Image

നെയ്ത്ത് തൊഴിലാളിയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് .. ലാല്‍ സലാം

അനില്‍ പെണ്ണുക്കര Published on 21 May, 2016
നെയ്ത്ത് തൊഴിലാളിയില്‍ നിന്ന് മുഖ്യമന്ത്രി പദത്തിലേക്ക് .. ലാല്‍ സലാം
കേരളം കണ്ട ഏറ്റവും മികച്ച വൈദ്യുതി മന്ത്രിയായിരുന്നു പിണറായി വിജയന്‍. ആ വൈദ്യുതിക്കാലത്ത് നിന്ന് അധികം മുന്നോട്ട് പോകാന്‍ ഇന്നും സംസ്ഥാനത്തിനായിട്ടില്ല. ഇനി പിണറായി എത്തുന്നത് കേരളത്തെ മൊത്തം നയിക്കാനാണ്. മികച്ച വൈദ്യുതി മന്ത്രിയില്‍ നിന്ന് മികച്ച മുഖ്യമന്ത്രിയിലേക്ക് ഉയരാന്‍ കടമ്പകള്‍ ഏറെ ഉണ്ടാകാം. പക്ഷെ കേരള രാഷ്ട്രീയത്തിന്റെ അമരത്തേക്ക് എത്തുന്നത് അനുഭവങ്ങളുടെ തീച്ചൂളയില്‍ നിന്നായതിനാല്‍ സ്ഫുടം ചെയ്ത ഭരണമാകും കേരളം കാണാന്‍ പോകുക.

നല്ല കമ്യൂണിസ്റ്റുകാരന്റെ വോട്ടു മാത്രം മതിയെന്ന് പറയാന്‍ ചങ്കൂറ്റം കാണിച്ച അപൂര്‍വം ചിലരില്‍ ഒരാള്‍ ആണ് പിണറായി. കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച മുഖ്യമന്ത്രി ആയേക്കാം ഇദ്ദേഹം. കാര്‍ക്കശ്യം നിറഞ്ഞ നിലപാടുകളും മനുഷ്യത്വ മുഖമുള്ള വികസന പ്രവര്‍ത്തനങ്ങളുമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിറഞ്ഞു നില്‍ക്കാന്‍ ഇദ്ദേത്തിന് കഴിയും. നിലയ്ക്ക് നിര്‍ത്തണ്ടവരെ വരുതിയില്‍ കൊണ്ട് വന്ന് അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകരുടെ നേതാവായി അദ്ദേഹം മാറും എന്നു വിശ്വസിക്കാം .

ചായ വില്‍പ്പനക്കാരന്‍ പ്രധാനമന്ത്രി ആയി എന്നതാണ് മോഡിക്കുള്ള ഏറ്റവും വലിയ അംഗീകാരം. ഒരു ചെത്തുകാരന്റെ മകനും ഒരു നെയ്ത്തുകാരനും ആയിരുന്ന ആള്‍ ആണ് ഇപ്പോള്‍ കേരള മുഖ്യമന്ത്രി ആകുന്നതു. അടിയന്തിരാവസ്ഥക്കു എതിരെ പ്രതികരിച്ചു ഒന്നര വര്‍ഷം കൊടിയ മര്‍ദനം ഏറ്റു കഴിഞ്ഞ പിണറായിയെ ഇല്ലാതാക്കാന്‍ വേഗം ആര്‍ക്കും കഴിയില്ല.

ഇരുപത്തിയെട്ടാം വയസ്സില്‍ പാര്‍ട്ടി ജില്ല സെക്രടറി ആയ പിണറായിയെ കൈ പിടിച്ചു ഉയര്തിയത് വിഎസ് തന്നെയാണ്. ഇന്ന് മുഖ്യമന്ത്രി പദത്തില്‍ എത്തുമ്പോഴും വിഎസിന്റെ നിശ്ശബ്ദമായ സഹായം പിണറായി മറക്കാതിരിക്കില്ല. ചോരച്ചാലുകള്‍ നീന്തിക്കയറിയ ജനായകന്റെ കൈക്കരുത്തില്‍ ഇനി സംസ്ഥാന ഭരണം.

ചെത്തുതൊഴിലാളിയായ മുണ്ടയില്‍ കോരന്റെയും കല്യാണിയുടെയും മകനായി 1944 മാര്‍ച്ച് 21നാണ് പിണറായി വിജയന്റെ ജനനം. ബാല്യകൗമാരം പൂര്‍ണമായും ദാരിദ്ര്യം നിറഞ്ഞതായിരുന്നു. പിണറായി യു.പി സ്‌കൂളിലും പെരളശ്ശേരി ഹൈസ്‌കൂളിലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ഒരു വര്‍ഷം നെയ്ത്ത് തൊഴിലാളിയായി ജോലി ചെയ്തു. പിന്നീട് തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളജില്‍ പ്രീ ഡിഗ്രി, ബിരുദ പഠനം. ഈ കാലയളവിലാണ് പിണറായി വിജയന്‍ എന്ന വിദ്യാര്‍ഥി നേതാവിന്റെ ഉദയം. നിരവധി സമര പോരാട്ടങ്ങളില്‍ കേരള സ്റ്റുഡന്റ്‌സ് ഫെഡറേഷനെ നയിച്ചു.

കെ.എസ്.എഫ് സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി കെ.എസ്.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 1968ല്‍ മാവിലായില്‍ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ പ്ലിനത്തില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1972ല്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗവും 1978ല്‍ സംസ്ഥാന കമ്മിറ്റി അംഗവുമായി. 1970ലും 77ലും 1991ലും 96ലും കൂത്തുപറമ്പില്‍നിന്നും നിയമസഭാംഗമായി.
1971 ല്‍ തലശ്ശേരിയില്‍ ആര്‍.എസ്.എസുകാര്‍ വര്‍ഗീയ കലാപമഴിച്ചുവിട്ടപ്പോള്‍ ധീരമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത് പിണറായി ആയിരുന്നു. 1996 ല്‍ പയ്യന്നൂരില്‍ നിന്നു വീണ്ടും നിയമസഭയിലെത്തിയ പിണറായി, സഹകരണ, വൈദ്യുതി മന്ത്രിയായി. രണ്ടു വര്‍ഷത്തില്‍ താഴെ മാത്രമേ ആ സ്ഥാനത്തിരുന്നുള്ളൂ. 1998 സെപ്തംബറില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ചടയന്‍ ഗോവിന്ദന്റെ നിര്യാണത്തെ തുടര്‍ന്ന് പിണറായിയെ സെക്രട്ടറിയായി തെരഞ്ഞെടുത്തു.

വൈദ്യുതിമന്ത്രി സ്ഥാനം രാജിവച്ചാണ് പാര്‍ട്ടി സെക്രട്ടറിയായി സ്ഥാനമേറ്റത്. 2002 ഫെബ്രുവരിയില്‍ കണ്ണൂരില്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനത്തിലും 2005 ഫെബ്രുവരിയില്‍ മലപ്പുറം സംസ്ഥാനസമ്മേളനത്തിലും വീണ്ടും സെക്രട്ടറിയായി.

കോട്ടയത്ത് 2008 ല്‍ ചേര്‍ന്ന സംസ്ഥാന സമ്മേളനം വീണ്ടും അദ്ദേഹത്തെ സാരഥ്യമേല്‍പിച്ചു. പിന്നീട് 2012 ല്‍ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിലാണ് സെക്രട്ടറിസ്ഥാനം ഒഴിഞ്ഞത്.

തന്റെ നിലപാട് ശരിയോ തെറ്റോ ആകട്ടെ, തനിക്കൊരു നിലപാട് ഉണ്ട് എന്നതും എടുത്ത നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്നതുമാണ് പിണറായിയുടെ വ്യക്തിത്വം. അതുകൊണ്ട്് തന്നെ എസ്.എന്‍.സി. ലാവ്‌ലിന്‍, വെടിയുണ്ട വിവാദം, മകന്റെ ബര്‍മിങ്ഹാമിലെ പഠനം, പിണറായിയുടെ വീട് തുടങ്ങി നിരവധി വിവാദങ്ങള്‍ വേട്ടയാടിയപ്പോഴും കനപ്പിച്ച മുഖവുമായി ഇതൊന്നും ശ്രദ്ധിക്കാതെ പിണറായി പാര്‍ട്ടിയുടെ അടിത്തറ ശക്തമാക്കുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചു.

നിലപാടുകളില്‍ ഉറച്ചു നിന്നതു കൊണ്ടാണ് അധികാരത്തില്‍ നിന്ന് ഇടതിന് പുറത്ത് പോകേണ്ടി വന്നപ്പോഴും സംഘടന കരുത്തുറ്റതായി നിന്നത്. പാര്‍ട്ടി നിലപാടുകളിലെ കാര്‍ക്കശ്യമാകാം സാധാരണഗതിയില്‍ പിണറായി കാണുന്നത് ചിരിക്കാത്ത മുഖഭാവവുമായായിരിക്കും.

കേരളത്തില്‍ ഇത്രയധികം മാധ്യമ വിചാരണകള്‍ക്ക് വിധേയനാക്കപ്പെട്ട, രാഷ്ട്രീയ എതിരാളികളാല്‍ വേട്ടയാടപ്പെട്ട മറ്റൊരു കമ്മ്യൂണിസ്റ്റ്കാരനുണ്ടായിട്ടില്ല എന്ന് വേണമെങ്കില്‍ പറയാം. ഒരു നേതാവിന്റെ കൗശലങ്ങളും എതിരാളിയോടുപോലും സന്ധിചെയ്യുന്ന രാഷ്ട്രീയ പ്രായോഗികതകളും വശമില്ലാത്തത് കൊണ്ടാവും ഇത്രയധികം എതിര്‍പ്പുകളെ പിണറായിക്ക് നേരിടേണ്ടിവന്നത്.

അഞ്ചര പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിനിടയില്‍ എതിരാളികള്‍ പലവട്ടമാണ് പിണറായിയുടെ ജീവന്‍ അപഹരിക്കാന്‍ ശ്രമിച്ചത്. ഇതിനെയെല്ലാം അതീജീവിച്ചാണ് ഈ കരുത്തിന്റെ ആള്‍രൂപം ഇനി നാടിനെ ഭരിക്കുന്നത്.

ഈ കരുത്തിനു ഒപ്പം നില്‍ക്കുന്നത് ഭാര്യ കമലയും മക്കള്‍ വിവേക് കിരണും വീണയുമാണ്. കവിയും എഴുത്തുകാരിയുമായ ജയഗീത സ്ത്രീകള്‍ക്ക് നേരെ നടന്ന ഒരു അക്രമത്തില്‍ കേസുമായി മുന്നോട്ടു പോകവേ എ. കെ. ജി സെന്ററില്‍ പിണറായിയെ കാണാന്‍ എത്തി .അപ്പോള്‍ അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇതായിരുന്നു

'നിങ്ങള്‍ നടത്തുന്നത് കരുത്തുറ്റ ഒരു പോരാട്ടമാണ് ..സ്ത്രീകള്‍ക്കെതിരെ അക്രമം കാട്ടുന്നവര്‍ക്കെതിരായുള്ള സമരമാണ്..ധീരമായി കേസുമായി മുന്നോട്ടു പോകുക പാര്‍ട്ടി എന്നും ഒപ്പമുണ്ടാകും..'

കേരളം കാത്തിരിക്കുന്ന ഭരണ മികവിന്റെ ദിനങ്ങളില്‍ എത്രയോ ഇരട്ടിയായി ഇവിടുത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാധാരണ മനുഷ്യര്‍ക്കും സമാധാനപരമായി ജീവിക്കുവാന്‍ ഈ നേതൃത്വത്തിന്റെ കരുത്തുമതിയാവും..

അനുഭവം അടിവരയിടുന്ന സത്യമാണത്. കരുത്തനായ കേരള മുഖ്യമന്ത്രിക്ക് ഇമലയാളിയുടെ ഹൃദയാഭിവാദ്യങ്ങള്‍!!! 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക