Image

ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍

Published on 31 January, 2012
ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയെ പ്രണയം നടിച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍
കോതമംഗലം: പതിനാലുകാരിയും ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയുമായ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വിളിച്ചുവരുത്തി ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച ബസ് ക്ലീനര്‍ അറസ്റ്റില്‍. ചെറുവട്ടൂര്‍ സ്വദേശി വള്ളോക്കുടി ബിന്‍സന്‍ അബ്ദുള്‍ റഹ്മാന്‍ (19) ആണ് അറസ്റ്റിലായത്. തങ്കളം - കോളജ് റോഡ് ബൈപ്പാസ് ലോഡ്ജിലുള്ള ലോഡ്ജില്‍ നിന്നും ഇന്നലെ വൈകുന്നേരമാണ് പ്രതിയെയും പെണ്‍കുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തത്. 

എറണാകുളം-ഇടുക്കി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ക്ലീനറായ ബിന്‍സന്‍, ഇടുക്കി കരിമ്പന്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ബസില്‍ വച്ച് പരിചയപ്പെടുകയും പ്രണയിക്കുന്നതായി നടിക്കുകയുമായിരുന്നു. നിരന്തരം പെണ്‍കുട്ടിയെ വീട്ടിലെ മൊബൈല്‍ ഫോണില്‍ വിളിച്ച് പെണ്‍കുട്ടിയുമായി സംസാരിക്കാറുള്ള പ്രതി വിവാഹവാഗ്ദാനവും നടത്തിയിരുന്നു.

ഇന്നലെ രാവിലെ സ്‌കൂളിലേക്ക് കളര്‍ ഡ്രസ് ധരിച്ച് വീട്ടില്‍ നിന്ന് പുറപ്പെട്ട പെണ്‍കുട്ടി സ്‌കൂളില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും ചേര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ സഹോദരിയുടെ മൊഴിയില്‍ നിന്ന് പെണ്‍കുട്ടി കോതമംഗലം സ്വദേശി ബസ് ക്ലീനറുമായി പ്രണയത്തിലാണെന്ന് പോലീസിന് വ്യക്തമായി. 

ഇന്നലെ രാവിലെ പതിനൊന്നോടെ കോതമംഗലത്തെത്തിയ പെണ്‍കുട്ടിയെയും കൊണ്ട് കോതമംഗലം മുനിസിപ്പല്‍ പാര്‍ക്ക്, തട്ടേക്കാട് എന്നിവിടങ്ങളില്‍ ചുറ്റിക്കറങ്ങിയശേഷം ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് ബസ് ഉടമ ജീവനക്കാര്‍ക്കായി വാടകയ്ക്ക് എടുത്തിട്ടുള്ള ലോഡ്ജില്‍ എത്തിയത്. ഇതിനിടയില്‍ ഇടുക്കി പോലീസില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോതമംഗലം പോലീസ് പ്രതിയെയും പെണ്‍കുട്ടിയെയും കണെ്ടത്താനായി തെരച്ചില്‍ ആരംഭിച്ചിരുന്നു. സഹോദരിയാണെന്ന വ്യാജേന പെണ്‍കുട്ടിയെയും കൊണ്ട് റൂമില്‍ പ്രവേശിച്ച പ്രതി നിശ്ചിത സമയം കഴിഞ്ഞിട്ടും വെളിയില്‍ വരാത്തതിനെ തുടര്‍ന്ന ്‌സംശയം തോന്നിയ സമീപത്തുള്ള ചിലരും പോലീസില്‍ രഹസ്യവിവരം നല്‍കിയതായി പറയുന്നു. വൈകുന്നേരം നാലരയോടെ കോതമംഗലം പോലീസെത്തി ലോഡ്ജിന്റെ വാതിലില്‍ മുട്ടി വിളിച്ചപ്പോള്‍ പെണ്‍കുട്ടിയെ മുറിയില്‍ കൂട്ടിയിട്ടിരുന്ന പഴയ ടയറുകള്‍ക്ക് മറവില്‍ ഒളിപ്പിച്ച് യാതൊരു ഭാവവ്യത്യാസവുമില്ലാതെയാണ് പ്രതി വാതില്‍ തുറന്നത്. പോലീസ് മുറിക്കുള്ളില്‍ നടത്തിയ തിരച്ചിലിലാണ് പെണ്‍കുട്ടിയെ കണെ്ടത്തിയത്. 

തക്കസമയത്ത് കസ്റ്റഡിയിലെടുത്താന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ പ്രതിയുടെ സുഹൃത്തുക്കളും പെണ്‍കുട്ടിയെ പീഡിപ്പിക്കുവാനിടയാകുമായിരുന്നെന്ന് പോലീസ് പറഞ്ഞു.  നഗരത്തിലെ ഇത്തരം കേന്ദ്രങ്ങള്‍ ഇടയ്ക്കിടെ പരിശോധന വിധേയമാക്കുമെന്നും പോലീസ് പറഞ്ഞു. 

കോതമംഗലം എസ്‌ഐ ടി.ഡി സുനില്‍കുമാര്‍, എഎസ്‌ഐ ജേക്കബ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ അബ്ദുള്‍ സത്താര്‍, പി.കെ മാണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇടുക്കി പോലീസ് സ്‌റ്റേഷനില്‍ മാന്‍മിസിംഗ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതിനാല്‍ പെണ്‍കുട്ടിയെയും പ്രതിയെയും ഇടുക്കി പോലീസിന് കൈമാറി. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയശേഷം ഇരുവരെയും കോടതിയില്‍ ഹാജരാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക