Image

നേട്ടങ്ങളും കോട്ടങ്ങളും നെഞ്ചിലേറ്റിയ ദളിതരുടെ സാമൂഹിക മാറ്റങ്ങള്‍ ( ദളിതരുടെ ചരിത്രം, ഒരു പഠനം (­12: ജോസഫ് പടന്നമാക്കല്‍)

Published on 11 May, 2016
നേട്ടങ്ങളും കോട്ടങ്ങളും നെഞ്ചിലേറ്റിയ ദളിതരുടെ സാമൂഹിക മാറ്റങ്ങള്‍ ( ദളിതരുടെ ചരിത്രം, ഒരു പഠനം (­12: ജോസഫ് പടന്നമാക്കല്‍)
ബ്രാഹ്മണ സൃഷ്ടിയുടെ വര്‍ണ്ണാശ്രമ ധര്‍മ്മമാരംഭിക്കുന്നത് ഋഗ് വേദത്തില്‍നിന്നുമാണ്. ജനനം കൊണ്ടുള്ള ഒരുവന്റെ വര്‍ണ്ണ ചരിത്രത്തിന്റെ തുടക്കം വേദകാലമായ ബി .സി 1500­നും 1100­നും മദ്ധ്യേയുള്ള കാലഘട്ടങ്ങളിലാണെന്നും കാണാം. ദൈവങ്ങള്‍ പുരുഷനെ കഷണം കഷണങ്ങളായി മുറിച്ചപ്പോള്‍ ബ്രാഹ്മണര്‍ അവന്റെ വായില്‍ നിന്നും ക്ഷത്രിയര്‍ കൈകളില്‍നിന്നും വൈശ്യര്‍ തുടകളില്‍ നിന്നും ശൂദ്രര്‍ പാദങ്ങളില്‍ നിന്നും പൊട്ടിമുളച്ചു. പുരുഷ സൂക്തത്തില്‍ പത്താം ഭാഗത്തില്‍ പത്തൊമ്പതാം ശ്ലോകമായി ഇത് പ്രപഞ്ചത്തിന്റെ ആരംഭമായി വിവരിച്ചിരിക്കുന്നു.

പന്ത്രണ്ടാം നൂറ്റാണ്ടില്‍ രചിച്ച തമിഴിലെ 'പെരിയ പുരാണത്തില്‍' തൊട്ടുകൂടാ ജാതിയിലെ നയനാറെന്നു പേരുള്ള പുലയ കവിയെപ്പറ്റി പരാമര്‍ശിക്കുന്നുണ്ട്. ദൈവത്തെ ആരാധിക്കാനുള്ള ആവേശത്തില്‍ അമ്പലത്തിലെ സംഗീതോപകരണങ്ങളും ചെണ്ടകള്‍ക്കുള്ള ലതറും ചരടുകളും കവിയായ 'നയനാര്‍' നിര്‍മ്മിച്ചിരുന്നതായി പുരാണം പറയുന്നു. ശിവഭക്തനായിരുന്നെങ്കിലും ജനനം കൊണ്ട് താണ ജാതിയില്‍ ജനിച്ചതിനാല്‍ അമ്പലത്തില്‍ പ്രവേശിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അമ്പലത്തിനുള്ളില്‍ ശിവനെ തൊഴാന്‍ തീക്ഷ്ണമായ ആഗ്രഹമുണ്ടായിരുന്ന അദ്ദേഹം അവിടേയക്കുള്ള യാത്ര നിത്യവും മാറ്റി വെച്ചിരുന്നതുകൊണ്ട് 'തിരുനാളൈ പോവര്‍' (നാളെ അമ്പലത്തില്‍ പോകുന്നവന്‍ ) എന്നുമറിയപ്പെടുന്നു. ഒരിക്കലദ്ദേഹം ധൈര്യം കാട്ടി ചിതമ്പരത്തിലെ അമ്പലവാതില്‍ക്കല്‍വരെയെത്തി. ഒരു ദളിതന്‍ ആദ്യമായി അമ്പലത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതും അന്നായിരുന്നു. ദളിതര്‍ അമ്പലത്തിന്റെ സമീപത്ത് വരുന്നത് കുറ്റകരവുമായിരുന്നു. അങ്ങനെ സംഭവിച്ചാല്‍ വിചാരണ കൂടാതെ ബ്രാഹ്മണര്‍ക്ക് ദളിതനെ വധിക്കാനുള്ള അധികാരവുമുണ്ടായിരുന്നു. അന്ന് ദളിതന്റെ ശബ്ദം ആദ്യമായി അമ്പലമുറ്റത്തു മുഴങ്ങി. അവരുടെ സ്വാതന്ത്ര്യത്തിന്റെ ദീപം ആദ്യം കൊളുത്തിയത് കവിയായ നയനാറായിരുന്നു. മഹാന്മാരായ ദളിതരുടെ ചരിത്രത്തില്‍ ആദ്യത്തെ രക്തസാക്ഷിയുമായിരുന്നു. അദ്ദേഹത്തിന്‍റെ ഭക്തി ഗാനങ്ങളില്‍ ബ്രാഹ്മണര്‍ ഭയപ്പെട്ടു. ബ്രാഹ്മണര്‍ അദ്ദേഹത്തെ ജീവനോടെ തീ കൊളുത്തി ചിതയിലിട്ടുകൊന്നു. കവി നയനാരുടെ രക്തസാക്ഷി മണ്ഡപത്തില്‍ നിന്നുള്ള മരണം ദളിതരുടെ വിജയവും സാമൂഹിക മാറ്റങ്ങള്‍ക്കായുള്ള അവരുടെ ചരിത്രത്തിന്റെ തുടക്കവുമായിരുന്നു.

ജാതികളും ജാതിക്കു മീതെ ജാതികളും വീണ്ടും ഉപജാതികളും ഭാരതത്തിലുള്ള എല്ലാ അവര്‍ണ്ണ, വര്‍ണ്ണസമൂഹങ്ങളിലും കാണാം. വിവേചനത്തിന്റെ മാമൂലുകള്‍ക്കുള്ളില്‍ ഞെരിപിരി കൊള്ളുന്ന അവര്‍ണ്ണ ജനവിഭാഗത്തെ തൊട്ടുകൂടാ ജാതികള്‍, അടിച്ചമര്‍ത്തപ്പെട്ടവര്‍, വര്‍ണ്ണാശ്രമത്തിനു പുറത്തുള്ളവര്‍, ദുര്‍ബല വിഭാഗങ്ങള്‍, പട്ടിക ജാതിക്കാര്‍ എന്നിങ്ങനെ അറിയപ്പെടുന്നു. ദളിത നിര്‍വചനത്തിന്റെ ചട്ടക്കൂട്ടിനുള്ളില്‍ ഈ ജാതികളെല്ലാം ഉള്‍പ്പെടുന്നുണ്ട്. ഹൈന്ദവ മതത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്കെതിരെയും തത്ത്വങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ടും ദളിത ലോകം പ്രതികൂലമായും അനുകൂലമായുമുള്ള നിലപാടുകളെടുക്കുന്നതായി കാണാം. മാറ്റത്തിനായി നിലവിലുള്ള ആചാരങ്ങള്‍ക്കെതിരെ ചിന്തിക്കുന്നവരും അവരുള്‍പ്പെട്ട പ്രസ്ഥാനങ്ങളുടെ നേതാക്കളും ഹിന്ദു മതത്തിന്റെ പാരമ്പര്യമായ തൊട്ടു കൂടാ നയങ്ങളെയും വര്‍ണ്ണ വിവേചനത്തെയും സാമൂഹിക സാമ്പത്തിക അസമത്വങ്ങളെയും അശാസ്ത്രീയവും യുക്തി രഹിതവുമായ മത വിശ്വാസങ്ങളെയും കീഴ്‌നടപ്പനുസരിച്ചുള്ള അടിമത്വത്തേയും അവഗണിക്കുന്നുമുണ്ട്. മതത്തിന്റെ മൌലികമായ തത്ത്വങ്ങളില്‍ വിശ്വസിച്ചുകൊണ്ട് അനുകൂലമായി ചിന്തിക്കുകയാണെങ്കില്‍ പുത്തനായ ഒരു സാമൂഹിക വ്യവസ്തക്കുള്ള സമത്വ ഭാവന ഹൈന്ദവ മതത്തിനുള്ളില്‍ ദൃശ്യമായിരിക്കുന്നതും കാണാന്‍ സാധിക്കും. ഹൈന്ദവ മതം സാമൂഹിക നീതിയും സ്വതന്ത്ര ചിന്താഗതികളും മാറ്റങ്ങളില്‍ക്കൂടി അംഗീകരിക്കുന്നു വെന്നും മനസിലാക്കാം. അങ്ങനെ ദളിതരുടെ സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ പുരോഗതിയില്‍ മതവും പങ്കാളിയാകുന്നു. സമൂഹത്തില്‍ ദളിതര്‍ സ്വയം ബഹുമാനിതരാകുന്നതൊപ്പം മനുഷ്യരെല്ലാം ഒന്നുപോലെയെന്ന ഹൈന്ദവ വേദതത്ത്വവും അവിടെ അംഗീകരിക്കുകയാണ്. മാനുഷിക മൂല്യങ്ങളില്‍ അധിഷ്ടിതമായ കറപുരളാത്ത വ്യക്തിത്വവും ദളിത മാറ്റങ്ങളില്‍ക്കൂടി ഹൈന്ദവത്വത്തില്‍ കണ്ടെത്താനും സാധിക്കും. ഗാന്ധിജി വിഭാവന ചെയ്തിരുന്നതും അതേ വേദോപനിഷത്തുകള്‍ തന്നെയായിരുന്നു.

തൊട്ടുകൂടായ്മ എക്കാലവും ഒരു സാമൂഹിക തിന്മയായിട്ടാണ് കരുതിയിരുന്നത്. നൂറ്റാണ്ടുകളോളം തൊട്ടുകൂടായ്മയെ ഇല്ലാതാക്കാന്‍ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ ശ്രമിച്ചിട്ടുണ്ട്. ബുദ്ധനും രാമാനുജയും രാമാനന്ദും ഗുരു നാനാക്കും കബീറും തൊട്ടുകൂടായ്മ ചിന്താഗതികളെ ഇല്ലാതാക്കാന്‍ ശ്രമിച്ചവരാണ്. ബ്രഹ്മ സമാജവും ആര്യ സമാജവും പോലുള്ള സാമൂഹിക സംഘടനകള്‍ മനുഷ്യനും മനുഷ്യനും തമ്മിലുള്ള വിവേചനത്തിനെതിരായി ജനങ്ങളെ ബോധവാന്മാരാക്കാനും ശ്രമിച്ചിരുന്നു. സംഘിടിതമായ ആശയ പ്രചരണങ്ങള്‍ വഴിയും പ്രായോഗിക തലങ്ങളിലും മത സാംസ്ക്കാരിക സാമൂഹിക തലങ്ങളില്‍ ഉള്ള ഈ തിന്മയെ ദൂരികരിക്കാനും ശ്രമിച്ചിരുന്നു. ഏറെക്കുറെ ദളിതരോടുള്ള സമത്വ ഭാവന ഉയര്‍ന്ന ജാതികളില്‍ സൃഷ്ടിക്കാനും സാധിച്ചിട്ടുണ്ട്. ബ്രിട്ടീഷ് ഭരണത്തിന്റെ ആവിര്‍ഭാവത്തോടെ സാമൂഹികവും രാഷ്ട്രീയവും ഭരണസംവിധാനങ്ങളും വഴി സാവധാനമായി ദളിതരുടെ നിലവാരം മെച്ചപ്പെടുത്താന്‍ സാധിച്ചു. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ ആശയങ്ങളും സമത്വം, സ്വാതന്ത്ര്യം സാഹോദര്യം എന്നീ വിപ്ലവാത്മകമായ ചിന്തകളും ദളിത സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായിയെന്നും കാണാം.

സ്വാതന്ത്ര്യത്തിനു ശേഷമുള്ള ഭാരതത്തിന്റെ ഭരണ സംവിധാനങ്ങളും, നിയമ പരിപാലനങ്ങളും, ഭൂമിയുടമ പരിഷ്ക്കാരങ്ങളും, നികുതിയിളവുകളും, വാണിജ്യ മേഖലകളും, വാര്‍ത്താ മാധ്യമങ്ങളും ദളിതരുടെ പുരോഗതിയ്ക്ക് കാരണമായിട്ടുണ്ട്. സമത്വ ഭാവനയെന്നുള്ള വികാരാനുഭൂതികളും ദളിത ജനതയില്‍ ആവേശം പകര്‍ന്നു കൊണ്ടിരുന്നു. പാശ്ചാത്യ സംസ്ക്കാരത്തിന്റെ ആവിര്‍ഭാവം ദളിതരുടെയിടയില്‍ പുത്തനായ ഉണര്‍വുമുണ്ടാക്കി. സംസ്കൃത പഠനവും വേദങ്ങളും ദളിതര്‍ക്ക് പഠിക്കാന്‍ അവസരം ലഭിച്ചതോടെ പ്രതീക്ഷകള്‍ നിറഞ്ഞ ചിന്തകളും അവരില്‍ പ്രകടമാകാന്‍ തുടങ്ങി. സാമൂഹികമായ അംഗീകാരത്തിനായി അംബേദ്­ക്കറിനെപ്പോലുള്ള ബുദ്ധി ജീവികളുടെ മനുഷ്യാവകാശങ്ങള്‍ക്കായുള്ള പ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

ഉയര്‍ന്ന ജാതികള്‍ ചവിട്ടി മെതിച്ച അധകൃതരെ പുനരുദ്ധരിക്കാനായി ദളിത മഹാസഭകള്‍ ഭാരതമൊട്ടാകെ അതാതു പ്രദേശങ്ങളിലെ ദളിത നേതാക്കളുടെ നേതൃത്വത്തില്‍ രൂപീകരിച്ചിരിക്കുന്നു. ദളിതരുടെ സാമൂഹിക പരിവര്‍ത്തനങ്ങള്‍ക്കായി ദളിതരുടെ നേതൃത്വത്തിലുള്ള കൂട്ടായ സംഘടനാ പ്രവര്‍ത്തനങ്ങളെ മാറ്റങ്ങള്‍ക്കു വേണ്ടിയുള്ള ദളിത സംരഭങ്ങളെന്നും നിര്‍വചിക്കാം. അഖിലേന്ത്യാ അധകൃത സംഘടനകള്‍ രൂപം പ്രാപിക്കുകയും ദളിതരുടെ പുരോഗതിയ്ക്കും മാറ്റത്തിനായും മുറവിളി കൂട്ടുവാനും ആരംഭിച്ചു. അവരുടെ ഉന്നമനത്തിനായുള്ള സാമൂഹിക സംഘടനകള്‍ അധകൃത ലോകത്തിന്റെ സാമ്പത്തിക ഉന്നമനവും വിദ്യാഭ്യാസപരമായ വളര്‍ച്ചയും ലക്ഷ്യമിട്ടായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പൊതുവായ കിണറുകളില്‍ നിന്നും വെള്ളം കോരാനും സ്കൂളില്‍ പ്രവേശനത്തിനും പൊതുവഴികള്‍ ഉപയോഗിക്കാനും അമ്പല പ്രവേശനത്തിനും ദളിത സംഘടനകളുടെ പ്രവര്‍ത്തന മേഖലകളുണ്ടായിരുന്നു. അംബെദ്ക്കറിന്റെ വെള്ളം കോരാനുള്ള ദളിതരുടെ അവകാശങ്ങള്‍ക്കായുള്ള മഹദ് സത്യാഗ്രഹവും സ്മരണീയമാണ്. 1923ല്‍ ഗാന്ധിജി സ്ഥാപിച്ച ഹരിജന സേവന സംഘം അധകൃതര്‍ക്കായി അനേകം സ്കൂളുകളും താമസിച്ചു പഠിക്കാനുള്ള ബോര്‍ഡിങ്ങ് സ്കൂളുകളും സ്ഥാപിച്ചു. മുംബെയില്‍ ദളിതര്‍ക്ക് അമ്പല പ്രവേശനത്തിനായി സര്‍ക്കാര്‍ പ്രത്യേക നിയമങ്ങളും ഉണ്ടാക്കി. െ്രെപമറി സ്കൂള്‍ മുതല്‍ യൂണി വേഴ്‌സിറ്റി വരെ സൗജന്യ വിദ്യാഭ്യാസവും നടപ്പിലാക്കി. തിരുവിതാംകൂറിലും ഇന്‍ഡോറിലും ദളിതര്‍ക്ക് അമ്പല പ്രവേശനത്തിനായുള്ള ഔദ്യോഗിക പ്രഖ്യാപനവും ഉണ്ടായി.

1955­ലെ ഇന്ത്യന്‍ ഭരണഘടന ഭേദഗതി ചെയ്ത നിയമ വ്യവസ്ഥ പ്രകാരം തൊട്ടുകൂടാ മാമൂലുകള്‍ നിയമ വിരുദ്ധമാക്കിയിട്ടുണ്ട്. കൂടാതെ ദളിതരുടെ പിന്നോക്കാവസ്ഥ പരിഹരിക്കാന്‍ പ്രത്യേകമായ വിദ്യാഭ്യാസ സംവിധാനങ്ങളും നടപ്പാക്കി. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ദളിതരുടെ ക്ഷേമത്തിനായി ഭീമമായ തുകകളും നീക്കി വെച്ചിട്ടുണ്ട്. ഭരണ സംവിധാനത്തിലെ ഉയര്‍ന്ന ജോലികള്‍ റിസര്‍വേഷന്‍ പ്രകാരം അവര്‍ക്ക് നീക്കി വെച്ചിരിക്കുന്നു. ജോലികള്‍ക്കും മുന്‍ഗണന നല്കുന്നു. നിയമത്തിലും വൈദ്യ ശാസ്ത്രത്തിലും എഞ്ചിനീയറിങ്ങിലും അവര്‍ പഠിച്ചു മുന്നേറുന്നതായും കാണാം. ദളിത നവോധ്വാന മുന്നേറ്റത്തിന്റെ പ്രതീകമായി രാഷ്ട്രീയത്തിലും സവര്‍ണ്ണര്‍ക്കൊപ്പം അവര്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമ പഞ്ചായത്തു മുതല്‍ കേന്ദ്ര പാര്‍മെന്റ് വരെ അവര്‍ക്ക് റിസര്‍വേഷന്‍ സീറ്റുകള്‍ നീക്കി വെച്ചിരിക്കുന്നു. ദളിതര്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധികാരക്കസേരകളില്‍ ഇരിക്കുന്നതായും കാണാം. കേന്ദ്ര രാഷ്ട്രീയത്തിലും അവര്‍ സവര്‍ണ്ണ ഭരണാധികാരികള്‍ക്കൊപ്പമുണ്ട്.ദളിത സ്ത്രീകളില്‍നിന്നും മായാവതി ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായതും ദളിതലോകത്തിന്റെ നേട്ടമായിരുന്നു. ദാരിദ്ര്യത്തിന്റെയും അനാചാരങ്ങളുടെയും ലോകത്തുനിന്നും ഉയര്‍ന്നുവന്ന കെ. ആര്‍.നാരായണന്‍ ഇന്ത്യയുടെ പ്രസിഡണ്ടായപ്പോള്‍ ഒരു ദളിതന്‍ ഇന്ത്യയുടെ പരമോന്നത പീഠത്തിലെത്തണമെന്നുള്ള ഗാന്ധിജിയുടെ സ്വപ്നം അവിടെയന്നു പൂവണയുകയാണുണ്ടായത്.

ദളിതരുടെ പുരോഗമനപരമായ മാറ്റങ്ങളില്‍ അവരുടെ സമര തന്ത്രങ്ങളും ആശയ ചിന്താഗതികളും ഓരോ ദേശത്തിന്റെയും നേതാക്കളുടെ ചിന്താഗതികള്‍ക്കനുസരണമായി മാറി മാറി വരുന്നതായും ദൃശ്യമാണ്. ദളിത നേതാക്കളില്‍ ചിലര്‍ ആര്യ ബ്രാഹ്മണരെപ്പോലെ വിശ്വസിക്കുന്നു. ചിലര്‍ വര്‍ണ്ണാശ്രമ ധര്‍മ്മത്തിലെ ബ്രാഹ്മണ ചിന്താഗതികളും സ്വീകരിച്ചു കഴിഞ്ഞു. ബ്രാഹ്മണന്റെ രീതികളായ സസ്യാഹാരവും നെറ്റിയില്‍ ചന്ദനം തൊടലും പൂണൂലിടലും ദളിതരും സ്വീകരിക്കാന്‍ തുടങ്ങി. ദളിത നേതാക്കളായ കേരളത്തിലെ തൈക്കാട് സ്വാമിയും യൂപിയിലെ പണ്ഡിറ്റ്­ സുന്ദര ലാല്‍ സാഗറും ഗുജറാത്തിലെ മുല്‍ദാസ് വൈശ്യായും ബ്രാഹ്മണരെപ്പോലെ അനുയായികളെ നയിക്കുന്നതും വിരോധാഭാസമായും തോന്നാം. വര്‍ണ്ണാശ്രമത്തിനു പുറത്തുള്ള ചിന്താഗതി മാറ്റി ദളിതര്‍ക്ക് സമത്വം ഭാവന ചെയ്തുകൊണ്ടാണ് മാറ്റങ്ങള്‍ക്കു തുടക്കമിട്ടിരിക്കുന്നത്. ചിലര്‍ ഭാരതത്തിലെ ആദി ജനത ദളിതരെന്നും അവര്‍ ഹിന്ദുക്കളല്ലെന്നും വിശ്വസിക്കുന്നു. ഈ നാട്ടിലുണ്ടായിരുന്ന ആദി ദ്രാവിഡ ജനതയില്‍ ആര്യന്മാര്‍ തൊട്ടുകൂടാ വ്യവസ്ഥിതികള്‍ അടിച്ചേല്പ്പിച്ചെന്നും ദളിതരില്‍ വലിയൊരു വിഭാഗം കരുതുന്നുമുണ്ട്.

ഹിന്ദു മതത്തെ ഇല്ലാതാക്കുമെങ്കില്‍ തൊട്ടുകൂടായമയ്ക്ക് പരിഹാരമാകുമെന്ന് ദളിതരില്‍ ഒരു വിഭാഗം വിശ്വസിക്കുന്നു. അങ്ങനെ വിശ്വസിക്കുന്ന ആദി ആന്ധ്രാ, ആദി കര്‍ണ്ണാടക, തമിള്‍ നാട്ടിലെ ആദി ദ്രാവിഡര്‍, ഉത്തര്‍ പ്രദേശിലെ ആദി ഹിന്ദു, പഞ്ചാബിലെ ആദി ദമ്മി എന്നീ ജാതികള്‍ തൊട്ടു കൂടായമയില്‍ നിന്ന് വിമുക്തി നേടാന്‍ ഹിന്ദു മതത്തില്‍ നിന്നും മറ്റു മതങ്ങളിലേയ്ക്ക് മത പരിവര്‍ത്തനം ചെയ്തു. കേരളത്തില്‍ അനേകായിരം ജനങ്ങള്‍ ക്രിസ്തു മതത്തിലും പഞ്ചാബില്‍ സിക്കു മതത്തിലും മതപരിവര്‍ത്തനം ചെയ്തു. 1956­ല്‍ ലക്ഷക്കണക്കിന് ദളിതര്‍ അംബേദ്ക്കറിനൊപ്പം നാഗപൂരില്‍ നടന്ന മതപരിവര്‍ത്തനത്തില്‍ ബുദ്ധമതം സ്വീകരിക്കുകയുണ്ടായി. ഹിന്ദു മതത്തിനോടു എതിര്‍പ്പു പ്രകടിപ്പിച്ചുകൊണ്ട് ദളിതരിലെ നേതാക്കന്മാര്‍ പ്രത്യേക മത അവാന്തര വിഭാഗങ്ങളും സ്ഥാപിച്ചിട്ടുണ്ട്. മധ്യ പ്രദേശിലെ ഗുരു ഘാസി ദാസിന്റെ സത്‌നാമി വിഭാഗം, ബംഗാളിലെ ഗുര്‍ ടി ചന്ദ് സ്ഥാപിച്ച മാതുവാ വിഭാഗം, കേരളത്തിലെ അയ്യങ്കാളിയുടെ സാധു ജന പരിപാലന യോഗം, പഞ്ചാബിലെ ആദി ധര്‍മ്മം മുതലായ വിഭാഗിക ജാതികള്‍ ഉദാഹരണങ്ങളാണ്.

സാമൂഹിക രാഷ്ട്രീയ സാംസ്ക്കാരിക മുന്നേറ്റത്തിനായി രാഷ്ട്രീയപരമായും ദളിതര്‍ യോജിച്ചു. 1936­ല്‍ അംബെദ്ക്കര്‍ സ്വതന്ത്ര തൊഴിലാളി പാര്‍ട്ടിയുണ്ടാക്കി. തൊഴില്‍ വേതനം കൊടുക്കാതെ ഉയര്‍ന്ന ജാതികള്‍ ദളിതരെക്കൊണ്ട് തൊഴില്‍ ചെയ്യിപ്പിക്കുന്ന പതിവുകള്‍ നിര്‍ത്തല്‍ ചെയ്തു. മിലിട്ടറിയില്‍ ദളിതരെ പ്രവേശിപ്പിക്കാന്‍ 1941­ല്‍ അംബേദ്­ക്കറിന് സാധിച്ചു. അങ്ങനെയാണ് മഹാര്‍ റജിമെന്റ്‌റ് പട്ടാളത്തിന്റെ ശാഖയില്‍ വന്നത്. അധകൃതരായവര്‍ക്ക് കേന്ദ്ര നിയമ അസംബ്ലിയില്‍ റിസര്‍വേഷന്‍ വേണമെന്നുള്ള അംബേദ്ക്കറിന്റെ ആവശ്യത്തെ ഗാന്ധിജി എതിര്‍ത്തിരുന്നു. ഗാന്ധിജി അതിനെതിരെ നിരാഹാര സത്യാഗ്രഹവും നടത്തി. ഇന്ത്യന്‍ ഭരണഘടനയില്‍ ദളിതര്‍ക്ക് രാജ്യസഭയിലും ലോക സഭയിലും പ്രത്യേക സംവരണം അനുവദിച്ചിട്ടുണ്ട്.

ഭാരതീയ സാഹിത്യ വിചാര വീഥികളില്‍ വര്‍ഗവിത്യാസത്തിനതീതമായി
ദളിത സാഹിത്യത്തിനും സുപ്രധാനമായ സ്ഥാനമുണ്ട്. പതിനൊന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ദിവ്യനായ 'മാദര ചെന്നയ്യാ'യെ ദളിത ലോകത്തിലെ ആദ്യത്തെ എഴുത്തുകാരനായി കരുതുന്നു. അദ്ദേഹം ഒരു ചെരുപ്പുകുത്തിയായി ഉപജീവനം നടത്തിയിരുന്നു. പടിഞ്ഞാറേ ചാലൂക്യ പ്രദേശത്തു ജീവിച്ചിരുന്ന അദ്ദേഹത്തെ വചന ഗീതങ്ങളുടെ പിതാവായും പണ്ഡിതര്‍ കരുതുന്നു. ദളിതനായി ജനിച്ച മറ്റൊരു കവി 'ദോഹരാ കക്കയ്യാ' യുടെ ആറു സുപ്രധാന കവിതകള്‍ ഇന്നും കാലത്തെ അതിജീവിക്കുന്നു. ആധുനിക ദളിത സാഹിത്യത്തില്‍ മഹാത്മാ ഫുലെയുടെയും അംബെദ്ക്കറിന്റെയും സംഭാവനകള്‍ വിലയേറിയതാണ്. ദളിതരുടെ പ്രശ്‌നങ്ങള്‍ വികാരഭരിതമായി വിമര്‍ശനരൂപേണ ഇരുവരും അവരുടെ കൃതികളില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഈ മഹാത്മാക്കളില്‍ ആവേശ ഭരിതരായ നൂറു കണക്കിനു എഴുത്തുകാര്‍ പിന്നീട് ഭാരതത്തിലെ വിവിധ ഭാഷകളിലുള്ള ദളിത സാഹിത്യ ശൃംഖലകളില്‍ വന്നെത്തി. ബാബു റാവു ബാഗുല്‍, ബന്ധു മാദവ്, ശങ്ക റാവു ഖരത്, സഹോദരന്‍ അയ്യപ്പന്‍, വി.റ്റി. രാജശേഖര്‍ എന്നിവര്‍ ആധുനിക ദളിത സാഹിത്യകാരില്‍ പ്രമുഖരാണ്.

ദളിതരുടെ ക്ഷേമത്തിനായി ബഹുവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടി അറുപത്തിയൊമ്പത് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ദളിതരുടെ സമത്വ ഭാവനകളെന്ന സ്വപ്നങ്ങള്‍ നാളിതുവരെയായും പൂവണഞ്ഞിട്ടില്ല. സ്വതന്ത്ര ഭാരതത്തില്‍ ദളിതര്‍ ഇന്നും തൊട്ടു കൂടാ ജാതികളോ? ഭാരത മനസാക്ഷിയോട് ചോദിക്കേണ്ട ഒരു ചോദ്യചിഹ്നമാണിത്. രാഷ്ട്രീയ വാചാടോപവും ഭരണഘടനാ സംരക്ഷണവും ദളിതരുടെ മേലുള്ള ക്രൂരതകള്‍ക്ക്­ പരിഹാരമാകുന്നില്ല. സാമൂഹിക സാമ്പത്തിക സമത്വത്തിനായുള്ള അംബേദ്ക്കറിന്റെ സ്വപ്നങ്ങള്‍ ഇന്നും അതി വിദൂരമാണ്.

ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഓരോ സംസ്ഥാനങ്ങളും സമൂഹത്തിലെ താണവരായ ദളിതരുടെ വിദ്യാഭ്യാസവും സാമ്പത്തിക താല്പര്യങ്ങളും പരിപാലിക്കുകയും സമൂഹത്തിലെ അനീതികളില്‍ നിന്നും ചൂഷണങ്ങളില്‍ നിന്നും ദളിതരെ സംരക്ഷിക്കുകയും വേണം. എന്നാല്‍ ഇന്നും ദളിതരുടെ മേലുള്ള പീഡനങ്ങളുടെ കഥകളാണ് പത്രങ്ങളില്‍ നാം വായിക്കാറുള്ളത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയില്‍ നിരാശനായ പി .എച്ച്. ഡി യ്ക്ക് പഠിച്ചിരുന്ന 'രോഹിത വെമുലാ' യെന്ന വിദ്യാര്‍ത്ഥി തൂങ്ങി മരിച്ചത് സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതായിരുന്നു. രാഷ്ട്രത്തിനു അതൊരു അപമാനമായിരുന്നു. അയാള്‍ എഴുതിയ വികാരപരമായ മരണക്കുറിപ്പില്‍ ദളിതനായി ജനിച്ച തന്റെ സ്വന്തം ജന്മത്തെ പഴിച്ചിരുന്നു. സ്വതന്ത്രവും നീതിയുമായുള്ള ഒരു ഭാരതം ഇന്നും ദളിതര്‍ക്ക് വിധിച്ചിട്ടില്ലായെന്നതാണ് സത്യം. 'രോഹിത വെമുലാ' യുടെ മരണത്തില്‍ വിവിധ സര്‍വകലാശാല വിദ്യാര്‍ഥികള്‍ പ്രതിക്ഷേധിക്കുന്നുണ്ട്. ഒന്നായി നാം കാണുന്ന ഭാരതമണ്ണില്‍ ഇത്തരം ദു:ഖങ്ങളുടെ ദളിത കഥകള്‍ നിത്യവും സംഭവിക്കുന്നതാണ്. കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങള്‍ക്കുള്ളില്‍ വടക്കേ ഇന്ത്യയിലെ സര്‍വ്വ കലാശാലകളില്‍ തന്നെ ഇരുപത്തിയഞ്ചോളം ദളിത വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായി കാണാം. സാംസ്ക്കാരിക വിദ്യാഭ്യാസ മേഖലകളില്‍ പേരും പെരുമയും ആര്‍ജിച്ച സ്ഥാപനമായ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂട്ടിലും ആത്മഹത്യകളുടെ കഥകള്‍ കേള്ക്കുന്നുണ്ട്. ദളിതരുടെ ഈ ദുരന്ത ഭൂമിയില്‍ സംഭവിക്കുന്ന പരമ്പരകള്‍ ഇന്ത്യയുടെ ഭരണ സംവിധാനങ്ങളുടെ പരാജയമെന്നും രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.

മനുഷ്യാവകാശ കമ്മീഷന്റെ റിപ്പോര്‍ട്ടനുസരിച്ച് ഇന്ത്യയില്‍ ഒരോ പതിനെട്ടു മിനിറ്റിലും ദളിതരുടെ മേല്‍ ലൈംഗിക പീഡനവും ബലാത്സംഗവും തുടരുന്നു. ഒരോ ദിവസവും മൂന്നു ദളിത സ്ത്രീകളെ പീഡിപ്പിക്കുകയും രണ്ടു ദളിതരെയെങ്കിലും കൊല്ലുകയും ചെയ്യുന്നു. സ്ഥിതി വിവര കണക്കനുസരിച്ച് മുപ്പത്തിയേഴ് ശതമാനം ദളിതരും ദാരിദ്ര രേഖയ്ക്ക് താഴെയാണ് ജീവിക്കുന്നത്. അമ്പത്തിനാല് ശതമാനം ദളിതരും അര്‍ദ്ധ പട്ടിണിക്കാരായി കഴിയുന്നു. ദിവസം പ്രതി രണ്ടു ദളിത വീടുകള്‍ കത്തിക്കുന്നു. ആദ്യത്തെ ജന്മദിനത്തിനു മുമ്പ് ജനിക്കുന്ന കുഞ്ഞുങ്ങളില്‍ ആയിരത്തില്‍ എണ്‍പത്തി മൂന്നു പേര്‍ മരിക്കുന്നു. നാല്പ്പത്തിയഞ്ചു ശതമാനം ദളിതരും ഇന്നും നിരക്ഷരര്‍ ആണ്. പന്ത്രണ്ടു ശതമാനം അഞ്ചു വയസിനു മുമ്പും മരിക്കുന്നു. ഇരുപത്തിയെട്ടു ശതമാനം ഗ്രാമങ്ങളില്‍ ദളിതര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കയറുവാനുള്ള അനുവാദമില്ല. മുപ്പത്തിയൊമ്പത് ശതമാനം സര്‍ക്കാര്‍ സ്കൂളുകളില്‍ ദളിതര്‍ ഭക്ഷണം കഴിക്കുമ്പോള്‍ പ്രത്യേകം ബഞ്ചില്‍ ഇരിക്കണം. ഇരുപത്തിനാലു ശതമാനം ഗ്രാമങ്ങളില്‍ ദളിതരുടെ വീടുകളില്‍ പോസ്റ്റ്മാന്‍ എഴുത്തുകള്‍ കൊടുക്കില്ല. 1955­ല്‍ പ്രാബല്യത്തിലായ ഭരണഘടനാ നിയമങ്ങളനുസരിച്ച് 'തൊട്ടുകൂടായ്മ' നിയമ വിരുദ്ധമെങ്കിലും ഇന്നും നാല്പത്തിയെട്ടു ശതമാനം ഗ്രാമങ്ങളില്‍ സവര്‍ണ്ണരുടെ പ്രദേശങ്ങളില്‍ ദളിതരെ വെള്ളം കോരാന്‍ അനുവദിക്കില്ല. നാം ജനാധിപത്യ രാജ്യമെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഭരണഘടന വാഗ്ദാനം ചെയ്ത നീതിയും സത്യവും സമത്വവും സ്വാതന്ത്ര്യവും ഇന്നും ദളിതര്‍ക്ക് ലഭിക്കുന്നില്ല. ഗ്രാമങ്ങളില്‍ ദളിതര്‍ പീഡിതരായി കഴിയുന്നു. വിദ്യാലയങ്ങളിലും തൊഴില്‍ മേഖലകളിലും രാഷ്ട്രീയക്കളരികളിലും അവരെന്നും സവര്‍ണ്ണരുടെ വിവേചനപരമായ പെരുമാറ്റത്തിലും അടിമത്വത്തിന്റെ നുകക്കീഴിലുമാണ്.

നമ്മുടെ രാജ്യത്തിലെ നൂറു കണക്കിന് ജില്ലകളിലും അനേക സംസ്ഥാനങ്ങളിലും ഇന്നും ദളിതര്‍ സവര്‍ണ്ണരുടെ ഭീഷണിമൂലം ജീവനെ പേടിച്ച് ഭയത്തോടെയാണ് കഴിയുന്നത്­. പൌരാവകാശങ്ങളിലും സാമൂഹിക രാഷ്ട്രീയ തലങ്ങളിലും സാമ്പത്തിക മേഖലകളിലും വര്‍ണ്ണ വ്യവസ്തയെന്നുള്ളത് ഒരു നിര്‍ണ്ണായക ഘടകമാണ്. രാഷ്ട്രീയ ചിന്താഗതിയുള്ള ദളിതര്‍ വോട്ടവകാശങ്ങളില്‍ക്കൂടിയും രാഷ്ട്രീയ ബന്ധങ്ങളില്‍ക്കൂടിയും അവരുടെ നിലനില്പ്പ് ഭദ്രമാക്കിയിട്ടുണ്ട്. എങ്കിലും ഭരണഘടന വാഗ്ദാനം ചെയ്തിരിക്കുന്ന അവകാശങ്ങള്‍ക്കായി, ജനിച്ചു വളര്‍ന്ന ഭൂമിയിലെ പുരോഗതിയുടെ സ്വപ്ന ദര്‍ശനങ്ങള്‍ക്കായി, ദളിതര്‍ക്ക് ഇനിയും പ്രതിബന്ധങ്ങള്‍ നേരിടേണ്ടതായുണ്ട്.

ഇന്ന്, ലോകത്തിലേറ്റവുമധികം പീഡിപ്പിക്കപ്പെടുന്നവര്‍ ദളിതസ്ത്രീകളാണ്. പുരുഷന്മാര്‍ അവരുടെ മസിലുകള്‍കൊണ്ട് നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ അവരുടെ സ്ത്രീകള്‍ പുരുഷനില്‍നിന്നും മേല്‍ജാതികളില്‍നിന്നും ഒരുപോലെ കഷ്ടതകള്‍ അനുഭവിക്കുന്നു. പ്രഭാതം മുതല്‍ സൂര്യാസ്തമയം വരെ അവരും കഠിന പ്രയത്‌നം ചെയ്യണം. പാടത്തും പണിശാലകളിലും പുരുഷനുമൊപ്പം പണിയണം. പുരുഷനു കൊടുക്കുന്ന പകുതി വേതനം കൊണ്ട് സ്ത്രീ തൃപ്തിപ്പെടണം. പ്രഭാതത്തിലുണര്‍ന്ന് അവര്‍ പുരുഷനും കുഞ്ഞുങ്ങള്‍ക്കും ഭക്ഷണം പാകം ചെയ്യണം. കുഞ്ഞിനു മുലയൂട്ടണം. കള്ളും കുടിച്ചു ലക്കില്ലാതെ വരുന്ന പുരുഷന്റെ തൊഴിയും സ്വീകരിക്കണം. സൂര്യനുദിക്കും മുമ്പ് മറ്റുള്ളവരുണരും മുമ്പ് പുറം പ്രദേശങ്ങളിലും റയില്‍വേപാതകളുടെ സമീപങ്ങളിലും വഴിയോരങ്ങളിലും മലമൂത്ര വിസര്‍ജനങ്ങള്‍ മുതലായ പ്രഭാത കര്‍മ്മങ്ങളും നിര്‍വഹിക്കണം. ഒരു സ്ത്രീ ദളിതയായി ജനിച്ചതുകൊണ്ടു മാത്രമല്ല, കാമവെറിയന്മാരുടെ മുമ്പില്‍ അവരുടെ സ്ത്രീത്വത്തിനും വില പറയണം. ഭാരതത്തിലെ ഉള്‍നാടുകളിലെ ദളിതരിലെ ഭൂരിഭാഗം സ്ത്രീകളും മല മൂത്രങ്ങളും വിസര്‍ജനങ്ങളും നീക്കം ചെയ്യുന്ന തോട്ടികളും ഭൂമി രഹിതരുമാണ്. യുവതികളായ ദളിതസ്ത്രീകളെ വ്യപിചാരത്തിനു പ്രേരിപ്പിക്കുകയും പട്ടണങ്ങളിലെ വേശ്യാലയങ്ങള്‍ക്ക് വില്‍ക്കുകയും ചെയ്യുന്നു. ഗ്രാമങ്ങള്‍ മുതല്‍ പട്ടണങ്ങള്‍ വരെ അവര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായും കാണാം. ബീഹാറിലെ രണവീര്‍ പോലുള്ള സംഘടനകള്‍ അവരെ ബലാല്‍സംഗം ചെയ്യുകയും അവയവങ്ങള്‍ മുറിച്ചു കളയുകയും കൂട്ടക്കൊലകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. തമിള്‍നാടുപോലുള്ള സംസ്ഥാനങ്ങളില്‍ പോലീസുകാര്‍ അവരെ കാരണമില്ലാതെ അറസ്റ്റു ചെയ്യുകയും ജയിലുകളിലിട്ടു പീഡിപ്പിക്കുകയും ചെയ്യുന്നതായി മനുഷ്യാവകാശ റിപ്പോര്‍ട്ടില്‍ കാണുന്നു. ദളിതസ്ത്രീകളുടെ മേല്‍ പോലീസ്­ നടപടികളും കടന്നാക്രമണങ്ങളും ശാരീരിക പീഡനങ്ങളും നിത്യസംഭവങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുന്നു.

നിര്‍ദ്ധന കുടുംബത്തിലെ ഒരു അമ്മയുടെ ഏക ആശ്രയമായിരുന്ന ജിഷയെന്ന ദളിത യുവതിയുടെ മരണം സാക്ഷര കേരളത്തിനൊരു അപവാദമായിരുന്നു. നീതി ആ യുവതിയുടെമേല്‍ കനിയുമോയെന്നു ഇനിയും കാത്തിരുന്നു കാണണം. കാട്ടാള കാമ വെറിയന്മാരുടെ നടുവില്‍ ഒരു ചെറ്റകുടിലില്‍ ദളിതയായി പിറന്ന ജിഷക്ക് ആശ്രയമായിരുന്നത് ആ അമ്മ മാത്രമായിരുന്നു. ഭാവിയിലേക്കുള്ള ഒരു അത്താണിയായി അമ്മയും മകളില്‍ പ്രതീക്ഷകള്‍ പടുത്തുയര്‍ത്തിയിരുന്നു. കൂലിപ്പണി ചെയ്തും യാചനകള്‍ നടത്തിയും മകളെ നിയമ ബിരുദത്തിനു പഠിപ്പിച്ചുകൊണ്ട് ദരിദ്രയായ അമ്മ അവരുടെ കുടുംബവും നടത്തിവന്നു. ശരീരഭാഗങ്ങള്‍ വെട്ടിമുറിച്ച്, ജനനേന്ദ്രിയങ്ങള്‍ തകര്‍ത്തുള്ള നിലയില്‍ പൊന്നോമന മകളുടെ മരിച്ച ശരീരം കണ്ടപ്പോള്‍ ആ അമ്മ ഹൃദയം തകര്‍ന്ന് ബോധരഹിതയായി തറയില്‍ വീണു. സത്യവും ധര്‍മ്മവും ഉള്‍ക്കൊണ്ട ഒരു നീതിപീഠത്തിനു മുമ്പാകെ ഭാവിയില്‍ അഭിഭാഷികയായി സത്യപ്രതിജ്ഞ ചെയ്യണമെന്നുള്ള ജിഷയുടെ മോഹനസ്വപ്നങ്ങള്‍ അന്നവിടെ കെട്ടെരിയുകയായിരുന്നു. തകര്‍ന്ന മാറിടങ്ങളും ആഴത്തിലുള്ള മുപ്പത്തിയെട്ടില്‍പ്പരം മുറിവുകളും നല്കിയാണ് അവളുടെ ഘാതകന്‍ അന്നു രക്ഷപെട്ടത്. പാവം ജിഷ ദരിദ്രയായിരുന്നു. ദളിതയായിരുന്നു. അവളിലെ സ്ത്രീത്വത്തെ കവര്‍ന്നു. എന്തിനായി കുഞ്ഞേ നീ ഈ ദുരന്തഭൂമിയില്‍ ജനിച്ചുവെന്ന പെറ്റുവളര്‍ത്തിയ ഒരമ്മയുടെ വിലാപവുമായി കേഴുന്ന കേരളത്തില്‍ അവളിന്നൊരു ചോദ്യ ചിന്ഹമായിരിക്കുകയാണ്.

(അടുത്ത ലേഖനത്തോടുകൂടി ഈ പരമ്പര അവസാനിക്കുന്നു.)
നേട്ടങ്ങളും കോട്ടങ്ങളും നെഞ്ചിലേറ്റിയ ദളിതരുടെ സാമൂഹിക മാറ്റങ്ങള്‍ ( ദളിതരുടെ ചരിത്രം, ഒരു പഠനം (­12: ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക