Image

ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

Published on 23 May, 2016
ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കെതിരെ ആക്രമണം; ഒരാള്‍ക്ക് പരിക്ക്

ബോണ്‍: ജര്‍മനിയില്‍ മലയാളി വിദ്യാര്‍ഥികള്‍ക്കുനേരെയുണ്ടായ തദ്ദേശീയരുടെ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. മുന്‍തലസ്ഥാനമായ ബോണ്‍ നഗരത്തിനടുത്തുള്ള ബാഡ് ഹൊന്നെഫിലെ ഐയുബിഎച്ച് യൂണിവേഴ്‌സിറ്റിയില്‍ എംബിഎ ഇന്റര്‍നാഷണല്‍ മാനേജ്‌മെന്റില്‍ ഉപരിപഠനം നടത്തുന്ന പെരുമ്പാവൂര്‍ സ്വദേശി ജോമോന്‍ ജോര്‍ജിനാണ് തദ്ദേശിയരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ജോമോന്‍ ഇപ്പോഴും സീബന്‍ഗെബിര്‍ഗ് ആശുപത്രിയില്‍ ചികില്‍സയിലാണ്. 

വ്യാഴാഴ്ച വൈകുന്നേരം യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന പാര്‍ട്ടിയില്‍ പങ്കെടുത്തശേഷം ജോമോനും സുഹൃത്തുക്കളായ കോഴിക്കോട് സദേശി അരുഷ്, പാലാ സ്വദേശി ടോബിനും രാത്രി 11നു ഹോസ്റ്റലിലേയ്ക്ക് മടങ്ങുംവഴി യാതൊരു പ്രകോപനവും കൂടാതെ റോഡില്‍ വച്ച് ഇവര്‍ക്കു നേരെ കൈയേറ്റം ഉണ്ടായത്. റോഡില്‍ നിന്നിരുന്ന ഒരു സംഘം ഇവരെ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്തതിനു ശേഷമാണ് ആക്രമണം അഴിച്ചുവിട്ടത്. കൈയേറ്റക്കാരില്‍ ഒരാള്‍ പിന്നില്‍ നിന്നും ബിയര്‍കുപ്പികൊണ്ട് അപ്രതീക്ഷിതമായി ജോമോന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ജോമോന്റെ സുഹൃത്തുക്കള്‍ അറിയിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റുചെയ്തു. ഇയാള്‍ക്കെതിരെ ബാഡ് ഹൊന്നെഫ്, എഗിഡിയന്‍ബര്‍ഗ് പോലീസ് കേസെടുത്തിട്ടുണ്ട്. തലയ്ക്കു പരിക്കേറ്റ ജോമോന്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. പരിക്ക് ഗുരുതരമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. 

ആക്രമണം സംബന്ധിച്ച് യൂണിവേഴ്‌സിറ്റിയിലും ഫ്രാങ്ക്ഫര്‍ട്ടിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ ധരിപ്പിച്ചതായി ജോമോന്‍ ലേഖകനോടു പറഞ്ഞു. എന്നാല്‍ സംഭവത്തെപ്പറ്റി പ്രദേശിക പോലീസ് കേസെടുത്തതല്ലാതെ മറ്റൊന്നും പ്രതികരിച്ചിട്ടില്ല. 

ബാഡ് ഹൊന്നെഫിലെ ഐയുബിഎച്ച് എന്നത് ഒരു സ്വകാര്യ യൂണിവേഴ്‌സിറ്റിയാണ്. ഇവിടെ ഇപ്പോള്‍ ഏതാണ്ട് നൂറോളം മലയാളി വിദ്യാര്‍ഥികള്‍ ഉപരിപഠനം നടത്തുന്നുണ്ട്. ഇവരെല്ലാം തന്നെ സ്വന്തം ചെലവിലാണ് പഠിക്കുന്നത്. ഇതിനു മുമ്പും ഇവിടെയുള്ള മലയാളി വിദ്യാര്‍ഥികള്‍ക്കുമേല്‍ വംശീയ വിരോധം ഉയര്‍ന്നിട്ടുള്ളതായി അവിടുത്തെ ആദ്യകാല വിദ്യാര്‍ഥികള്‍ സാക്ഷ്യപ്പെടുത്തുന്നു. 

കൊളോണിലെ പോര്‍സില്‍ താമസിക്കുന്ന കാനാച്ചേരി തോമസിന്റെ ബന്ധുവാണ് ജോമോന്‍. തോമസും കുടുംബവും ഇപ്പോള്‍ അവധിക്കായി നാട്ടിലാണ്.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക