Image

ഫോളോയിംഗ് (കഥ: കുഞ്ഞൂസ്)

Published on 17 May, 2016
ഫോളോയിംഗ് (കഥ: കുഞ്ഞൂസ്)
ഫോണ്‍ ബെല്ലടിക്കുന്നത് കേട്ട് ഞെട്ടിയുണര്‍ന്ന കോരപ്പന്‍ ക്ലോക്കില്‍ നോക്കിയപ്പോള്‍ പത്തു മണി... !!

"ആരെടാ ഈ കൊച്ചു വെളുപ്പാന്‍ കാലത്ത് , ഒന്നുറങ്ങാന്‍ പോലും സമ്മതിക്കാതെ .... '

പിറുപിറുത്തു കൊണ്ട് ഫോണെടുത്തതും ഒറ്റ ശ്വാസത്തില്‍ ഹലോ, ആരാ, എന്തോ വേണം എന്നൊക്കെ കണ്ണ് തുറക്കാതെ ചോദിച്ചതും , ഇന്ത്യ വിട്ട റോക്കറ്റ് പോലെ വീണ്ടും ഉറക്കത്തിലേക്ക് തലയും കുത്തി വീഴാനായിരുന്നു.

"ആ, കോരപ്പാ, നീ ഇത്തവണത്തെ 'യരലവ' കണ്ടോ...?
"ങേ. ചിരവയോ..., അത് തെയ്യാമ്മയോട് ചോദിക്കണം ..."

"ചിരവയല്ല, യരലവ.... കോരപ്പനു കോപ്പി കിട്ടിയില്ലേ, എന്നായിപ്പ തന്നെ ഒരെണ്ണം അയക്കാം കേട്ടോ...

പിന്നേയ്, കോരപ്പാ, യരലവ ലോകം മുഴോനും വായിക്കണ മാസികയാണേയ് .... കോരപ്പന്‍ ചില കോമഡി ഒക്കെ എയ്തുംന്ന് തെക്കേലെ മാത്തൂട്ടി പറഞ്ഞാരുന്നെ, കോരപ്പന് വേണേല്‍ ഞങ്ങടെ യരലവയിലും എഴുതാന്‍ ചാന്‍സ് തരാം ട്ടാ...'

ഉറക്കം ഓടിപ്പോയ വഴിയിലേക്ക് നോക്കി കണ്ണ് മിഴിച്ചു നിന്ന കോരപ്പന്‍ , ഫോണില്‍ കേട്ട ഡയലോഗ് ഒന്നു കൂടി മനസ്സില്‍ റീവൈന്‍ഡ് ചെയ്തു നോക്കി.

"ഏയ്, ഞാന്‍ അത്രക്കാരനൊന്നും അല്ല മാഷേ... ' തെയ്യാമ്മ എന്നെ തട്ടിക്കളിക്കുന്നത് ഞാന്‍ ഒന്ന് എഴുതിയപ്പോ ഫേസ്ബുക്കില്‍ അതിനു ഇത്രത്തോളം ലൈക്കും ഷെയറും കിട്ടുമെന്ന് ഞാന്‍ കരുതിയതെയില്ലപ്പാ.... ആത്മഗതിക്കുന്നതിനിടയില്‍ മറുപടി തെറ്റാതെ പറഞ്ഞതില്‍ കോരപ്പന്‍ ധൃതംഗ പുളകിതനായി .

"എന്നാ പോട്ടേ, നീ എന്റെ ഭാര്യ ശോശാമ്മ എഴുതണ വായിച്ചിട്ടുണ്ടോടോ, അവളെയ് , ഇംഗ്ലീഷാ....എഴുതണ മുഴോന്‍ ഇംഗ്ലീഷാ .... ആ... നീ അവക്കടെ എഫ് ബീ പേജ് ഒന്ന് നോക്കണം. എന്നു വെച്ച് നീ റിക്വസ്‌റ്റൊന്നും അയക്കാന്‍ നിക്കണ്ട.... ഫ്രണ്ട് ലിസ്റ്റ് ഫുള്ളാ.... "

"ആ, നോക്കാം മാഷേ..." ഒരു മണിക്കൂര്‍ കൂടി ഉറങ്ങാന്‍ കിട്ടും എന്നു മനസ്സില്‍ കണക്കുകൂട്ടുന്നതിനിടയില്‍ ഉറക്കെ കോട്ടുവായിട്ടു കൊണ്ട് കോരപ്പന്‍ അലസമായി പറഞ്ഞു.

"എന്നു വെച്ച് നീ വിഷമിക്കോന്നും വേണ്ടടാ കൊച്ചനേ.... നിനക്ക് അവളെ ഫോളോ ചെയ്യാം.അപ്പൊ എല്ലാം കാണേം കേക്കേം ചെയ്യാം ട്ടാ.... "

'ദേ, നീയിത് കേട്ടോ ദൈവമേ.... ഇവന്റെ ശോശാമ്മെ ഞാന്‍ ഫോളോ ചെയ്‌തോളാന്‍.... ഈശ്വരാ, നീ വലിയവനാ, സത്യമായും വലിയവനാ.... '

ഇപ്പത്താഴെ വീഴും എന്ന പാകത്തില്‍ പുറത്തേക്കു തള്ളി വന്ന കണ്ണിനെ പിടിച്ചു വെക്കാനുള്ള വെപ്രാളത്തില്‍ ഫോണ്‍ കയ്യീന്ന് പോയത് കോരപ്പന്‍ അറിഞ്ഞതേയില്ല.... !!
Join WhatsApp News
suresh 2016-05-25 14:12:06
കോരപ്പനിപ്പ ഭയങ്കര വയലന്റാ.... കട്ടിലിൽ കെട്ടിയിട്ടിരിക്കുവാ..........
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക