Image

ആണ്‍ സുഹൃത്തുകളോട് ചിലത് പറയാനുണ്ട്...

Published on 11 May, 2016
ആണ്‍ സുഹൃത്തുകളോട് ചിലത് പറയാനുണ്ട്...
പ്രിയ ആണ്‍ സുഹൃത്തുക്കളെ,

നിങ്ങള്‍ക്കറിയുന്ന ചില കാര്യങ്ങള്‍ തന്നെയാണു പറയാനുള്ളത്, പക്ഷേ ഞങ്ങള്‍ അനുഭവിയ്ക്കുന്ന അത്ര ആഴത്തില്‍ നിങ്ങള്‍ക്കത് തോന്നിയിട്ടുണ്ടോ എന്നുള്ളത് സംശയമാണ്. പലപ്പോഴും പല അഭിപ്രായങ്ങളിലും നിങ്ങള്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാറുണ്ട്, അത് ഞങ്ങള്‍ക്ക് തീര്‍ച്ചയായും കരുത്തുമാണ്, പക്ഷേ ഞങ്ങളുടെ വൈകാരികത അതേ പോലെ എടുത്തു പറയാന്‍ കുറച്ചു ബുദ്ധിമുട്ട് തന്നെയാണു, എങ്കിലും ജിഷമാര്‍ ആവര്‍ത്തിക്കപ്പെടുമ്പോള്‍ ഇനിയും അതൊന്നും ഏതെങ്കിലും ഭാഷയില്‍ പറയാതെ വയ്യ. ഒരു കാര്യം ആദ്യമേ പറഞ്ഞോട്ടെ, നിങ്ങള്‍ ഞങ്ങള്‍ സ്ത്രീകളെ നോക്കിക്കോളൂ... കാരണം അത്യാവശ്യം വായിനോട്ടമൊക്കെ ഞങ്ങളും ചെയ്യാറുണ്ട്. നല്ല ഭംഗിയുള്ളത് കണ്ടാല്‍ നോക്കാതിരിയ്ക്കാന്‍ കണ്ണില്ലാത്തവര്‍ ഒന്നുമല്ലല്ലോ ആരും. പക്ഷേ ഒന്ന് മനസ്സിലാക്കണം, നിങ്ങളുടെ ഓരോ നോട്ടത്തിന്റെ കണ്ണുകളുടെ സഞ്ചാരത്തിന്റെയും വഴികള്‍ ഞങ്ങള്‍ക്ക് നല്ല നിശ്ചയമുണ്ട്. അതിന്റെ ആഴം അനുസരിച്ചായിരിക്കും അതിന്റെ പ്രതികരണം. വളരെ മാന്യമായ നോട്ടം, സത്യം പറഞ്ഞാല്‍ ഞങ്ങള്‍ സ്ത്രീകളെയും സന്തോഷിപ്പിക്കാറുണ്ട്. അതൊരു എനെര്‍ജിയുമാണ്­. സൗന്ദര്യമില്ലാത്തവരെ പോലും അതുല്ലവരാക്കി തീര്‍ക്കുന്ന അഭിമാനവുമാണതു.

ഞങ്ങളില്‍ ഒരാളെ ഇഷ്ടപ്പെട്ടാല്‍ ധൈര്യമായി അത് അവളോട്­ തുറന്നു പറഞ്ഞോളൂ... ഇഷ്ടമല്ലെങ്കില്‍ നോ പറയും എന്നല്ലാതെ അതില്‍ മറ്റൊന്നുമില്ല.. അത് നോ തന്നെ ആണെങ്കില്‍ പിന്നെ പുറകെ നടപ്പ് കൊണ്ട് പ്രയൊജനവുമില്ലല്ലോ.അതവിടെ അവസാനിപ്പിച്ചു അടുത്ത ആളെ തിരഞ്ഞോളൂ, ഇനി അടങ്ങാത്ത പ്രണയം ഉള്ളിലുണ്ടെങ്കില്‍ കാലം തെറ്റാതെ വരുന്ന ഋതുക്കളില്‍ ഏതെങ്കിലും ഒന്ന് അവളുടെ വരവ് പറയുക തന്നെ ചെയ്യും. കാത്തിരിപ്പ്­ മാത്രമേ അവിടെ ചെയ്യാനുള്ളൂ. ഇനി അതല്ല ഇഷ്ടമാണെങ്കില്‍ നിങ്ങളുടെ ഓരോ വിളിയ്ക്കായും മെസ്സെജിനായും അവള്‍ കാത്തിരിക്കുക തന്നെ ചെയ്യുകയും ചെയ്യും. ഇഷ്ടമുള്ളവന്‍ ശരീരത്തില്‍ തൊടുമ്പോള്‍ അവളുടെ ഓരോ അണുവിലും ഒരു പൂവ് വിടരും... സ്വയം സുഗന്ധം പരത്തുന്ന പൂവ്...

പക്ഷേ ഇഷ്ടമില്ലാതെ ഒരുവന്‍ തോടുമ്പോഴോ..., ശരീരം കത്തി കാളുന്നത് പോലെ തോന്നും..ഒരു ഭീകര യക്ഷി സിനിമ കണ്ട പോലെ ആ നിസ്സാരമായ ഒരു തൊടല്‍ പോലും ഓര്‍ത്ത് പിന്നെയും പല ദിവസങ്ങളിലും ഭയക്കും. ഒന്നും അത്ര നിസ്സാരമല്ല...

ബസുകള്‍ക്കുള്ളിലെ സ്പര്‍ശനങ്ങളെ കുറിച്ച് പലതവണ പലരും പറഞ്ഞു വച്ചിട്ടുള്ളത് തന്നെയാണു. എന്നാല്‍ അത്തരം കഥകള്‍ പറഞ്ഞാല്‍ തീരുന്നതേയല്ല എന്നതാണു സത്യം. കെ എസ് ആര്‍ ടി സി ബസിനുള്ളില്‍ ഒരു കാലത്ത് കയറാന്‍ മടിച്ച ഒരു തലമുറയുണ്ടായിരുന്നു. ഇന്നിപ്പോള്‍ അതിന്റെ അവസ്ഥകളില്‍ വലിയ വ്യത്യാസം ഒന്നും വന്നിട്ടില്ലെങ്കിലും ഇല്ലാതായിട്ടില്ല. പുറകിലൂടെ കയ്യിട്ടു മാറിലും പുറകിലും പിടിയ്ക്കാന്‍ വെമ്പുന്ന ഒരു സമൂഹം, അവരെ ആണായി കാണുവാന്‍ കഴിഞ്ഞിട്ടില്ലാ എന്നതാണ് സത്യം. ഒരു പുഴു ഇഴയുന്നത്­ പോലെ അത്രയും പെരുത്ത്­ കയറുന്ന ശരീരം ഇടയ്ക്കിടെ വെട്ടി വിറയ്ക്കും. അത്തരം അവസ്ഥയില്‍ ഒരുവള്‍ ബലാത്സംഗം ചെയ്യപ്പെടുന്ന അവസ്ഥയെ കുറിച്ച് ഒന്നാലോചിച്ചു നോക്കൂ..

ഒരു ഭയപ്പെടുത്തുന്ന സര്‍പ്പം നിങ്ങളുടെ പുറത്തിഴയുന്നത് ആലോചിക്കാമോ ... അതിലും എത്രയോ ഭയപ്പെടുത്തുന്നതും വേദനിപ്പിയ്ക്കുന്നതുമാണ് ഇഷ്ടമില്ലാത്ത ഒരാളാല്‍ ശരീരം കീഴടക്കപ്പെടുന്നത്...
എത്രമാത്രം നിസ്സഹായമാണു അപ്പോള്‍ ഞങ്ങളുടെ മനസ്സെന്നോ...
അവനവന്റെ ശരീരത്തിന് മുകളില്‍ വരെ നിസ്സഹായാമായി നോക്കി നില്‌ക്കേണ്ട അവസ്ഥ നിങ്ങള്‍ക്ക് ഊഹിക്കാമോ...

ഒരു മുറിവ് പറ്റുന്ന പോലെ എന്നൊക്കെ ആലങ്കാരികമായി പറഞ്ഞാലും പ്രണയമില്ലാതെയുള്ള കീഴ്‌പ്പെടുത്തല്‍ മരണത്തിനു സമമാണ്.. ചാരിത്യ്ര ശുദ്ധിയോ, സാമൂഹിക സദാചാര ബോധമോ ഒന്നും കൊണ്ടല്ല, പക്ഷേ ഞങ്ങളുടെ ശരീരം അത് ഞങ്ങളുടെതാണ്, അതില്‍ അവകാശവും ഞങ്ങള്‍ക്കാണ് എന്നുള്ളതുകൊണ്ട്. ഓരോരുത്തര്‍ക്കും അതങ്ങനെ തന്നെയാണ്. നിങ്ങളുടെ അധികാരപ്പെടുത്തല്‍ ഇല്ലാതെ ഒരുവന്‍ യാതൊരു മുന്‍ വൈരാഗ്യങ്ങളുമില്ലാതെ പരുക്കേല്‍പ്പിയ്ക്കാന്‍ വരുന്ന അവസ്ഥയില്‍ എന്താണു നിങ്ങള്‍ ചെയ്യുക? അവനു കിടന്നു കൊടുക്കുമോ? അതോ എതിര്ക്കാന്‍ നോക്കുമോ? ഒരു കൈ വെട്ടുമ്പോള്‍ മറ്റേ കൈ കാട്ടി കൊടുക്കാന്‍ മഹാത്മാ ഗാന്ധിയാകാനൊന്നും ആര്‍ക്കും കഴിയില്ല, കാരണം മനുഷ്യന്റെ അടിസ്ഥാന പ്രശ്‌നങ്ങളില്‍ ഒന്ന് കൊടും വേദനയാണ്. ആ വേദന ഇല്ലായ്മയ്ക്ക് വേണ്ടി മനുഷ്യന്‍ എന്തും ചെയ്യും. അപ്പോള്‍ അപരിചിതനായ ഔ പുരുഷനാല്‍ കീഴടക്കപ്പെടെണ്ടി വരുന്ന ഒരു പെണ്ണുടലിന്റെ വേദന ഊഹിക്കാം നിങ്ങള്‍ക്ക്. പക്ഷേ അത് ഊഹിക്കപ്പെടുന്നതിനേക്കാള്‍ ഭീകരമാണ്. വെറുമൊരു മുറിവ് മാത്രമല്ല ആ ഭേദ്യം , ഞങ്ങളുടെ ആത്മാവിനേല്‍ക്കുന്ന ഭീകരമായ ചൊരയൊഴുകലാണു. ശരീരം മുറിഞ്ഞാല്‍ തുന്നിക്കെട്ടാം, പക്ഷേ തുന്നിക്കെട്ടാന്‍ ആകാത്ത ഞങ്ങളുടെ സ്ത്രീത്വമോ?

എന്നാല്‍ മുന്നിലുള്ള എല്ലാ പുരുഷനും അങ്ങനെയാണെന്ന് കരുതാന്‍ തക്ക മണ്ടത്തരം ഒന്നും ഞങ്ങള്‍ക്കാര്‍ക്കുമില്ല... ഏറ്റവുമധികം നല്ല സൌഹൃദങ്ങള്‍ പങ്കു വയ്ക്കപ്പെടുന്നതും വിശ്വസിയ്ക്കാന്‍ കൊള്ളാവുന്നതും എന്ന് തോന്നിയിട്ടുള്ളതും പുരുഷന്‍ തന്നെയാണു... പ്രണയിക്കാനും പുരുഷന്‍ തന്നെ വേണം... കൂടെ കിടക്കാനും ഒപ്പം നടക്കാനും അവന്‍ തന്നെയാകുന്നതാണിഷ്ടം. സ്വപ്നത്തില്‍ പോലും കാണാന്‍ ആ മുഖമാണ് ആഗ്രഹം.

പക്ഷേ ചിലര്‍.... ആ ചിലര്‍ എത്രയോ ചുരുക്കമായിരിക്കാം... പക്ഷേ ആ ചിലതുകള്‍ ഞങ്ങളെ ഭയപ്പെടുത്തുന്നുണ്ട്...

പെണ്ണിന്റെ ഭയമാണോ സ്‌നേഹമാണോ വലുത് എന്ന ചോദ്യത്തിന് സ്വയം ഉത്തരം കണ്ടെത്തണം.. കാരണം ഭയത്തില്‍ സ്‌നേഹമില്ല... വെറുപ്പും അറപ്പും മാത്രമേ ഉണ്ടാകൂ... അങ്ങനെ ജീവിക്കുന്നതെന്തിനു എന്ന ചോദ്യവും സ്വയം ചോദിക്കപ്പെട്ടെ ഈ ചിലര്‍...
ആണ്‍ സുഹൃത്തുകളോട് ചിലത് പറയാനുണ്ട്...
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക