമൂഹത്തില്‍ ഏറെ അറിയപ്പെടുന്നവരാണ്. അതുകൊണ്ടുതന്നെ സംഭവം ജര്‍മന്‍ മലയാളികളില്‍ ഞെട്ടലുണ്ടാക്കി.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക