Image

എല്ലാവോട്ടും ട്രംപിന് (ലേഖനം)സാം നിലമ്പള്ളില്‍

സാം നിലമ്പള്ളില്‍ Published on 09 May, 2016
എല്ലാവോട്ടും ട്രംപിന് (ലേഖനം)സാം നിലമ്പള്ളില്‍
അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ചിത്രം ഏകദേശം തെളിഞ്ഞുവരികയാണ്. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ മത്സരം ഡൊണാള്‍ഡ് ട്രംപും ഹിലാരി ക്‌ളിന്റണും തമ്മിലായിരിക്കും. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി മോഹിയായ ബെര്‍ണാര്‍ഡ് സാന്‍ഡേഴ്‌സിന് വിദൂരസാധ്യതപോലും കാണുന്നില്ല. റിപ്പബ്‌ളിക്കന്‍സില്‍ ട്രംപിന്റെ എതിരാളികളെല്ലാം ദയനീയമായി പരാജയപ്പെടുന്നത് നമ്മള്‍ കണ്ടു. അവരുടെ ജനപിന്‍തുണയില്ലാത്ത നേതാക്ക•ാര്‍ പലതും പുലമ്പന്നുണ്ടെങ്കിലും ട്രംപിനെ അംഗീകരിക്കാതെ അവര്‍ക്ക് വേറെ മാര്‍ഗമില്ല. അഥവാ അവര്‍ പറയുന്നതുപോലെ മൂന്നാംപാര്‍ട്ടി സഥാനാര്‍ത്ഥിയെ (Third party candidate) നിറുത്തിയാല്‍ ഹിലാറിയുടെ വൈറ്റ്ഹൗസിലേക്കുള്ളവഴി സുഗമമായിത്തീരും. അത് ആത്മഹത്യാപരമാണെന്ന് തിരിച്ചറിഞ്ഞാല്‍ റിപ്പബ്‌ളിക്കന്‍ പാര്‍ട്ടിക്ക് നല്ലത്.

ബുഷ് കുടുംബത്തില്‍ ഉള്ളവരും മിറ്റ് റോമ്‌നിയും ലിന്‍സി ഗ്രഹാമും ട്രംപിന് വോട്ടുചെയ്യുകയില്ലന്ന് പ്രഖ്യാപിച്ചുകഴുഞ്ഞു. അവര്‍ ഹില്ലാരിക്ക് വോട്ടുചെയ്യുമോ എന്നാണ് വിവേകമുള്ളവര്‍ ചോദിക്കുന്നത്. അതോ വോട്ടുദിവസം കതകടച്ച് വീട്ടിനുള്ളില്‍ കഴിയുമോ? ജെബ് ബുഷ് പ്രസിഡണ്ടാകാന്‍ കച്ചകെട്ടി ഇറങ്ങിയ വ്യക്തിയാണ്. തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ആദ്യനാളുകളില്‍ അദ്ദേഹത്തിനായിരുന്നു മുന്‍തൂക്കം. ജെബ്തന്നെ പ്രസിഡണ്ടാകുമെന്ന് ഉറച്ചുവിശ്വസിച്ച അമേരിക്കന്‍ മുതലാളിമാര്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലേക്ക് ഒഴുക്കിയത് 140 മില്ല്യണ്‍ ഡോളറായിരുന്നു. ട്രംപ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ ബുഷ് ചിരിച്ചചിരി ഇപ്പോഴും അന്തരീക്ഷത്തില്‍ മുഴങ്ങുന്നുണ്ട്. അവസാനം അമ്മച്ചിയേയും ചേട്ടച്ചാരേയുംവരെ ഇറക്കി വോട്ടുപിടിക്കാന്‍ നോക്കിയെങ്കിലും ഫലിച്ചില്ല. താന്‍ ഗവര്‍ണറായി എട്ടുവര്‍ഷംഭരിച്ച ഫ്‌ളോറിഡയിലും പരാജയപ്പെടുമെന്ന് മുന്‍കൂട്ടികണ്ട അദ്ദേഹം സ്വരം നല്ലതല്ലെങ്കിലും പാട്ട് നിറുത്താമെന്ന് തീരുമാനിക്കുയായിരുന്നു. ഡിബേറ്റുകളില്‍ വടികൊടുക്ക് ട്രംപിന്റെ കയ്യില്‍നിന്ന് അടിമേടിക്കുകയും ചെയ്തു. സങ്കടവും നിരാശയും കാണാതിരിക്കുമോ പാവത്തിന്? ട്രംപിന് വോട്ടുചെയ്യുകയില്ലെന്ന് പ്രഖ്യപിച്ചത് ഇതെല്ലാംകൊണ്ടാണ്.

അടുത്ത വിദ്വാനാണ് മിറ്റ് റോംനി. പ്രസിഡണ്ടാകാന്‍ മത്സരിച്ച ഗോദായില്‍ ഒബാമ മലര്‍ത്തിയടിച്ചപ്പോള്‍ കുറെനാളുകളായി വിശ്രമത്തിലായിരുന്നു. ട്രംപിനെതിരെ ഒരു ബോംബ് പൊട്ടിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പിന്നീടുള്ള അരങ്ങേറ്റം. നിര്‍ഭാഗ്യവശാല്‍ അദ്ദേഹത്തിന്റെ ബോംബ് ചീറ്റിപ്പോയി. പകരം ട്രംപ് വീര്യമുള്ള ഒരു ബോംബ് അദ്ദേഹത്തിന്റെ പോക്കറ്റിലിട്ടുകൊടുക്കുകയും ചെയ്തു. സ്വയം വിഢിവേഷംകെട്ടിയ മുന്‍ പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയുടെ ഒരുവോട്ട് ചിലപ്പോള്‍ ഹില്ലാരിക്ക് കിട്ടിയേക്കാം. പ്രൈമറികളില്‍ ഒഹായോ ഗവര്‍ണര്‍ കെയ്‌സിച്ചിനേയും ടെഡ് ക്രൂസിനേയും അദ്ദേഹം മാറിമാറി എന്‍ഡോഴ്‌സ് ചെയ്യുന്നതുകണ്ട് ആളുകള്‍ ചിരിച്ചെങ്കില്‍ അവരെ കുറ്റംപറയാന്‍ പറ്റുമോ. ഓരോരുത്തരുടെ ഗതികേട്.

അടുത്തയാള് എന്റെ സംസ്ഥാനത്തുനിന്നുള്ള ഒരു സെനറ്ററാണ്, ലിന്‍സി ഗ്രഹാം. രാവിലെ ഉണര്‍ന്നാലുടന്‍ ബെന്‍ഗാസിയെന്നും പറഞ്ഞാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. പിന്നെ ദിവസംമുഴുവന്‍ അതുതന്നെ പറഞ്ഞുകൊണ്ടിരിക്കും. പ്രസിഡണ്ടാകാന്‍ ഒരുശ്രമം നടത്തിനോക്കി. പച്ചതൊട്ടില്ലെന്ന് മലയാളത്തില്‍ പറയും. അദ്ദേഹത്തിന്റെ വോട്ടും ഹില്ലാരിക്ക് പ്രതീക്ഷിക്കാം.

വെള്ളാപ്പള്ളി നടേശനെപ്പോലെ വായില്‍തോന്നിയതെല്ലാം പറയുന്നതാണ് ട്രംപിന്റെ ദോഷം. പലരും വിചാരിക്കുന്നതുപോലെ അദ്ദേഹം ദുഷ്ടനൊന്നുമല്ല. രാഷ്ട്രീയക്കാരനല്ലാത്തതുകൊണ്ട് വോട്ടര്‍മാരെ സുഹിപ്പിക്കുന്ന വര്‍ത്തമാനംപറയാന്‍ അദ്ദേഹത്തിന് അറിയില്ല. അമേരിക്ക ഫസ്റ്റ് (America First) എന്ന മുദ്രാവാക്യംതന്നെ അദ്ദേഹത്തിന്റെ രാജ്യസ്‌നേഹമാണ് തെളിയിക്കുന്നത്. രാഷ്ട്രീയക്കാര്‍ ഭരിച്ചുഭരിച്ച് അമേരിക്ക ദരിദ്രരാഷ്ട്രമായി മാറിക്കൊണ്ടിരിക്കയാണ്. നല്ലജോലികളെല്ലാം അന്യരാജ്യങ്ങള്‍ കരസ്ഥമാക്കി. ഇന്‍ഡ്യക്കും കിട്ടി കുറെയൊക്കെ. ഇന്നിപ്പോള്‍ കുറെ റെസ്റ്റോറന്റ് ജോലികളും വാള്‍മാര്‍ട്ട്‌പോലുള്ള സ്റ്റോറുകളിലെ ജോലികളുമാണ് അവശേഷിക്കുന്നത്. അവരും നൂറ്റന്‍പതോളം സ്റ്റോറുകള്‍ പൂട്ടാന്‍പോവുകയാണെന്ന് കേട്ടു. അമേരിക്കയുടെ അഭിമാനമായിരുന്ന ഫോര്‍ഡ് മോട്ടോര്‍സ് മെക്‌സിക്കോയിലേക്ക് പറിച്ചുനട്ടു. ഓട്ടോമൊബൈലുകളുടെ ഈറ്റില്ലമായിരുന്ന ഡെട്രോയിട്ട് ഇന്ന് ശവപ്പറമ്പാണ്. IBM, ആപ്പിള്‍ മുതലായ ഇലക്‌ട്രോണിക്ക് കമ്പനികള്‍ ഇപ്പോള്‍ ചൈനയിലാണ് പ്രൊഡക്ഷന്‍. ചൈനയിലെ ആപ്പിള്‍ കമ്പനിയില്‍ പത്തുലക്ഷംപേര്‍ക്ക് ജോലികൊടുത്തിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഇതെല്ലാം തിരികെ കൊണ്ടുവരണമെന്നാണ് ട്രംബ് പറയുന്നത്. ഇന്നല്ലെങ്കില്‍ നാളെ നിങ്ങളും ഞാനും ഇതുതന്നെ പറയും. ട്രംബ് ഇന്നേ പറഞ്ഞെന്നേയുള്ളു.

വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്നുവീണത് എന്റെ ഹൃദയത്തിലേക്ക് ആയിരുന്നു. ഒരുദിവസം മൊത്തം ആഹാരംപോലും കഴിക്കാതെ ഞാന്‍ ടിവിയുടെ മുമ്പിലായിരുന്നു. ഇന്നും അതോര്‍ക്കുമ്പോള്‍ എന്റെഹൃദയം ഒന്നുപിടക്കും. എന്റേതുപോലത്തെ വികാരമാണ് നിങ്ങളുടേതുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഡാളസ് ഫോര്‍ട്ടവര്‍ത്തും ചാറ്റനൂഗയും സാന്‍ ബര്‍ണഡീനോയും അമേരിക്കക്കാരന്റെ ഹൃദയത്തിലെ വേദനിക്കുന്ന മുറിവുകളാണ്. നമ്മള്‍ക്കും അവരുടെവേദന അനുഭവപ്പെടുന്നില്ലേ? നമ്മള്‍, ഇന്‍ഡ്യാക്കാര്‍, ഈരാജ്യത്തേക്ക് വന്നത് ഒരു ജീവിതംതേടിയാണ്. ഈ നല്ലരാജ്യം നശിച്ചുകാണാന്‍ നമ്മള്‍ ആഗ്രഹിക്കുന്നില്ല. ഈരാജ്യം നന്നായിരുന്നെങ്കിലേ നമ്മുടെ മക്കള്‍ക്കും നല്ലൊരു ജീവിതം ഉണ്ടാകുകയുള്ളു. എന്നാല്‍ ചിലയാളുകള്‍ ഇവിടെ വന്നിരിക്കുന്നത് ഈരാജ്യം നശിപ്പിക്കാനാണ്. അവരെ പുറന്തള്ളണമെന്ന് ട്രംപ് പറഞ്ഞപ്പോള്‍ അദ്ദേഹത്തെ വര്‍ഗീയവാദിയായിട്ടും ഹിറ്റലറായിട്ടും ചിത്രീകരിച്ചു. ട്രംപിന്റെ മീറ്റിങ്ങില്‍ പ്രതിക്ഷേധിക്കാന്‍ എത്തിയവര്‍ മെക്‌സിക്കോയുടെ കൊടി വീശുന്നത് നിങ്ങള്‍ ടീവിയില്‍ കണ്ടിരിക്കും. ഏതൊരു രാജ്യത്താണ് ഇതൊക്കെ നടക്കുക? ഈരാജ്യത്തുവന്ന് ഉപജീവനം കണ്ടെത്തുകയും ഈരാജ്യത്തിനെതിരായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളുകളെ നിഷ്‌ക്കരുണം പിടിച്ച് പുറത്താക്കുകയല്ലേ വേണ്ടത്. അത് ഇന്ന് ട്രംപ് ചെയ്തില്ലെങ്കില്‍ നാളെ മറ്റൊരാള്‍ ചെയ്‌തെന്നിരിക്കും.

ഹില്ലാരി കപട രാഷ്ട്രീയക്കാരിയാണ്. വോട്ടുനുവേണ്ടിയാണ് അവര്‍ ആഫ്രിറിക്കന്‍ അമേരിക്കന്‍സിനുവേണ്ടിയും ഹിസ്പാനിക്കുകള്‍ക്ക് വേണ്ടിയും മുതലക്കണ്ണീര്‍ പൊഴിക്കുന്നത്. ബില്‍ ക്‌ളിറ്റന്‍ ഭരിച്ചിരുന്ന എട്ടുവര്‍ഷങ്ങളില്‍ ബ്‌ളാക്ക് അമേരിക്കന്‍സിനുവേണ്ടി എന്താണ് ചെയ്തത്? അദ്ദേഹം ചെയ്യാതപോയ എന്തുകാര്യമാണ് ഹില്ലാരി ചെയ്യാന്‍ പോകുന്നത്? ഒരുപാട് ദുര്‍ഗുണങ്ങളുടെ സങ്കേതമാണ് ആ സ്ത്രീ, An embodiment of too many vices. പഠിച്ച കള്ളിയെന്ന് മലയാളത്തില്‍ പറയും. അവരുടെ ചക്കരവാക്കുകള്‍കേട്ട് നല്ലനാളെയെ പ്രതീക്ഷിച്ചിരിക്കുന്നവര്‍ വിഠികളുടെ ലോകത്തിലാണ് ജീവിക്കുന്നത്.  സ്വന്തംവീട് ഭരിക്കാന്‍ അറിയാവുന്നവന് രാജ്യം ഭരിക്കാനും അറിയാമെന്ന് മലയാളത്തില്‍ ഒരു ചൊല്ലുണ്ട്. അങ്ങയെങ്കില്‍ ഒരു വലിയ ബിസിനസ്സ് സാമ്രാജ്യം പടുത്തുയര്‍ത്തിയ ട്രംപിന് ഈരാജ്യത്തെ നേര്‍വഴിക്ക് നയിക്കുനും കഴിയും.
എല്ലാവോട്ടും ട്രംപിന് (ലേഖനം)സാം നിലമ്പള്ളില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക