Image

മലങ്കര കത്തോലിക്കാ സഭ യൂറോപ്പില്‍ ആഹ്ലാദനിറവില്‍

Published on 07 May, 2016
മലങ്കര കത്തോലിക്കാ സഭ യൂറോപ്പില്‍ ആഹ്ലാദനിറവില്‍

   ലണ്ടന്‍: മലങ്കര കത്തോലിക്കാ സഭയുടെ ആത്മീയ വളര്‍ച്ച ത്വരിതമാക്കിക്കൊണ്ട് യൂറോപ്പിലെ ആദ്യ ദേവാലയം യുകെ കേന്ദ്രമാക്കി ലണ്ടനില്‍ ആരംഭിച്ചു. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് കത്തോലിക്കാ ബിഷപ്‌സ് കോണ്‍ഫറന്‍സിന്റെ കീഴിലുള്ള ലണ്ടനിലെ ബ്രന്റ്‌വുഡ് രൂപതയും മലങ്കര കത്തോലിക്കാ സഭയ്ക്കുവേണ്ടി സ്‌പെഷല്‍ പാസ്റ്ററും കോഓര്‍ഡിനേറ്ററുമായ ഫാ. ദാനിയേല്‍ കുളങ്ങരയും ഇതുസംബന്ധിച്ച ധാരണപത്രത്തില്‍ ഒപ്പുവച്ചു. ഈസ്റ്റ് ലണ്ടനിലുള്ള സെന്റ് ആന്‍സ് പള്ളിയാണ് സഭയ്ക്ക് ലഭിച്ച ദേവാലയം. ഇതോടെ മലങ്കര കത്തോലിക്കാ സഭയ്ക്ക് യുകെ, അയര്‍ലന്‍ഡ് കേന്ദ്രമായി 15 മിഷന്‍ കേന്ദ്രങ്ങളും സ്വന്തമായി ഒരു ദേവാലയവുമായി. 

മലങ്കര കത്തോലിക്കാ സഭയുടെ തലവനും കര്‍ദിനാളുമായ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെയും യൂറോപ്പിന്റെ മുന്‍ അപ്പസ്‌തോലിക സന്ദര്‍ശകനായിരുന്ന ജോസഫ് മാര്‍ തോമസ്, തോമസ് മാര്‍ യൗസേബിയോസ് എന്നീ മെത്രാപ്പോലീത്താമാരുടെയും പ്രതിഫലനം കൂടിയാണ് സഭയ്ക്ക് ലഭിച്ച ഈ ദേവാലയം. ബ്രന്റ്‌വുഡ് രൂപതയുടെ അധ്യക്ഷന്‍ വില്യം അലന്‍ പിതാവിന്റേയും മുന്‍ വികാരി ജനറലായിരുന്ന മോണ്‍. ജോണ്‍ ആര്‍മിറ്റേജ്, മോണ്‍. കെവിന്‍ എന്നിവരുടെ പിന്തുണയും കുടിയേറ്റ മലങ്കര കത്തോലിക്കാ സഭയുടെ കൂട്ടായ പ്രവര്‍ത്തനവും പുതിയ ദേവാലയം ലഭിക്കുന്നതിനു സഹായകമായി.

യൂറോപ്പിലുള്ള വിവിധ മിഷനുകളുടെ ഏകീകരണത്തിനായി 1932ല്‍ ഇംഗ്ലണ്ട് സന്ദര്‍ശിച്ച ദൈവദാസന്‍ മാര്‍ ഈവാനിയോസിന്റെ നാമത്തിലാണ് ഈ സെന്റര്‍ അറിയപ്പെടുക. 

ദേവാലയത്തിന്റെ ദൈനംദിന നടത്തിപ്പുകള്‍ ഈസ്റ്റ് ലണ്ടനിലുള്ള ഇടവക സമൂഹത്തിന്റെ നേതൃത്വത്തിലും സമീപ കൂട്ടായ്മയായ സൗത്ത് ക്രോയിഡോണ്‍, വെസ്റ്റ് ലണ്ടന്‍, ആഷ്‌ഫോര്‍ഡ്, കെന്റ്, ലൂട്ടന്‍, സൗത്താംപ്ടണ്‍ എന്നീ മിഷന്‍ ഭാരവാഹികളും ചേര്‍ന്നുള്ള കമ്മിറ്റിയും നടത്തിവരുന്നു. പുതിയ ദേവാലയത്തില്‍ മലങ്കര ആരാധനക്രമത്തിലുള്ള അള്‍ത്താര, ദേവാലയമറ, വിളക്കുകള്‍ എന്നിവയും ഹാളിന്റെ അറ്റകുറ്റപണികളും പൂര്‍ത്തീകരിച്ചു.

ഈ ദേവാലയ ലഭ്യതയിലൂടെ മലങ്കര സഭയുടെ പൈതൃകവും പാരമ്പര്യവും ആരാധന വൈശിഷ്ട്യവും സഭയുടെ പിന്‍തലമുറയ്ക്ക് പകര്‍ന്നു കൊടുക്കാനും സാധിക്കുമെന്നു കരുതുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക