Image

ഹാട്രിക് വിജയത്തിന്റെ പൊന്‍ തിളക്കവുമായി സപ്താരാമന്‍

Published on 20 May, 2016
ഹാട്രിക് വിജയത്തിന്റെ പൊന്‍ തിളക്കവുമായി സപ്താരാമന്‍

 ഡബ്ലിന്‍: കേളി കലാമേളയില്‍ തുടര്‍ച്ചയായി മൂന്നാം തവണയും കലാതിലകപട്ടം കൈപ്പടിയിലൊതുക്കി ഹാട്രിക് വിജയത്തിന്റെ പൊന്‍ തിളക്കവുമായി സപ്താരാമന്‍. പങ്കെടുത്ത നാലിനങ്ങളില്‍ ഒന്നാം സ്ഥാനം നേടിയതിനൊപ്പം മികച്ച പ്രകടനത്തിനു പ്രത്യേക സ്വര്‍ണപതക്കവും ലഭിച്ചത് ഐറീഷ് മലയാളികള്‍ക്ക് ഏറെ അഭിമാനമായി.

ഭരതനാട്യം. കുച്ചുപുടി, നാടോടിനൃത്തം, പ്രസംഗം എന്നീ ഇനങ്ങളിലാണ് സപ്ത ഉയര്‍ന്ന ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. ഇത് ആദ്യമായാണ് കേളി കലാമേളയില്‍ തുടര്‍ച്ചയയി ഒരു മത്സരാര്‍ഥി മൂന്നാം തവണയും കലാതിലകപട്ടം കരസ്ഥമാക്കുന്നത്.

പതിമൂന്നാമത് കേളി കലാമേളയില്‍ അയര്‍ലന്‍ഡില്‍ നിന്നും പങ്കെടുത്ത എല്ലാ മത്സരാര്‍ഥികളും വിവിധ ഇനങ്ങളില്‍ സമ്മാനങ്ങള്‍ക്ക് അര്‍ഹരായി. കഥ പറയല്‍, കരോക്കേ സോംഗ്, പ്രച്ഛന്നവേഷം എന്നീ മത്സരങ്ങളില്‍ ഒന്നാം സ്ഥാനവും പെന്‍സില്‍ ഡ്രോയിംഗില്‍ രണ്ട്ടാം സ്ഥാനവും സോളോ സോംഗ് ഇനത്തില്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കിയാണ് ഏറെ കുരുന്നുകള്‍ മാറ്റുരച്ച 'മിനീസ്' ഗ്രൂപ്പില്‍ സപ്ത രാമന്‍ നമ്പൂതിരി വിധികര്‍ത്താക്കളുടെയും സദസ്യരുടേയും ശ്രദ്ധ പിടിച്ചു പറ്റിയത്. 

ജൂണിയര്‍ വിഭാഗത്തില്‍ ഭരതനാട്യം, കുച്ചുപുടി, പ്രസംഗം, പെന്‍സില്‍ ഡ്രോയിംഗ് എന്നീ മത്സരങ്ങളില്‍ രണ്ടാം സ്ഥാനം നേടി ബ്രോണ പേരെപ്പാടനും ഭരതനാട്യത്തില്‍ ഒന്നാം സ്ഥാനവും കുച്ചുപുടി, പ്രസംഗം എന്നിവയില്‍ മൂന്നാം സ്ഥാനവും നേടി സബ് ജൂണിയര്‍ വിഭാഗത്തില്‍ അഞ്ജലി ശിവാനന്ദകുമാറും ഭരതനാട്യം, കുച്ചുപുടി എന്നിവയില്‍ രണ്ട്ടാം സ്ഥാനം നേടി സബ് ജൂണീയര്‍ വിഭാഗത്തില്‍ ബില്റ്റ ബിജുവും കലാമേളയില്‍ തങ്ങളുടെ കഴിവു തെളിയിച്ചു. 

ഈ വര്‍ഷത്തെ കലാമേളയില്‍ പ്രശസ്ത പിന്നണി ഗായകനായ ബിജു നാരായണന്‍ മുഖ്യാതിഥിയും വിധികര്‍ത്താവും ആയിരുന്നു. കഴിഞ്ഞ ആറു വര്‍ഷമായി അയര്‍ലന്‍ഡിന്റെ പ്രാതിനിത്യം കേളി ഇന്റര്‍നാഷണല്‍ കലാമേളയില്‍ ശ്രദ്ധേയമാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക