Image

പ്രിസ്റ്റണ്‍ ഇടവകയിലെ ആദ്യകുര്‍ബാന സ്വീകരണം ആത്മീയോത്സവമായി

Published on 12 May, 2016
പ്രിസ്റ്റണ്‍ ഇടവകയിലെ ആദ്യകുര്‍ബാന സ്വീകരണം ആത്മീയോത്സവമായി

 പ്രിസ്റ്റണ്‍: പ്രിസ്റ്റണില്‍ ആദ്യകുര്‍ബാന സ്വീകരണവും സ്ഥൈര്യലേപനവും ആത്മീയോത്സവമായി. ആത്മീയ നിറവിലും പാരമ്പര്യ ആചാര ക്രമത്തിലും അഭിഷേക നിറവില്‍ നടന്ന കൂദാശകള്‍ ഏവര്‍ക്കും വലിയ ദിവ്യാനുഭവം പകര്‍ന്നു.

താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമിജിയൂസ് ഇഞ്ചനാനിയില്‍ പ്രിസ്റ്റണിലെ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ നടന്ന ആഘോഷമായ ആദ്യകുര്‍ബാന സ്വീകരണത്തിനും സ്ഥൈര്യലേപന ശുശ്രൂഷക്കും മുഖ്യ കാര്‍മികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാത്യു ജേക്കബ് ചൂരപൊയ്കയില്‍, ലിവര്‍പൂള്‍ സീറോ മലബാര്‍ ചാപ്ലെയിന്‍ ഫാ. ജിനോ അരീക്കാട്ട് എന്നിവര്‍ സഹകാര്‍മികരായിരുന്നു. 

ലാളിത്യത്തിന്റേയും വിനയത്തിന്റെയും പരമ സ്‌നേഹത്തിന്റെയും വക്താവായി വന്ന കരുണാവാരിധിയായ രക്ഷകന്റെ പീഡാനുഭവ നൊമ്പരത്തോടൊപ്പം സ്ഥാപിക്കപ്പെട്ട രക്ഷയുടെ കവചമാണ് വിശുദ്ധ ബലി. വിശുദ്ധ ബലിയില്‍ പങ്കാളിയാവുമ്പോള്‍ യേശു പഠിപ്പിച്ച വിനയവും കരുണയും സ്‌നേഹവും ത്യാഗവും മറ്റുള്ളവര്‍ക്കു പകര്‍ന്നു നല്കുവാനും നന്മ നിറഞ്ഞ മനസോടെ ദൈവ സന്നിധിയില്‍ പൂര്‍ണമായി സമര്‍പ്പിക്കുകയുമാണ് നമ്മുടെ പ്രഥമ കടമ എന്ന് മാര്‍ റെമിജിയൂസ് വിശുദ്ധ കുര്‍ബാന മധ്യേ നല്കിയ സന്ദേശത്തില്‍ ഓര്‍മിപ്പിച്ചു. 

കര്‍മലീത്ത മഠത്തിലെ സിസ്റ്റര്‍ അനുപ, സിസ്റ്റര്‍ റോജിറ്റ് എന്നിവരാണ് കുട്ടികളെ കൂദാശ സ്വീകരണങ്ങള്‍ക്ക് ഒരുക്കിയത്. ജോണ്‍സന്‍ ആന്‍ഡ് ടീം നയിച്ച ഗാനശുശ്രൂഷ ആദ്യകുര്‍ബാന സ്വീകരണ ശുശ്രൂഷയില്‍ ആത്മീയ സാന്ദ്രത പകര്‍ന്നു.

പ്രിസ്റ്റണിലെ മുഴുവന്‍ വിശ്വാസി കുടുംബങ്ങളും ഒത്തു ചേര്‍ന്ന് തങ്ങളുടെ കുഞ്ഞു മക്കള്‍ ക്രിസ്തുവിന്റെ ദിവ്യ ശരീരവും തിരുരക്തവും ആദ്യമായി സ്വീകരിക്കുകയും സ്ഥൈര്യലേപന കൂദാശയിലൂടെ പരിശുദ്ധാത്മാഭിഷേകം നേടുകയും ചെയ്യുവാന്‍ അനുഗ്രഹിക്കപ്പെട്ട ഈ മംഗള സുദിനം ഏറ്റവും വലിയ വിശ്വാസ ആഘോഷമാക്കി മാറ്റുകയായിരുന്നു. തുടര്‍ന്നു സ്‌നേഹ വിരുന്നും കലാപരിപാടികളും അരങ്ങേറി. 

അലിഷ ജയിംസ്, റോഷന്‍ ജയിംസ്, ജേക്ക് സുനോജ് എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യവും സ്‌നേഹ, ജൊഹാന്‍, ലിയോണ്‍, നോയല്‍ എന്നിവര്‍ സ്ഥൈര്യലേപനവും സ്വീകരിച്ചു.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക