Image

വിന്‍ഡോസ് 10 സൗജന്യ അപ്‌ഡേറ്റ് അവസാനിക്കുന്നു

ജോര്‍ജ് ജോണ്‍ Published on 09 May, 2016
വിന്‍ഡോസ് 10 സൗജന്യ അപ്‌ഡേറ്റ് അവസാനിക്കുന്നു
ഫ്രാങ്ക്ഫര്‍ട്ട്: വിന്‍ഡോസ് 10 വേര്‍ഷന്റെ സൗജന്യ അപ്‌ഡേഷനുള്ള അവസരം അവസാനിക്കുന്നു. പുറത്തിറങ്ങി ഒരുവര്‍ഷക്കാലം വിന്‍ഡോസ് 10 ലേക്ക് സൗജന്യമായി അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യമാണ് മൈക്രോസോഫ്റ്റ് അനുവദിച്ചിട്ടുള്ളത്. ആ കാലാവധി ഈ 2016 ജൂലായ് 29 ന് അവസാനിക്കും. ഇനി പുതിയൊരു വിന്‍ഡോസ് പതിപ്പ് ഉണ്ടാകില്ല എന്ന പ്രഖ്യാപനത്തോടെയാണ് വിന്‍ഡോസ് 10 അവതരിപ്പിച്ചത്. ഇതിനകം വിന്‍ഡോസ് 10 ന് 30 കോടി ഉപയോക്താക്കളുണ്ടെന്ന് മൈക്രോസോഫ്റ്റ് കണക്കാക്കുന്നു.

അവതരിപ്പിച്ച് ഒരു വര്‍ഷം കൊണ്ട് വിന്‍ഡോസ് 10 ന് ഏറ്റവും വലിയ ഓണ്‍ലൈന്‍ കമ്പ്യൂട്ടര്‍ സര്‍വ്വീസ് ആവാന്‍ സാധിച്ചുവെന്നും, സ്‌കൂളുകള്‍ മുതല്‍ വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ വരെ അതിവേഗം അതിലേക്ക് മാറിക്കൊണ്ടിരിക്കുന്നതായും കമ്പനി ഔദ്യോഗികമായി അവകാശപ്പെടുന്നു. പുതിയ വിന്‍ഡോസ് പതിപ്പ് ഇനി ഇല്ലാത്തതിനാല്‍, വിന്‍ഡോസ് 10 ന്റെ പുതിയ അപ്‌ഡേറ്റുകളാകും സമയാസമയങ്ങളില്‍ ഇനി ലഭ്യമാക്കുക.

പരമ്പരാഗത കമ്പ്യൂട്ടറുകള്‍ക്കും ടച്ച്‌സ്‌ക്രീന്‍ ഉപകരണങ്ങള്‍ക്കും ഒരേപോലെ ഉപയോഗിക്കാന്‍ കഴിയും വിധമാണ് വിന്‍ഡോസ് 10 ഒഎസിന്റെ രൂപകല്‍പ്പന. മാത്രമല്ല, ഇത്രകാലവും മൈക്രോസോഫ്റ്റ് കൊണ്ടുനടന്ന 'ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍' ബ്രൗസറിനും വിന്‍ഡോസ് 10 ല്‍ കമ്പനി വിട നല്‍കി. പകരം 'എഡ്ജ്' എന്ന പുതിയ ബ്രൗസര്‍ അവതരിപ്പിച്ചു.

2016 മാര്‍ച്ച് മാസത്തില്‍ മാത്രം ആളുകള്‍ ഏതാണ്ട് 6300 കോടി മിനിറ്റുകള്‍ മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസര്‍ ഉപയോഗിച്ചു. ഗെയിമിങിന് വേണ്ടി മുമ്പത്തേക്കാള്‍ കൂടുതല്‍ ആളുകള്‍ വിന്‍ഡോസ് 10 ഉപയോഗിക്കുന്നു. ഫോട്ടോകള്‍, ഗ്രൂവ് മ്യൂസിക്, മൂവീസ് ആന്റ് ടിവി എന്നീ ആപ്ലിക്കേഷനുകള്‍ക്ക് 14 കോടിയിലധികം സ്ഥിരം ഉപയോക്താക്കളുണ്ടെന്നും വിന്‍ഡോസ് പറയുന്നു. വിന്‍ഡോസ് 10 നല്‍കി വരുന്ന സേവനങ്ങള്‍ മാസം തോറും മെച്ചപ്പെടുത്തുന്നുണ്ട്.

വിന്‍ഡോസ് 10 സൗജന്യ അപ്‌ഡേറ്റ് അവസാനിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക