Image

ഇടതു പക്ഷവും കേരളത്തിന്റെ ഐ ടി വികസനവും(ജോര്‍ജ് ഏബ്രഹാം)

ജോര്‍ജ് ഏബ്രഹാം Published on 07 May, 2016
ഇടതു പക്ഷവും കേരളത്തിന്റെ ഐ ടി വികസനവും(ജോര്‍ജ് ഏബ്രഹാം)
തെരഞ്ഞെടുപ്പ് പ്രചാരണം കൊടുമ്പിരികൊണ്ടിരിക്കുന്നതിനിടെ, കേരളത്തില്‍ കമ്പ്യൂട്ടര്‍ വത്കരണത്തിന് കമ്യൂണിസ്റ്റുകാര്‍ ഒരിക്കലും തടസം നീന്നിട്ടില്ലെന്ന് മുന്‍ മന്ത്രി എം.എ. ബേബി പറഞ്ഞതു കണ്ടപ്പോള്‍ എനിക്ക് പഴയകാലത്തെ ചില കാര്യങ്ങളാണ് ഓര്‍മയില്‍ വന്നത്.

അമേരിക്കയില്‍ മലയാളികളും മലയാളി പാരമ്പര്യമുള്ളവരുമായ ഐ ടി പ്രഫഷണലുകളുടെ സംഘടനയാണ് കിറ്റ (കേരള ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അലയന്‍സ്). 2007ല്‍ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത ഈ സംഘടനയുടെ ആദ്യ പ്രസിഡന്റ് ഞാനാണ്. കേരളത്തിലെ ഐ ടി രംഗത്തെ പരിപോഷിപ്പിക്കുക, ഇക്കാര്യത്തില്‍ കേരളത്തെ മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പമെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംഘടന രൂപവല്കരിച്ചത്. ഉയര്‍ന്ന സാക്ഷരതയും ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരവുമുണ്ടെന്ന് നാം അവകാശപ്പെടുമ്പോഴും അയല്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഐ ടി കയറ്റുമതിയുടെ കാര്യത്തില്‍ കേരളം ഏറ്റവും പിന്നിലാണ്. ഞങ്ങളുടെ സംഘടനയില്‍ ധാരാളം ഐ ടി എക്സിക്യൂട്ടീവുകള്‍ പങ്കു ചേര്‍ന്നു. അതില്‍ അമേരിക്കയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന് ചില കമ്പനികളുടെ സി.ഇ.ഒമാര്‍ വരെ പെടുന്നു.

ഐ ടി വികസന രംഗത്ത് കേരളത്തെ ഏറ്റവും പിന്നില്‍ നിര്‍ത്താന്‍ ഒരു കാരണമായി ഞങ്ങള്‍ക്ക് തോന്നിയത് ബംഗളുരു, ഹൈദരാബാദ്, ചെന്നൈ എന്നിവ പോലുള്ള വന്‍ നഗരങ്ങള്‍ ഇവിടെയില്ല എന്നതാണ്. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ സാധിക്കില്ലായിരുന്നെങ്കിലും ഇത് കേരളത്തിലെ യുവജനങ്ങളുടെ ഉന്നമനത്തിനു തടസമാകുമെന്ന് ഞങ്ങള്‍ക്ക് മനസിലായി. ആശയ വിനിമയ കാര്യത്തിലും മറ്റുള്ളവരുമായി ഇടപഴകുന്ന കാര്യത്തിലും അവരുടെ പ്രീതി നേടിയെടുക്കുന്നതിലും ധൈര്യവും ആത്മവിശ്വാസവും കേരളത്തിലെ കുട്ടികള്‍ക്ക് ഇല്ലാതെ പോകാന്‍ ഇതൊരു കാരണമായിരുന്നു.

ഞാന്‍ ഐക്യരാഷ്ട്ര സംഘടനയുടെ ചീഫ് ടെക്നോളജി ഓഫീസറായിരിക്കെ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികളെ വിവിധ ജോലികള്‍ക്കായി ടെലിഫോണില്‍ ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്. ബംഗളുരു, ഹൈദരാബാദ്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗാര്‍ഥികളെ വച്ചു നോക്കിയാല്‍ കേരളത്തില്‍ നിന്നുള്ളവര്‍ ഏറെ പിന്നിലായിരുന്നു. അവര്‍ക്ക് കഴിവില്ലാത്തതല്ല, എന്നാല്‍ ഇത്തരം മികച്ച ജോലികള്‍ നേടിയെടുക്കാന്‍വേണ്ട ആശയവിനിമയത്തിലും മന:സാന്നിധ്യത്തിലും ധൈര്യത്തിലും അവര്‍ പിന്നിലായി.

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് മുന്‍തൂക്കം കിട്ടാന്‍ എന്തു ചെയ്യണമെന്നാതായി ഞങ്ങളുടെ ചിന്ത. ഐ.ബി.എമ്മിന്റെ സഹകരണത്തോടെ ഒരു സെന്റര്‍ ഫോര്‍ എക്സലന്‍സ് തുടങ്ങാമെന്നതായിരുന്നു അതിന്റെ ഫലം. ഐ.ബി.എമ്മിലെ ഉന്നതോദ്യോഗസ്ഥന്‍, ജോസഫ് മുണ്ടശേരിയുടെ ചെറുമകനായ ആന്റണി സത്യദാസിന്റെ സഹായത്തോടെ ആ ശ്രമം മുന്നോട്ടു കൊണ്ടു പോകാനായി. ഐ.ബി.എം. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സൗജന്യമായി സോഫ്റ്റ്വെയറും അധ്യാപക പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്നതായിരുന്നു പദ്ധതി.

ഇതിലെന്താ കാര്യമെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. നമ്മുടെ കുട്ടികള്‍ ഐ,ബി.എമ്മിന്റെ സോഫ്റ്റ്വെയര്‍ പഠിച്ച് സര്‍ട്ടിഫിക്കറ്റ് നേടിക്കഴിയുമ്പോള്‍ അവര്‍ക്ക് ഇന്റര്‍വ്യൂവില്‍ മറ്റു കുട്ടികളേക്കാള്‍ തിളങ്ങാനാകും. മെട്രോ നഗരങ്ങളിലെ കുട്ടികള്‍ അനായാസമായി സംസാരിച്ചേക്കാം. എന്നാല്‍, നമ്മുടെ കുട്ടികള്‍ക്ക് പ്രയത്നിച്ചു നേടിയ സര്‍ട്ടിഫിക്കറ്റിന്റെ ബലമുണ്ടാവും.ഞങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമായിരുന്നു, കേരളത്തിലെ കുട്ടികള്‍ക്ക് ആഗോള മത്സരത്തില്‍ മുന്‍തൂക്കം ലഭിക്കുക.

ഇതേത്തുടര്‍ന്ന് ഞങ്ങള്‍ കേരളത്തിലെ വിവിധ വിദ്യാഭ്യസ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് അധികൃതരുമായി ചര്‍ച്ച നടത്തി. ഇതു കൂടാതെ ഞാന്‍ ബംഗളുരുവില്‍ ചെന്ന് ഐ.ബി.എം ഇന്ത്യയുടെ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കണ്‍ട്രി മാനേജര്‍ ഹിമാന്‍ഷു ഗോയലിനെ കണ്ട് ചര്‍ച്ച നടത്തി. അദ്ദേഹം എല്ലാ സഹായവും വാഗ്ദാനം ചെയ്തു. അമേരിക്കയില്‍ ഇതിനു നേതൃത്വം നല്‍കുന്ന കെവിന്‍ ആര്‍. ഫൗഗ്നാന്‍ ഐ.ബി.എം. ഇന്ത്യയുടെ അധികൃതരോട് ഈ പരിപാടിക്ക് വേണ്ട സൗകര്യങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടു.

ഇതോടൊപ്പം എന്നോടൊപ്പം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കാനായി ശേഖര്‍ ശരവണന്‍ എന്ന ഉദ്യോഗസ്ഥനെ ഐ.ബി.എം. കേരളത്തിലേക്കയച്ചു. ഞങ്ങള്‍ ഐ ടി സെക്രട്ടറി അജയ് കുമാറിനെ കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചു. ഈ പദ്ധതിയോട് സഹകരിക്കാന്‍ ആദ്യം മുന്നോട്ടു വന്നത് കോട്ടയത്തെ സെന്റ് ഗിറ്റ്സ് കോളജ് ആയിരുന്നു. എന്നാല്‍, ഓരോ സ്ഥാപനവുമായി വെവ്വേറെ കരാറുണ്ടാക്കുന്നതിനു പകരം കേരള സര്‍ക്കാര്‍ ഒരു എം.ഒ.യു. ഒപ്പിടട്ടേ എന്നും സഹകരിക്കാന്‍ ഉദ്ദേശിക്കുന്ന എല്ലാ സ്ഥാപങ്ങള്‍ക്കും ഇതു ബാധകമാകട്ടേയെന്നും ഐ.ബി.എം നിര്‍ദേശം വച്ചു.

ഇക്കാര്യം അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബിയുമായി ചര്‍ച്ച ചെയ്യാമെന്നായി ഞാന്‍. ഇതിനായി 2009 ഡിസംബര്‍ 23ന് മന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. ഇപ്പോഴത്തെ കിറ്റ പ്രസിഡന്റ് ചാക്കോ പള്ളത്തുചേരിലിനൊപ്പമാണ് ഞാന്‍ മന്ത്രിയെ കണ്ടത്. ഞങ്ങള്‍ക്ക് പറയാനുള്ളത് മന്ത്രി ക്ഷമാപൂര്‍വം കേട്ടു. എന്നാല്‍, 'സാമ്രാജ്യ ദുര്‍മോഹി'യായ ഒരു രാജ്യത്തിലെ സ്ഥാപനമായ ഐ.ബി.എമ്മുമായി ഇടപാട് നടത്താന്‍ മന്ത്രിക്ക് സമ്മതമല്ലായിരുന്നു. അതിനു ശേഷം മന്ത്രിയുടെ ഓഫീസില്‍ നിന്ന് ഞങ്ങള്‍ക്ക് ഔദ്യോഗികമായി ഒരറിയിപ്പും കിട്ടിയതുമില്ല. മുന്‍പൊരിക്കല്‍ മന്ത്രിയെ ന്യൂയോര്‍ക്കില്‍ വച്ചു കണ്ടിട്ടുള്ളതിനാല്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ എനിക്കു മനസിലാകുമായിരുന്നു. അദ്ദേഹം ക്യൂബയെ അവരുടെ 'ഉന്നത നേട്ടങ്ങളുടെ' പേരില്‍ പലവട്ടം അഭിനന്ദിക്കുന്നതു ഞാന്‍ കേട്ടതാണ്.!

ഐ ടി സെക്രട്ടറിയുടെ കരങ്ങള്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണെന്നും ഉറപ്പായിരുന്നു. പല ഐ ടി പദ്ധതികളുടെയും പിന്‍സീറ്റ് നടത്തിപ്പുകാരന്‍ മുഖ്യമന്ത്രിയുടെ മകനാണെന്ന് ആരോപണമുണ്ടായിരുന്നു. ധാരാളം പണം ഉന്നത ബന്ധമുള്ളവരിലേക്ക്, പ്രത്യേകിച്ച് ചില മന്ത്രിമാരുടെ മക്കളിലേക്ക് കടത്തിക്കൊണ്ടു പോകുന്നതായും ആരോപണങ്ങളുണ്ടായിരുന്നു.

ഐ ടി ജീവനക്കാര്‍ക്ക് യൂണിയനുണ്ടാക്കണമെന്ന് ഇന്‍ഫോപാര്‍ക്കില്‍ കിറ്റ സംഘടിപ്പിച്ച ഒരു യോഗത്തില്‍ മുഖ്യമന്ത്രിയുടെ ഐ ടി സെക്രട്ടറി ജോസഫ് മാത്യു പറഞ്ഞതും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വളരെ മണിക്കൂറുകളോളം ജോലി ചെയ്യിച്ച് അവരെ ചൂഷണം ചെയ്യുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിലയിരുത്തല്‍. എന്തൊരു മണ്ടന്‍ ആശയമാണത്. ഇന്‍ഫോ പാര്‍ക്കിനെയും ടെക്നോ പാര്‍ക്കിനെയും അതി വേഗത്തില്‍ ശൂന്യമാക്കാനും കേരളത്തെ ഐ ടി കാര്യത്തില്‍ പിന്നോട്ടു നടത്തിക്കാനുമേ അതു സഹായിക്കൂ.

കിറ്റ ഉദ്ഘാടനം ചെയ്ത വേളയില്‍ ഞങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു ആശംസാ സന്ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ഇത് കോണ്‍ഗ്രസ് സംഘടനയാണോ എന്ന മറു ചോദ്യമാണ് മുഖ്യമന്ത്രിയുടെ സെക്രട്ടറി(ബാലകൃഷ്ണനാണെന്നു തോന്നുന്നു)യുടെ ഭാഗത്തു നിന്നുണ്ടായത്. പിന്നീട് സുരേഷ് കുറുപ്പിനെ ഇടപെടുവിച്ചാണ് ഞങ്ങള്‍ അങ്ങനൊരു സന്ദേശം തരപ്പെടുത്തിയത്.

വികസനത്തെ സമീപിക്കുന്ന കാര്യത്തില്‍ ഇടതു പക്ഷക്കാരുടെ ഒരു പൊതു രീതിയാണ് ഇതു കാണിക്കുന്നത്. ചുരുക്കത്തില്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ യന്ത്ര വത്കരണത്തിനും വികസനത്തിനും എക്കാലവും എതിരു നിന്നവരാണ്. അതേ പോലെ തന്നെയാണ് ഐ ടി വികസനത്തിന്റെ കാര്യത്തിലെ അവരുടെ നിലപാടും. ഈ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി കേരള ജനതയെ തെറ്റായ വഴിക്ക് നയിക്കാന്‍ അവര്‍ ശ്രമിക്കുകയാണ്, ജാഗ്രതയോടെ ഇരിക്കണമെന്ന് ഞാന്‍ കേരള ജനതയെ ഓര്‍മിപ്പിക്കുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക