Image

മോഡിയുടെ ഉത്തരാഖണ്ഡ് അധിനിവേശ അപജയത്തില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പഠിക്കുമോ?(ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 17 May, 2016
മോഡിയുടെ ഉത്തരാഖണ്ഡ് അധിനിവേശ അപജയത്തില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പഠിക്കുമോ?(ഡല്‍ഹികത്ത് : പി.വി.തോമസ്)
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഉത്തരാഖണ്ഡ് അധിനിവേശം കോടതി ഭാഗീകമായി പിച്ചിചീന്തിയെറിഞ്ഞു. ഹരീഷ് റാവത്തിന്റെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെ ഹൈക്കോടതിയും സുപ്രീം കോടതിയും ഒറ്റക്കെട്ടായി പുനപ്രതിഷ്ഠിച്ചു. ഭാഗികമായി പിച്ചിചീന്തിയെറിഞ്ഞെന്ന് പറയുവാന്‍ കാരണം ഇനി രണ്ട് പ്രധാന വിഷയങ്ങളില്‍ക്കൂടെ സുപ്രീം കോടതി വിധി പറയുവാനുണ്ട് ജൂലൈ പന്ത്രണ്ടിന് ശേഷം. ഒന്ന്, ഉത്തരാഖണ്ഡില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയതിന് എന്ത് ന്യായീകരണം ആണ് ഉള്ളത്? എന്ത് ഭരണഘടന സാധുത ആണ് ഉള്ളത്? രണ്ട് 9 കോണ്‍ഗ്രസ് നിയമസഭാംഗങ്ങളെ കൂറുമാറ്റ വിരുദ്ധചട്ടപ്രകാരം അയോഗ്യരാക്കിയ നിയമസഭാദ്ധ്യക്ഷന്റെ തീരുമാനം ശരിയാണോ? ഇത് രണ്ടും സുപ്രീംകോടതി ഇനി പരിശോധിച്ച് വിധി പറയും. ഈ വിധി സുപ്രധാനമാണ്. മോഡിയും നിയമസഭാദ്ധ്യക്ഷനും വീണ്ടും വിചാരണ ചെയ്യപ്പെടും. ഉത്തരാഖണ്ഡ് ഹൈക്കോടതി 9 കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ ശിക്ഷ ശരിവച്ചതാണ്. അതിന്റെ അടിസ്ഥാനത്തില്‍ അവര്‍ക്ക് വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കുവാനാകില്ലെന്ന് വിധിച്ചതും ആണ് സുപ്രീം കോടതി. അതുകൊണ്ട് അതിന്റെ വിധി ഊഹിക്കാവുന്ന രീതിയിലെ വരുവാന്‍ സാദ്ധ്യതയുള്ളൂ. മാത്രമല്ല ഈ എം.എല്‍.എ.മാര്‍ ബി.ജെ.പി.യില്‍ ചേരുവാന്‍ പോകുന്നുവെന്ന വാര്‍ത്തയും ഉണ്ട്. അതിനും ഉപരി ഹരീഷ് റാവത്ത് പുതിയ അതിനും ഉപരി ഹരീഷ് റാവത്ത് പുതിയ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുവാന്‍ തയ്യാറാവുകയാണെന്നും ശ്രുതി ഉണ്ട്. എങ്കില്‍ ഈ 9 കോണ്‍ഗ്രസ് വിമത എം.എല്‍.എ.മാരുടെ അയോഗ്യത വിഷയം അല്ലാതാകും. എങ്കിലും അതിന്റെ നിയമപരമായ നിജസ്ഥിതി സുപ്രീംകോടതിയില്‍ നിന്നും തന്നെ അറിഞ്ഞാല്‍ നന്ന്. രാഷ്ട്രപതിഭരണം പ്രഖ്യാപിക്കലിന്റെ ഭരണഘടന സാധുത സംബന്ധിച്ച വിധി വളരെ പ്രധാനം ആണ്. അത് കേന്ദ്ര ഗവണ്‍മെന്റിന് എതിരാണെങ്കില്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കുന്ന മോഡി സര്‍ക്കാരിനെതിരെയുള്ള ഒരു വലിയ തിരിച്ചടി ആയിരിക്കും.
ഇപ്പോള്‍ റാവത്ത് ഗവണ്‍മെന്റിന്റെ പുനര്‍നിയമനം നടന്നിരിക്കുന്നത് വിശ്വാസ വോട്ടിലെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ ആണ്. സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിട്ടത് ശരിയോ വിമതകോണ്‍ഗ്രസ് എം.എല്‍.എ.മാരെ അയോഗ്യരാക്കിയത് ശരിയോ എന്ന് സുപ്രീം കോടതി തീരുമാനിക്കുവാന്‍ ഇരിക്കുന്നതേയുള്ളൂവെന്ന് സാരം. പക്ഷേ, സംഭവം ആകെ മൊത്തത്തില്‍ മോഡിക്ക് ക്ഷീണം ആയിപ്പോയി.

ഉത്തരാഖണ്ഡിലെ ഈ ജനാധിപത്യവിധ്വംസന ഏടില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പഠിക്കുമോ? പഠിച്ചിട്ടുണ്ടോ? ഉണ്ടെന്ന് തോന്നുന്നില്ല. വളരെയേറെ പാഠങ്ങള്‍ ഇതില്‍ നിന്നും പഠിക്കുവാന്‍ ഉണ്ട്. ഇതില്‍ മോഡിയുടെയും രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെയും പങ്ക് വിസ്തരിക്കപ്പെടുക തന്നെ ചെയ്യും. ഒപ്പം ഉത്തരാഖണ്ഡ് ഗവര്‍ണ്ണറുടെയും പങ്കും. കേസ് വിസ്താരണവേളയില്‍ സുപ്രീം കോടതി ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ വളരെ പ്രസക്തം ആണ് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ക്കും ഇന്‍ഡ്യയുടെ ഫെഡറല്‍ സംവിധാനത്തിന്റെ നിരീക്ഷകര്‍ക്കും ഇവ ചിന്താര്‍ഹം ആണ്.
ഒന്നാമത്തെ ചോദ്യം: 9 വിമത കോണ്‍ഗ്രസ് എം.എല്‍.എ. മാരുടെ അയോഗ്യത കല്പിക്കല്‍ ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ പുറത്താക്കലിനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിനും മതിയായ കാരണം ആണോ? രണ്ട്, ഏതാനും നിയമസഭ അംഗങ്ങള്‍ ഒരു പാര്‍ട്ടി വിടുന്നതിന്റെ പേരില്‍ ആര്‍ട്ടിക്കിള്‍ 356 ഒരു സംസ്ഥാനത്ത് പ്രയോഗിക്കാമോ? മൂന്ന്, എങ്ങനെയാണ് കേന്ദ്രം  ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ സ്ഥിരത നിശ്ചയിക്കുന്നത്? ഒരു സംസ്ഥാന ഗവണ്‍മെന്റിന്റ സ്ഥിരതയെ കുറിച്ച് കേന്ദ്രത്തിനുള്ള നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ അവിടെ രാഷ്ട്രപതി ഭരണം  ഏര്‍പ്പെടുത്തുവാന്‍ സാധിക്കുമോ? നാല്, ധനബില്‍ നിയമസഭയില്‍ പാസാക്കിയോ ഇല്ലയോ എന്നത് ആരാണ് തീരുമാനിക്കേണ്ടത്? അഥവാ ധനബില്‍ നിയമസഭയില്‍ പാസാക്കിയില്ലെങ്കില്‍ ആ കാരണത്താല്‍ രാഷ്ട്രപതിഭരണം ആ സംസ്ഥാനത്ത് ഏര്‍പ്പെടുത്തണമോ? അഞ്ച്, നിയമസഭയില്‍ ബലാബല പരീക്ഷണത്തിനുള്ള താമസം രാഷ്ട്രപതി ഭരണത്തിനുള്ള തക്കതായ കാരണം ആണോ? ആറ് ഗവര്‍ണ്ണറും സ്പീക്കറും ഭരണഘടനാനുസൃത ഭരണമേധാവികള്‍ ആയിരിക്കവെ ഗവര്‍ണ്ണര്‍ക്ക് സ്പീക്കറോട് നിയമസഭയില്‍ ബലാബല പരീക്ഷണത്തിന് ഉത്തരവ് ഇടുവാനുള്ള അധികാരം ഉണ്ടോ? ഏഴ്, നിയമസഭയിലെ നടപടികളുടെ അടിസ്ഥാനത്തില്‍ കേന്ദ്രമന്ത്രിസഭക്ക് ഒരു സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുവാന്‍ സാധിക്കുമോ?

സുപ്രീം കോടതിയുടെ ഈ ചോദ്യങ്ങള്‍ വളരെ പ്രധാനപ്പെട്ടവയാണ്. സാമാന്യ ബുദ്ധിയുള്ള ആര്‍ക്കും ഇതിന്റെ ഉത്തരം അറിയുകയും ചെയ്യാം. ഒന്ന്, നിയമസഭ അംഗങ്ങളുടെ അയോഗ്യ കല്പനയും രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തലുമായി യാതൊരു ബന്ധവും ഇല്ല. രണ്ട് ചില എം.എല്‍.എ.മാര്‍ അവരുടെ രാഷ്ട്രീയപാര്‍ട്ടി വിടുന്നതും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതുമായി ബന്ധം ഇല്ല. മൂന്ന്, ഒരു സംസ്ഥാന ഗവണ്‍മെന്റിന്റെ സ്ഥിരതയോ അസ്ഥിരതയോ നിശ്ചയിക്കേണ്ടതോ അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കുവാനോ ഉള്ള അധികാരം കേന്ദ്ര ക്യാബിനറ്റിനല്ല. നാല് ഒരു നിയമസഭയില്‍ ഒരു ബില്‍ അത് ധനബില്‍ ആയാലും, പാസായോ ഇല്ലയോ എന്ന് നിശ്ചയിക്കേണ്ടത് സ്പീക്കര്‍ ആണ്. ഗവര്‍ണ്ണറോ കേന്ദ്രക്യാബിനറ്റോ രാഷ്ട്രപതിയോ ടെലിവിഷന്‍ ചാനലിലെ ചര്‍ച്ചക്കാരോ അല്ല. അഞ്ച്, നിയമസഭയിലെ ബലാബല പരീക്ഷണം താമസിച്ചുവെന്ന സാങ്കേതിക കാരണത്തില്‍ കേന്ദ്രത്തിന് ഒരു സംസ്ഥാന ഗവണ്‍മെന്റിനെ പിരിച്ചുവിടുവാനാവുകയില്ല. പ്രത്യേകിച്ചും ബലാബല പരീക്ഷണത്തിന്റെ തലേന്ന്. ഇതാണ് ഉത്തരാഖണ്ഡില്‍ സംഭവിച്ചത്. ആറ് ഗവര്‍ണ്ണര്‍ക്ക് സ്പീക്കറോട് ഏതെങ്കിലും വിഷയത്തില്‍ വോട്ട് വിഭജനത്തിനായി ആജ്ഞാപിക്കുവാന്‍ സാധിക്കുകയില്ല. കാരണം സ്പീക്കറാണ് നിയമസഭയുടെ അധിപന്‍. ഏഴ്, നിയമസഭ നടപടികളുടെ അടിസ്ഥാനത്തില്‍ ഒരു സംസ്ഥാനത്ത് രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തുവാന്‍ കേന്ദ്രക്യാബിനറ്റിന് അധികാരം ഇല്ല. ഇതെല്ലാം ജനാധിപത്യ മര്യാദയാണ്. സംയുക്ത സംസ്ഥാന സഹവര്‍ത്തിച്ച വ്യവസ്ഥിതിയുടെ ആധാരശിലകളാണ്. അതിനെയാണ് ഉത്തരാഖണ്ഡില്‍ മോഡി വിലകുറഞ്ഞ രാഷ്ട്രീയ ലാഭത്തിനായി ലംഘിച്ചത്.

രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ പ്രതിച്ഛായക്ക് ഉത്തരാഖണ്ഡ് സംഭവത്തില്‍ മങ്ങലേറ്റിരിക്കുകയാണ്. അദ്ദേഹം റബ്ബര്‍ സ്റ്റാമ്പ് പദവിയിലേക്ക് സ്വയം ഉയര്‍ന്നിരിക്കുകയാണ്. ഇതുപോലെയുള്ള കേന്ദ്രക്യാബിനറ്റ് തീരുമാനങ്ങള്‍ രാഷ്ട്രപതിമാര്‍ മടക്കിയിട്ടുള്ള ചരിത്രം ഉണ്ട്. ഉദാഹരണമായി രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ ബീഹാര്‍ ഗവണ്‍മെന്റിന്റെ പിരിച്ചു വിടല്‍ സംബന്ധിച്ച് 1998-ല്‍ വാജ്‌പേയി ഗവണ്‍മെന്റ് എടുത്ത തീരുമാനം തിരിച്ചയച്ചത്. ഭരണഘടനപ്രകാരം രാഷ്ട്രപതിയുടെ തീരുമാനം കേന്ദ്രക്യാബിനറ്റ് അനുസരിക്കുവാന്‍ ബാദ്ധ്യസ്ഥമല്ല. തിരിച്ചയച്ച തീരുമാനം ഭേദഗതിയോടെയോ ഭേദഗതിയില്ലാതെയോ വീണ്ടും രാഷ്ട്രപതിക്ക് ക്യാബിനറ്റ് അയച്ചാല്‍ അതില്‍ ഒപ്പിടുവാന്‍ രാഷ്ട്രപതി ബാദ്ധ്യസ്ഥന്‍ ആണ്. ഇങ്ങനെയുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് ഇതിനു മുമ്പ്. പക്ഷേ, പ്രണബ് മുഖര്‍ജി യാതൊരു എതിര്‍പ്പും പ്രകടിപ്പിക്കാതെ ഒരു റബ്ബര്‍ സ്റ്റാമ്പിന്റെ വിധേയത്തോടെ അതില്‍ ഒപ്പിട്ട് തിരിച്ചയച്ചു. അവിടെ അദ്ദേഹത്തിന് പിഴച്ചു. നാളെ ഹിമാചല്‍ പ്രദേശ്, മണിപ്പൂര്‍, ദല്‍ഹി ഗവണ്‍മെന്റുകളെയും മോഡി പിരിച്ചുവിട്ടാല്‍ മുഖര്‍ജി ഇത് തന്നെയല്ലെ ചെയ്യുകയുള്ളൂ? ഭരണഘടനയെയും ഫെഡറലിസത്തെയും സംരക്ഷിക്കേണ്ട രാഷ്ട്രപതിക്ക് എന്തുകൊണ്ട് വീഴ്ചസംഭവിക്കുന്നു? വീണ്ടും കോടതി ഇടപെടേണ്ടിവരുമോ ജനാധിപത്യത്തെ സംരക്ഷിക്കുവാന്‍?
ഉത്തരാഖണ്ഡ് സംഭവം പഴയ കോണ്‍ഗ്രസ് പ്രതാപകാലത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. ഉത്തരാഖണ്ഡിന് രണ്ട് മാസം മുമ്പാണ് അരുണാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് ഗവണ്‍മെന്റിനെയും മോഡി സര്‍ക്കാര്‍ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത്. ബി.ജെ.പി.യും മോഡിയും കോണ്‍ഗ്രസിന്റെ പ്രതാപകാലത്തെ അനുകരിക്കുകയാണോ? അത് നടക്കുകയില്ല. കാരണം ഇന്ന് കോടതിയും മാധ്യമങ്ങളും മറ്റ് ജനാധിപത്യ സ്ഥാപനങ്ങളും വളരെ സജീവം ആണ്, 1953-ല്‍ പൈപ്പ്‌സു ഗവണ്‍മെന്റിനെതിരെ (പാട്ട്യാല, കിഴക്കന്‍ പഞ്ചാബ് ഗവണ്‍മെന്റ്) ആദ്യമായി നെഹ്‌റു ഗവണ്‍മെന്റ് ആര്‍ട്ടിക്കിള്‍ 356 ഉപയോഗിച്ചകാലം അല്ല ഇത്. പിന്നീട് 1959-ല്‍ കേരളത്തിലും അങ്ങനെ 125 ലേറെ സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കും എതിരെ വിവിധ കേന്ദ്ര ഗവണ്‍മെന്റുകല്‍ കക്ഷിഭേദമെന്യെ നിര്‍ദാക്ഷ്യണ്യം ഈ കരിനിയമം പ്രയോഗിച്ചിട്ടുണ്ട്. കോടതികള്‍ എതിരായി ഇടപെട്ടിട്ടും ഉണ്ട് ഒട്ടേറെ കേസുകളില്‍.

പക്ഷേ, അത് ആര്‍ട്ടിക്കിള്‍ 356 നും അധികാര ദുര്‍ന്നടത്തക്കാരായ കേന്ദ്രഗവണ്‍മെന്റിനും മണികെട്ടും? വാജ്‌പേയി ഭരണകാലത്ത് കേന്ദ്ര-സംസ്ഥാന സംഘട്ടന മേഖലകള്‍ പഠിക്കുവാനും പരിഹരിക്കുവാനുമായി ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സില്‍ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 356 (സംസ്ഥാന ഗവണ്‍മെന്റുകളെ പിരിച്ചുവിടുവാന്‍ കേന്ദ്രത്തിന് അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍) ഭരണഘടനയില്‍ നിന്നും എടുത്തുകളയണമെന്ന് ചില സംസ്ഥാന ഗവണ്‍മെന്റുകള്‍ ആവശ്യപ്പെട്ടെങ്കിലും കരുതലോടെ മാത്രമെ. അതിനെ ഉപയോഗിക്കാവൂ എന്ന തീരുമാനത്തിലാണ് അവസാനം എത്തിച്ചേര്‍ന്നത്. ഒട്ടേറെ കരുതല്‍ മാര്‍ഗ്ഗങ്ങള്‍ അന്ന് നിര്‍ദ്ദേശിച്ചിരുന്നു ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തിലുള്ള ആ കൗണ്‍സില്‍. അതായത് ആരോപണ വിധേയമായ സംസ്ഥാന ഗവണ്‍മെന്റിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കണം, അതില്‍ അതിനെതിരെയുള്ള ആരോപണങ്ങള്‍ അക്കമിട്ട് നിര്‍ത്തണം. അതിന്റെ മറുപടി പാര്‍ലിമെന്റ് ചര്‍ച്ച ചെയ്തിട്ട് മാത്രമെ അവസാനമായി രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് ഒരു തീരുമാനം കേന്ദ്രം എടുക്കാവൂ. പക്ഷേ, ഇതൊന്നും പാലിക്കപ്പെടുന്നില്ല എന്നതാണ് സത്യം. ഇവ ജനകീയമായി പാലിക്കപ്പെട്ടാല്‍ ഉത്തരാഖണ്ഡുകള്‍, അരുണാചല്‍ പ്രദേശുകള്‍ സംഭവിക്കുകയില്ല. സഹകരണ സംയുക്ത സംസ്ഥാന വ്യവസ്ഥിതി എന്ന മോഡിയുടെ ആശയം നടപ്പിലാകും. പക്ഷേ, അതിനൊന്നും യാതൊരു സാദ്ധ്യതയും കാണുന്നില്ല തല്‍ക്കാലം. കോടതികള്‍ ഇടപെട്ടാല്‍ മാത്രമെ ജനാധിപത്യം ഇവിടെ പുലരുകയുള്ളൂ എന്ന അവസ്ഥ വന്നിരിക്കുന്നു. ഇതിന് എന്തെങ്കിലും പ്രതിവിധിയുണ്ടോ? ഇതിന് എന്നെങ്കിലും അറുതി ഉണ്ടാകുമോ? സംശയമാണ്.

മോഡിയുടെ ഉത്തരാഖണ്ഡ് അധിനിവേശ അപജയത്തില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും പഠിക്കുമോ?(ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക