Image

ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

Published on 31 January, 2012
ഉത്തര്‍പ്രദേശ്: കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
ലക്‌നോ: ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി. ന്യൂനപക്ഷ വോട്ടുകളില്‍ കണ്ണുവെച്ച് ഒട്ടേറെ വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ നല്‍കിയിരിക്കുന്നത്. പിന്നോക്കസമുദായത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ മേഖലയിലും ഉപസംവരണം ഏര്‍പ്പെടുത്തുമെന്നും എസ്‌സി, എസ്ടി വിഭാഗക്കാര്‍ക്ക് സൗജന്യ നിയമസഹായം ലഭ്യമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. 

എസ്‌സി, എസ്ടി വിഭാഗങ്ങളില്‍പ്പെട്ട പെണ്‍കുട്ടികളുടെ വിവാഹത്തിന് 10,000 രൂപ നല്‍കും, പഞ്ചായത്തുകളില്‍ 50 ശതമാനം വനിതാ സംവരണം ഉറപ്പാക്കും, വനിതാ പോലീസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും, മീററ്റ്-ഡല്‍ഹി ദേശീയപാത ലോകനിലവാരത്തിലേക്ക് ഉയര്‍ത്തും, സംസ്ഥാനത്ത് മൂന്ന് പുതിയ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ സ്ഥാപിക്കും, കര്‍ഷകര്‍ക്ക് വൈദ്യുതി ഉറപ്പാക്കുന്നതിനായി പ്രത്യേക വൈദ്യുതി ഗ്രിഡ് സ്ഥാപിക്കും, അമുല്‍ മാതൃകയില്‍ ഡയറി മിഷന്‍ സ്ഥാപിക്കും, കര്‍ഷകര്‍ക്ക് ആറു ശതമാനം പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.

സംസ്ഥാനത്തെ അഴിമതിരഹിത സംസ്ഥാനമാക്കുമെന്നും പ്രകടനപത്രികയില്‍ പറയുന്നു. മുഖ്യമന്ത്രിയെ ലോകായുക്തയുടെ പരിധിയില്‍ കൊണ്ടുവരും, വിദ്യഭ്യാസ മേഖലയെ പരിപോഷിപ്പിക്കാനായി ഒരുലക്ഷം അധ്യാപക തസ്തികകള്‍ സൃഷ്ടിക്കും, എല്ലാ ഗ്രാമങ്ങളിലും സ്‌കൂളുകള്‍ സ്ഥാപിക്കും എന്നിവയാണ് മറ്റു പ്രധാന വാഗ്ദാനങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക