Image

സമന്വയത്തിന്റെ 'വിജയ'ഭേരി (എ. എസ് ശ്രീകുമാര്‍)

Published on 21 May, 2016
സമന്വയത്തിന്റെ 'വിജയ'ഭേരി (എ. എസ് ശ്രീകുമാര്‍)
നിശ്ചയദാര്‍ഢ്യം, കാര്‍ക്കശ്യം, കാര്യപ്രാപ്തി, അസൂയാവഹമായ സംഘടനാ ശേഷി...കേരളത്തിന്റെ 12-ാമത്തെ മുഖ്യമന്ത്രിപദമേറുന്ന പിണറായി വിജയന്റെ എക്കാലത്തെയും മുഖമുദ്രകളാണിവ. കേരളത്തിലെ 21-ാമത്തെ മന്ത്രിസഭയെ നയിക്കാനുള്ള അസുലഭ നിയോഗം ലഭിച്ച കണ്ണൂരിന്റെ ഈ കരുത്തുറ്റ പ്രിയ സഖാവ്, നിയുക്ത മുഖ്യമന്ത്രി എന്ന നിലയില്‍ ഇന്ന് (മെയ് 21) തന്റെ ആദ്യ പരിപാടികള്‍ ചാര്‍ട്ട് ചെയ്തത് സമന്വയത്തിന്റെ അപൂര്‍വമൂല്യങ്ങള്‍ ഹൃദയത്തിലേറ്റിക്കൊണ്ടാണ്. രാവിലെ ഒന്‍പതരയോടു കൂടി അദ്ദേഹം നേരെ പോയത് കന്റോണ്‍മെന്റ് ഹൗസിലേയ്ക്കാണ്...പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കാണാന്‍.

വി.എസിനെ സന്ദര്‍ശിക്കാനുള്ള പിണറായിയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു. സമന്വയത്തിന് വിലങ്ങിട്ട വിഭാഗീയതയുടെ കലികാലങ്ങളില്‍ ഇരുവരും ചേരിതിരിഞ്ഞ് പയറ്റിയതൊക്കെ സമീപകാല ചരിത്രം. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ഏകമനസോടെ യഥാര്‍ത്ഥ കോമ്രേഡുകളായി വി.എസും പിണറായിയും ഒരു പുതിയ കേരളത്തിനായി പ്രചാരണം നടത്തിയതിന്റെ ഫലമായി കേരളത്തില്‍ ഇടതുമുന്നണിയുടെ വിജയതരംഗം ആഞ്ഞടിക്കുകയായിരുന്നു. ആ ഒരുമയും  സൗഹൃദവും ഊട്ടിഉറപ്പിക്കുന്ന നിമിഷങ്ങള്‍ക്കാണ് കന്റോണ്‍മെന്റ് ഹൗസ് സാക്ഷ്യം വഹിച്ചത്. 

പിണറായി വിജയനെ മുഖ്യമന്ത്രിയായി പാര്‍ട്ടി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വാര്‍ത്താ സമ്മേളനം നടത്തി പ്രഖ്യാപിച്ചത് വി.എസ് അച്യുതാനന്ദനെയും ഒപ്പമിരുത്തിക്കൊണ്ടാണ്. വി.എസും പിണറായിയും മികച്ച ഭൂരിപക്ഷത്തില്‍ ഒരുമിച്ച് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തില്‍ ആരു മുഖ്യമന്ത്രയാവും എന്നതിനെ പറ്റി ആശക്കുഴപ്പം ഉണ്ടായിരുന്നു. വീണ്ടുമൊരിക്കല്‍ കൂടി മുഖ്യമന്ത്രി ആവണം എന്ന മോഹം വി.എസിന്റെ മനസ്സില്‍ തീര്‍ച്ചയായും ഉണ്ടായിരുന്നു. എന്നാല്‍ പലപ്പോഴും പിണറായിക്കെതിരെ മുനവച്ച് സംസാരിച്ചിരുന്ന വി.എസ്. പക്ഷേ മാറിയ സാഹചര്യത്തോട് സമരസപ്പെടുകയായിരുന്നു. പിണറായി മുഖ്യമന്ത്രി ആകുന്നതിനെതിരെ അദ്ദേഹം നീരസം പ്രകടിപ്പിച്ചില്ല. 

പിണറായിയുടെ കന്റോണ്‍മെന്റ് ഹൗസ് സന്ദര്‍ശനത്തിന് കേവലം വി.എസുമായി ഒരു സൗഹൃദക്കൂടിക്കാഴ്ച എന്നതിലപ്പുറം മറ്റു ചില മാനങ്ങളുണ്ട്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ആയിരിക്കെ വി.എസ് ലാവ്‌ലിന്‍ കേസുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പിണറായിയുമായി ശീതസമരത്തിലേര്‍പ്പെട്ടിരുന്നു. അത്തരം പ്രശ്‌നങ്ങള്‍ മേലില്‍ വി.എസിന്റെ ഭാഗത്തു നിന്നും ഉണ്ടാവാതിരിക്കാനുള്ള ഒരു പ്രതിരോധ മാര്‍ഗമെന്ന നിലയില്‍ ഈ സന്ദര്‍ശനത്തെ വിശേഷിപ്പിക്കാം. പാര്‍ട്ടിക്കുള്ളില്‍ നിന്ന് പാര്‍ട്ടി നേതൃത്വത്തിനെതിരെ ശബ്ദിക്കുന്ന വി.എസിനെ അനുനയിപ്പിച്ച് കൂടെ കൂട്ടി തന്റെ അഞ്ചു വര്‍ഷത്തെ ഭരണം സുഗമമാക്കാനുള്ള പാതയൊരുക്കുകയായിരുന്നു പിണറായി. 

പത്തു മിനിറ്റു നേരത്തെ കൂടിക്കാഴ്ച ഊഷ്മളമായിരുന്നു. അനുഭവത്തിന്റെ കാര്യത്തില്‍ തന്നെക്കാള്‍ ഏറെ പാരമ്പര്യമുള്ള  വി.എസിന്റെ പക്കല്‍ നിന്നും കാര്യങ്ങള്‍ പഠിക്കുന്നതിനു വേണ്ടിയുള്ള തുടക്കമെന്ന നിലയിലാണ് ഈ സന്ദര്‍ശനമെന്നും താന്‍ ഒരു പുതുക്കക്കാരനാണെന്നും പിണറായി പറഞ്ഞു. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ താമസം വിനാ നടപ്പാക്കണമെന്നും പെരുമ്പാവൂരിലെ ജിഷ വധത്തിന്റെ പശ്ചാത്തലത്തില്‍ സ്ത്രീസുരക്ഷ, വിലക്കയറ്റം തുടങ്ങിയ കാര്യങ്ങളില്‍ അടിയന്തിര ശ്രദ്ധയൂന്നി ഭരണം കാഴ്ച വയ്ക്കണമെന്നും വി.എസ്. പിണറായിയോട് അഭ്യര്‍ത്ഥിച്ചുവത്രേ. അങ്ങനെ ഇവിടെ മഞ്ഞ് ഉരുകി. 

വി.എസിനെ കണ്ട ശേഷം പിണറായി സി.പി.ഐയുടെ ആസ്ഥാനമായ എം.എന്‍. സ്മാരകത്തിലേക്ക് പോയി. എന്നും സി.പി.ഐയെ സംബന്ധിച്ചിടത്തോളം സി.പി.എം വല്ല്യേട്ടന്‍ തന്നെയാണ്. അത്തരം ഒരു മനോഭാവത്തിന്റെ പ്രഹരവാര്‍ത്തകള്‍ രാഷ്ട്രീയ കേരളം മുന്‍കാലങ്ങളില്‍ ഏറെ കേട്ടിട്ടുണ്ട്. എന്നാല്‍ ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷി എന്ന നിലയില്‍ സി.പി.ഐയെ സി.പി.എം അര്‍ഹതയോടെ അംഗീകരിക്കുന്നു എന്നതിന് തെളിവായി പിണറായിയുടെ ഈ സന്ദര്‍ശനം.  ഒരേ സ്വരത്തോടെ ഭരണം നിര്‍വഹിച്ച് ജനങ്ങള്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെ അക്ഷരം പ്രതി നിലനിര്‍ത്തുവാനുള്ള ശ്രമത്തിന്റെ വിളംബരമായും ഈ സമീപനത്തെ നമുക്ക് കാണാവുന്നതാണ്. ഇവിടെ പാറുന്നത് സമഭാവനയുടെ ചെങ്കൊടിയാണ്. 

പിന്നീട് പിണറായി ജഗതിയിലെ പുതുപ്പള്ളി ഹൗസിലെത്തി. തന്റെ മുന്‍ഗാമിയായ ഉമ്മന്‍ ചാണ്ടിയെ സന്ദര്‍ശിച്ചു. അല്പനേരത്തെ സൗഹൃദ സംഭാഷണം. പുതിയ ഒരു ഗവണ്‍മെന്റ് രൂപീകരിക്കുന്ന ഘട്ടത്തില്‍ തൊട്ടുമുമ്പത്തെ മുഖ്യമന്ത്രിയെ കാണുകയും ചില കാര്യങ്ങളൊക്കെ സംസാരിക്കുകയും ചെയ്തുവെന്ന് തികഞ്ഞ സന്തോഷത്തോടെ നിയുക്ത മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. വികസനത്തിന്റെയും സുസ്ഥിര ഭരണത്തിന്റെയും കാര്യത്തില്‍ ഭരണ-പ്രതിപക്ഷ ഐക്യത്തിന്റെ ആവശ്യകത എത്രമാത്രമുണ്ടെന്ന് പരസ്പരം മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു പിണറായിയുടെ പുതുപ്പള്ളി വീട്ടിലേക്കുള്ള ശ്രദ്ധേയമായ യാത്ര. 

ഏറെ താമസിച്ചില്ല, കേരളത്തില്‍ ഇതാദ്യമായി താമര വിരിയിച്ച, കാരണവ സ്ഥാനീയനായ ഒ. രാജഗോപാല്‍ എ.കെ.ജി സെന്ററിലെത്തി നവ മുഖ്യമന്ത്രിയെ കണ്ടു വണങ്ങി. രാഷ്ട്രീയ നിലപാടുകളില്‍ ഏറെ വൈജാത്യങ്ങളുണ്ടെങ്കിലും യോജിക്കേണ്ട പല മേഖലകളിലും അതാവാമെന്ന് വ്യക്തമാക്കുന്നതായിരുന്നു രാജഗോപാലിന്റെ എ.കെ.ജി സെന്റര്‍ വിസിറ്റ്. അങ്ങനെ സമന്വയത്തിന്റെ ഒരു പകല്‍ പൂര്‍ത്തിയാക്കി കൊണ്ടാണ് വിട്ടുവീഴ്ചയില്ലാത്ത ഇച്ഛാശക്തയുടെ പ്രതീകമായ പിണറായി വിജയന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാന്‍ പോകുന്നത്. 

അപാരമായ സംഘാടന മികവും നിലപാടുകളിലെ കാര്‍ക്കശ്യവുമാണ് പിണറായി വിജയനെ സി.പി.എമ്മിന്റെ  മിന്നല്‍പ്പിണറായി വളര്‍ത്തിയത്. വിവാദങ്ങളിലും പ്രതിസന്ധിയിലും വിഭാഗീയതയിലും ആടിയുലഞ്ഞ സമയത്ത് നിലപാടുകളില്‍ ഉറച്ചുനിന്ന് പാര്‍ട്ടിയെ പിളര്‍പ്പില്‍നിന്നു തടഞ്ഞ നേതൃത്വമായിരുന്നു പിണറായിയുടേത്. തിരഞ്ഞെടുപ്പിന് മുമ്പ് നേതൃത്വത്തെ സി.പി.എം പ്രഖ്യാപിച്ചിരുന്നില്ല. എങ്കിലും പിണറായി എന്ന കരുത്തിനെ ചുറ്റിപ്പറ്റിത്തന്നെയാണ് ഇടതു മുന്നണി തിരഞ്ഞടുപ്പിനെ നേരിട്ടത്. അതുകൊണ്ടുതന്നെ പിണറായി മുഖ്യമന്ത്രിയാവണമെന്നായിരുന്നു പാര്‍ട്ടി കേഡര്‍മാരുടെ ആഗ്രഹവും.

വൈദ്യുതി മന്തിയായിരുന്ന വേളയില്‍ എസ്.എന്‍.സി ലാവലിന്‍ കമ്പനിയുമായി നടത്തിയ കരാറിന്റെ പേരില്‍ വര്‍ഷങ്ങളായി വേട്ടയാടപ്പെടുന്നു. കഴിഞ്ഞ ഇടതു സര്‍ക്കാരിനെ നയിക്കേണ്ട പിണറായിക്ക് ഊഴം നഷ്ടപ്പെട്ടതും ലാവ്‌ലിന്റെ പേരില്‍ തന്നെ. പക്ഷേ എല്ലാറ്റിനെയും അതിജീവിച്ച് കരാര്‍ വഴി വിജയന്‍ വ്യക്തിപരമായ സാമ്പത്തിക ലാഭമുണ്ടാക്കിയില്ലെന്ന കോടതി വിധിവന്നു. വൈദ്യുതി പ്രതിസന്ധിയുടെ ഭീകരാവസ്ഥയില്‍ കേരളത്തെ വൈദ്യുതി മിച്ച സംസ്ഥാനമാക്കി, ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേയ്ക്ക് നയിച്ച പിണറായി കേരളം കണ്ട ഏറ്റവും മികച്ച മന്ത്രിമാരിലൊരാളാണെന്നതില്‍ രാഷ്ട്രീയ എതിരാളികള്‍ക്കും തര്‍ക്കമില്ല. ഇപ്പോള്‍ ഇടത്് മന്ത്രിസഭയെ നയിക്കാന്‍ പിണറായി എത്തുമ്പോള്‍ കുത്തഴിഞ്ഞ രാഷ്ട്രീയവും കുത്തുപാളയെടുത്ത സമ്പദ് രംഗവും സമൂഹത്തില്‍ നടമാടുന്ന അരുതായ്കകളുമൊക്കെ നേരെയാക്കാന്‍ തന്റെ പതറാത്ത ആജ്ഞാശക്തിയും കര്‍മകുശലതയും ചങ്കൂറ്റവും പ്രയോജനം ചെയ്യുമെന്നു പ്രതീക്ഷിക്കാം. എല്ലാം ശരിയാകുമെന്ന് ആശ്വസിക്കാം. ലാല്‍സലാം സഖാവേ...ലാല്‍സലാം...!!!

സമന്വയത്തിന്റെ 'വിജയ'ഭേരി (എ. എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക