Image

ഉമ്മന്‍ചാണ്ടി... ഇതാ ജനത്തിന് വെളിവുണ്ടെന്ന് തെളിഞ്ഞു... (ജയമോഹനന്‍ എം)

Published on 19 May, 2016
ഉമ്മന്‍ചാണ്ടി... ഇതാ ജനത്തിന് വെളിവുണ്ടെന്ന് തെളിഞ്ഞു... (ജയമോഹനന്‍ എം)
എന്ത് ആരോപണം വന്നാലും 'തെളിവില്ല' എന്നാണ് ഉമ്മന്‍ചാണ്ടി പറയാറ്. അവസാനം ജനത്തിന് വെളിവുണ്ടെന്ന് തെളിഞ്ഞു. അതുകൊണ്ടു തന്നെ 2016 കേരളാ നിയമസഭാ തിരഞ്ഞെടുപ്പിനെ സിപിഎമ്മിന്റെ മികച്ച വിജയമെന്നോ, യുഡിഎഫിന്റെ ദയനീയ പരാജയമെന്നോ കേവലമായ അര്‍ഥത്തില്‍ വിലയിരുത്തുകയല്ല വേണ്ടത്. സകലവിധത്തിലുമുണ്ടായ ജാതിമത ധ്രൂവീകരണത്തെയും അതിജീവിച്ച് അഴിമതിയെ തിരസ്‌കരിച്ച് ജനപക്ഷം നേടിയ വിജയമെന്ന് വേണം ഈ തിരഞ്ഞെടുപ്പിനെ ആഘോഷിക്കുവാന്‍.
പ്രധാനമന്ത്രി മുതല്‍ രാജ്യത്തെ പ്രമുഖ മന്ത്രിപുംഗവന്‍മാര്‍ നേരിട്ടിറങ്ങി പ്രചരണം പിടിച്ചിട്ടും, സുരേഷ് ഗോപിയും ശ്രീശാന്തുമൊക്കെയായി താരപരിവേഷം നേടിയിട്ടും, വെള്ളാപ്പള്ളി പാര്‍ട്ടിയുണ്ടാക്കി ഹൈന്ദവ വിഭാഗീയത നടത്തിയിട്ടും, ഹെലികോപ്ടര്‍ വരെ വരുത്തിയിട്ടും, മുമ്പെങ്ങുമില്ലാത്ത വിധം പണം വാരിയെറിഞ്ഞിട്ടും വിരഞ്ഞത് വെറുമൊരു താമര. അതിനെന്താ അക്കൗണ്ട് തുറന്നില്ലേ എന്ന് ചോദിക്കാം. പക്ഷെ എന്ത് അക്കൗണ്ട്. നാല് മുതല്‍ പത്ത് വരെ സീറ്റുകളില്‍ വിജയം. ഇരുപതിടത്ത് രണ്ടാം സ്ഥാനം. ആര് ഭരിക്കണമെന്ന് തീരുമാനിക്കും എന്നിങ്ങനെയായിരുന്നു ബിജെപിയുടെ അവകാശവാദം. വെള്ളാപ്പള്ളിയുടെ അവകാശവാദങ്ങള്‍ ഇതിലും എത്രയോ വലുതായിരുന്നു. പക്ഷെ അവസാനം ബാക്കിയായത് നേമത്ത് രാജഗോപാല്‍ മാത്രം. അതാവട്ടെ നിരവധി തവണ തോറ്റ് സപ്ലിമെന്ററി പരീക്ഷ തുടര്‍ച്ചയായി എഴുതുന്ന ഒരു വിദ്യാര്‍ഥിയെ സാക്ഷാല്‍ 'അബ്ദുറബ്ബ്' വിജയിപ്പിച്ചു എന്നത് പോലെയേ കരുതാനുള്ളു. അതിനപ്പുറം താമരയുടെ തണ്ട് കുളത്തില്‍ വേരുപിടിക്കുമെന്ന് ആരും മോഹിക്കേണ്ടതില്ല.
മുസ്ലിം ന്യൂനപക്ഷ വേട്ടുകളും വന്‍ തോതില്‍ എല്‍.ഡി.എഫിലേക്ക് ഒഴുകിയെത്തി എന്നത് മുസ്ലിം സമൂഹത്തില്‍ മുസ്ലിം ലീഗിന്റെ അപ്രമാദിത്വം എന്ന പതിവ് ശൈലിയെ തെറ്റിക്കുന്നതാണ്. എറണാകുളത്തും തൃശ്ശൂരും എല്‍.ഡി.എഫ് നേടിയ മുന്നേറ്റം ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫില്‍ കേന്ദ്രീകരിക്കും എന്ന ധാരണയെയും തെറ്റിക്കുന്നു. മതജാതി സമവാക്യങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ ഇല്ലായിരുന്നു എന്നല്ല ഇതിനര്‍ഥം. പക്ഷെ ഇടതുപക്ഷമെന്ന ജനപക്ഷത്തേക്ക് ജനങ്ങള്‍ ചിന്തിച്ചപ്പോള്‍ പലപ്പോഴും മതവും ജാതിയും മാറി നിന്നു എന്നതാണ് സത്യം. അങ്ങനെ ഒരിക്കല്‍ക്കൂടി കേരളം അതിന്റെ മതേതരത്വവും ജനകീയതയും തെളിയിച്ചു.
കൂട്ടിക്കിഴിച്ചു നോക്കിയാല്‍ ബിജെപി ക്യാമ്പില്‍ നേട്ടമുണ്ടാക്കിയത് മത്സരിക്കാത്ത സുരേഷ് ഗോപിയാണ്. ബിജെപിയുടെ താരപ്രചാരകനായി രംഗത്തിറങ്ങിയ സുരേഷ് ഗോപിക്ക് കേന്ദ്ര നേതൃത്വം സമ്മാനിച്ചത് രാജ്യസഭയില്‍ എം.പി സ്ഥാനമാണ്. കിട്ടിയത് മെച്ചം, അത്ര തന്നെ. സുരേഷ് ഗോപിക്ക് എം.പി സ്ഥാനം കിട്ടിയപ്പോള്‍ ബിജെപിയുടെ കൂടെ ചേര്‍ന്ന് തുഷാര്‍ വെള്ളാപ്പള്ളിക്ക് എം.പിസ്ഥാനവും മന്ത്രിസ്ഥാനവുമൊക്കെ മോഹിച്ച വെള്ളാപ്പള്ളിക്ക് ആനമുട്ട കിട്ടുമെന്ന് തന്നെയാണ് ഏറ്റവുമൊടുവിലത്തെ വിവരങ്ങള്‍. വെള്ളാപ്പള്ളിയുടേത് വെറും വെള്ളത്തിലെ വര മാത്രമാണെന്ന് ഇതിനപ്പുറം ഒരു തെളിവ് വേണ്ട. ഹൈന്ദവ ഭൂരിപക്ഷ മേഖലയിലെ കേരളാ കോണ്‍ഗ്രസാകും എന്നായിരുന്നു വെള്ളാപ്പള്ളിയുടെ വിരവാദം. അവസാനം പവനായി ശവമായി എന്നു മാത്രം.
എല്ലാം ജനം കേള്‍ക്കുന്നുണ്ട്, എല്ലാം ജനം അറിയുന്നുണ്ട്, എല്ലാത്തിനും ജനം മറുപടി പറയും എന്നൊക്കെ നാഴികയ്ക്ക് നാല്പത് വട്ടം ഉമ്മന്‍ചാണ്ടി ജനത്തെ പിടിച്ച് ആണയിടുമ്പോള്‍ ജനം ഇത്രയ്ക്ക് തിരിച്ചടിക്കുമെന്ന് ഉമ്മന്‍ചാണ്ടി കരുതിയിട്ടുണ്ടാവില്ല. ഒന്നിനും തെളിവില്ല എന്ന തന്ത്രം പയറ്റിയ ഉമ്മന്‍ചാണ്ടി പക്ഷെ ജനത്തിന് വെളിവുണ്ട് എന്ന കാര്യം മറന്നു പോയതാണ് സത്യം. ജനത്തിന് വെളിവുണ്ട് എന്ന് മാത്രമല്ല ജനത്തിന് എല്ലാത്തിനും കണക്കുമുണ്ട്. ബാബുവും ഡൊമനിക് പ്രസസന്റേഷനും തോറ്റത് വെറുതയല്ല. പാല തന്റെ കുത്തുകയാണെന്ന് വെറും നാലായിരം വോട്ടിന്റെ ഗമയില്‍ മാണി പോലും ഇനി ഞെളിയില്ല. എന്തിന് പി.സി ജോര്‍ജ്ജ് നേടിയ ഭൂരിപക്ഷം പോലും സ്വന്തമാക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിഞ്ഞില്ല. അഴിമതിക്ക് തെളിവില്ലെങ്കിലും തിരഞ്ഞെടുപ്പിലെ തോല്‍വി പകല്‍ പോലെ തെളിഞ്ഞ് കിടക്കുകയാണ്.
തിരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ ഏറ്റവും വലിയ പ്രചരണ ആയുധം വികസനവും മദ്യനയവുമായിരുന്നു. രാജ്യത്ത് സ്വാഭാവികമായി സംഭവിക്കുന്നതില്‍ കവിഞ്ഞ് എന്ത് വികസനമാണ് കൊണ്ടുവന്നിട്ടുള്ളത് എന്നത് ബില്യണ്‍ ഡോളര്‍ ചോദ്യം തന്നെ. അതിനേക്കാളും പ്രസക്തമാകുന്നത് അടിസ്ഥാനസൗകര്യങ്ങളുടെ വികസനം ഇപ്പോഴും അപര്യാപതം തന്നെയെന്നതാണ്. പിന്നെയുള്ളത് മദ്യനയം. എല്‍.ഡി.എഫ് വന്നാല്‍ ബാറുകള്‍ തുറക്കും, അതുകൊണ്ട് കേരളത്തിലെ സ്ത്രീകള്‍ എല്‍ഡിഎഫിനെ തള്ളിക്കളയും എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെയു വി.എം സുധീരന്റെയും പ്രചരണ തന്ത്രം. എന്നാല്‍ മദ്യനിരോധനം എന്ന ജനാധിപത്യ വിരുദ്ധതയെയാണ് ജനം തള്ളിക്കളഞ്ഞത്. മദ്യവര്‍ജ്ജനം തന്നെയാണ് പ്രായോഗികം എന്ന് സ്ത്രീകളടക്കം എല്ലാ ജനങ്ങളും വ്യക്തമായി മനസിലാക്കുന്നു എന്നു വേണം മനസിലാക്കാന്‍. അല്ലെങ്കില്‍ എല്‍ഡിഎഫ് പറയുന്നത് പോലെ ബാറുകള്‍ എവിടെയാണ് പൂട്ടിയത്. എല്ലാ ബാറുകളും ബിയര്‍ പാര്‍ലറായി തുറന്നിരിപ്പുണ്ട്. ബിവ്‌റേജസ് ഔട്ട്‌ലെറ്റ് വഴി വിദേശ മദ്യവും ലഭ്യമാണ്. ഇതിനൊപ്പം വ്യാജനും, മറ്റു ലഹരി വിപണിയും തഴച്ചു വളരുകയും ചെയ്യുന്നു. ലഹരിക്കെതിരെയുള്ള ബോധ വല്‍ക്കരണം തന്നെയാണ് യഥാര്‍ഥത്തില്‍ ശരിയെന്ന കാര്യത്തില്‍ ഇനിയാര്‍ക്കും സംശയമുണ്ടാകുമെന്ന് തോന്നുന്നില്ല.
മുന്‍തിരഞ്ഞെടുപ്പുകളില്‍ നിന്നും വ്യത്യസ്തമായി പരസ്യ ഏജന്‍സികളെയും ടീമിനെയും ഒരുക്കിക്കൊണ്ട് നിരവധി ടെലിവിഷന്‍ പരസ്യങ്ങള്‍ ഒരുക്കിക്കൊണ്ടുള്ള വന്‍ പ്രചരണ വേല ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയായിരുന്നു. അതില്‍ മുന്നില്‍ നിന്നത് യുഡിഎഫ് തന്നെയായിരുന്നു. ഇലക്ഷന്‍ ദിവസത്തോട് അടുത്തപ്പോള്‍ ടിവി പരസ്യങ്ങളുടെ എണ്ണം കൂട്ടിക്കൊണ്ട് പ്രചരണ വേല കടുപ്പിച്ചു. 20 കോടിയോളമാണ് പരസ്യ ഏജന്‍സിക്ക് മാത്രം യുഡിഎഫ് നല്‍കിയത് എന്നാണ് അറിയുന്നത്. പരസ്യങ്ങള്‍ നല്‍കുന്നതില്‍ ബിജെപിയും എല്‍ഡിഎഫും മത്സരിച്ചു. പക്ഷെ എല്‍ഡിഎഫ് വരും എല്ലാം ശരിയാകും എന്ന ക്യാപ്ഷന് കേട്ട് കേട്ട് എന്തോ മാജിക്ക് കൈവന്നിരുന്നു എന്നു വേണം മനസിലാക്കാന്‍.
പക്ഷെ ഗംഭീര മാജിക്ക് കാട്ടിയത് പൂഞ്ഞാറിലെ പുലി തന്നെ. മൂന്ന് മുന്നണികളെയും അട്ടിമറിച്ച് കേരള രാഷ്ട്രീയത്തിലെ അതികായന്‍ പിണറായി വിജയനെ വെല്ലുവിളിച്ച് പി സി ജോര്‍ജ്ജ് നേടിയത് സമാനതകളില്ലാത്ത വിജയമാണ്. നിയമസഭയിലെ വേറിട്ട ശബ്ദമാകും ഇനി പിസി എന്ന കാര്യത്തില്‍ സംശയമില്ല.
നിയമസഭയ്ക്ക് പുറത്ത് സിപിഎം രണ്ടു ശബ്ദമായി മാറാന്‍ ഇനി ദിവസങ്ങളോ മണിക്കൂറുകളോ എന്നതാണ് മറ്റൊരു കാര്യം. തിരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ വലിയ വിജയം വി.എസിന്റെ വിജയം കൂടിയാണ്. പിണറായിക്കും മറ്റൊരു ഇടത് നേതാവിനും വി.എസിനോളം അത് അവകാശപ്പെടാന്‍ കഴിയില്ല. എന്തൊക്കെ പറഞ്ഞാലും വി.എസ് ഒരു തരംഗം തന്നെ. പക്ഷെ ഇലക്ഷന്‍ എന്ന ആവശ്യം കഴിഞ്ഞതിനാല്‍ വി.എസിനെ ഇനി ഔദ്യോഗിക സഖാക്കള്‍ പുല്ല് വില നല്‍കി ഒതുക്കുന്ന വിഭാഗീയത കേരളത്തിന് കണ്ടുകൊണ്ടിരിക്കാം.
എന്തായാലും കണ്ണൂര് പിണറായിയില്‍ ഒരു സിപിഎം പ്രവര്‍ത്തകന്റെ ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടാണ് ഇലക്ഷന്‍ ദിവസം പൂര്‍ത്തിയായത്. പ്രതിസ്ഥാനത്ത് ആരോപിക്കപ്പെടുന്നത് ബിജെപിയാണ്. സിപിഎമ്മും ഒട്ടും മോശമാക്കിയിട്ടില്ല. പലിയടങ്ങളിലും സംഘര്‍ഷങ്ങളുടെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ഇനി വരാനിരിക്കുന്നത് സിപിഎം - ലീഗ്, സിപിഎം- ബിജെപി സംഘര്‍ഷത്തിന്റെ ദിവസങ്ങളാണോ എന്നത് ഭയാശങ്കയോടെ നോക്കി കാണേണ്ടതു തന്നെ. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക