Image

ശിശി­ര­ത്തിലെ വസന്തം (ജെയിന്‍ ജോസഫ്)

Published on 15 May, 2016
ശിശി­ര­ത്തിലെ വസന്തം (ജെയിന്‍ ജോസഫ്)
ലഞ്ച് കഴിഞ്ഞ് രണ്ടു മണി­യ്ക്കുള്ള മീറ്റിം­ഗിനു വേണ്ടി­യുള്ള ഒരു­ക്ക­ത്തി­നി­ട­യി­ലാണ് രാജേ­ഷിന്റെ ഫോണ്‍ വന്ന­ത്. രാജേഷും നീലി­മയും ഞങ്ങ­ളുടെ അടുത്ത സുഹൃ­ത്തു­ക്ക­ളാ­ണ്. രാജേഷ് നാട്ടില്‍ എന്റെ അയല്‍വ­ക്ക­മാ­ണ്. അവര്‍ അമേ­രി­ക്ക­യി­ലെ­ത്തി­യിട്ട് രണ്ടു­വര്‍ഷ­മാ­വു­ന്ന­തേ­യു­ള്ളൂ. ""അനി­ലേ­ട്ടാ, അച്ഛന്‍ ഒന്നു വീണു. ബോധം പോയി ഞാന്‍ ഹോസ്പി­റ്റ­ലില്‍ നിന്നാണ് വിളി­ക്കു­ന്ന­ത്.''

രാജേഷ് ഇത്രയും പറഞ്ഞ് പൊട്ടി­ക്ക­ര­ഞ്ഞു. എനിക്കും എന്തു പറ­യണം എന്ന­റി­യാത്ത അവ­സ്ഥ. രാജേ­ഷിന്റെ പേരന്റ്‌സ് കഴിഞ്ഞ മാസ­മാണ് എത്തി­യ­ത്. നീലിമ പ്രഗ്നന്റാണ്. അടു­ത്ത­മാ­സ­മാണ് ഡേറ്റ്. അതിന് സഹാ­യി­ക്കാ­നായി വന്ന­താണ് അച്ഛനും അമ്മ­യും.

രാജേ­ഷിനെ ആശ്വ­സി­പ്പിച്ച് ഞാന്‍ വിവ­ര­ങ്ങള്‍ ചോദി­ച്ച­റി­ഞ്ഞു. വന്ന­പ്പോള്‍ തൊട്ട് നല്ല തണുപ്പും സ്‌നോയു­മാ­യ­തു­കൊണ്ട് അച്ഛ­നു­മ­മ്മയും വീട്ടില്‍ത്ത­ന്നെ­യാ­യി­രു­ന്നു. ഇന്നു­ച്ചയ്ക്ക് കുറച്ചു വെയിലു കണ്ടിട്ട് അച്ഛന്‍ ഒന്ന് നട­ക്കാ­നി­റ­ങ്ങി­യ­താ­ണ്. വീടി­ന­ടുത്ത് തന്നെ സൈഡ്‌വാക്കില്‍ സ്‌നോയില്‍ തെന്നി­വീ­ണു. നെയ്ബ­റാണ് കണ്ട് വിവരം നീലി­മ­യോട് പറ­ഞ്ഞ­ത്. അപ്പോള്‍ത്തന്നെ 911 വിളിച്ച് ഹോസ്പി­റ്റ­ലില്‍ കൊണ്ടു­പോ­യി. ഇപ്പോഴും അബോ­ധാ­വ­സ്ഥ­യി­ലാ­ണ്. തല­ച്ചോ­റില്‍ ക്ലോട്ടു­ണ്ടെന്നും ഉടന്‍ സര്‍ജ­റിക്ക് കയ­റ്റു­മെ­ന്നാണ് രാജേ­ഷിന് മന­സ്സി­ലാ­യ­ത്. പക്ഷെ പ്രശ്‌നം അവി­ടം­കൊണ്ടും തീരു­ന്നി­ല്ല. രാജേഷ് അച്ഛ­നു­മ­മ്മയ്ക്കും ഹെല്‍ത്ത് ഇന്‍ഷു­റന്‍സ് എടു­ത്തി­ട്ടില്ല പോലും. അമേ­രി­ക്ക­യില്‍ വിസി­റ്റിന് വരുന്ന ആള്‍ക്കാര്‍ക്ക് ഇന്‍ഷു­റന്‍സ് എടു­ത്തി­ല്ലെ­ങ്കില്‍ മുഴു­വന്‍ ചിലവും കൈയില്‍ നിന്നു കൊടു­ക്കേണ്ടി വരും. ഇവി­ടത്തെ ആശു­പത്രി ചിലവ് എന്നു പറ­യു­ന്നത് ഭീമ­മായ തുക­യാ­ണ്.

ഉട­നെ­യെ­ത്താ­മെന്ന് പറഞ്ഞ് ഞാന്‍ ഫോണ്‍ വച്ചു. എനിക്കും ഒരു എത്തും­പി­ടിയും കിട്ടു­ന്നി­ല്ല. ഇത്രയും കാലം ഇവിടെ ജീവി­ച്ചിട്ട് ഇതാ­ദ്യത്തെ അനു­ഭ­വ­മാ­ണ്. മാനേ­ജ­രോട് കാര്യം പറ­ഞ്ഞ്, മീറ്റിംഗ് ക്യാന്‍സല്‍ ചെയ്തിട്ട് ഞാന്‍ ഹോസ്പി­റ്റ­ലി­ലേക്ക് തിരി­ച്ചു. മുക്കാല്‍ മണി­ക്കൂര്‍ ഡ്രൈവ് ഉണ്ട്. നീനയെ വിളി­ച്ച­പ്പോള്‍ നീന ഹോസ്പി­റ്റ­ലി­ലാ­ണ്. അച്ഛനെ ആംബു­ലന്‍സില്‍ ഹോസ്പി­റ്റ­ലി­ലേക്ക് കൊണ്ടു­പോയ ഉടന്‍ നീലിമ നീനയെ വിളി­ച്ചു. ആംബു­ലന്‍സില്‍ രോഗി­യ­ല്ലാതെ ആരും കയ­റാന്‍ അവര്‍ അനു­വ­ദി­ക്കി­ല്ല. നീന വന്നാണ് അമ്മ­യെയും നീലി­മ­യെയും ഹോസ്പി­റ്റ­ലി­ലേക്ക് കൊണ്ടു­പോ­യ­ത്. നീലിമ ഇതു­വരെ ഡ്രൈവിംഗ് പഠി­ച്ചി­ട്ടി­ല്ല.

അച്ഛനെ സര്‍ജ­റിക്ക് കയ­റ്റി­യെന്നും വളരെ സീരി­യ­സാ­ണെന്ന് തോന്നുന്നു എന്നും നീന പറ­ഞ്ഞു. ഞങ്ങ­ളുടെ മറ്റ് ഫ്രണ്ട്‌സിനെ വിളിച്ച് വിവരം പറ­യാന്‍ ഞാന്‍ നീന­യോട് പറ­ഞ്ഞു.

എന്നാലും രാജേഷ് എന്താണ് ഇന്‍ഷു­റന്‍സ് എടു­ക്കാ­തി­രു­ന്നത്? ഇനി ഇന്‍ഷു­റന്‍സ് എടു­ക്ക­ണ­മെന്ന് രാജേ­ഷിന് അറി­യി­ല്ലാ­യി­രുന്നോ? അങ്ങി­നെ­യൊരു കാര്യ­ത്തെ­ക്കു­റിച്ച് നേരത്തെ ചോദി­ക്കാ­ഞ്ഞ­തില്‍ എനിക്കും വിഷമം തോന്നി.­

രാ­ജേഷും നീലി­മയും അമേ­രി­ക്ക­യി­ലേക്ക് പ്രൊജക്ട് കിട്ടി വരു­ന്ന­തിനു മുമ്പ് ബാംഗ്ലൂ­രാ­യി­രുന്നു. ആദ്യ­മാ­യി­ട്ടാണ് ഇന്ത്യയ്ക്ക് പുറ­ത്തേക്ക് തന്നെ വരു­ന്ന­ത്. ഇവി­ടുത്തെ ഓരോ കാര്യ­ങ്ങളും ഞാനും നീന­യു­മാണ് അവര്‍ക്ക് പറഞ്ഞ് കൊടു­ത്ത­ത്. എന്തു നിസ്സാ­ര­സം­ശ­യ­മു­ണ്ടെ­ങ്കിലും വിളി­ക്കും.

പ്രെഗ്നന്റാ­യ­പ്പോള്‍ ഗൈന­ക്കോ­ള­ജി­സ്റ്റി­നെ­യൊക്കെ നീന­യാണ് കണ്ടു­പി­ടിച്ച് കൊടു­ത്ത­ത്. ഇവി­ടത്തെ കാര്യ­ങ്ങ­ളൊക്കെ മന­സ്സി­ലാക്കി വരു­ന്ന­തേ­യുള്ളൂ രണ്ടു­പേ­രും.

ഇന്‍ഷു­റന്‍സിന്റെ കാര്യം വിട്ടു­പോ­യി­രി­ക്കും.

പൈന്‍മ­ര­ങ്ങള്‍ ഇരു­വ­ശ­ത്തു­മായി നിറഞ്ഞു നില്‍ക്കുന്ന റോഡി­ലൂടെ ഹോസ്പി­റ്റ­ലിന്റെ പാര്‍ക്കിംഗ് ലോട്ടി­ലേക്ക് ഞാന്‍ എത്തി. ഇട­തു­വ­ശ­ത്തായി ഉള്ള ബില്‍ഡിം­ഗിന്റെ മുമ്പില്‍ എമര്‍ജന്‍സി എന്ന് എഴു­തി­യി­രി­ക്കു­ന്നു. ഞാന്‍ അങ്ങോട്ട് നട­ന്നു. നല്ല തണു­പ്പു­ണ്ട്. പാര്‍ക്കിംഗ് ലോട്ടില്‍ അങ്ങി­ങ്ങായി മഞ്ഞു­കൂ­മ്പാ­ര­ങ്ങള്‍. എമര്‍ജന്‍സി­യുടെ വെയി­റ്റിംഗ് റൂമി­ലാണ് അവ­രൊ­ക്കെ.

""നീനാ, നീലിമ വല്ലതും പറഞ്ഞോ? അവര്‍ ഇന്‍ഷു­റന്‍സ് എടു­ത്തി­ട്ടി­ല്ല.''

അനീ, ആദ്യം സര്‍ജറി കഴി­യ­ട്ടെ. ബാക്കി­യൊക്കെ നമ്മുക്ക് വഴി­യു­ണ്ടാ­ക്കാം.'' നീന ഇങ്ങ­നെ­യാ­ണ്, ചെറിയ കാര്യ­ങ്ങ­ളില്‍ ടെന്‍ഷ­ന­ടി­ക്കും, എന്നാല്‍ ഇതു­പോ­ലെ­യുള്ള പ്രശ്‌ന­ങ്ങ­ളില്‍ എന്നേ­ക്കാളും ധൈര്യവും!

ഞാന്‍ നീന­യുടെ കൂടെ അക­ത്തേക്ക് നട­ന്നു. വെയി­റ്റിംഗ് റൂമില്‍ നീലിമ അമ്മ­യുടെ കൈപി­ടിച്ച് ഇരി­ക്കു­ന്നു. രാജേഷ് അടു­ത്തു­തന്നെ തല കുനി­ച്ചി­രി­ക്കു­ന്നു.

എന്നെ­ക്ക­ണ്ടതും അമ്മയും നീലീ­മയും വിങ്ങി­പ്പൊ­ട്ടി.

""നിങ്ങള്‍ ഇങ്ങനെ വിഷ­മി­ക്കാ­തെ. എല്ലാം ശരി­യാ­വും.''

ഞാന്‍ രാജേ­ഷിനെ കൂട്ടി കുറച്ച് മാറി­യി­രു­ന്നു. ഇന്‍ഷു­റന്‍സ് ഉണ്ടെ­ങ്കിലും ഇല്ലെ­ങ്കിലും ഏറ്റവും നല്ല ചികിത്സ തന്നെ ഡോക്ടര്‍മാര്‍ ചെയ്യും. പണം ഡിസ്ചാര്‍ജ് ചെയ്യു­ന്ന­തിനു മുമ്പ് അട­ച്ചാല്‍ മതി­യ­ത്രേ. ഇന്‍ഷു­റന്‍സിന്റെ കാര്യ­മൊക്കെ രാജേ­ഷി­ന­റി­യാ­മാ­യി­രു­ന്നു. അന്വേ­ഷി­ച്ച­പ്പോള്‍ രണ്ടു­പേര്‍ക്കും കൂടി ഏതാണ്ട് മൂന്നൂറു ഡോള­റോളേം മാസം ആവു­മെ­ന്ന­റി­ഞ്ഞ­പ്പോള്‍ വേണ്ടെന്ന് വച്ച­താ­ണ്. അത്യാ­വശ്യം പനിക്കും മറ്റ­സു­ഖ­ങ്ങള്‍ക്കു­മുള്ള മരു­ന്നു­കള്‍ അവര്‍ നാട്ടില്‍ നിന്ന് കൊണ്ടു­വ­ന്നു. രണ്ടു­പേര്‍ക്കും കാര്യ­മായ അസു­ഖ­ങ്ങ­ളൊ­ന്നു­മി­ല്ല­താ­നും.

മാസം മുന്നൂറ് ഡോളര്‍ എന്നു പറ­യു­ന്നത് ഒരാ­ളു­മാത്രം ജോലി ചെയ്യുന്ന ഒരു കുടും­ബ­ത്തിനെ സംബ­ന്ധി­ച്ചി­ട­ത്തോളം വലിയ തുക തന്നെ­യാ­ണ്. മാസം കിട്ടുന്ന ശമ്പളം ടാക്‌സും, വീട്ടു­വാ­ട­ക­യും, കാറിന്റെ ലോണും, മറ്റു ചില­വു­ക­ളു­മൊക്കെ കഴി­ഞ്ഞാല്‍ പിന്നെ ഒന്നും കാണി­ല്ല. ഇവിടെ ജീവി­ക്കാന്‍ തുട­ങ്ങി­യിട്ട് വര്‍ഷ­ങ്ങള്‍ ഇത്ര­യു­മാ­യിട്ടും ഞങ്ങ­ളുടെ അവ­സ്ഥയും ഇതൊ­ക്കെ­ത­ന്നെ. കൂടി­വ­രുന്ന ജീവി­ത­ച്ചെ­ല­വു­കള്‍. കൈയി­ലു­ള്ള­തെല്ലാം ഇട്ട് ഒരു വീടു­വാങ്ങി അതിന്റെ മോര്‍ട്ട്‌ഗേജും കുട്ടി­ക­ളുടെ ആവ­ശ്യ­ങ്ങളും ഒക്കെ­യായി സേവിംഗ്‌സ് തീരെ കുറച്ച് മാത്രം. അതി­നി­ട­യില്‍ നാട്ടി­ലോട്ട് ഒരു യാത്ര വന്നാല്‍ സേവിംഗ്‌സ് തകിടം മറി­യും. എല്ലാ­വ­രു­ടെയും അവസ്ഥ ഇതൊ­ക്കെ­ത്ത­ന്നെ.

സര്‍ജ­റിക്ക് മുപ്പ­തി­നാ­യിരം ഡോള­റി­ന­ടു­ത്താ­വു­മെ­ന്നാണ് ഹോസ്പി­റ്റ­ലില്‍ നിന്നു കിട്ടിയ എസ്റ്റി­മേ­റ്റ്. ഞാന്‍ രാജേ­ഷിനെ ആശ്വ­സി­പ്പി­ച്ചു. അപ്പോ­ഴേയ്ക്ക് ഞങ്ങ­ളുടെ മറ്റു സുഹൃ­ത്തു­ക്കള്‍ ജേക്കബും മഹേഷും ജോണും എത്തി. ഞാന്‍ അവ­രോട് ഇന്‍ഷു­റന്‍സിന്റെ കാര്യം സംസാ­രി­ച്ചു. ഇത്രയും കാഷ് ഇത്ര­വേഗം സംഘ­ടി­പ്പി­ക്കു­ക­യെ­ന്നത് അത്ര എളു­പ്പ­മല്ല എന്ന് ഞങ്ങള്‍ക്ക­റിയാം എന്തെ­ങ്കിലും വഴി കണ്ടേ തീരൂ.

അധികം താമ­സി­യാതെ ഡോക്ടര്‍ രാജേ­ഷിനെ വിളി­ച്ചു­സം­സാ­രി­ച്ചു. സര്‍ജറി നന്നായി പോയി. ബ്രെയി­നില്‍ ക്ലോട്ടു­ണ്ടാ­യത് നീക്കം ചെയ്തു. ഒരാ­ഴ്ച­യെ­ങ്കിലും കിട­ക്കേ­ണ്ടി­വ­രും. ഞങ്ങള്‍ എല്ലാ­വരും അച്ഛനെ കയ­റി­ക്ക­ണ്ടു. മയ­ക്ക­ത്തി­ലാണ്. ഇന്നിനി എല്ലാ­വരും കൂടി ഇവിടെ നില്‍ക്കണ്ട കാര്യ­മി­ല്ല. അച്ഛ­ന്റെ­യ­ടുത്ത് ആരെയും ഇന്ന് നില്‍ക്കാ­ന­നു­വ­ദി­ക്കി­ല്ല.

ഞാന്‍ നീന­യുടെ കൂടെ നീലി­മ­യെയും അമ്മ­യെയും നിര്‍ബ­ന്ധിച്ച് വീട്ടി­ലേ­ക്ക­യ­ച്ചു.

ഹോസ്പി­റ്റ­ല്‍ അഡ്മി­നി­സ്‌ട്രേ­റ്റര്‍ മഹേ­ഷിനെ വിളി­പ്പി­ച്ചു. ഞാനും കൂടെ ചെന്നു. സര്‍ജ­റിക്കും ഒരാ­ഴ്ചത്തെ താമ­സ­ത്തിനും മരു­ന്നു­കള്‍ക്കു­മെല്ലാം കൂടി­യുള്ള ചില­വു­കള്‍ എഴു­തിയ പേപ്പര്‍ അയാള്‍ ഞങ്ങള്‍ക്ക് തന്നു. നാല്‍പ­ത്തി­ര­ണ്ടാ­യിരം ഡോളര്‍. ആ പേപ്പര്‍ രാജേ­ഷിന്റെ കൈയി­ലി­രുന്ന് വിറ­ച്ചു.

""അ­നി­ലേ­ട്ടാ, എന്റെ അക്കൗ­ണ്ടില്‍ എല്ലാം കൂടി ഒരു മൂവാ­യിരം ഡോളര്‍ കാണും. നീലി­മ­യുടെ ഡെലി­വ­റിക്കും മറ്റു ചില­വു­കള്‍ക്കു­മായി മാറ്റി­വ­ച്ച­താ­ണ്. ഇവിടെ ക്രെഡിറ്റ് ഹിസ്റ്ററി ഇല്ലാതെ ഒരു ലോണ്‍പോലും കിട്ടി­ല്ല­ല്ലോ. നാട്ടില്‍ നിന്ന് എങ്ങ­നെ­യെ­ങ്കിലും സംഘ­ടി­പ്പി­ക്കാം. പക്ഷെ അതിന് കുറച്ച് സമയം വേണ്ടി­വ­രും.''

""രാജേഷ് താനി­ങ്ങനെ വിഷ­മി­ക്കാ­തെ, ഞങ്ങ­ളൊ­ക്കെ­യി­ല്ലേ. ഏതാ­യാലും അച്ഛന്‍ ഓക്കേ­യാ­യ­ല്ലോ. അതു­മ­തി.''

രാജേ­ഷിനെ കൂട്ടി ഞാന്‍ കാന്റീ­നി­ലേക്ക് പോയി. അവിടെ ജോണും, മഹേ­ഷും, ജേക്കബും പിന്നെ ഞ­ങ്ങ­ളുടെ വേറെ കുറച്ചു സുഹൃ­ത്തു­ക്കളും ഉണ്ടാ­യി­രു­ന്നു. ഞങ്ങള്‍ ഭക്ഷണം കഴി­ച്ചു­കൊണ്ട് കാലാ­വ­സ്ഥ­യെ­ക്കു­റിച്ചും, ഹോസ്പി­റ്റല്‍ സൗക­ര്യ­ങ്ങ­ളെ­ക്കു­റിച്ചും സംസാ­രി­ച്ചു. ഒരാ­ഴ്ച­യ്ക്കു­ള്ളില്‍ സംഘ­ടി­പ്പി­ക്കേണ്ട നാല്‍പ­ത്തി­ര­ണ്ടാ­യിരം ഡോള­റി­നെ­ക്കു­റിച്ച് മാത്രം ആരും സംസാ­രി­ച്ചി­ല്ല.

അടുത്ത നാല­ഞ്ചു­ദി­വ­സ­ങ്ങള്‍ കൊണ്ട് അച്ഛന് നല്ല ഇംപ്രൂ­വ്‌മെന്റ് ഉണ്ടാ­യി. ഞങ്ങള്‍ അടുത്ത സുഹൃ­ത്തു­ക്കള്‍ എല്ലാ ദിവ­സവും ഹോസ്പി­റ്റ­ലില്‍ വന്നു­പോ­യി. ഞങ്ങ­ളുടെ ഭാര്യ­മാര്‍ മായയ്ക്കും അമ്മയ്ക്കും റൈഡ് കൊടു­ക്കു­കയും ഭക്ഷ­ണ­മു­ണ്ടാക്കി അവര്‍ക്കെ­ത്തി­ക്കു­കയും ചെയ്തു. ഞങ്ങ­ളുടെ കുട്ടി­കള്‍ അച്ഛ­നു­വേണ്ടി മുട­ങ്ങാതെ പ്രാര്‍ഥി­ക്കു­കയും ''Get will soon'' കാര്‍ഡു­കള്‍ ഉണ്ടാക്കി ഹോസ്പി­റ്റ­ലില്‍ കൊണ്ടു­വ­രി­കയും ചെയ്തു.

അച്ഛനെ ഡിസ്ചാര്‍ജ് ചെയ്യു­ന്ന­തിന് തലേന്ന് നാല്‍പത്തി അയ്യാ­യിരം ഡോളര്‍ ഞങ്ങള്‍ രാജേ­ഷിന് കൈമാ­റി. ഹോസ്പി­റ്റ­ലിലെ ബില്ല­ട­യ്ക്കാനും വരുന്ന ദിവ­സ­ങ്ങ­ളി­ലേ­യ്ക്കുള്ള മരു­ന്നു­കള്‍ക്കു­മൊക്കെ അത് ധാരാളം മതി­യാ­കും.

ഈ നാല്‍പ­ത്തി­യ­യ്യാ­യിരം ഡോള­റില്‍ ഞങ്ങ­ളില്‍ ചില­രുടെ അമേ­രി­ക്കന്‍ ഡ്രീം ഹോമിനു വേണ്ടി­യുള്ള സമ്പാ­ദ്യ­മു­ണ്ട്, കുട്ടി­ക­ളുടെ യൂണി­വേ­ഴ്‌സിറ്റി ഫീസി­നു­വേണ്ടി കരു­തി­യ­തു­ണ്ട്, ഇഷ്ട­പ്പെട്ട കാറി­നു­വേണ്ടി മാറ്റി­വ­ച്ച­തു­ണ്ട്, പ്രിയ­പ്പെ­ട്ട­വരെ കാണാന്‍ നാട്ടി­ലേക്ക് പോവാ­നുള്ള ടിക്ക­റ്റി­നായി കര­ു­തിയ തുക­യു­ണ്ട്; അതി­ലെ­ല്ലാ­മു­പരി ഏതു രക്ത­ബ­ന്ധ­ത്തെ­ക്കാളും കരു­ത്തുറ്റ പ്രവാ­സ­ജീ­വി­ത­ത്തിന്റെ തീയില്‍ കുരു­ത്ത, ഈ കൊടും­ത­ണു­പ്പില്‍ തണു­ത്തു­റ­യാത്ത സൗഹൃ­ദ­ത്തിന്റെ ഊഷ്മ­ള­ത­യു­ണ്ട്, നന്മ­യുണ്ട് സ്‌നേഹ­മുണ്ട്!

ശിശി­ര­ത്തിലെ വസന്തം (ജെയിന്‍ ജോസഫ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക