Image

പിറന്ന മണ്ണിലൊരു പ്രവാസി - രാജൂ മൈലപ്രാ

രാജൂ മൈലപ്രാ Published on 05 May, 2016
പിറന്ന മണ്ണിലൊരു പ്രവാസി - രാജൂ മൈലപ്രാ
[കഴിഞ്ഞ എട്ടു മാസക്കാലത്തോളം മൈലപ്രായിലുള്ള  ഞങ്ങളുടെ വീട്ടിലാണു ഞാന്‍ അവധിക്കാലം ചിലവഴിച്ചത്-ഏകനായി. നമ്മുടെ നാട്ടിലെ ചില വിശേഷങ്ങള്‍, ചില സാധാരണ ആളുകളുമായുള്ള സമ്പര്‍ക്കം, പിന്നെ കുറച്ച് നാട്ടുകാര്യങ്ങളും. നിങ്ങളുടെ ചില ഓര്‍മ്മകളും എന്റെ ഈ കുറിപ്പുകളോടൊപ്പം സഞ്ചരിച്ചാല്‍ കൃതാര്‍ത്ഥനായി. ഏതാനും അദ്ധ്യായങ്ങള്‍ കൊണ്ട് ഈ അഭ്യാസം അവസാനിപ്പിച്ചു കൊള്ളാമെന്നു വാക്കു തരുന്നു.]

1. ഒരു വട്ടം കൂടിയെന്‍...-രാജൂ മൈലപ്രാ

റിട്ടയര്‍മെന്റിനു ശേഷമുള്ള ആദ്യത്തെ ദീര്‍ഘാവധി. 'വണ്‍ വേ' ടിക്കറ്റെടുത്താണു നാട്ടിലേക്കു പറന്നത്. ഒരു മാസം കഴിഞ്ഞപ്പോള്‍ എന്നെ ഏകനാക്കിയിട്ട് പ്രിയതമ പുഷ്പ, ഒഴിച്ചു കൂടാന്‍ പറ്റാതെ പല കാരണങ്ങള്‍ കൊണ്ട്  ന്യൂയോര്‍ക്കിലേക്കു തിരിച്ചു പറന്നു.

'ഏകാന്തപഥികന്‍ ഞാന്‍'എന്ന പാട്ടും പാടി ഞാന്‍ കടാപ്പുറത്തു കൂടി നടക്കുമെന്നായിരിക്കും അവള്‍ വിചാരിച്ചത്.

എന്നെ സംബന്ധിച്ചാണെങ്കില്‍ വര്‍ഷങ്ങള്‍ക്കു ശേഷം കിട്ടിയ പരിപൂര്‍ണ്ണ സ്വാതന്ത്ര്യം - ജീവപര്യന്തം കഠിനതടവിനു വിധിക്കപ്പെട്ടവന്‍ പരോളിനിറങ്ങിയ ഒരു മാനസികാവസ്ഥയായിരുന്നു എനിക്ക്. 'ആഘോഷിക്കൂ- ഓരോ നിമിഷവും' എന്നൊരു ബാനര്‍ വീടിനു മുന്നില്‍ വലിച്ചു കെട്ടിയാലോ എന്ന് ആലോചിച്ചതാണ്.

പക്ഷേ പുഷ്പ ആരാ മോള്‍? എനിയ്‌ക്കൊരു പാര ഒപ്പിച്ചിട്ടാണ് അവള്‍ മടങ്ങിയത്-രാജമ്മ!

രാജന്റെ ഭാര്യയാണു രാജമ്മ. ഈ ഭൂമിയില്‍ ദൈവം അനുവദിച്ചു. കൊടുത്ത കാലം തികയുന്നതിനു മുന്‍പുതന്നെ, 'കാലന്‍' കയറുമായി വന്നു രാജനെ പരലോകത്തേക്കു കൂട്ടിക്കൊണ്ടുപോയി. ദ്രാവകം  മാത്രം ശീലമാക്കിയതിന്റെ ദുഃരന്തഫലം. രാജന്‍ മരിച്ചപ്പോള്‍ രാജമ്മയ്ക്ക് വിധവാ പട്ടം ലഭിച്ചു. അതുകൊണ്ടു തന്നെ സര്‍ക്കാര്‍ കനിഞ്ഞു നല്‍കുന്ന വിധവാ പെന്‍ഷനു അര്‍ഹയുമാണ്.

വളരെ ചെറുപ്പത്തില്‍ തന്നെ ഞങ്ങളുടെ ഭവനത്തിലെ അന്തേവാസി കൂടിയതാണു രാജന്‍. അവധിക്കാലത്ത് ഇരുപത്തിനാലു മണിക്കൂറും അവന്‍ ഞങ്ങള്‍ക്കു കാവലായി വീട്ടില്‍ തന്നെയായിരുന്നു താമസം. ആ അവസരത്തില്‍ കെട്ടിയവനെ ഒരു നോക്കു കാണണമെങ്കില്‍, രാജമ്മയ്ക്ക് വിസിറ്റിംഗ് വിസാ എടുക്കണമായിരുന്നു. ആ സര്‍പ്രൈസ് സന്ദര്‍ശനങ്ങളൊന്നും അങ്ങേര്‍ക്ക് അത്ര പിടിച്ചിരുന്നില്ല.

 'എന്തിനാടീ കഴുവേറട മോളേ നീയിപ്പം ഇങ്ങോട്ട്  എഴുന്നെള്ളിയത് എന്ന പരുക്കന്‍ ചോദ്യവുമായി, കണ്ണുരുട്ടിക്കാണിച്ച്, വന്ന അതേ വേഗത്തില്‍ത്തന്നെ അവരെ deport ചെയ്യുമായിരുന്നു.
ആ രാജമ്മയെയാണു ഫുള്‍ടൈം ആയി daytime employee നിയമിച്ചത്. വീട്ടുകാര്യങ്ങള്‍ നോക്കുവാന്‍-കൂടാതെ എന്റെ പ്രവൃത്തികള്‍ ശ്രദ്ധിക്കുവാനും നിരീക്ഷിക്കുവാനും.

എന്റെ കാര്യങ്ങള്‍ നോക്കുവാന്‍ ഒരു പരിചാരികയെ ഏര്‍പ്പെടുത്തുമ്പോള്‍, എന്റെ അഭിപ്രായം കൂടി കണക്കിലെടുക്കണെമെന്നുള്ള ഒരു സാമാന്യ പ്രതിപക്ഷ മര്യാദ എന്റെ ഭാര്യ കാണിച്ചില്ല. ഏകപക്ഷീയമായ ഒരു തീരുമാനമാണു അവള്‍ കൈക്കൊണ്ടത്. വീട്ടു ജോലികളൊക്കെ രാജമ്മയെ ഏല്പിച്ചിട്ട്, വളരെ സന്തോഷത്തോടെയും മനഃസ്സമാധാനത്തോടും കൂടിയാണു പുഷ്പ മടങ്ങിയത്. അങ്ങിനെ ഞാന്‍ ആ സോമാലി സുന്ദരിയുടെ നിരീക്ഷണവലയത്തിലായി.

അതിരാവിലെ ആവി പറക്കുന്ന ഒരു കട്ടനുമടിച്ച് പതിവുപോലെ 'മനോരമ' വായിക്കുകയായിരുന്നു ഞാന്‍. അവധിക്കാലവേളകളില്‍ ഞാന്‍ ഏറ്റവും ആസ്വദിക്കുന്ന നിമിഷങ്ങളാണിത്.

വെട്ടം കിഴക്കു പൊട്ടു കുത്തിയപ്പോള്‍ രാജമ്മ മുറ്റമടി തുടങ്ങി. ഇടയ്ക്കിടെ തനിയെ വര്‍ത്തമാനം പറയുന്നു-ചിരിക്കുന്നു. മുഖത്തു പച്ചാളം ഭാസിയുടെ നവരസങ്ങള്‍ മാറി മറിഞ്ഞുകൊണ്ടിരുന്നു.

'കര്‍ത്താവേ ഈ പെണ്ണും പിള്ളക്കു വട്ടുപിടിച്ചോ?' ഞാന്‍ അന്തം വിട്ടു.
കൈയ്യില്‍ കുറ്റിച്ചൂലുമായി ചിരിച്ചുകൊണ്ടു ഒരു ആം ആദ്മി പ്രവര്‍ത്തകയെപ്പോലെ അവര്‍ മുറ്റമടി തുടരുകയാണ്. പുരാതനകാലം മുതലേ സ്ത്രീകള്‍ ചൂല്‍ ഒരു ആയുധമായി ഉപയോഗിച്ചിരിക്കുന്നുവെന്ന് ചരിത്രകാരന്മാര്‍ ഹിസ്റ്ററി ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു മുന്‍കരുതലെന്ന പോലെ ഞാന്‍ വരാന്തയുടെ വാതിലടച്ചു. മുള്ളു വന്നു ഇലയില്‍ വീണാലും, ഇല വന്നു മുള്ളില്‍ വീണാലും ഇക്കാലത്തു മുള്ളിനാണു കേട്.

കുറച്ചുകഴിഞ്ഞപ്പോള്‍ രാജമ്മ ഒന്നു നിവര്‍ന്നു. കൈ ഇടത്തേ ചെവിയിലേക്കു പോകുന്നു. അവരുടെ ചെവിയില്‍ ഘടിപ്പിച്ചിരുന്ന സാമഗ്രി കണ്ടപ്പോള്‍ എന്റെ കണ്ണുതള്ളിപ്പോയി. വായില്‍ yellow teeth ഉള്ള അവരുടെ ചെവിയിലൊരു blue tooth.  

കെട്ടിയവന്‍ ജീവിച്ചിരുന്നപ്പോള്‍, ഒരിക്കല്‍പ്പോലും എന്റെ മുന്നില്‍ പ്രത്യക്ഷപ്പെടാതിരുന്ന ആ ലേഡി ഇന്ദ്രന്‍സ് 'ബ്ലൂ ടൂത്തി' ലൂടെ കമ്മ്യൂണിക്കേഷന്‍സ് നടത്തുന്നു. കാലം പോയൊരു പോക്കേ!

ടോയിലറ്റ് എപ്പോഴും വൃത്തിയായിരിക്കുവാന്‍, പരസ്യവാചകത്തിന്റെ പിന്‍ബലത്തില്‍, ഞാന്‍  Harpic tablet സിങ്കില്‍ ഇട്ടിരുന്നു. ഒരിക്കല്‍ വീടിനകം തുടച്ചു വൃത്തിയാക്കിയതിനുശേഷം വാതില്‍പ്പാളികള്‍ക്കിടയിലൂടെ രാജമ്മ പറഞ്ഞു.

'അച്ചായ! ഞാന്‍ കുളിമുറിയൊക്കെ ശരിക്കു കഴുകി. ഏതാണ്ടു കളറു വെള്ളമായിരുന്നു അതിനകത്ത്. ഏതായാലും കുറച്ചു സമയമെടുത്തു ഞാനതു വൃത്തിയാക്കി. ഇപ്പോള്‍ നല്ല തെളിഞ്ഞ വെള്ളമാണ്'-തന്റെ ക്ലീനിംഗ് പവറില്‍ സ്വയം അഭിമാനിക്കുന്നുണ്ടെന്നു വിളിച്ചു പറയുന്ന മുഖം.

'അച്ചായാ- ടാങ്കിലെ വെള്ളം തീര്‍ന്നെന്നാ തോന്നുന്നത്'- നീലം ജലം വെളുപ്പിച്ചെടുത്തതിന്റെ ഫലം.

എന്തുകൊണ്ടോ പാചകപ്പണി ആ ഉണക്കക്കോലിനെ ഏല്പിക്കുവാന്‍ എനിക്കു മനസു വന്നില്ല-കുക്കിംഗ് മേഖലയില്‍ ഒരു കൈ വെയ്ക്കുവാന്‍ തന്നെ ഞാന്‍ തീരുമാനിച്ചു.

ഏതായാലും വലിയ പരിക്കുകളൊന്നും പറ്റാതെ, ആറുമാസത്തിലധികം, മൈലപ്രാ ഗ്രാമത്തിലെ ഞങ്ങളുടെ ഭവനത്തില്‍ ഞാന്‍ ഏകനായി വസിച്ചു.

'കാടാറു മാസം... നാടാറു മാസം' എന്ന പാട്ട് ഞാന്‍ ഈയിടെയായി ഇടയ്ക്കിടെ മൂളാറുണ്ട്.

'വേണ്ട മോനേ...വേണ്ട മോനെ-' എന്ന മറുമൊഴിയാണു ഭാര്യ മൂളുന്നത്.


പിറന്ന മണ്ണിലൊരു പ്രവാസി - രാജൂ മൈലപ്രാ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക