Image

റോഡപകടത്തില്‍ പരിക്കേറ്റ മലയാളിയുടെ ബന്‌ധുക്കള്‍ ചികിത്‌സാ സഹായത്തിനായി എംബസിയെ സമീപിച്ചു

ഷക്കീബ്‌ കൊളക്കാടന്‍ Published on 01 February, 2012
റോഡപകടത്തില്‍ പരിക്കേറ്റ മലയാളിയുടെ ബന്‌ധുക്കള്‍ ചികിത്‌സാ സഹായത്തിനായി എംബസിയെ സമീപിച്ചു
റിയാദ്‌: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മലയാളിയുടെ ചികിത്‌സാ സഹായത്തിനായി ബന്ധുക്കള്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. എന്നാല്‍ ചികിത്സാ സഹായം നല്‍കാന്‍ എംബസിയില്‍ വകുപ്പില്ലെന്ന്‌ പറഞ്ഞ്‌ ബന്‌ധുക്കളെ എംബസി വെല്‍ഫെയര്‍ ഉദ്യോഗസ്‌ഥര്‍ മടക്കിയയച്ചു.

പത്തുദിവസം മുമ്പുമാത്രം പുതിയ വീസയില്‍ നാട്ടില്‍ നിന്നെത്തിയ ചങ്ങനാശേരി മാമൂട്‌ സ്വദേശി കൊച്ചുപുരയ്‌ക്കല്‍ റോജോ ജോസഫ്‌ (33) ആണ്‌ വന്നതിന്‍െറ പിറ്റേ ദിവസം തന്നെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ്‌ ആശുപത്രിയിലായത്‌. ഇലക്‌ട്രീഷന്‍ വീസയില്‍ അല്‍ ഖസീമിലെ മാറാത്ത്‌ എന്ന സ്‌ഥലത്ത്‌ വന്ന റോജോ പിറ്റേ ദിവസം സുഹൃത്തിനോടൊപ്പം ഇഖാമക്കുള്ള മെഡിക്കല്‍ ചെക്കപ്പിനായി പോകുന്ന വഴി ശാക്രയിലാണ്‌ അപകടമുണ്‌ടായത്‌. ഇദ്ദേഹം സഞ്ചരിച്ചിരുന്ന പിക്കപ്പ്‌ കാര്‍ ഒട്ടകക്കൂട്ടത്തിനിടിക്കുകയും കിഴ്‌മേല്‍ മറിഞ്ഞ കാറിനകടത്ത്‌ കുടുങ്ങിയ റോജോയ്‌ക്ക്‌ കഴുത്തിനും കാലിനും ഗുരുതരമായി പരിക്കേല്‍ക്കുകയുമായിരുന്നു. ഡ്രൈവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടെങ്കിലും റോജോയെ റിയാദിലെ അല്‍ ഈമാന്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

അടിയന്തര ശസ്‌ത്രക്രിയക്ക്‌ ഡോകട്‌ര്‍മാര്‍ ഉപദേശിച്ചെങ്കിലും പണം കെട്ടിവയ്‌ക്കാനില്ലാത്തതിനാല്‍ കൂടെയുണ്‌ടായിരുന്ന അളിയന്‍ ജോമോന്‍ പി. ജോസ്‌ സഹായത്തിനായി റിയാദിലെ സാമൂഹ്യ പ്രവര്‍ത്തകരെ സമീപിക്കുകയായിരുന്നു. ഫൊക്കാസ പ്രവര്‍ത്തകരായ റാഫി പാങ്ങോട്‌, ആര്‍. മുരളീധരന്‍ എന്നിവര്‍ ഇടപെട്ട്‌ മറ്റ്‌ സര്‍ക്കാര്‍ ആശുപത്രികളിലേക്ക്‌ മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. അവസാനം 50,000 റിയാല്‍ കെട്ടിവച്ച്‌ സ്വകാര്യ ആശുപത്രിയായ സുലൈമാന്‍ അല്‍ ഹബീബ്‌ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാട്ടുകാരും സുഹൃത്തുക്കളും സഹായിച്ചാണ്‌ തുക കെട്ടി വെച്ചതെന്ന്‌ റാഫി പറഞ്ഞു. ശസ്‌ത്രക്രിയക്കും മറ്റ്‌ ചികിത്‌സാ ചെലവുകള്‍ക്കുമായി ജോമോന്‍ നേരിട്ട്‌ സാമൂഹ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ എംബസിയെ സമീപിച്ചെങ്കിലും രക്ഷയ്‌ക്കെത്തിയില്ലെന്ന പരാതിയുണ്‌ട്‌.

പത്തു ദിവസമായിട്ടും ബോധം തിരിച്ചു കിട്ടുകയോ രോഗ നിലയില്‍ മാറ്റം വരികയോ ചെയ്‌തിട്ടില്ലാത്ത റോജോയെ ഇന്ന്‌ ഓപ്പറേഷന്‌ വിധേയമാക്കുമെന്ന്‌ ഡോക്‌ടര്‍മാര്‍ അറിയിച്ചതായി റാഫി പറഞ്ഞു. ഒരു സാധാരണ സ്‌പോണ്‍സറുടെ കീഴില്‍ ജോലിക്കു വന്ന റോജോയുടെ ചികിത്‌സാ ചെലവുകള്‍ താങ്ങാവുന്നതല്ലെന്ന്‌ സ്‌പോണ്‍സര്‍ സാലിം അല്‍ മുതൈരിയും പറഞ്ഞു.

അപകട നില തരണം ചെയ്‌താല്‍ യാത്രാ രേഖകള്‍ ശരിയാക്കി എങ്ങനെയെങ്കിലും നാട്ടിലേയ്‌ക്ക്‌ അയക്കാനുള്ള ശ്രമങ്ങളിലാണ്‌ ഫൊക്കാസ പ്രവര്‍ത്തകരും ബന്ധുക്കളും.

ഇത്തരം അപകടങ്ങളില്‍ സഹായിക്കുന്നതിനായി എന്തെങ്കിലും ഒരു സംവിധാനം ഇന്ത്യന്‍ എംബസിയില്‍ ഒരുക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി സംഘടനകളും ജീവകാരുണ്യ പ്രവര്‍ത്തകരും നിരന്തരമായി ആവശ്യപ്പെടുന്നുണെ്‌ടങ്കിലും ഒന്നിനും പരിഹാരമായിട്ടില്ല. കമ്പനി നല്‍കുന്ന ഇന്‍ഷ്വറന്‍സ്‌ പരിധിയില്‍ പെടാതെ പോകുന്നവര്‍ക്ക്‌ സൗദി അറേബ്യയില്‍ വന്നിറങ്ങിയ ദിവസം മുതല്‍ ലഭ്യമാകുന്ന ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഉറപ്പ്‌ വരുത്തണമെന്ന്‌ ഫൊക്കാസ വിവിധ വകുപ്പുകള്‍ക്കും എംബസിയിലും നിവേദനം നല്‍കിയിരുന്നു.
റോഡപകടത്തില്‍ പരിക്കേറ്റ മലയാളിയുടെ ബന്‌ധുക്കള്‍ ചികിത്‌സാ സഹായത്തിനായി എംബസിയെ സമീപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക