Image

നിശ്ചിന്ത അവനെ നശിപ്പിക്കും (ലേഖനം) നൈനാന്‍ മാത്തുള്ള

നൈനാന്‍ മാത്തുള്ള Published on 18 May, 2016
നിശ്ചിന്ത അവനെ നശിപ്പിക്കും (ലേഖനം) നൈനാന്‍ മാത്തുള്ള
ഭാഗം - 1
നാട്ടിലും ഇവിടെ അമേരിക്കയിലും തിരഞ്ഞെടുപ്പു ജ്വരം ഉന്നത ഊഷ്മാവില്‍ സ്ഥിരമായി നില്ക്കുകയാണ്. എങ്കിലും നാട്ടില്‍ രാഷ്ട്രീയമായി പ്രബുദ്ധരായിരുന്ന മലയാളി അമേരിക്കയില്‍ വന്നതിനുശേഷം കാഴ്ചപ്പാടില്‍ കാര്യമായ മാറ്റം ഉണ്ടായതായി കാണുന്നു.

പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും ഇവിടെ എത്തിപ്പെട്ട് നാട്ടില്‍ സ്വപ്നം കാണാന്‍ കഴിയാത്ത സുഖസൗകര്യങ്ങളും ജീവിതനിലവാരവും കൈവന്നു കഴിഞ്ഞപ്പോള്‍ ഇനിയും എന്താണ് വെട്ടിപ്പിടിക്കേണ്ടതെന്നറിയാതെ കുഴങ്ങുന്ന ഒരു സ്ഥിതിവിശേഷം കാണുന്നുണ്ട്.

നാം നല്ല വീടുകളും കാറുകളും വാങ്ങി, നാട്ടിലും നല്ല വീടുകള്‍ പണിയിച്ചു. കുട്ടികള്‍ക്കും സാമാന്യം നല്ല വിദ്യാഭ്യാസം കൊടുത്തു. ഇനിയും എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന അവസ്ഥയാണ് ഇപ്പോള്‍ -നിലാവത്ത് ഇറക്കിവിട്ട കോഴിയുടെ പ്രതീതി.

ഭക്തരായ പലരുടെയും ചിന്ത, ഈശ്വരനാണ് ഇത്രയും ജീവിതസൗകര്യങ്ങള്‍ ലഭിക്കുവാന്‍ കാരണം. അതുകൊണ്ട് ബാക്കി കാര്യങ്ങളും ഈശ്വരന്‍ നോക്കിക്കൊള്ളും എന്നാണ്. അത് ഒരു വിധത്തില്‍ ഈശ്വരനെ പരീക്ഷിക്കുകയാണ്. ഈ ധാരണയില്‍ നിശ്ചിന്തരായി ഇരിക്കുകയാണ് പല  സമൂഹങ്ങളും. തങ്ങളിലേക്കു തന്നെ ഒതുങ്ങി ഇവിടെയുള്ള മറ്റു മലയാളി സമൂഹമായോ ഇവിടുത്തെ ജീവിതത്തിന്റെ കേന്ദ്രധാരയിലേതോ വരാതെ രാഷ്ട്രീയമായി ഒരുതരം നിശ്ചിന്ത അഥവ അലസത മിക്കവരിലും കടന്നു കൂടിയതായി കാണുന്നു. ചുരുക്കം ചിലരെങ്കിലും ഇവിടെ രാഷ്ട്രീയമായി പ്രബുദ്ധരും ഇവിടെ നടക്കുന്ന മാറ്റങ്ങള്‍ സസൂഷ്മം വീക്ഷിക്കുന്നവരുമാണ്.

ആഫ്രിക്കയില്‍ നിന്നും കറുത്തവര്‍ഗ്ഗക്കാരെ ഇവിടെ കൊണ്ടുവന്നത് അടിമകളായിട്ടാണ് എങ്കിലും നാം ഇവിടെ വന്നത് അടിമകളായിട്ടല്ല. നമ്മെ ഇവിടെ കൊണ്ടുവന്നത് ഈ രാജ്യം ഒരിക്കല്‍ കൂടിയാണ്. അടിമകളായി വന്നവര്‍ രാഷ്ട്രീയമായി പ്രബുദ്ധരാവുകയും അവരുടെ അവകാശങ്ങള്‍ സംഘടിതരായി നേടിയെടുക്കുകയും ഇന്ന് അമേരിക്കന്‍ പ്രസിഡന്റ് കസേര വരെ സ്വന്തമായ ചരിത്രമാണ് ഒരു ചലച്ചിത്ര ആവിഷ്‌കാരം പോലെ നമ്മുടെ മുന്‍പില്‍ തെളിഞ്ഞുനില്‍ക്കുന്നത്. അതേ സമയത്ത് ഈ രാജ്യം ഇപ്പോള്‍ ഭരിക്കുന്ന ആംഗളോഡാക്‌സണ്‍സിന് മുന്‍പ് ഇവിടെ കുടിയേറിയ സ്പാനിഷ് വംശജരെ ഇവിടെ ദാസ്യവൃത്തി ചെയ്യിച്ച് ചരിത്രവും നമുക്കു മുന്‍പിലുണ്ട്. ഇതു രണ്ടും കാലത്തിന്റെ ചുവരെഴുത്തുകളായി നമുക്കു ദൃഷ്ടാന്തമായി നില്‍ക്കുന്നു.

പുരാതന ഇസ്രയേലിനെ ദൈവം വാഗ്ദത്തം ചെയ്തതുപോലെ അടിമത്വത്തില്‍ നിന്നും വിടുവിച്ച് മോശയുടെ നേതൃത്വത്തില്‍ കനാനിന്‍ എത്തിച്ചെങ്കിലും ആ രാജ്യം അവര്‍ക്ക് യുദ്ധം ചെയ്ത് കൈവശമാക്കേണ്ടിയിരുന്നു. ഇന്ന് ലോകത്തിലുള്ള ഏതു രാജ്യമെടുത്താലും അവിടെയൊക്കെ ഭരിക്കുന്ന ജനവിഭാഗങ്ങള്‍ മറ്റെവിടെ നിന്നോ അവിടെ കുടിയേറി അധികാരം പിടിച്ചെടുത്തവരാണ് എന്നു കാണാം.

ഈശ്വരന്റെ അഗോചരമായ വിരലുകളാണ് ലോകചരിത്രം കുറിക്കുന്നതെങ്കിലും അവകാശവും അധികാരവും അതിന് അര്‍ഹതപ്പെട്ടവര്‍ക്ക് അഥവ അതിനുവേണ്ടി പോരാടാന്‍ തയ്യാറുള്ളവര്‍ക്കു മാത്രമേ വിഭാഗിച്ചു നല്‍കുകയുള്ളൂ. അതല്ല എങ്കില്‍ ദൈവം നീതിമാനല്ല എന്നു വരുമല്ലോ? ഇന്നുവരെയുള്ള ലോകചരിത്രം പരിശോധിച്ചാല്‍ ഒരു ജാതിക്കും അത് സ്വര്‍ഗ്ഗത്തില്‍ നിന്ന് നൂലില്‍ കെട്ടിയിറക്കിക്കൊടുത്തിട്ടില്ല.

നമ്മെ ഇവിടെ കൊണ്ടുവന്നത് അടിമകളായിട്ടല്ല എങ്കിലും നാം കൈതുറന്ന് അദ്ധ്വാനിക്കുകയും നമുക്ക് അവകാശപ്പെട്ട അധികാരത്തിനും അംഗീകാരത്തിനും വേണ്ടി പോരാടാന്‍ തയ്യാറായാല്‍ ഈശ്വരന്റെ അദൃശമായ കരം നമുക്ക് അനുകൂലമായിരിക്കും. പോരാടുക എന്നു പറയുമ്പോള്‍ പുരാതനകാലത്തെ പോലെ അമ്പും വില്ലും കൊണ്ടുള്ള യുദ്ധമോ മാരകായുദ്ധങ്ങള്‍ കൊണ്ടുള്ള പോരാട്ടമോ അല്ല. ഇന്ന് ഏറ്റവും ഫലവത്തായ ആയുധം സംഘടിത ശക്തിയാണ്-അവകാശങ്ങള്‍ക്കുവേണ്ടി പോരാടുക, അവകാശങ്ങള്‍ ചോദിച്ചുവാങ്ങുക. സൈനിക ശക്തിപോലും സംഘടിത ശക്തിയില്‍ നിന്നും ഉളവയാതാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നു നാം പറയാറുണ്ടല്ലോ
ഇവിടെ സമൂഹത്തിന്റെ നേതൃത്വം ഏറ്റവും പ്രധാനമാണ്. ഇന്നുള്ള മലയാളി സമൂഹം മതപരമായ നേതൃത്വത്തിന്റെ കീഴില്‍ പല തട്ടുകളായി തരിഞ്ഞിരിക്കുന്ന ശോചനീയമായ കാഴ്ചയാണ് എവിടെയും കാണുന്നത്. 

ഓരോ മതസമൂഹവും ജനങ്ങളെ പുറത്തുപോകാതെ മറ്റു മലയാളി സമൂഹമായി സഹകരിക്കുവാന്‍ അനുവദിക്കാതെ വേലികെട്ടി തിരിച്ചിരിക്കുകയാണ്. ആ വേലിക്കുള്ളില്‍ എല്ലാം ലഭ്യമാണെന്ന് വരുത്തിയിരിക്കുന്നു-ആട്ടവും പാട്ടും നൃത്തവും കലാപരിപാടികളും കായിക വിനോദങ്ങളും എന്തിനേരെ പറയുന്നു, റിട്ടയര്‍മെന്റ് ഹോം പോലും ലഭ്യമാണ്. ഓരോ സമൂഹവും തങ്ങളിലേക്കു തന്നെ ഒതുങ്ങിയിരിക്കുന്നു. സ്ഥലജാതി ഭേദമന്യേ നാട്ടില്‍ സഹകരിച്ചിരുന്ന മലയാളിക്ക് ഇവിടെ വന്നപ്പോഴുണ്ടയ മാറ്റം മതമൗലികവാദികളുടെയും സാമുദായിക വര്‍ഗ്ഗീയ ശക്തികളുടെയും സ്വാധീനവലയത്തില്‍ അകപ്പെട്ടതാണ് അതല്ലെങ്കില്‍ സ്വയം ഏല്‍പിച്ചുകൊടുത്തതാണ്. നമുക്ക് ഇവിടെ അര്‍ഹതപ്പെട്ട അവകാശങ്ങള്‍ നേടിയെടുക്കുവാന്‍ മതമൗലികവാദികളുടെയും സാമുദായിക, വര്‍ഗ്ഗീയശക്തികളുടെയും കരവലയത്തില്‍ നിന്ന് ജനം പുറത്തുവരേണ്ടതുണ്ട്.

(തുടരും....)


Join WhatsApp News
Anthappan 2016-05-18 12:25:58

I cannot avoid appreciating Mr. Ninan Matthulla for his well-written article except his god concept he squeezed in here and there.  It is really a wild ride by our Malayalee community is taking by ignoring the opportunity thrown in front of them, in this country.   The millions of organizations and millions of churches are ultimately going to divide the community because these are all built to serve the selfish motives of the organizers.    As the author pointed out, all the malayalees came here with freedom but no courage.  Freedom without courage is useless.  It will only prevent people from integrating with the surrounding community.  Though Malayalees are in America, most of them are isolated.  Integrating with the neighboring community means not to sacrifice the values you cherish but move along with them by shining your values.  Kerala politics is not going to do anything for anyone; not even for your beloveds in Kerala.  It is a cancer of corruption, nepotism, ignorance and crime.   Those who are sucked into it have no way out.  By dropping my criticism, I urge people to read this article because it will provoke your thoughts.  

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക