Image

ഉമ്മന്‍ ചാണ്ടി ചോദിച്ചു വാങ്ങിയ തോല്‍വി; ബി.ജെ.പിയുടെ തകര്‍പ്പന്‍ പ്രകടനം; ലീഗിന്റെ കിതപ്പ്

Published on 19 May, 2016
ഉമ്മന്‍ ചാണ്ടി ചോദിച്ചു വാങ്ങിയ തോല്‍വി; ബി.ജെ.പിയുടെ തകര്‍പ്പന്‍ പ്രകടനം; ലീഗിന്റെ കിതപ്പ്
തിരുവനന്തപുരം:  വി.എം. സുധീരനുമായി പടവെട്ടി ഉമ്മന്‍ ചാണ്ടി മത്സരിപ്പിച്ച നാല് പേരില്‍ ഇരിക്കൂറില്‍ കെ.സി.ജോസഫും കോന്നിയില്‍ അടൂര്‍ പ്രകാശും ജയിച്ചു. കൊച്ചിയില്‍ ഡൊമിനിക് പ്രസന്റേഷനും തൃപ്പൂണിത്തുറയില്‍ മന്ത്രി കെ.ബാബുവും പരാജയപ്പെട്ടു.
ബാര്‍കോഴ ആരോപണത്തെ അതിജീവിച്ച് ബാബു ജയിച്ചുവരും എന്ന് തന്നെയായിരുന്നു വിലയിരുത്തല്‍. 4467 വോട്ടിനാണ് ബാബു തോറ്റത്.
കൂടുതല്‍ തവണ മത്സരിച്ചവരില്‍ ഡൊമിനിക് പ്രസന്റേഷന്‍ മാറിനില്‍ക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടെങ്കിലും ഉമ്മന്‍ ചാണ്ടി വഴങ്ങിയില്ല. കോണ്‍ഗ്രസിന്റെ ഉറച്ചകോട്ടയായ കൊച്ചിയില്‍ ഡൊമിനിക് വീണു. 1086 വോട്ടിനാണ് തോറ്റത്. യു.ഡി.എഫ്. വിമതനായ കെ.ജെ. ലീനസ് ഇവിടെ 7588 വോട്ട് നേടി .
കോന്നിയില്‍ ആരോപണങ്ങള്‍ക്കു അടൂര്‍ പ്രകാശ് മറുപടി നല്‍കിയത് വന്‍വിജയത്തിലൂടെയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ മൂന്നിരട്ടി വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അടൂര്‍ പ്രകാശ് ജയിച്ചത്. കഴിഞ്ഞ തവണ 7774 വോട്ടായിരുന്ന ഭൂരിപക്ഷം ഇത്തവണ 20748 ആയി വര്‍ധിച്ചു. 

വിമതഭീഷണിയെ അതിജീവിച്ചാണ് കെ.സി ജോസഫ് എട്ടാം തവണയും ഇരിക്കൂറില്‍ നിന്ന് ജയിച്ചുകയറിയത്. കഴിഞ്ഞ തവണത്തെക്കാള്‍ രണ്ടായിരം വോട്ട് കുറഞ്ഞെങ്കിലും പ്രതികൂല ഘടകങ്ങളെ എല്ലാം അതിജീവിച്ച് 9647 വോട്ടിന് കെ.സി. വിജയംകണ്ടു. 

----------------------------

തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രതിപക്ഷനേതൃസ്ഥാനം ഏറ്റെടുക്കാനില്ലെന്ന് ഉമ്മന്‍ ചാണ്ടി തന്നെ ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. 
രമേശ് ചെന്നിത്തല പ്രതിപക്ഷനേതാവാകാനാണ് എല്ലാ സാധ്യതയും. ഐ ഗ്രൂപ്പ് കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ ഭൂരിപക്ഷം നേടിയത് കോണ്‍ഗ്രസിലെ ശാക്തികചേരിയും മാറ്റിമറിക്കും. പ്രമുഖ ഐ ഗ്രൂപ്പ് നേതാക്കളായ വി.എസ് ശിവകുമാറും കെ. മുരളീധരനും വി.ഡി സതീശനും ജയിച്ചു. എ ഗ്രൂപ്പിലെ പ്രമുഖരായ കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍, സ്പീക്കര്‍ എന്‍ ശക്തന്‍ തുടങ്ങിയവര്‍ പരാജയപ്പെട്ടു.
വിശ്വസ്തനായ ടി.സിദ്ദിഖ് കുന്നമംഗലത്ത് പരാജയപ്പെട്ടത് ഉമ്മന്‍ ചാണ്ടിക്ക് കനത്ത തിരിച്ചടിയായി. മൂവാറ്റുപുഴയില്‍ പ്രമുഖ നേതാവായ ജോസഫ് വാഴയ്ക്കന്റെ തോല്‍വി ഐ ഗ്രൂപ്പിനും ക്ഷീണമായി. 

-------------------------
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് മൂന്ന് സ്ഥലങ്ങളില്‍ രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ബി. ജെ.പിക്ക് ഇക്കുറി ഒരു സീറ്റില്‍ ജയിക്കാനും ഏഴിടത്ത് രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. പത്തര ശതമാനം വോട്ടും നേടാനായി. മഞ്ചേശ്വരത്ത് കേവലം 89 വോട്ടിനാണ് കെ.സുരേന്ദ്രന്‍ പരാജയപ്പെട്ടത്. തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, പാലക്കാട് ജില്ലയിലെ പാലക്കാട്, വി.എസ്. അച്യുതാനന്ദന്‍ മത്സരിച്ച മലമ്പുഴ, കൊല്ലം ജില്ലയിലെ ചാത്തന്നൂര്‍, കാസര്‍ക്കോട് ജില്ലയിലെ കാസര്‍ക്കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലാണ് അവര്‍ രണ്ടാം സ്ഥാനത്തെത്തിയത്. ഇതില്‍ മഞ്ചേശ്വരത്തും കാസര്‍ക്കോട്ടും പാലക്കാട്ടും വട്ടിയൂര്‍ക്കാവിലും സി.പി.എം. സ്ഥാനാര്‍ഥികളെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളി. 

ബി.ജെ.പിയുടെ കുതിപ്പില്‍ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടുപോയ സി.പി.എം നേതാക്കളില്‍ എന്‍.എന്‍.കൃഷ്ണദാസും (പാലക്കാട്) ടി.എന്‍. സീമയും (വട്ടിയൂര്‍ക്കാവ്) ഉണ്ട്. 

നേമത്ത് രാജഗോപാല്‍ 67813 വോട്ടാണ് നേടിയത്. ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇതൊരു റെക്കോഡാണ്. മഞ്ചേശ്വരത്ത് 56781 വോട്ട് നേടിയ കെ. സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. കാസര്‍ക്കോട്ട് 56120 വോട്ട് നേടി രണ്ടാം സ്ഥാനത്തെയിയ രവീശ തന്ത്രി കുണ്ടാറാണ് അമ്പതിനായിരം കടന്ന മൂന്നാമന്‍.
അഞ്ച് സീറ്റുകളില്‍ നാല്‍പ്പതിനായിരത്തിലേറെയും പന്ത്രണ്ട് സീറ്റുകളില്‍ മുപ്പതിനായിരത്തിലേറെ വോട്ട് നേടാന്‍ ബി.ജെ.പി.ക്ക് കഴിഞ്ഞു. മലമ്പുഴയില്‍ വി.എസ്. അച്യുതാനന്ദനെ എതിരിട്ട സി.കൃഷ്ണകുമാര്‍ (46,157) പാലക്കാട്ട് ശോഭ സുരേന്ദ്രന്‍ (40,076), ചെങ്ങന്നൂരില്‍ മത്സരിച്ച അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള (42,489), വട്ടിയൂര്‍ക്കാവില്‍ മത്സരിക്കുന്ന സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ (43,700) കഴക്കൂട്ടത്ത് മുന്‍ സംസ്ഥാനാധ്യക്ഷന്‍ വി.മുരളീധരന്‍ (42,732) എന്നിവരാണ് നാല്‍പ്പതിനായിരത്തിലേറെ വോട്ട് നേടിയ മറ്റ് സ്ഥാനാര്‍ഥികള്‍. 

കഴിഞ്ഞ തവണ പാലക്കാട്ട് സി. ഉദയഭാസ്‌ക്കര്‍ 22,273 വോട്ടും ചെങ്ങന്നൂരില്‍ ബി.രാധാകൃഷ്ണ മേനോന്‍ 6057 വോട്ടും വട്ടിയൂര്‍ക്കാവില്‍ വി.വി.രാജേഷ് 13,454 വോട്ടും അഡ്വ. പത്മകുമാര്‍ 7497 വോട്ടും മാത്രമായിരുന്നു നേടിയിരുന്നത്.
കഴിഞ്ഞ തവണ 5965 വോട്ട് നേടിയ നെടുമങ്ങാട്ട് ഇക്കുറി വി.വി.രാജേഷ് 35139 വോട്ടും കഴിഞ്ഞ തവണ ബി.കെ.ശേഖര്‍ 11,503 വോട്ട് നേടിയ
തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ക്രിക്കറ്റ് താരം എസ്.ശ്രീശാന്ത് 34764 വോട്ടും കഴിഞ്ഞ തവണ എസ്.സുരേഷ് 10,301 വോട്ട് നേടിയ പാറശ്ശാലയില്‍ ഇക്കുറി കരമന ജയന്‍ 33028 വോട്ടും കഴിഞ്ഞ തവണ പി.കെ.കൃഷ്ണദാസ് 22,494 വോട്ട് നേടിയ കാട്ടാക്കടയില്‍ ഇക്കുറി അദ്ദേഹം തന്നെ 38,700 വോട്ടും നേടി.

തിരുവനന്തപുരത്തിനും കാസര്‍ക്കോടിനും പുറത്ത് ഏതെങ്കിലും ഒരു ജില്ലയില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മുപ്പതിനായിരത്തിലേറെ വോട്ട് നേടുന്നതും ഇതാദ്യമായാണ്. ഇക്കുറി കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലായി എട്ട് സീറ്റുകളില്‍ ബി.ജെ.പി. സ്ഥാനാര്‍ഥികളുടെ വോട്ട് മുപ്പതിനായിരം കടന്നു.

കഴിഞ്ഞ തവണ അഡ്വ. കിഴക്കേനല സുധാകരന്‍ 3824 വോട്ട് മാത്രം നേടിയ കൊല്ലം ചാത്തന്നൂരില്‍ ഇക്കുറി ബി.ഗോപകുമാര്‍ 33,199 വോട്ട് നേടിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
ആറന്മുളയില്‍ കഴിഞ്ഞ തവണ കഴിഞ്ഞ തവണ അഡ്വ. കെ.ഹരിദാസിന്റെ  വോട്ട് 1
0,214 മാത്രമായിരുന്നെങ്കില്‍ ഇക്കുറി എം.ടി.രമേശ് നേടിയത് 37906 വോട്ടാണ്. സംവരണ മണ്ഡലമായ മാവേലിക്കരയില്‍ കഴിഞ്ഞ തവണ എസ്.ഗിരിജ 4984 വോട്ടാണ് നേടിയതെങ്കില്‍ ഇക്കുറി മുതിര്‍ന്ന നേതാവ് പി.എം. വേലായുധന്‍ 30929 വോട്ട് നേടി.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിയാണ് ബി.ജെ.പി. അപ്രതീക്ഷിതമായ മുന്നേറ്റം നടത്തിയ മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ഥി രാജമോഹന്‍ 8021 സീറ്റാണ് നേടിയതെങ്കില്‍ ഇക്കുറി വി.എന്‍. മനോജ് നേടിയത് 31411 വോട്ടാണ്.

തൃശൂരാണ് ബി.ജെ.പി. വലിയ മുന്നേറ്റം നടത്തിയ മറ്റൊരു ജില്ല. ഇവിടെ പുതുക്കാട്, ഇരിങ്ങാലക്കുട, മണലൂര്‍ മണ്ഡലങ്ങളില്‍ മുപ്പതിനായിരത്തിലേറെ വോട്ട് നേടാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. കഴിഞ്ഞ തവണ പാര്‍ട്ടി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ 14425 വോട്ടാണ് നേടിയതെങ്കില്‍ ഇക്കുറി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് 35,833 വോട്ട് നേടി. ഏറെ നേരം യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പിന്തള്ളി രണ്ടാം സ്ഥാനത്ത് നില്‍ക്കാനും നാഗേഷിന് കഴിഞ്ഞിരുന്നു.

കഴിഞ്ഞ തവണ താമര ചിഹ്‌നത്തില്‍ മത്സരിച്ച് കെ.സി.വേണു മാസ്റ്റര്‍ 6669 വോട്ട് നേടിയ ഇരിങ്ങാലക്കുടയില്‍ ഇക്കുറി പാര്‍ട്ടി സ്ഥാനാര്‍ഥിയായ സന്തോഷ് ചെറാക്കുളം 30,420 വോട്ടാണ് നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി.എം. ഗോപിനാഥ് 10,539 വോട്ട് നേടിയ മണലൂരില്‍ ഇക്കുറി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ നേടിയത് 37,680 വോട്ടാണ്.

കോഴിക്കോട് ജില്ലയിലെ കുന്ദമംഗലമാണ് ബി.ജെ.പി. വമ്പന്‍ കുതിപ്പ് നടത്തിയ മറ്റൊരു മണ്ഡലം. കഴിഞ്ഞ തവണ 17,086 വോട്ട് നേടിയ സി.കെ.പത്മനാഭന്‍ ഇക്കുറി തന്റെ വോട്ട് 32,702 ആക്കി ഉയര്‍ത്തി. ഇരട്ടിയുടെ അടുത്ത് വോട്ട് വര്‍ധന.

കാസര്‍ക്കോട് ജില്ലയിലെ ഉദുമ (കെ.ശ്രീകാന്ത്21231. കഴിഞ്ഞ തവണ 13056), കണ്ണൂരിലെ കൂത്തുപറമ്പ് (സി.സദാനന്ദന്‍ മാസ്റ്റര്‍20787, കഴിഞ്ഞ തവണ 11831), മട്ടന്നൂര്‍ (ബിജു എളക്കുഴി18620. കഴിഞ്ഞ തവണ 8689), കോഴിക്കോട് നോര്‍ത്ത് (കെ.പി.ശ്രീശന്‍29,860. കഴിഞ്ഞ തവണ 9874), എലത്തൂര്‍ (വി.വി.രാജന്‍29070. കഴിഞ്ഞ തവണ 11859), ബേപ്പൂര്‍ (കെ.പി.പ്രകാശ്ബാബു27,958. കഴിഞ്ഞ തവണ 11031) ഒറ്റപ്പാലം (പി.വേണുഗോപാല്‍27605. കഴിഞ്ഞ തവണ 9622), കൊങ്ങാട് (രേണു സുരേഷ്23800. കഴിഞ്ഞ തവണ 8454), നെന്മാറ (എന്‍.ശിവരാജന്‍23096. കഴിഞ്ഞ തവണ 9114), ആലത്തൂര്‍ (എം.പി.ശ്രീകുമാര്‍ മാസ്റ്റര്‍19610. കഴിഞ്ഞ തവണ 5458), തൃശൂര്‍ ജില്ലയിലെ ചേലക്കര (ഷാജുമോന്‍ വട്ടേക്കാട്23845. കഴിഞ്ഞ തവണ 7050), കുന്ദംകുളം (കെ.കെ.അനീഷ്‌കുമാര്‍29325. കഴിഞ്ഞ തവണ 11723), ഗുരുവായൂര്‍ (നിവേദിത25490. കഴിഞ്ഞ തവണ 4199), വടക്കാഞ്ചേരി (ഉല്ലാസ് ബാബു26436. കഴിഞ്ഞ തവണ 7440), തൃശൂര്‍ (ബി.രാധാകൃഷ്ണ മേനോന്‍24748. കഴിഞ്ഞ തവണ 6683), കോട്ടയം ജില്ലയിലെ പാല (എന്‍.ഹരി24821. കഴിഞ്ഞ തവണ 6349), ചങ്ങനാശ്ശേരി (ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍21455. കഴിഞ്ഞ തവണ 3376), പത്തനംതിട്ട ജില്ലയിലെ അടൂര്‍ (പി.സുധീര്‍25,940. കഴിഞ്ഞ തവണ 6194), കൊല്ലം ജില്ലയിലെ കുണ്ടറ (എം.എസ്.ശ്യാംകുമാര്‍20,257. കഴിഞ്ഞ തവണ 5979), തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങല്‍ (രാജി പ്രസാദ്27,602. കഴിഞ്ഞ തവണ 4840), അരുവിക്കര (രാജസേനന്‍20294. കഴിഞ്ഞ തവണ 7688) എന്നീ മണ്ഡലങ്ങളിലും മികച്ച പ്രകടനമാണ് ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ കാഴ്ചവച്ചത്.

കഴിഞ്ഞ തവണ 6.03 ശതമാനം വോട്ടാണ് ബി.ജെ.പി. നേടിയതെങ്കില്‍ അത് ഇക്കുറി 10.6 ശതമാനമായി ഉയര്‍ന്നു. സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് നാല് ശതമാനം വോട്ട് നേടിയിരുന്നു. ഇത് കൂടി ചേര്‍ത്താല്‍ മൊത്തം പതിനാല് ശതമാനത്തിലേറെയായി എന്‍.ഡി.എയുടെ വോട്ട്‌വിഹിതം.

ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട്‌വിഹിതമാണ് ബി.ജെ.പി. ഇക്കുറി നേടിയത്. 2006ല്‍ നേടിയ 4.75 ശതമാനമായിരുന്നു ഇതുവരെ ഏറ്റവും ഉയര്‍ന്ന വോട്ട് ശതമാനം. ഇതിന്റെ ഇരട്ടി വോട്ടാണ് ഇക്കുറി അവര്‍ നേടിയത്.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ഇതുവരെയുള്ള ബി.ജെ.പി.യുടെ വോട്ട്‌വിഹിതം: 19822.75 ശതമാനം, 19875.56 ശതമാനം, 19914.76 ശതമാനം, 19965.48 ശതമാനം, 20015.02 ശതമാനം, 20064.75 ശതമാനം. 20016.03 ശതമാനം. 
------
യു.ഡി.എഫിന്റെ ഉരുക്കുകോട്ടയായ മലപ്പുറത്ത് തിരിച്ചടികള്‍ക്കിടയിലും ലീഗ് പിടിച്ചുനിന്നു. ലീഗിന് ലഭിച്ച 18 സീറ്റില്‍ 11ഉം മലപ്പുറത്ത് നിന്നാണ്.
താനൂരില്‍ അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പരാജയം മാത്രമാണ് ലീഗിനേറ്റ ആഘാതം. അതേസമയം കഴിഞ്ഞ വര്‍ഷം വന്‍ഭൂരിപക്ഷത്തില്‍ ജയിച്ച സമാജികരെല്ലാം ഇക്കുറി കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

കടുത്ത മത്സരം നടന്ന തിരൂരങ്ങാടിയില്‍ കഴിഞ്ഞ പ്രവാശ്യം 30,000ത്തിനടുത്ത് ഭൂരിപക്ഷത്തിന് ജയിച്ച അബ്ദുറബ്ബ് 6,043 വോട്ടിന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

തൊട്ടടുത്ത മണ്ഡലമായ താനൂരില്‍ വ്യവസായിയായ വി അബ്ദുറഹ്മാനോട് അബ്ദുറഹ്മാന്‍ രണ്ടത്താണി പരാജയപ്പെട്ടത് ലീഗിന് വന്‍ തിരിച്ചടിയായി. ലീഗല്ലാതെ മറ്റേതൊരു പാര്‍ട്ടിയേയും നിയസഭ കാണിച്ചിട്ടില്ലാത്ത താനൂരില്‍ 4,918നാണ് അബ്ദുറഹ്മാന്‍ വിജയിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ.ടി മുഹമ്മദ്ബഷീറിനോട് പരാജയപ്പെട്ട വി.അബ്ദുറഹ്മാന്‍ ഇത്തവണ രണ്ടും കല്‍പിച്ചാണ് മത്സരത്തിനിറങ്ങിയത്.

കൊണ്ടോട്ടിയില്‍ ടി.വി ഇബ്രാഹിമിലൂടെ ലീഗ് സീറ്റ് നില നിര്‍ത്തി. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി കെ.പി ബീരാന്‍കുട്ടിയെ 10,654 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ടി.വി ഇബ്രാഹിം തോല്‍പിച്ചത്. ഏറനാട് മണ്ഡലത്തില്‍ പി.കെ ബഷീര്‍ ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥി അബ്ദുറഹ്മാനെ 12893 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇവിടെ ബി.ജെ.പി മൂന്നാമതെത്തി.

മലപ്പുറത്തും മഞ്ചേരിയിലും ഭൂരിപക്ഷത്തില്‍  കാര്യമായ കുറവുണ്ടായി. മഞ്ചേരിയില്‍ സിറ്റിങ് എം.എല്‍.എ എം ഉമ്മര്‍ സിപിഐയിലെ കെ മോഹന്‍ദാസിനെ 19,616 വോട്ടിനാണ് തോല്‍പിച്ചത്.
മലപ്പുറത്ത് മുസ്‌ലിംലീഗിലെ പി ഉബൈദുല്ല, സി.പി.എമ്മിലെ കെ പി സുമതിയെ 35,672 വോട്ടിന് തോല്‍പിച്ചു. ബി.ജെ.പി സ്ഥാനാര്‍ത്ഥി ബാദുഷ തങ്ങള്‍ക്ക് 7211 വോട്ട് നേടാനായി.

പെരിന്തല്‍മണ്ണയില്‍ മഞ്ഞളാം കുഴി അലി  579 വോട്ടിനാണ് സി.പി.എമ്മിന്റെ വി. ശശികുമാറിനെ അലി തോല്‍പിച്ചത്.  മങ്കട മണ്ഡലത്തിലും ലീഗിന് സമാന സ്ഥിതിയാണ് നേരിടേണ്ടി വന്നത്. ടി.എ അഹമ്മദ് കബീര്‍ 1508 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മാത്രമാണ് ജയിച്ചു കയറിയത്. 

വേങ്ങരയില്‍ പി കെ കുഞ്ഞാലിക്കുട്ടി  സി.പി.എമ്മിലെ പി.പി ബഷീറിനെ തോല്‍പിച്ചത് 38057 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തിനായിരുന്നു. മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളില്‍ ഏറ്റവും ഭൂരിപക്ഷം കുഞ്ഞാലിക്കുട്ടിക്ക് തന്നെ. കുഞ്ഞാലിക്കുട്ടി 72181 വോട്ട് നേടിയപ്പോള്‍ ബഷീര്‍ 34124 വോട്ട് നേടി.

വള്ളിക്കുന്നില്‍ ഐഎന്‍എല്‍ സ്ഥാനാര്‍ഥി ഒ.കെ തങ്ങളെ 12,610 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ലീഗിലെ പി അബ്ദുല്‍ ഹമീദ് തോല്‍പിച്ചത്. ഇവിടെ ബി.ജെ.പി 22,887 വേട്ട് നേടി. തിരൂരില്‍ സിപിഎം സ്വതന്ത്രന്‍ ഗഫൂര്‍ പി ലില്ലീസ് മുസ്‌ലിംലീഗിലെ സിറ്റിങ് എംഎല്‍എ സി മമ്മൂട്ടിക്ക് കടുത്ത വെല്ലുവിളിയുയയര്‍ത്തി. 7,061 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് മമ്മുട്ടി വിജയിച്ചത്. കോട്ടക്കലില്‍ അബ്ദുസ്സമദ് സമദാനിയുടെ പകരക്കാരനായി എത്തിയ ലീഗ് സ്ഥാനാര്‍ത്ഥി ആബിദ് ഹുസൈന്‍ തങ്ങള്‍ എന്‍.സി.പി സ്ഥാനാര്‍ത്ഥി എന്‍.എ മുഹമ്മദ് കുട്ടിയെ 15,042 വോട്ടിനാണ് തോല്‍പിച്ചത്.

നിലമ്പൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആരാടന്‍ ഷൗക്കത്തിന് പ്രഥമ അങ്കത്തില്‍ തന്നെ പരാജയം. ഇടതു സ്വതന്ത്ര സ്ഥാനാര്‍ത്ഥി പി.വി അന്‍വറിനോടാണ് ആര്യാടന്‍ മുഹമ്മദിന്റെ മകന് തോല്‍വി പിണഞ്ഞത്. 11,504 വോട്ടിന്റെ മികച്ച ലീഡോടെയായിരുന്നു അന്‍വറിന്റെ വിജയം. വണ്ടൂരില്‍ പ്രതീക്ഷിച്ച പോലെ മന്ത്രി എ പി അനില്‍കുമാര്‍ വിജയം നേടി. സിപിഎമ്മിലെ കെ നിഷാന്തിനെ 23,864 വോട്ടാണ് അനില്‍കുമാര്‍ തോല്‍പിച്ചത്.

പൊന്നാനിയിലും തവനൂരിലും  പി ശ്രീരാമകൃഷ്ണനും കെ.ടി ജലീലും ഇത്തവണയും വിജയം ആവര്‍ത്തിച്ചു. തവനൂരില്‍ ജലീല്‍ കോണ്‍ഗ്രസ്സിലെ പി ഇഫ്ത്തിഖറുദ്ദീനെയാണ് തോല്‍പിച്ചത്. 17,064 വോട്ടാണ് ജലീലിന്റെ ഭൂരിപക്ഷം. പി ശ്രീരാമകൃഷ്ണന് കോണ്‍ഗ്രസിലെ അജയ്‌മോഹനെ 15,640 വോട്ടിനാണ് തോല്‍പിച്ചത്. എല്ലായിടത്തും എന്‍.ഡി.എ മൂന്നാമതെത്തി. 
(കടപ്പാട്: മാത്രുഭൂമി, മാധ്യമം) 
Join WhatsApp News
from facebook 2016-05-19 09:58:17
വെള്ളാപ്പിള്ളി യെ BJP വാങ്ങിയത് കറവ പശു യെന്നു കരുതി എന്നാൽ അത് മച്ചി പശു ആയിരുന്നു !!!/2)കോട്ടയത്തെ അഴിമാതികാരായ കോൺഗ്രസ്‌ കാർ ജയിച്ചത്‌ കോൺഗ്രസ്‌ ഐ യുടെയോ കോൺഗ്രസ്‌ എയുടെയോ വോട്ടുകൊണ്ടല്ല മറിച്ചു പള്ളി കോൺഗ്രസ്ഇന്റെ വോട്ട് കൊണ്ടാണ് !!!3)LDF വിജയം - പിണറായി വിജയൻറെ വര്ഗിയതയോടുള്ള നിലപാട് കേരളം അങ്ങികരിച്ചു !!പറയുന്നതെ ചെയ്യു 
ചെയ്യുന്നതേ പറയൂ "അതാണ്‌ പിണറായി 4)മാണി PC ജോർജ് യിൽ നിന്ന് പഠിക്കണം 3 മുന്നണി കളെയും തോല്പിച്ച GEORGE കേമൻ തന്നെ5)ആരൊക്കെ ജയിച്ചാലും ജയിക്കാന്‍ പാടില്ലാത്ത ഒരാളായിരുന്നു പാലായില്‍ കെ എം മാണി. പക്ഷെ കെ എം മാണിയെ ജയിപ്പിച്ചതോടു കൂടി പാലായുടെ പേരുമാറ്റേണ്ട ഗതികേടിലായി ജനങ്ങള്‍. പാലാ ഇനി മുതല്‍ ‘ തിരുട്ടു ഗ്രാമം’ എന്ന പേരില്‍ അറിയപ്പെടും.

എന്നാലും ഇത്രേം മണ്ടന്‍ മാരും ബോധമില്ലാത്തവരുമാണോ പാലായില്‍.....

mallan 2016-05-19 09:25:38
വെള്ളാപ്പള്ളി ചേട്ടാ, കണ്ടൊ ഒരു ഈഴവന്‍ മുഖ്യമന്ത്രി ആകുന്നത്? താങ്കള്‍ പിന്തുണച്ച ബി.ജെ.പി ജയിച്ചിരുന്നുവെങ്കില്‍ ഒരു സവര്‍ണന്‍ മുഖ്യമന്ത്രി ആയേനെ.എത്ര കാലം കഴിഞ്ഞാലും അതേ സംഭവിക്കൂ. 
SchCast 2016-05-20 10:08:12
മല്ലെൻ പറയുന്നതു എത്ര വാസ്തവം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക