Image

ഫ്‌ളോറിഡ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു; വിവാദ ട്വീറ്റ്: രണ്ടു ബ്രിട്ടീഷുകാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതില്‍ വിലക്ക്; ഓപ്പറ ഗായിക കാമില വില്യംസ് അന്തരിച്ചു

Published on 31 January, 2012
ഫ്‌ളോറിഡ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു; വിവാദ ട്വീറ്റ്: രണ്ടു ബ്രിട്ടീഷുകാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതില്‍ വിലക്ക്;  ഓപ്പറ ഗായിക കാമില വില്യംസ് അന്തരിച്ചു
ഫ്‌ളോറിഡ: യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ തെരഞ്ഞെടുക്കാനുള്ള ഫ്‌ളോറിഡ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്കാണ് വോട്ടിംഗ് ആരംഭിച്ചത്. 20 ലക്ഷം റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2008ല്‍ 19 ലക്ഷം റിപ്പബ്ലിക്കന്‍ വോട്ടര്‍മാരാണ് വോട്ട് രേഖപ്പെടുത്തിയത്. 6,05000 പേര്‍ നേരത്തെ വോട്ടു ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. അതിനിടെ ഫ്‌ളോറിഡയില്‍ ന്യൂട്ട് ഗിന്‍ഗ്രിച്ചിനുമേല്‍ മിറ്റ് റോംനി ഇരട്ട അക്ക ലീഡ് നേടുമെന്ന അഭിപ്രായ സര്‍വേകള്‍ക്ക് പിന്നാലെ ഇരു സ്ഥാനാര്‍ഥികളും രൂക്ഷവിമര്‍ശനങ്ങളുമായി രംഗത്തെത്തി.

റോംനി പ്രസിഡന്റായാല്‍ അത് യുഎസ് ജനതയുടെ മതസ്വാതന്ത്ര്യത്തിനു തന്നെ ഭീഷണിയാണെന്നായിരുന്നു ഗിന്‍ഗ്രിച്ചിന്റെ ആരോപണം. മാസാചുസെറ്റ്‌സ് ഗവര്‍ണര്‍ എന്ന നിലയില്‍ ആരോഗ്യസംരക്ഷണ മേഖലയ്ക്കുള്ള മെഡിക്കല്‍ ഫണ്ട് വെട്ടിക്കുറയ്ക്കാനുള്ള റോംനിയുടെ തീരുമാനം ജൂതന്‍മാര്‍ക്കാണ് സഹായകരമായതെന്നും റോംനിയ്ക്ക് മതങ്ങളോട് ബഹുമാനമില്ലെന്നും ഗിന്‍ഗ്രിച്ച് ആരോപിച്ചു. അതേസമയം, തോല്‍വി ഉറപ്പായതിലുള്ള വിഷമം മൂലമാണ് ഗിന്‍ഗ്രിച്ച് ഇത്തരം ആരോപണങ്ങളുമായി രംഗത്തുവരുന്നതെന്ന് റോനിയും തിരിച്ചടിച്ചു.

വിവാദ ട്വീറ്റ്: രണ്ടു ബ്രിട്ടീഷുകാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതില്‍ വിലക്ക്

ന്യൂയോര്‍ക്ക്: വിവാദ ട്വീറ്റ് നടത്തിയ സംഭവത്തില്‍ രണ്ടു ബ്രിട്ടീഷുകാര്‍ക്ക് യുഎസില്‍ പ്രവേശിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തി. ബ്രിട്ടീഷ് സ്വദേശികളായ ലൈ വാന്‍ ബ്രയാന്‍, സുഹൃത്തായ എമിലി ബണ്ടിംഗ് എന്നിവരെയാണ് യുഎസില്‍ പ്രവേശിക്കുന്നതില്‍ നിന്ന് വിലക്കിയത്. അമേരിക്കയെ നശിപ്പിക്കുക എന്ന ട്വീറ്റിലൂടെയാണ് ഇരുവരും പുലിവാലു പിടിച്ചത്. ലോസ്ഏയ്ഞ്ചല്‍സില്‍ അവധി ആഘോഷിക്കാനായി പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് എമിലിക്ക് ബ്രയാന്‍ വിവാദ ട്വീറ്റ് അയച്ചത്.

"ഫ്രീ ദിസ് വീക്ക്, ഫോര്‍ ക്വിക്ക് ഗോസിപ്/പ്രിപ്പയര്‍ ബിഫോര്‍ ഐ ഗോ ആന്‍ഡ് ഡിസ്‌ട്രോയ് അമേരിക്ക' എന്നായിരുന്നു ബ്രയാന്റെ ട്വീറ്റ്. ഇത് ട്വിറ്റര്‍ സന്ദേശങ്ങള്‍ സൂഷ്മമായി നിരീക്ഷിക്കുന്ന യുഎസ് ഭികരവിരുദ്ധ സ്ക്വാഡിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ കളി കാര്യമായി. അവധി ആഘോഷത്തിന് പോകാനിരുന്ന ബ്രയാനെയും എമിലിയെയും ലോസ്ഏയ്ഞ്ചല്‍സ് വിമാനത്താവളത്തില്‍ നിന്ന് പോലീസ് പിടികൂടി. സായുധസേനയുടെ സഹായത്തോടെ വിലങ്ങുവെച്ചാണ് ഇവരെ അനധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കുന്ന ജയിലിലടച്ചത്. ഇവരെ അഞ്ചു മണിക്കൂറോളം ചോദ്യം ചെയ്തു. ഡിസ്‌ട്രോയ് എന്ന വാക്കിന് ബ്രിട്ടനില്‍ പാര്‍ട്ടി നടത്തുക, ആഘോഷിക്കുക തുടങ്ങിയ അര്‍ഥങ്ങള്‍ കൂടിയുണ്‌ടെന്ന് പറഞ്ഞിട്ടും പോലീസ് മുഖവിലയ്‌ക്കെടുത്തില്ലെന്നും തീവ്രവാദികളോടെന്നപോലെയാണ് പോലീസ് തങ്ങളോട് പെരുമാറിയതെന്നും പിന്നീട് ഇരുവരും പറഞ്ഞു. സംഭവത്തെക്കുറിച്ച് ഹോംലാന്‍ഡ് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഓപ്പറ ഗായിക കാമില വില്യംസ് അന്തരിച്ചു

ന്യൂയോര്‍ക്ക്: യുഎസിലെ പ്രമുഖ ഓപ്പറ ഗായിക കാമില വില്യംസ്(92) അന്തരിച്ചു. ക്യാന്‍സര്‍ രോഗത്തിന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. ഒരു പ്രമുഖ ഓപറ കമ്പനിയില്‍ മുഖ്യവേഷത്തിലെത്തിയ ആദ്യകറുത്ത വര്‍ഗക്കാരിയാണ് വില്യംസ്. ഇന്ത്യാന യൂണിവേഴ്സ്റ്റിയിലെ കറുത്ത വര്‍ഗക്കാരിയായ ആദ്യ സംഗീത പ്രഫസര്‍ കൂടിയായിരുന്നു അവര്‍. 1946ല്‍ ന്യൂയോര്‍ക്ക് സിറ്റി ഓപറയിലെ മാഡം ബട്ടര്‍ഫ്‌ളൈയിലൂടെയാണ് വില്യംസ് അരങ്ങേറ്റംകുറിച്ചത്. മനുഷ്യാവകാശ പ്രവര്‍ത്തക എന്ന നിലയിലും വില്യംസ് ശ്രദ്ധേയയായിരുന്നു.

1963ല്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ "എനിക്കൊരു സ്വപ്നമുണ്‌ടെന്ന' പ്രശസ്തമായ പ്രസംഗത്തിന് മുന്നോടിയായി രണ്ടു ലക്ഷം പേരെ സാക്ഷി നിര്‍ത്തി അമേരിക്കന്‍ ദേശീയ ഗാനമാലപിച്ചതും വില്യംസായിരുന്നു. 1950ല്‍ ചാള്‍സ് ബീവേഴ്‌സിനെ വില്യംസ് വിവാഹം കഴിച്ചു. 1970ല്‍ ബീവേഴ്‌സിന്റെ മരണത്തെത്തുടര്‍ന്ന് ഓപറയില്‍ നിന്ന് വിരമിച്ച വില്യംസ് പിന്നീട് സംഗീത അധ്യാപികയായി. 1997ല്‍ സംഗീതരംഗത്തു നിന്ന് വിരമിച്ചു. വില്യംസിന്റെ ആത്മകഥയായ ലൈഫ് ഓഫ് കാമില വില്യംസ് കഴിഞ്ഞ വര്‍ഷമാണ് പുറത്തിറങ്ങിയത്.

വീണ്ടും വിചാരണ നടത്തണമെന്ന തഹാവൂര്‍ റാണെയുടെ ആവശ്യം തള്ളി

ഷിക്കാഗോ: മുംബൈ, ഡെന്‍മാര്‍ക്ക് ഭീകരാക്രമണ പദ്ധതികളിലെ പങ്കിനെച്ചൊല്ലി തനിക്കെതിരെയുള്ള കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന തഹാവൂര്‍ ഹുസൈന്‍ റാണെയുടെ ആവശ്യം യുഎസ് കോടതി തള്ളി. ലഷ്കര്‍ ഇ ത്വയ്ബയ്ക്ക് സഹായം നല്‍കിയതിന് റാണെ കുറ്റക്കാരനാണെന്ന് യുഎസ് കോടതി കണ്‌ടെത്തിയിരുന്നു. മൂന്നാഴ്ച നീണ്ട വിചാരണയ്ക്ക് ശേഷം ജൂണിലാണ് കോടതി റാണെയെ കുറ്റക്കാരനെന്ന് കണ്‌ടെത്തിയത്. ഇതിനെതിരേ നല്‍കിയ അപ്പീലിലാണ് റാണെ കേസ് വീണ്ടും വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ജൂറിയില്‍ ആശയക്കുഴപ്പം നിലനിന്നതായും തനിക്ക് നീതിപൂര്‍വ്വമായ വിചാരണ ലഭ്യമായില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു റാണെ കോടതിയെ സമീപിച്ചത്. എന്നാല്‍ കോടതിക്ക് എന്തെങ്കിലും തെറ്റുപറ്റിയതായി ചൂണ്ടിക്കാട്ടാന്‍ റാണെയ്ക്കായില്ലെന്ന് കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് ആവശ്യം നിരസിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് വീണ്ടും വിചാരണ നടത്തണമെന്ന് ആവശ്യപ്പെട്ട് റാണെ കോടതിയെ സമീപിച്ചത്. വിചാരണയ്‌ക്കൊടുവില്‍ മുംബൈ ആക്രമണത്തിലെ തീവ്രവാദികളെ സഹായിച്ചുവെന്ന ആരോപണത്തില്‍ റാണെയെ വെറുതെ വിടുകയും ചെയ്തിരുന്നു.

അഗ്ഗ് ബൂട്ടിന് ഫിലഡല്‍ഫിയ സ്കൂളില്‍ വിലക്ക്
ഫിലഡല്‍ഫിയ: വിദ്യാര്‍ഥികള്‍ അഗ്ഗ് ബൂട്ടുകള്‍(കാല്‍മുട്ടോളം മൂടുന്ന) ധരിക്കുന്നതിന് ഫിലഡല്‍ഫിയയിലെ സ്കൂള്‍ വിലക്ക് ഏര്‍പ്പെടുത്തി. അഗ്ഗ് ബൂട്ടിനുള്ളില്‍ വിദ്യാര്‍ഥികള്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിക്കുന്നതിനാലാണ് ഫിലഡല്‍ഫിയയിലെ പോട്‌സ്ടൗണ്‍ മിഡില്‍ സ്കൂള്‍ ക്‌ളാസുകളില്‍ അത്തരം ബൂട്ടുകള്‍ നിരോധിച്ചത്. ക്ലാസ് മുറിക്കകത്ത് മൊബൈല്‍ ഫോണ്‍ നിരോധിച്ചിട്ടും കുട്ടികള്‍ ഇത്തരം ബൂട്ടില്‍ ഇവ ഒളിപ്പിച്ചുവയ്ക്കുന്നതു പതിവായിതിനെത്തുടര്‍ന്നാണ് നിരോധനം.

മൊബൈല്‍ റിംഗ് ചെയ്യുന്നതും സംസാരവും ക്ലാസ് അലങ്കോലമാക്കുന്നതാണു സ്കൂള്‍ അധികൃതരെ നിരോധനത്തിനു പ്രേരിപ്പിച്ചത്. ഇതിനിടെ, കുട്ടികളെ മൊബൈല്‍ വഴിതെറ്റിക്കുന്നതായി ലണ്ടനില്‍ നടത്തിയ പഠനത്തില്‍ കണെ്ടത്തി. എട്ടിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള 60 ലക്ഷം കുട്ടികളില്‍ 12 ലക്ഷം പേര്‍ സ്മാര്‍ട്ട് ഫോണിലൂടെ അശ്ലീല വെബ്‌സൈറ്റുകള്‍ സന്ദര്‍ശിച്ചിട്ടുണെ്ടന്നാണു കണെ്ടത്തിയത്.

പാക്കിസ്ഥാനിലെ ഡ്രോണ്‍ ആക്രമണത്തിന് ഒടുവില്‍ ഒബാമയുടെ സ്ഥിരീകരണം

വാഷിംഗ്ടണ്‍: പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളില്‍ യുഎസ് പൈലറ്റില്ലാ വിമാനം(ഡ്രോണ്‍) ആക്രമണം നടത്തുന്നുണെ്ടന്ന് യുഎസ് പ്രസിഡന്റ് ബറാക് ഒബാമ ഒടുവില്‍ സ്ഥിരീകരിച്ചു. അഫ്ഗാന്‍- പാക് അതിര്‍ത്തിയിലെ ഗോത്രവര്‍ഗ മേഖലകളില്‍ തമ്പടിച്ചിരിക്കുന്ന അല്‍ക്വയ്ദ, താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമാക്കിയാണ് ആക്രമണം നടത്തുന്നതെന്നും പൈലറ്റില്ലാ വിമാന ആക്രമണം സംബന്ധിച്ച വിവരങ്ങള്‍ യുഎസ് പുറത്തുവിടാറില്ലെന്നും അദ്ദേഹം പറഞ്ഞു.

സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റിന് അനുവദിച്ച ചോദ്യോത്തര വേളയിലാണ് ഒബാമ പൈലറ്റില്ലാ വിമാന ആക്രമണത്തെ കുറിച്ചു പരാമര്‍ശിച്ചത്. ഒബാമയുടെ ഭരണകാലയളവില്‍ പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണം വര്‍ധിച്ചതു സംബന്ധിച്ച ചോദ്യത്തിന് പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളിലാണ് ഇത്തരം ആക്രമണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ ഒഴിവാക്കിയാല്‍ തീവ്രവാദികളെ തുരത്തുന്നതിന് സൈനിക നടപടി ആവശ്യമായിവരുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യന്തര വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം പാക്കിസ്ഥാനിലെ ഗോത്രവര്‍ഗ മേഖലകളില്‍ 2011-ല്‍ 64 മിസൈല്‍ ആക്രമണങ്ങളാണ് യുഎസ് നടത്തിയത്. ഇതേ മേഖലയില്‍ 2010-ല്‍ 101 മിസൈല്‍ ആക്രമണങ്ങളാണ് യുഎസ് നടത്തിയത്.

പാക്ക് ബന്ധം സങ്കീര്‍ണമെന്ന് യുഎസ്

വാഷിംഗ്ടണ്‍: പാക്കിസ്ഥാനുമായുള്ള അമേരിക്കയുടെ ബന്ധം വളരെയധികം സങ്കീര്‍ണമാണെന്നു വൈറ്റ് ഹൗസ്. എന്നാല്‍ രാജ്യ സുരക്ഷ കണക്കിലെടുക്കുമ്പോള്‍ യുഎസ്- പാക്ക് ബന്ധം മെച്ചപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്നും വൈറ്റ് ഹൗസ് മാധ്യമ സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു. വാഷിംഗ്ടണില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അല്‍ക്വയ്ദ പോലുള്ള ഭീകര സംഘടനകള്‍ക്കെതിരായ പോരാട്ടത്തിനും രാജ്യത്തിന്റെ നിലനില്‍പ്പിനും പാക്കിസ്ഥാനുമായി മികച്ച ബന്ധം ആവശ്യമാണ്. ഒബാമ ഭരണകൂടം അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും മുന്‍ഗണന നല്‍കുമെന്നും ജേ കാര്‍ണി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക