Image

മാതൃദിനത്തില്‍- സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്

സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക് Published on 06 May, 2016
മാതൃദിനത്തില്‍- സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്
മാതൃദിനം പ്രതിവര്‍ഷം കൊണ്ടാടപ്പെടുന്നു. അമ്മയെന്ന സത്യത്തെ, ദൈവത്തെ സ്‌നേഹിക്കാനും, ആരാധിക്കാനും ജീവിതത്തില്‍ നിന്നും ഒരു ദിവസം നീക്കിവെച്ചിരിക്കുന്ന മക്കളോട് അമ്മമാര്‍ക്ക് എന്തായിരിക്കും പറയാനുണ്ടാകുക. അവരെ സംബന്ധിച്ചിടത്തോളം മക്കള്‍ക്ക് വേണ്ടി അവര്‍ മുന്നൂറ്റിയറുപത്തിയഞ്ച് ദിവസവും നീക്കി വച്ചിരിക്കുന്നു. ഒരു വ്യക്തിയില്‍ നിന്നും 'അമ്മ' എന്ന അവരുടെ സ്ഥാനം വേറിട്ട് നില്‍കുന്നു. വ്യത്യസ്ത സ്വഭാവ വിശേഷങ്ങളുള്ളവരില്‍ പോലും അമ്മ എന്ന ദിവ്യമായ ആ പദവി അവര്‍ കാത്ത് സൂക്ഷിക്കുന്നു. എല്ലാ ജീവജാലങ്ങളിലും അമ്മ എന്ന രണ്ടക്ഷരം ദൈവത്തോട് അടുത്ത് നില്‍ക്കുന്നു. ജന്മം നല്‍കുന്നു, പോറ്റി വളര്‍ത്തുന്നു, എല്ലാം ത്യജിക്കാന്‍ തയ്യാറാകുന്നു. പത്ത് മാസം ചുമന്നു നൊന്ത് പ്രസവിക്കുന്ന അമ്മയാണു ഇത്രയും വലിയ പ്രപഞ്ചം നില നിര്‍ത്തുന്നത്. ജീവന്‍ മാത്രമല്ലേ ദൈവം തരുന്നുള്ളൂ. ബാക്കിയെല്ലാം ഒരമ്മയില്‍ ദൈവം ഏല്‍പ്പിച്ചിരിക്കുന്നു. അമ്മയുടെ ദൈവീകത്വം മറക്കാതിരിക്കാന്‍ എല്ലാ മക്കള്‍ക്കും ദൈവം ഒരു അടയാളം കൊടുത്തിട്ടുണ്ട്. പൂക്കിള്‍കൊടി. അത് പ്ലാസ്റ്റിക്ക് സര്‍ജറി ചെയ്ത് കളയാനൊന്നും പറ്റില്ല. അങ്ങനെ ചെയ്യുന്ന മക്കള്‍ ഒരു പക്ഷെ ഈ കലി കാലത്ത് പിറക്കുമായിരിക്കും.

ഓരോ പെണ്‍ക്കുട്ടിയും ഒരമ്മയാകുമ്പോള്‍ അവളില്‍ ഒരു ദൈവീകത്വം വന്നു നിറയുന്നുവെന്ന് ഞാന്‍ കരുതുന്നു. ഒരദ്ധ്യാപികയായിരുന്ന എന്റെ അമ്മ പറയാറുള്ളത് ഞാന്‍ ഓര്‍ക്കുന്നു. ഭവനമാണ് ഒരു ജീവിതത്തിന്റെ പ്രഥമ വിദ്യാലയം. അവിടെ മാതാവാണ് അദ്ധ്യാപിക. എന്റെ അമ്മച്ചിയെപ്പറ്റിയുള്ള വിശേഷങ്ങള്‍ മാതൃദിനത്തില്‍ മാത്രമല്ല ജീവിതത്തിന്റെ ഓരോ ദിവസവും എന്നെ അത്ഭുതപ്പെടുത്താറുണ്ട്. ഒരു സാധാരണ സ്ത്രീക്ക് എങ്ങനെ ഇത്ര കരുണയും സ്‌നേഹവും പ്രകടിപ്പിച്ചുകൊണ്ട് ദീപ്തമായിരുന്നു അവരുടെ ജീവിതം.

എന്റെ കുട്ടിക്കാലത്തെ ഓര്‍മ്മകളില്‍ സുന്ദരിയായ എന്റെ അമ്മച്ചിയുടെ രൂപം പതിഞ്ഞത് ഇപ്പോഴും മാറ്റമില്ലാതെ ഇരിക്കുന്നു. കാലത്തിനു സ്‌നേഹബന്ധങ്ങളെ മങ്ങിപ്പിക്കാന്‍ കഴിയുമായിരിക്കും. എന്നാല്‍ ഒരു അമ്മയും മക്കളും തമ്മിലുള്ള ഹൃദയബന്ധം എന്നും തെളിഞ്ഞ് കത്തികൊണ്ടെയിരിക്കുന്നു. അപ്പച്ചന്‍ ബിസിനസ്സ് കാര്യങ്ങളുമായി നടന്ന് വൈകുന്നേരം വീട്ടില്‍ വരാന്‍ വൈകുമ്പോള്‍ വീടിന്റെ ഉമ്മറവാതിക്കല്‍ ഒരു ദേവിയെപോലെ അമ്മ സ്വയം പ്രതിഷ്ഠിച്ചിരുന്നു അപ്പച്ചന്റെ വരവ് അക്ഷമയോടെ കാത്തിരിക്കും. അപ്പോള്‍ കുട്ടികള്‍ ഞങ്ങള്‍ ചുറ്റും കൂടുന്നു. കുട്ടികാലം മുതല്‍ ആകാശവും, ചന്ദ്രനും, നക്ഷത്രങ്ങളുമൊക്കെ ഇഷ്ടമായിരുന്ന എനിക്ക് അമ്മച്ചി പറയുന്ന കഥകള്‍ കേള്‍ക്കാനിഷ്ടമായിരുന്നു. ഈയ്യിടെ എന്റെ സഹോദരി ഭവനത്തില്‍ ഞങ്ങള്‍ ഒത്ത് കൂടിയപ്പോള്‍ ജനല്‍ വഴി കണ്ട ആകാശവും, ചന്ദ്രനും എന്നെ വീണ്ടും ബാല്യകാലത്തിലേക്ക് കൊണ്ട് പോയി. ആകാശവും നിറയെ നക്ഷത്രങ്ങളും പൂനിലാവുമൊക്കെ വഴിഞ്ഞൊഴുകുന്ന ഒരു രാത്രി ചന്ദ്രന്റെ അടുത്ത് പ്രകാശിച്ച് നില്‍ക്കുന്ന ഒരു നക്ഷത്രത്തെ ചൂണ്ടി കാണിച്ച് അമ്മച്ചി ചോദിച്ചു. ആ നക്ഷത്രത്തിന്റെ പേരെന്തന്നറിയാമോ. അമ്മ തന്നെ മറുപടി പറഞ്ഞു. അതാണു രോഹിണി നക്ഷത്രം. അത് അമ്മയുടെ ജന്മ നക്ഷത്രം കൂടിയായിരുന്നു. അവിടെ ന്യൂയോര്‍ക്കില്‍ നക്ഷത്രങ്ങളെ കാണുക പ്രയാസം തന്നെ. എങ്കിലും ചന്ദ്രന്റെ അടുത്ത് പ്രകാശിച്ച് നില്‍ക്കുന്ന ഇപ്പോള്‍ കാണാന്‍ പറ്റാത്ത ആ നക്ഷത്രം എന്റെ അമ്മയാണെന്ന് ഞാന്‍ വെറുതെ സങ്കല്‍പ്പിച്ചു. കണ്ണട വച്ചിട്ടും കാണാന്‍ കഴിയാത്ത ആ താര പ്രകാശം  അത് എന്നില്‍ വന്നു വീണു കൊണ്ടിരിക്കുന്നു. അതെ എന്റെ അമ്മയ്ക്ക് എന്നെ കാണാന്‍ കഴിയും. അമ്മ എവിടെയായാലും മക്കളെ ഉള്‍ക്കണ്ണു കൊണ്ട് കാണുന്നു. എന്റെ കണ്ണുകള്‍ നിറഞ്ഞത് ഞാന്‍ അറിഞ്ഞില്ല. എന്താ അമ്മാമ്മേ കരയുന്നത് എന്ന് എന്റെ കൊച്ചനിയത്തി ചോദിച്ചപ്പോഴാണു എനിക്ക് പരിസര ബോധം വന്നത്. ഞാന്‍ കണ്ണുകള്‍ തുടച്ച് അവളോട് ചോദിച്ചു. നിനക്ക് അമ്മയെ കാണണോ? അമ്മ മരിച്ചിട്ട് എത്രയോ കൊല്ലങ്ങള്‍ കഴിഞ്ഞു. അവള്‍ കരുതി ഞാന്‍ എന്റെ ഐഫോണില്‍ അമ്മച്ചിയുടെ പടം കാണിക്കാന്‍ പോവുകയാണെന്ന്. അതാ, ആകാശത്തേയ്ക്ക് നോക്കൂ അവിടെ നമ്മുടെ അമ്മച്ചി നമ്മെ നോക്കികൊണ്ടിരിക്കുന്നു. അവളും ആഗ്രഹത്തോടെ നോക്കി. അമ്മയെ കാണാന്‍ ആര്‍ക്കാണു ഇഷ്ടമില്ലാത്തത്. ഈ മാതൃദിനത്തില്‍ അമ്മ മരിച്ചു പോയ മക്കളു, അമ്മ കൂടെയുള്ള മക്കളുമെല്ലാം അമ്മയ്ക്ക് ചുറ്റും ഒരു വട്ടം കൂടി കുഞ്ഞുങ്ങളെ പോലെ ഒത്ത്കൂടാന്‍ മോഹിക്കുന്നു. അമ്മ കൂടെയുള്ളവര്‍ ഭാഗ്യമുള്ളവര്‍. അമ്മയില്ലാത്തവരും അമ്മയെ കാണുന്നു. അവരുടെ കണ്ണുകളില്‍ നിന്നും ആ രൂപം മറയുവതെങ്ങിനെ?
എല്ലാ അമ്മമാര്‍ക്കും മാതൃദിനാശംസകള്‍!

മാതൃദിനത്തില്‍- സരോജ വര്‍ഗ്ഗീസ്, ന്യൂയോര്‍ക്ക്
Join WhatsApp News
Ponmelil Abraham 2016-05-07 05:38:35
There is no one on this earth who cannot forget one's mother. You brought tears to my eyes too while reading this great lines from memory lane. God bless all mothers and happy mother's day to one and all.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക