Image

നിയമസഭയിലേക്ക് "അമ്മ'യുടെ മക്കളും

ആശാ പണിക്കര്‍ Published on 19 May, 2016
നിയമസഭയിലേക്ക് "അമ്മ'യുടെ മക്കളും
ചലച്ചിത്രതാരങ്ങളുടെ സംഘടനയായ "അമ്മ'യില്‍ നിന്നു നാല് താരങ്ങള്‍ മത്സരത്തിനിറങ്ങിയപ്പോള്‍ അതില്‍ രണ്ടു പേരെ ജനം അനുഗ്രഹിച്ചു. കൊല്ലത്ത് സി.പി.എം സ്ഥാനാര്‍ത്ഥി മുകേഷും പത്തനാപുരത്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ ഗണേഷുമാണ് വിജയിച്ച താരങ്ങള്‍. പത്തനാപുരത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജഗദീഷും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ ഭീമന്‍ രഘുവും പക്ഷേ കന്നി മത്സരത്തില്‍ പരാജയം രുചിച്ചു.

കൊല്ലത്ത് തുടക്കം മുതല്‍ തന്നെ വ്യക്തമായ ആധിപത്യം നേടിയാണ് മുകേഷ് മുന്നേറിയത്. അതുപോലെ തന്നെയായിരുന്നു പത്തനാപുരത്ത് ഗണേഷിന്റെ മുന്നേറ്റവും. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും എതിരാളികളെ മുന്നേറാന്‍ ഇരുവരും അനുവദിച്ചില്ല. ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ 3550 വോട്ടിന്റെ ഭൂരിപക്ഷം നേടാന്‍ മുകേഷിനു കഴിഞ്ഞു. പത്തനാപുരത്ത് 10040 വോട്ടിന്റെ ഭൂരിപക്ഷമാണ് ഗണേഷിന് ലഭിച്ചത്. പിന്നീട് ഭൂരിപക്ഷം കുത്തനെ ഉയര്‍ന്നു. വി.എം.സുധീരന്റെ സ്ഥാനാര്‍ത്ഥി എന്ന പേരില്‍ അവതരിച്ച സൂരജ് രവിയെ വള്ളപ്പാട് പിന്നിലാക്കിക്കൊണ്ടായിരുന്നു ഗണേഷിന്റെ വിജയം. എന്നാല്‍ പിണറായി വിജയന്റെ സ്ഥാനാര്‍ത്ഥിയെന്ന വിശേഷണവുമായെത്തിയ മുകേഷിന് പ്രതീക്ഷ നില നിര്‍ത്താന്‍ കഴിഞ്ഞു.

നടന്‍ ഗണേഷിന് എതിരാളികളായി യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷും എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി ഭീമന്‍ രഘുവും എത്തിയതോടെയാണ് പത്തനാപുരം ശ്രദ്ധേയ കേന്ദ്രമായി മാറിയത്. ഇതിനിടെ ഗമേഷിന്റെ പ്രചാരണ വേദിയില്‍ നടന്‍ മോഹന്‍ലാല്‍ എത്തുകയും ചെയ്തതോടെ സംഗതി വിവാദമായി. ഇത് അമ്മ സംഘടനെയെയും പിടിച്ചുലച്ചു. മോഹന്‍ലാല്‍ പ്രചാരണത്തില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നില്ലെന്നും ഇക്കാര്യത്തില്‍ തനിക്ക് വിഷമമുണ്ടന്നും ജഗദീഷ് തുറന്നടിച്ചു. സലിം കുമാര്‍ ഇക്കാര്യത്തില്‍ തന്റെ വ്യക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചുകൊണ്ട് അമ്മയില്‍ രാജിക്കത്ത് നല്‍കി. താരങ്ങള്‍ മത്സരിക്കുന്ന മണ്ഡലങ്ങളില്‍ മറ്റ് താരങ്ങള്‍ പ്രചാരണത്തിനായി പോകരുതെന്ന അമ്മയുടെ നിര്‍ദേശം ലംഘിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സലിം കുമാറിന്റെ രാജി.

എന്നാല്‍ മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതില്‍ തെറ്റില്ലെന്നായിരുന്നു അമ്മയുടെ പ്രസിഡന്റായ ഇന്നസെന്റിന്റെ പ്രതികരണം. നടന്‍ ദിലീപും ഗണേഷിന് അനുകൂലമായ പ്രതികരണവുമായി രംഗത്തെത്തി. പ്രചാരണത്തിന് ആരും പോകരുതെന്ന നിലപാട് അമ്മയ്ക്കില്ലെന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. ഇതിനിടെ ഭീമന്‍ രഘുവിന്റെ പരമാര്‍ശവും ഏറെ ശ്രദ്ധിക്കപ്പെട്ടു. മോഹന്‍ലാലല്ല, അമിതാഭ് ബച്ചന്‍ വന്നാലും പത്തനാപുരത്ത് എന്‍,ഡി.എഫ് ജയിക്കുമെന്നായിരുന്നു ഭീമന്‍ രഘുവിന്റെ കമന്റ്.

1984 ല്‍ പുറത്തിറങ്ങിയ കെ.ജി ജോര്‍ജിന്റെ ഇരകള്‍ ആയിരുന്നു ഗണേഷിന്റെ ആദ്യചിത്രം. 2001ല്‍ അപ്രതീക്ഷിതമായി പത്തനാപുരത്ത് സ്ഥാനാര്‍ത്ഥിയായി. നിയമസഭയിലേക്കുളള ആദ്യവരവില്‍ ഗതാഗത വകുപ്പ് മന്ത്രിയായി. 2011ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ വനം-പരിസ്ഥിതി-സിനിമാ വകുപ്പ് മന്ത്രിയായി. വിവാദങ്ങളെ തുടര്‍ന്ന് രാജി വച്ചു. ഇപ്പോഴും സിനിമയില്‍ സജീവമാണ് ഗണേഷ്.

കൊല്ലത്ത് മുകേഷ് സ്ഥാനാര്‍തഥിയായത് ഇടതുമുന്നണിയിലെ തര്‍ക്കങ്ങള്‍ക്കിടയിലാണ്. മന്ത്രി പി.കെ ഗുരുദാസനെ ഒഴിവാക്കിയാണ് പിണറായി വിജയന്റെ സ്ഥാനാര്‍ത്ഥിയായി മുകേഷ് കൊല്ലത്ത് വന്നത്. ഇതോടെ പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധം ഉയര്‍ന്നുവെങ്കിലും പ്രചാരണം ശക്തി പ്രാപിച്ചതോടെ അതെല്ലം കെട്ടടങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഒടുവില്‍ തന്റെ സ്ഥാനാര്‍ത്ഥിത്വം എതിര്‍ത്തവര്‍ക്കുള്ള ചുട്ട മറുപടിയായി തിളക്കമാര്‍ന്ന വിജയം നേടി മുകേഷ് ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുകയും ചെയ്­തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക