Image

വെട്ടിനിരത്തലല്ല, ഇത് സി.പി.ഐയുടെ വിപ്ലവ കൊടിയേറ്റം (എ.എസ് ശ്രീകുമാര്‍)

Published on 23 May, 2016
വെട്ടിനിരത്തലല്ല, ഇത് സി.പി.ഐയുടെ വിപ്ലവ കൊടിയേറ്റം (എ.എസ് ശ്രീകുമാര്‍)
സ്വാര്‍ത്ഥ ദുരയുടെ മക്കള്‍ രാഷ്ട്രീയവും അധികാരദാഹമടങ്ങാത്ത വയോജന രാഷ്ട്രീയവും കൊടികുത്തി വാഴുന്ന കേരളത്തില്‍ ഒരു പുതുമുഖശ്രേണിക്ക് മുന്നേറ്റ അവസരം കൊടുത്ത് മാതൃക കാട്ടിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ എന്ന 'സി.പി.ഐ'. അഡ്വ. വി.എസ് സുനില്‍കുമാര്‍, അഡ്വ. കെ. രാജന്‍, പി. തിലോത്തമന്‍, ഇ. ചന്ദ്രശേഖരന്‍ എന്നീ പുതുമുഖങ്ങളെ മന്ത്രിമാരായി നിശ്ചയിച്ചുകൊണ്ടാണ് അധികാര കുത്തകയുടെ സമവാക്യങ്ങള്‍ പൊളിച്ചടുക്കി സി.പി.ഐ ഒരു പുത്തന്‍ രാഷ്ട്രീയ സംസ്‌കാരത്തിന് ചാലു കീറിയിരിക്കുന്നത്.

പരിചയ സമ്പന്നത ഭരണ നിര്‍വഹണത്തിന്റെ നിര്‍ണായക ഘടകമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഒരിക്കല്‍ പുതുമുഖങ്ങളായി അധികാര കസേരകളില്‍ ഇരിപ്പുറപ്പിച്ചവരാണല്ലോ ഇന്നത്തെ പരിചയ സമ്പന്നരെന്ന് നാം വിവക്ഷിക്കുന്നവര്‍. അതേ സമയം, പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പ്രവര്‍ത്തന പാരമ്പര്യമുള്ളവര്‍ ഭരണനിര്‍വഹണത്തില്‍ പാളിപ്പൊളിഞ്ഞ് പോകുന്നതിനും രാഷ്ട്രീയ കേരളം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള രാഷ്ട്രീയത്തില്‍ ഇതള്‍ വിരിഞ്ഞ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യപ്പെടും.

അധികാരം മനുഷ്യനെ മയക്കുന്ന കറുപ്പ് തന്നെയാണ്. ഒരിക്കല്‍ അധികാരത്തിന്റെ മധുരം നുകര്‍ന്നവര്‍ പിന്നീട് ഇരിക്കപ്പൊറുതിയില്ലാതെ ഇരട്ടി മധുരം തേടിപ്പോകുന്നത് ജനാധിപത്യ കേരളത്തിന്റെ തീരാശാപമാണ്. അധികാര സോപാനത്തിലേയ്ക്കുള്ള ഈ ആക്രാന്തപ്പാച്ചിലില്‍ കഴിവുറ്റവരും പൊതുസമ്മതരും നാടിന്റെ മേന്‍മയേറിയവരുമായ നേതാക്കള്‍ അവസരം ലഭിക്കാതെ വിസ്മരിക്കപ്പെട്ടു പോവും. ഇങ്ങനെ കൂമ്പടഞ്ഞ് നിരാശയോടെ അവഗണനയുടെ പടുകുഴികളിലകപ്പെട്ട നേതാക്കളും മലയാളക്കരയിലുണ്ട്. കഴിവും പ്രാപ്തിയുമുള്ള പുതുമുഖങ്ങള്‍ക്ക് അവസരം കൊടുക്കുന്നതിലൂടെ അതാതു രാഷ്ട്രീയപ്പാര്‍ട്ടികള്‍ രാഷ്ട്രപുനര്‍നിര്‍മാണത്തിന്റെ ചാലകശക്തികളാവുന്നു എന്ന മഹത്തായ സന്ദേശം പ്രചരിപ്പിച്ചിരിക്കുകയാണ് കേരളത്തിന് മിടുക്കരായ പുതുമുഖ മന്ത്രിമാരെ സമ്മാനിച്ച സി.പി.ഐ.

പാര്‍ട്ടിയിലെ സീനിയോരിറ്റിയനുസരിച്ച് സി.പി.ഐ മന്ത്രിമാരെ നിശ്ചയിക്കുമെന്നായിരുന്നു നേരത്തെ കേട്ടിരുന്നത്. നാല് മന്ത്രിമാരാണ് സി.പി.ഐയ്ക്ക് ഇടതുമുന്നണി കൊടുത്തത്. മുമ്പ് മന്ത്രിമാരായിരുന്നവരെ ഇക്കുറി പരിഗണിക്കേണ്ട എന്ന വാദവും പാര്‍ട്ടിയില്‍ ഇടയ്ക്ക് ഉയര്‍ന്നുവരികയുണ്ടായി. വനിതാ പ്രാതിനിധ്യത്തിന്റെ പേരില്‍, ഇടുക്കി ജില്ലയിലെ പീരുമേട് സീറ്റ് നിലനിര്‍ത്തിയ ഇ.എസ് ബിജിമോളുടെ പേര് ഉയര്‍ന്നെങ്കിലും സാധ്യത മങ്ങുകയായിരുന്നു. മുതിര്‍ന്ന നേതാക്കളും മുന്‍ മന്ത്രിമാരുമായ സി ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍ എന്നിവര്‍ക്ക് വീണ്ടും നറുക്കുവീഴുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അവരെ ഒഴിവാക്കി. ഇതിനിടെ മന്ത്രിമാരെ നിശ്ചയിക്കാന്‍ ചേര്‍ന്ന സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ നിന്ന്, കാലുവേദനയെന്ന് പറഞ്ഞ് മുല്ലക്കര രത്‌നാകരന്‍ ഇറങ്ങിപ്പോയത് പ്രതിഷേധസൂചകമായിട്ടാണെന്ന വാര്‍ത്തകള്‍ക്കും പഞ്ഞമില്ല.

ജാതി, പ്രാദേശിക പരിഗണനകള്‍ കൂടാതെ മന്ത്രിമാരെ തീരുമാനിക്കുന്ന ആദര്‍ശപരമായ സമ്പ്രദായമാണ് സി.പി.ഐ കാലാകാലങ്ങളായി പിന്തുടരുന്നത്. വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്ന നാലുപേരും ഒരേ സമുദായത്തില്‍ പെട്ടവരായിരുന്നല്ലോ. കഴിഞ്ഞ തവണ പാര്‍ട്ടി സീനിയോരിറ്റിയാണ് പരിഗണിച്ചത്. മുതിര്‍ന്ന നേതാക്കളായ സി. ദിവാകരന്‍, മുല്ലക്കര രത്‌നാകരന്‍, ബിനോയ് വിശ്വം, കെ.പി രാജേന്ദ്രന്‍ എന്നിവരായിരുന്നു 2006-2011 കാലത്തെ സി.പി.ഐ മന്ത്രിമാര്‍.
***
വി.എസ് സുനില്‍കുമാര്‍

തീപ്പൊരി നേതാവായ വി.എസ് സുനില്‍കുമാറാണ് ഇത്തവണത്തെ ശ്രദ്ധേയനായ വ്യക്തിത്വം. നിയമസഭയ്ക്കകത്തും പുറത്തും ഒട്ടനവധി ജനകീയ പ്രശ്‌നങ്ങളിലിടപെട്ട് അഴിമതിക്കെതിരെ ജനപക്ഷത്തു നിന്ന് പോരാടിയ സുനില്‍കുമാര്‍ മന്ത്രിയാവുമെന്ന് ഉറപ്പായിരുന്നു. കഴിഞ്ഞ തവണ കയ്പമംഗലത്തിന്റെ പ്രതിനിധിയായിരുന്ന ഇദ്ദേഹം ഇക്കുറി തൃശൂരില്‍ കെ. കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാലിനെ 6,987 വോട്ടുകള്‍ക്ക് തറപറ്റിച്ചാണ് നിയമസഭയിലെത്തുന്നത്. 2011ല്‍ കോണ്‍ഗ്രസിന്റെ തേറമ്പില്‍ രാമകൃഷ്ണന്‍ 16,169 വോട്ടുകള്‍ക്ക് വിജയിച്ച മണ്ഡലമാണിത്. 

തൃശൂര്‍ ജില്ലയിലെ അന്തിക്കാട്ട് വി.എസ് സുബ്രഹ്മണ്യന്‍, സി.കെ പ്രേമാവതി എന്നിവരുടെ പുത്രനായി 1967 മെയ് 30നാണ് വി.കെ സുനില്‍കുമാറിന്റെ ജനനം. ബിരുദവും നിയമബിരുദവും നേടിയ ഇദ്ദേഹം ഹൈസ്‌കൂള്‍ വിദ്യാഭ്യാസകാലത്ത് എ.ഐ.എസ്.എഫിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. എ.ഐ.എസ്.എഫിന്റെ തൃശൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, അഖിലേന്ത്യാ സെക്രട്ടറി, എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ച സുനില്‍ കുമാര്‍ സി.പി.ഐയുടെ സംസ്ഥാന, അഖിലേന്ത്യാ പദവികള്‍ വഹിക്കുന്നു. ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃത ഭാഷകളില്‍ പ്രാവീണ്യം നേടിയിട്ടുള്ള സുനില്‍കുമാര്‍ ക്യൂബ, മോസ്‌കോ, ചൈന, ഗള്‍ഫ് തുടങ്ങി നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. യാത്രയും പക്ഷിനിരീക്ഷണവുമാണ് ഹോബികള്‍. നാടകത്തിലും കമ്പമുണ്ട്. ആനുകാലികങ്ങളില്‍ ലേഖനങ്ങള്‍ എഴുതുകയും ചെയ്യുന്നു. രേഖ സുനില്‍ കുമാറാണ് ഭാര്യ. ഒരു മകനുണ്ട്.
***
ഇ. ചന്ദ്രശേഖരന്‍

സി.പി.ഐ നിയമസഭാ കക്ഷി ഉപനേതാവായിരുന്ന ഇ. ചന്ദ്രശേഖരന്‍ കാഞ്ഞങ്ങാട്ടു നിന്ന് രണ്ടാം തവണയാണ് വിജയിക്കുന്നത്. ഇക്കുറി കോണ്‍ഗ്രസിലെ ധന്യ സുരേഷിനെ 26011 വോട്ടുകള്‍ക്കാണ് അട്ടിമറിച്ചത്. കഴിഞ്ഞ തവണ 12,178 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. കാസര്‍കോട് ജില്ലയിലെ പെരുമ്പാലയില്‍ പി. കുഞ്ഞിരാമന്‍ നായരുടെയും ഇടയില്ലം പാര്‍വതി അമ്മയുടെയും മകനായി 1948 ഡിസംബര്‍ 26 ന് ജനനം. സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവും സംസ്ഥാന ട്രഷററുമാണ്. കാസര്‍കോട് ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 

സാവിത്രിയാണ് ഭാര്യ. ഒരു മകളുണ്ട്. സോവിയറ്റ് യൂണിയനില്‍ പര്യടനം നടത്തിയിട്ടുള്ള ഇ. ചന്ദ്രശേഖരന്‍ വായനപ്രിയനും കായിക പ്രേമിയുമാണ്. ഫുട്‌ബോള്‍, വോളിബോള്‍, കബഡി തുടങ്ങിയവയില്‍ ഒരു കൈ നോക്കാനും ഇപ്പോള്‍ റെഡി.
***
അഡ്വ. കെ. രാജു

പുനലൂരില്‍ നിന്ന് ഹാട്രിക് വിജയം. ഇപ്രാവശ്യം മുസ്ലീം ലീഗിലെ ഡോ. എ. യൂനസ്‌കുഞ്ഞിനെ 33,582 വോട്ടുകള്‍ക്ക് മലര്‍ത്തിയടിച്ചു. കഴിഞ്ഞ തവണത്തെ ഭൂരിപക്ഷം- 18,005. സി.പി.ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം, സംസ്ഥാന കൗണ്‍സില്‍ അംഗം, ബി.കെ.എം.യു ദേശീയ കൗണ്‍സില്‍ അംഗം, ജില്ലാ പഞ്ചായത്ത് കുളത്തൂപ്പുഴ ഡിവിഷന്‍ അംഗം എന്നീ നിലകളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച വച്ചു. സി.പി.ഐയുടെ വിവിധ കേന്ദ്ര, സംസ്ഥാന ഘടകങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.

കൊല്ലം ജില്ലയിലെ അഞ്ചലില്‍ നെട്ടയത്ത് ജി. കരുണാകരന്റെയും കെ. പങ്കജാക്ഷിയുടെയും മകനായി 1953 ഏപ്രില്‍ പത്തിന് ജനനം. അഭിഭാഷകനായും തിളങ്ങുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും പ്രാവീണ്യമുള്ള ഇദ്ദേഹത്തിന്റെ ഇഷ്ടവിനോദം വായനയാണ്. ബഹറിന്‍, ദുബായ്, മസ്‌കറ്റ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബി. ഷീബയാണ് ഭാര്യ. രണ്ട് ആണ്‍മക്കളുണ്ട്.
***
പി. തിലോത്തമന്‍

ചേര്‍ത്തലയില്‍ നിന്ന് ഹാട്രിക് വിജയം നേടി. ഇപ്രാവശ്യം കോണ്‍ഗ്രസിലെ അഡ്വ. എസ് ശരത്തിനെ 7196 വോട്ടുകള്‍ക്കാണ് കീഴടക്കിയത്. 2011ല്‍ 18,315 വേട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ പരമേശ്വരന്റെയും ഗൗരിയുടെയും പുത്രനായി 1957 നവംബര്‍ രണ്ടിന് ജനിച്ചു. കോളേജ് വിദ്യാഭ്യാസകാലത്ത് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. ചേര്‍ത്തല എസ്.എന്‍ കോളേജില്‍ പഠിക്കുമ്പോള്‍ എ.ഐ.എസ്.എഫില്‍ അംഗമായി.

സി.പി.ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ അംഗവുമായി പ്രവര്‍ത്തിച്ചു. നിരവധി ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയാണ്. വായനയും കൃഷിയുമാണ് ഹോബികള്‍. ഒരു മകനും ഒരു മകളുമുണ്ട്. 
***
മുതിര്‍ന്നവരെ ഒഴിവാക്കി പുതു മുഖങ്ങളെ മന്ത്രിമാരാക്കിയ സി.പി.ഐ തീരുമാനത്തെ പലരും വിശേഷിപ്പിച്ചത് 'സി.പി.ഐ യില്‍ വെട്ടിനിരത്തല്‍' എന്നാണ്. മന്ത്രിസ്ഥാനവും എ.എല്‍.എ പദവുമൊക്കെ ജീവിതകാലം മുഴുവന്‍ തറവാട്ടു സ്വത്തു പോലെ വച്ചനുഭവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് 'വെട്ടിനിരത്തല്‍' തന്നെ. ആ വികല സമീപനത്തിന്‌
അന്ത്യകൂദാശ കൊടുക്കാന്‍ സി.പി.ഐ തയ്യാറായത് കാലത്തിന്റെ സവിശേഷമായ അനിവാര്യതയായി കണക്കാക്കാം...

വെട്ടിനിരത്തലല്ല, ഇത് സി.പി.ഐയുടെ വിപ്ലവ കൊടിയേറ്റം (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക