Image

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.

പോള്‍ ഡി.പനയ്ക്കല്‍ Published on 18 May, 2016
ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.
ന്യൂയോര്‍ക്ക് പ്രദേശത്തെ ഇന്ത്യന്‍ നഴ്‌സുമാരുടെ ജിഹ്വയായ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ - ന്യൂയോര്‍ക്ക് വ്യക്തികളുടെയും കുടുംബങ്ങളുടെയും സമൂഹത്തിന്റെയും ആരോഗ്യ സംരക്ഷണത്തിനുള്ള പ്രതിജ്ഞാബദ്ധത പുനര്‍പ്രഖ്യാപിച്ചുകൊണ്ട് നഴ്‌സസ് വീക്കും മാതൃദിനവും ആഷോഷിച്ചു.

ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനും അണുബാധ തടയുന്നതിനും നഴ്‌സുമാര്‍ വഹിക്കുന്ന ഉത്തരവാദിത്വത്തെ മുന്‍നിറുത്തിക്കൊണ്ടായിരുന്നു ആഘോഷസമ്മേളനം ആരംഭിച്ചത്. സെക്രട്ടറി മേരി ഫിലിപ്പ് സദസ്സിന് സ്വാഗതം നല്‍കി. പ്രധാനാതിഥിയായി എത്തിയ ഡോക്ടര്‍ ലിലി തോമസിനെ അര്‍ച്ചനാ ഫിലിപ്പ് പരിചയപ്പെടുത്തി. 

നോര്‍ത് വെല്‍ഹെര്‍ത് നെറ്റ്‌വര്‍ക്കിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ നഴ്‌സിംഗിന്റെ ചുമതല വഹിക്കുന്ന ഡോ.ലിലി തോമസ് കള്‍ച്ചര്‍ ഓഫ് സേഫ്റ്റി എന്ന വിഷയത്തെക്കുറിച്ചു സംസാരിച്ചു. ഹോഫ്‌സ്ട്രാ നോര്‍ത്‌വെല്‍ സ്‌കൂള്‍ ഓഫ് ഗ്രാജുവേറ്റ് ന്‌ഴ്‌സിംഗ് ആന്റ് ഫിസിഷ്യന്‍ അസിസ്റ്റന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കൂടിയായ ഡോ.തോമസ് ആതുരശുശ്രൂഷയിലും ആരോഗ്യസംരക്ഷണത്തിലും റിസര്‍ച്ചിനും തെളിവില്‍ അധിഷ്ഠിതമായ നഴ്‌സിംഗ് പരിശീലനത്തിനുമുളള പ്രാധാന്യത്തെ എടുത്തു പറഞ്ഞു. നഴ്‌സിംഗ് പ്രാക്ടീസില്‍ പുതിയ സങ്കേതങ്ങളെയും അറിവുകളെയും സമന്വയിപ്പിക്കേണ്ടത്, മരുന്ന് നല്‍കുന്നതില്‍ ഉപയോഗിക്കേണ്ട വ്യവസ്ഥാപിത പ്രക്രിയകളില്‍ കര്‍ശനമായ ചട്ടങ്ങള്‍ പാലിക്കേണ്ടത് എന്നിവയെല്ലാം പ്രധാന പ്രഭാഷികയുടെ വിഷയങ്ങളില്‍പെട്ടു പലപ്പോഴും കര്‍ത്തവ്യഭാരവും വിവിധ ദിശകളില്‍ നിന്നുള്ള വ്യതിചലനങ്ങളും മനസ്സിന്റെ പിന്നില്‍ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന രോഗികളുടെ ആവശ്യങ്ങളും നഴ്‌സുമാരുടെ ഏകാഗ്രതയെയും ശ്രദ്ധയെയും ഉലയ്ക്കുമ്പോള്‍ ജീവല്‍ പ്രധാനമായ മരുന്നുകളുടെ ഡോസുകളിലും തയ്യാറാക്കുന്ന വിധത്തിലും പിഴവുകള്‍ സംഭവിച്ചിട്ടുള്ള അനേകം അനുഭവങ്ങളുണ്ട്. നഴ്‌സുമാര്‍ ദൈനംദിനം കടന്നുപോകുന്ന അപകട സാധ്യതകളെയും കുറിച്ച് ഉറക്കെ ചിന്തിക്കുകയായിരുന്നു, ഡോ.ലിലി തോമസ്.

സാമൂഹികരംഗത്തും ആരോഗ്യപരിപാലന രംഗത്തും ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ചെയ്തുവരുന്ന സംരംഭങ്ങളെ പ്രസിഡന്റ് ഉഷാ ജോര്‍ജ് വിശദീകരിച്ചു. ബ്ലഡ് ഡ്രൈവ്, ഹെല്‍ത് ഫെയര്‍, ഹെല്‍ത് എജുക്കേഷന്‍ പ്രോഗ്രാമുകള്‍ എന്നിവ അവയില്‍പ്പെടും.

ഫൊക്കാന, ഫോമ എന്നീ സംഘടനകളുടെ നേതാക്കളായ വിനോദ് കെയാര്‍കെ, ഷാജി എഡ് വേര്‍ഡ് എന്നിവര്‍ മദേഴ്‌സ് ഡേ- നഴ്‌സസ് വീക്ക് ആശംസകള്‍ നേര്‍ന്നു. തിരുവനന്തപുരം റിജിയണല്‍ കാന്‍സര്‍ സെന്ററില്‍ ഒരു ഔട്‌പേഷ്യന്റ് കെട്ടിടം നിര്‍മ്മിക്കുന്നതിന് ഫോമാ നടത്തുന്ന ധനസമാഹരണത്തിലേക്ക് നഴ്‌സസ് അസോസിയേഷന്‍ ചെയ്ത സംഭാവന കമ്മിറ്റിയംഗങ്ങളില്‍ നിന്ന് ഷാജി എഡ്വേര്‍ഡ് ഏറ്റുവാങ്ങി.

നഴ്‌സസ് അസോസിയേഷന്‍ നടത്തിയ ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ ജെസ്സി ജോഷിക്കും നീണ്ട സേവനത്തിനുശേഷം റിട്ടയര്‍ ചെയ്ത സൂസി രാജനും ഏലിയാമ്മ അപ്പുക്കുട്ടനും നഴ്‌സസ് എക്‌സലന്‍സിനും തെരഞ്ഞെടുക്കപ്പെട്ട ജിന്‍സി ജോസഫിനും ആഘോഷവേദിയില്‍ അവാര്‍ഡുകള്‍ നല്‍കി.

സുക്കര്‍ ഹില്‍സൈഡ് ഹോസ്പിറ്റലില്‍ നഴ്‌സിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന പോള്‍. ഡി.പനയ്ക്കല്‍ ശ്രദ്ധ ആകര്‍ഷിക്കുവാന്‍ ശ്രമിച്ചത് നഴ്‌സുമാര്‍ക്ക് ആവശ്യമായ ഉന്നത വിദ്യാഭ്യാസത്തിലാണ്. നഴ്‌സിംഗിന്റെ ഭാവിമാറ്റത്തിനുള്ള നേതൃത്വം ആരോഗ്യത്തിന്റെ അഭിവൃദ്ധി എന്ന തലക്കെട്ടില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിസിന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടിനെ എടുത്തു പറഞ്ഞുകൊണ്ട് ഉന്നത വിദ്യാഭ്യാസത്തിലൂടെയും നേതൃത്വത്തിലൂടെയും ഇന്നത്തെ സങ്കീര്‍ണ്ണമായ ആരോഗ്യമേഖലയില്‍ മാറ്റങ്ങള്‍ക്കും ഉയര്‍ച്ചയ്ക്കും ഇന്ത്യന്‍ നഴ്‌സുമാര്‍ കാരണമാകണമെന്ന് പോള്‍.ഡി. പനയ്ക്കല്‍ ആഹ്വാനം ചെയ്തു. നഴ്‌സിംഗ് പ്രൊഫഷനെ ഉയര്‍ച്ചയുടെ പാന്ഥാവിലേക്കു നയിക്കുന്ന ഡോക്ടര്‍ ലിലി തോമസ് അമേരിക്കന്‍ അക്കാദമി ഓഫ് നഴ്‌സിംഗില്‍ ഫെല്ലോഷിപ്പ് ലഭിച്ച രണ്ടു നഴ്‌സുമാരില്‍ ഒരാളാണെന്ന കാര്യം അഭിമാനത്തോടെ പ്രാസംഗികന്‍ ചൂണ്ടിക്കാട്ടി. അതുപോലെ തന്നെ ഡോക്ടറല്‍ പ്രോഗ്രാമില്‍ ചേര്‍ന്ന അനേകം ഇന്ത്യന്‍ നഴ്‌സുമാരും റിസര്‍ച്ചില്‍ വ്യാപൃതരായ ഇന്ത്യന്‍ നഴ്‌സുമാരും റിസര്‍ച്ചില്‍ വ്യാപൃതരായ ഇന്ത്യന്‍ നഴ്‌സുമാരും ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കു തന്നെ അഭിമാനം പകരുകയാണ്.

മേരിക്കുട്ടി മൈക്കിള്‍ ഇന്ത്യന്‍ ദേശീയഗാനവും ദീപ്തി നായര്‍ അമേരിക്കന്‍ ദേശീയഗാനവും ആന്‍ഡ്രിയക്കാരന്‍, സ്റ്റെഫി ബെന്നി എന്നിവര്‍ പ്രാര്‍ത്ഥനാഗാനവും ആലപിച്ചു. ഉജ്വാല മോസസ് എംസിയായി പരിപാടികള്‍ക്ക് സംയമനവും ലയവും നല്‍കി. ഈ വര്‍ഷം അവസാനം ഷിക്കാഗോയില്‍ പ്ലാന്‍ ചെയ്തിട്ടുള്ള കണ്‍വെന്‍ഷന്റെ കിക്കോഫ് ഡോ.റേച്ചല്‍ കോഷി നിര്‍വ്വഹിച്ചു. ജോയിന്റ് ട്രഷറര്‍ ഏലിയാമ്മ അപ്പുക്കുട്ടന്‍ കൃതജ്ഞതാ പ്രകടനം നടത്തി. 

പോള്‍ ഡി.പനയ്ക്കല്‍


ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ന്യൂയോര്‍ക്കില്‍ നഴ്‌സസ് വീക്കും മാതൃദിനവും ആഘോഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക