Image

ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മ പിടിയില്‍

Published on 31 January, 2012
ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനെ തേടിപ്പോയ വീട്ടമ്മ പിടിയില്‍
തിരുവനന്തപുരം: ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് മുങ്ങിയ യുവതി നാലുമാസത്തിനുശേഷം പോലീസിന്റെ വലയിലായി. യുവതിയുടെ ഓരോ നീക്കവും വിദഗ്ദ്ധമായി പിന്തുടര്‍ന്ന പോലീസ് തൃശ്ശൂരില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

നെയ്യാറ്റിന്‍കര പൂവാര്‍ എരിക്കിലവിള പുരയിടം വീട്ടില്‍ എഡ്‌വിന്റെ ഭാര്യ ജ്യോതി (27) യെ 2011 സപ്തംബറില്‍ കുടുംബവും സുഹൃത്തിന്റെ കുടുംബവുമൊത്തുള്ള യാത്രക്കിടയില്‍ തമിഴ്‌നാട്ടിലെ രാമേശ്വരത്ത് നിന്നാണ് കാണാതായത്. മൊബൈലിലൂടെ ഒരു സന്ദേശത്തിലൂടെ പരിചയപ്പെട്ട ഉത്തരേന്ത്യന്‍ യുവാവിനെ അന്വേഷിച്ചുപോയ ജ്യോതിയെ അയാള്‍ നാട്ടിലേക്ക് മടക്കിഅയച്ചിരുന്നു. വീണ്ടും ഉത്തരേന്ത്യയിലേക്കുപോയ യുവതിയെ നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. പി. ഗോപകുമാറും സംഘവും പിന്തുടര്‍ന്നു. നീണ്ട ദിവസത്തെ പ്രയത്‌നത്തിന് ശേഷം തിങ്കളാഴ്ച രാത്രിയാണ് ജ്യോതിയെ കണ്ടെത്തിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: ഗള്‍ഫിലായിരുന്ന എഡ്‌വിന്റെ ഭാര്യ ജ്യോതിക്ക് രണ്ടു കുട്ടികളുണ്ട്. 2011 സപ്തംബര്‍ മൂന്നിന് ഇരുവരും സുഹൃത്തായ ജോണ്‍, ഭാര്യ സുജ എന്നിവരും വേളാങ്കണ്ണിയിലേക്കും പിന്നീട് രാമേശ്വരത്തേക്കും പോയി. പിറ്റേന്ന് പുലര്‍ച്ചെയാണ് ജ്യോതിയെ കാണാതായത്. മൊബൈലും 5000 രൂപയും ഒപ്പം കൊണ്ടുപോയിരുന്നു. എഡ്‌വിന്‍ രാമേശ്വരം ടെമ്പിള്‍ പോലീസ് സ്‌റ്റേഷനില്‍ പരാതിയും ഇയാളുടെ അമ്മ ചെന്നൈ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസും ഫയല്‍ ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സമാനമായ കേസ് പൂവാര്‍ പോലീസും രജിസ്റ്റര്‍ ചെയ്തു. ഇടയ്ക്ക് വീട്ടുകാരോട് ജ്യോതി സംസാരിച്ചതായി പറയുന്ന നമ്പരിലേക്ക് പോലീസ് ബന്ധപ്പെട്ടെങ്കിലും വഴി തെറ്റിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്.

തുടര്‍ന്ന് ജ്യോതിയുടെ ഭര്‍ത്താവ് അവരുടെ മൊബൈലില്‍ വന്ന ചില സന്ദേശങ്ങളിലെ നമ്പരുകള്‍ പോലീസിന് കൈമാറി. ഇതില്‍ നിന്ന് മഹാരാഷ്ട്രയിലെ ജാല്‍നാ ജില്ലയിലെ ചന്ദന്‍ചിറ എന്ന കുഗ്രാമത്തിലുള്ള ഷെരീഫ് എന്ന വ്യക്തിയെക്കുറിച്ച് സൂചന ലഭിച്ചു. ഇന്റര്‍നെറ്റിലൂടെ ജ്യോതി ഇയാളെ പരിചയപ്പെട്ടുവെന്നാണ് പോലീസ് കരുതുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്നും എ.എസ്.ഐ. വിജയന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ മോഹനന്‍, വനിതാ കോണ്‍സ്റ്റബിള്‍മാരായ അനിത, റാണി എന്നിവര്‍ ഇവിടേക്ക് പോയിരുന്നു. ഷെറീഫിനോട് താന്‍ അവിവാഹിതയാണെന്നും 40,000 രൂപ ശമ്പളമുള്ള സോഫ്ട്‌വേര്‍ എന്‍ജിനീയര്‍ ആണെന്നാണ് ജ്യോതി പരിചയപ്പെടുത്തിയിരുന്നത്. ഷെരീഫിന്റെ സുഹൃത്ത് ഖയൂബുമായും ജ്യോതിക്ക് ബന്ധമുണ്ടായിരുന്നു.

രാമേശ്വരത്തുവെച്ച് ഭര്‍ത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ചുപോയ ജ്യോതി തീവണ്ടി യാത്രക്കിടയില്‍ ഷെറീഫിനെ ഫോണില്‍ വിളിച്ചിരുന്നു. 2011 സപ്തംബര്‍ ഏഴിന് രാവിലെ 8.30ന് ജാല്‍നയിലെത്തിയ ഇവര്‍ ഒരു ഓട്ടോറിക്ഷയില്‍ ഷെറീഫിന്റെ വീട്ടിലെത്തി. വീട്ടിലുണ്ടായിരുന്ന സ്ത്രീകള്‍ ജ്യോതിയെ നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ നിര്‍ബന്ധിക്കുകയും യാത്രാച്ചെലവിന് പണം നല്‍കുകയും ചെയ്തു. അടുത്ത ദിവസം രാവിലെ സമീപത്തെ സ്‌റ്റേഷനില്‍ നിന്ന് ജ്യോതിയെ തീവണ്ടിയില്‍ നാട്ടിലേക്ക് അയയ്ക്കുകയും ചെയ്തു. മൂന്നാം ദിവസം നാട്ടിലെത്തിയതായി ഷെറീഫിനെ അറിയിച്ച ജ്യോതി ആറുദിവസത്തിനുശേഷം മടങ്ങിപ്പോയി. ഇക്കുറി ഷെറീഫിന്റെ സുഹൃത്ത് ഖയൂമിന്റെ വീട്ടിലാണ് ഇവര്‍ ചെന്നത്. ഖയൂമിന്റെ വിവാഹം കഴിഞ്ഞ് ഒരാഴ്ചയായിരുന്നു. ഖയൂമും ഷെറീഫും ചേര്‍ന്ന് ഇവരെ രാജസ്ഥാനിലേക്ക് തീവണ്ടിയില്‍ കയറ്റിവിട്ടു. ഒരു ബന്ധു രാജസ്ഥാനിലുണ്ടെന്ന് പറഞ്ഞ പ്രകാരമായിരുന്നു ഇവര്‍ ഇതുചെയ്തത്.

ജാല്‍ന പോലീസില്‍ നിന്ന് പൂവാര്‍ സ്‌റ്റേഷനിലേക്ക് വന്ന ഒരു ഫോണ്‍കോളിനെ തുടര്‍ന്നാണ് ജ്യോതിയെ കണ്ടെത്താനായത്. തൃശ്ശൂരിലെത്തിയ ജ്യോതി ഷെറീഫിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തൃശ്ശൂര്‍ വെസ്റ്റ് പോലീസ് സ്ഥലത്തെത്തിയപ്പോള്‍ മുസ്‌ലിം വേഷം ധരിച്ച ജ്യോതി സ്വന്തം പേരും സ്ഥലവും വെളിപ്പെടുത്താന്‍ തയ്യാറായില്ല. തുടര്‍ന്ന് പൂവാര്‍ സി.ഐ. ബിനു, എസ്. ഐ. പ്രവീണ്‍ എന്നിവര്‍ സ്ഥലത്തെത്തി യുവതിയെ തിരിച്ചറിയുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.ഇവരെ ചൊവ്വാഴ്ച നെയ്യാറ്റിന്‍കര കോടതിയില്‍ എത്തിച്ചു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക