Image

പ്രസ്റ്റണില്‍ 'വിസിറ്റേഷന്‍ 2016' മേയ് 20ന്; ഫാ. സോജി ഓലിക്കല്‍ മുഖ്യ കാര്‍മികന്‍

Published on 19 May, 2016
പ്രസ്റ്റണില്‍ 'വിസിറ്റേഷന്‍ 2016' മേയ് 20ന്; ഫാ. സോജി ഓലിക്കല്‍ മുഖ്യ കാര്‍മികന്‍

 പ്രസ്റ്റണ്‍: യൂറോപ്പിലെ പ്രഥമ സീറോ മലബാര്‍ പേഴ്‌സണല്‍ പാരീഷ് ആയ പ്രസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ 'വിസിറ്റേഷന്‍ 2016' മേയ് 20നു (വെള്ളി) ഭക്തി നിര്‍ഭരമായി ആഘോഷിക്കുന്നു. 

സെഹിയോന്‍ യുകെ മിനിസ്ട്രിയുടെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ഫാ.സോജി ഓലിക്കല്‍ മാതാവിന്റെ സന്ദര്‍ശന തിരുനാള്‍ തിരുക്കര്‍മങ്ങളില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. 

വന്ധ്യയായിരുന്ന എലിസബത്ത് പുണ്യവതി ദൈവ കൃപയാല്‍ ഗര്‍ഭിണിയായ സന്തോഷ വാര്‍ത്ത അറിഞ്ഞു അവരെ സന്ദര്‍ശിക്കാനും പരിചരിക്കുവാനും പരിശുദ്ധ അമ്മ തീരുമാനിച്ചു. എലിസബത്തിന്റെ ഭവനത്തില്‍ എത്തിച്ചേര്‍ന്ന 

പരിശുദ്ധ അമ്മയെ ആലിംഗനം ചെയ്തു വരവേല്‍ക്കെ എലിസബത്ത് പരിശുദ്ധാത്മാവിനാല്‍ അഭിഷിക്തയാവുകയും പുണ്യവതിയുടെ ഉദരത്തില്‍ വച്ച് ഗര്‍ഭസ്ഥ ശിശു (സ്‌നാപക യോഹന്നാന്‍) മാതാവിന്റെ ഉദരത്തിലുള്ള ഉണ്ണിയേശുവിന്റെ സാന്നിധ്യത്തില്‍ സന്തോഷത്താല്‍ കുതിച്ചു ചാടുകയും ചെയ്തുവത്രേ. നീ സ്ത്രീകളില്‍ അനുഗ്രഹീതയും നിന്റെ ഉദരത്തില്‍ ഉരുവായ കുഞ്ഞു അനുഗ്രഹീതനും. 'എന്റെ കര്‍ത്താവിന്റെ അമ്മ അരികെ വന്നതില്‍ ഞാന്‍ എത്രയോ ഭാഗ്യവതി' എന്ന് എലിസബത്ത് ഉറക്കെ ഘോഷിച്ചുവത്രേ. പരിശുദ്ധ അമ്മയുടെ ആ മഹാ സന്ദര്‍ശനമാണു പ്രസ്റ്റണില്‍ പരിശുദ്ധമായി ആചരിക്കുന്നത്. 

സന്ദര്‍ശന തിരുനാള്‍ ലോകമെമ്പാടും വലിയ ആഘോഷമായി ആചരിച്ചുപോരുന്നു. ജീവിക്കുന്ന സക്രാരിയായ പരിശുദ്ധ അമ്മയുടെ സന്ദര്‍ശന തിരുനാള്‍ തീര്‍ഥാടക സമൂഹത്തിനു ഏറെ കൃപാ വര്‍ഷാനുഭവവും ദമ്പതികള്‍ക്കു സന്താന ഭാഗ്യവും ഗര്‍ഭിണികള്‍ക്ക് സൗഖ്യവും ലഭിക്കപ്പെടുന്നതായി ലോകമെമ്പാടും അനേകര്‍ സാക്ഷ്യപ്പെടുത്തുന്നു.

വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനു തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആഘോഷമായ പരിശുദ്ധ കുര്‍ബാന, പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ്, വചന സന്ദേശം, സൗഖ്യ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം തുടങ്ങിയ ആത്മാവിന്റെ നിറവിന് ഹേതുവാകുന്ന തിരുക്കര്‍മങ്ങള്‍ രാത്രി ഒമ്പതു വരെ തുടരും. തുടര്‍ന്നു രാത്രി 12 വരെ അനുഗ്രഹസാന്ദ്രമായ നൈറ്റ് വിജിലും ഉണ്ടായിരിക്കും.

തിരുക്കര്‍മങ്ങളിലേക്ക് എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി ഫാ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക