Image

ജിഷ: ആരാണ് ഉത്തരവാദികള്‍? (ബാബു പാറയ്ക്കല്‍)

Published on 05 May, 2016
ജിഷ: ആരാണ് ഉത്തരവാദികള്‍? (ബാബു പാറയ്ക്കല്‍)
പെരുമ്പാവൂരിനടുത്ത് കുറുപ്പുംപടിയില്‍ കനാലിനരികെ രണ്ടു സെന്റ് പുറമ്പോക്കുഭൂമിയില്‍ ദളിത് വിഭാഗത്തില്‍പെട്ട ഒരമ്മയും മകളും താമസിച്ചിരുന്നു. മകള്‍ പഠിക്കാന്‍ മിടുക്കുയായിരുന്നു. അവള്‍ ബി.എ.യും എം.എ.യും പഠിച്ചു പാസായി. പട്ടികജാതിയില്‍ പെട്ട ഒരു പെണ്ണ് ഇത്രയും പഠിക്കാനോ? എന്തൊരഹങ്കാരം!

അയല്‍ക്കാരില്‍ ചിലര്‍ പ്രശ്‌­നമുണ്ടാക്കാന്‍ തുടങ്ങി. പ്രശ്‌­നം ഗുരുതരമായപ്പോള്‍ അമ്മയും മകളും കൂടി കുറുപ്പംപടി പോലീസ് സ്‌­റ്റേഷനില്‍ പോയി പറഞ്ഞു. ഒരു നടപടിയുമുണ്ടായില്ല. വക്കീലിനെ വച്ചു കേസുത്വരിപ്പെടുത്താന്‍ അവര്‍ക്കു പണമില്ലായിരുന്നു. എങ്കില്‍ സ്വയം വക്കീലാവണമെന്നു ദൃഢനിശ്ചയമെടുത്ത് മകള്‍ എല്‍.എല്‍.ബി.യ്ക്കു പഠിക്കാന്‍ പോയി. അയല്‍പക്കത്തെ ശല്യം കൂടി വന്നു. മാസങ്ങള്‍ക്കുശേഷം വീണ്ടും പോലീസ് സ്‌­റ്റേഷനില്‍ പരാതി ബോധിപ്പിച്ചു. പക്ഷേ നടപടിയുണ്ടായില്ല. അവരെ ഉണര്‍ത്തണമെങ്കില്‍ സമുദായനേതാക്കന്മാരുടെ അരമനകളില്‍ നിന്നോ മന്ത്രിയുടെ ഓഫീസില്‍ നിന്നോ ഫോണ്‍വിളിയെത്തണം. അല്ലെങ്കില്‍ അവരുടെ കീശയില്‍ എന്തെങ്കിലും കാര്യമായി ഇടണം. ഇതിന്റെ ഒന്നും പിന്‍താണ്ടില്ലാത്തതിനാല്‍ അധികാരികളില്‍ നിന്നും യാതൊരു സഹായവും പ്രതീക്ഷിക്കണ്ടെന്നു മനസ്സിലാക്കിയ ആ അമ്മയും മകളും അവിടെ നിന്നും ദൂരെ എവിടേക്കെങ്കിലും മാറി താമസിക്കാന്‍ തീരുമാനിച്ചു. പക്ഷേ, കയ്യില്‍ പൈസയൊന്നുമില്ലാതെ എന്തു ചെയ്യും?

അതിനുവേണ്ടി, മകളുടെ സുരക്ഷിതത്വത്തിനുവേണ്ടി, പണസമാഹരണത്തിനായി വീടുകള്‍ തെണ്ടുവാന്‍ തീരുമാനിച്ചു. വളരെ നാളത്തെ പരിശ്രമം കൊണ്ട് 13,500 രൂപ സമാഹരിച്ചു. സ്ഥലം വാങ്ങി കൂര വയ്ക്കാന്‍ ആ തുക ഒന്നുമല്ലെങ്കിലും തല്‍ക്കാലം വാടകയ്‌­ക്കെങ്കിലും മാറണമെന്നു വിചാരിച്ചു. വക്കീലാകാന്‍ പഠിക്കുന്ന മകള്‍ക്ക് വധഭീഷണിയുണ്ടെന്നു പറഞ്ഞിട്ടുപോലും ഒരു സാദാ പോലീസുകാരന്‍പോലും അവരുടെ വീടുവരെയൊന്നു വന്നില്ല. രാത്രിയില്‍ ആ അമ്മ ഉറങ്ങിയില്ല. ഉറങ്ങുന്ന മകള്‍ക്കു കാവലിരുന്നു. കണ്‍പോളകള്‍ തൂങ്ങുമ്പോള്‍ കണ്‍മുമ്പില്‍ നില്‍ക്കുന്ന രക്തദാഹികളായ കശ്മലന്മാരെ കണ്ട് അവര്‍ ഞെട്ടിയുണരും. രാത്രിയില്‍ ആ കുടിലില്‍ ഭീകരസ്വപനം ഒരു ചലചിത്രാവിഷ്­ക്കാരംപോലെ അവരുടെ മുന്‍പില്‍ തുടര്‍ക്കഥയായി തെളിഞ്ഞു. അന്നു രാവിലെയും ആഅമ്മ, അവരുടെ തന്നെ ഭാഷയില്‍, 'തെണ്ടുവാന്‍' ഇറങ്ങി. വൈകീട്ടു കിട്ടിയ ഏതാനും നോട്ടുകളുമായി കൂരയിലെത്തിയ അവര്‍ ആ കാഴ്ച കണ്ടു ഞെട്ടി!

തന്റെ എല്ലാം എല്ലാമായ മകള്‍ മൃഗീയമായി ബലാല്‍സംഗം ചെയ്യപ്പെട്ട് ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു! ആ അമ്മ ബോധരഹിതയായി വീണു! അരുംകൊലചെയ്യപ്പെട്ട ജിഷയുടെ മാതാവായിരുന്നു അവര്‍.

എങ്ങനെയൊക്കെ ജിഷ പീഡിപ്പിക്കപ്പെട്ടുവെന്നു മാധ്യമങ്ങളില്‍നിന്നും എല്ലാവരും വായിച്ചറിഞ്ഞതാണ്. ഇത്രകൂരമായ രീതിയില്‍ കേരളത്തില്‍ എങ്ങനെയാണ് ഒരു കുറ്റകൃത്യം അരങ്ങേറിയത്? ഈ സംഭവം നടന്നിട്ട് ദിവസങ്ങളോളം പത്രങ്ങളിലോ സാമൂഹ്യമാധ്യമങ്ങളിലോ ഇത് ഒരന്വേഷണവും നടത്താതെ നിഷ്­ക്രിയരായിരുന്നു. അങ്ങനെയിരിക്കെ ആരോ കുത്തിപ്പൊക്കി. പത്രങ്ങളും സാമൂഹ്യമാധ്യമങ്ങളും ഏറ്റെടുത്തു. തെരഞ്ഞെടുപ്പുകാലമല്ലേ, പിന്നെ ചോദിക്കാനുണ്ടോ? മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാര്‍ട്ടി സെക്രട്ടറിമാരും ഛോട്ടാനേതാക്കന്മാരുമെല്ലാം ആ പെണ്‍കുട്ടിയുടെ വീട്ടില്‍കയറി അനുശോചനം അറിയിച്ചു. സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. കുറ്റക്കാരായവരെ മൂക്കില്‍കേറ്റി വലിക്കുമെന്നു പ്രതിജ്ഞ ചെയ്തു. പെട്ടെന്നു സംസ്ഥാനമൊട്ടാകെ വ്യാപക പ്രതിഷേധം! ഇതില്‍ കൂടുതല്‍ ആ കുടുംബത്തിനെന്തുവേണം? അഖിലേന്ത്യാതലത്തില്‍ ഈ വാര്‍ത്ത ശ്രദ്ധിക്കപ്പെട്ടു. ഒരു പക്ഷേ, ന്യൂയോര്‍ക്കു ടൈംസിലും നാളെ അരപേജില്‍ ജിഷയുടെ പേരും ഫോട്ടോയും വാര്‍ത്തയും കൂടി പ്രസിദ്ധീകരിച്ചേക്കാം.

എന്തേ അപസ്മാരം പോലെ പെട്ടെന്നൊരു പ്രബുദ്ധത എല്ലാവര്‍ക്കും ബാധിച്ചിരിക്കുന്നത്? ഇങ്ങനെയൊരു ക്രൂരമായ സംഭവം സമാധാനകാംക്ഷികളുടെ നാടായ കേരളത്തില്‍ എങ്ങനെ സംഭവിച്ചു? ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ എന്താണ്? ഇങ്ങനെയുള്ള സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കാമോ? ഇതു തുടക്കഥയാകാതിരിക്കാന്‍ നാം എന്തു ചെയ്യണം. എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

കുടുംബങ്ങളില്‍ നിന്നു അണു കുടുംബങ്ങളിലേക്ക് നമ്മള്‍ മാറിയിട്ട് കുറെ വര്‍ഷങ്ങളായി. ഇന്നു നമ്മുടെ ലക്ഷ്യം നമ്മുടെ കുട്ടികള്‍ ഡോക്ടര്‍മാരും, എന്‍ജിനീയര്‍മാരും പോലെ ഉയര്‍ന്ന പ്രൊഫഷണല്‍സ് മാത്രം ആയിക്കാണുവാനാണ്. എന്‍ട്രന്‍സ് പരീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങുവാനായി നമ്മള്‍ അവരെ പുറത്താരുമായും ഇടപഴകാതെ വീട്ടിലിരുത്തി മുഴുവന്‍ സമയവും പഠിപ്പിക്കുന്നു. അതുകഴിഞ്ഞ് ദൂരെ കലാലയങ്ങളിലേക്ക് പോകുന്ന ഇവര്‍ ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നു. അവിടെ അവര്‍ സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാന്‍ തുടങ്ങുമ്പോള്‍ പുതിയ കൂട്ടുകെട്ടുകളും ഉണ്ടാകുന്നു. മദ്യവും മയക്കുമരുന്നും അവരുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു. ജീവിതമൂല്യങ്ങളെപ്പറ്റി അറിഞ്ഞിട്ടില്ലാത്ത അവര്‍ക്ക് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നത് തെറ്റാണെന്നു ബോധ്യമുണ്ടാകുന്നില്ല. ലഹരിയുടെ പ്രേരണയില്‍ പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്താല്‍ പോലും മാതാപിതാക്കള്‍ പണമൊഴുക്കി അവരെ രക്ഷപെടുത്തിക്കൊള്ളും. കംപ്യുട്ടറും സെല്‍ഫോണും, ഫെയ്‌സ്ബുക്കുമൊക്കെയായി അവര്‍ തിരക്കിലായതുകൊണ്ട് മറ്റുള്ളവരുടെ വിശപ്പോ, പ്രശ്‌നങ്ങളോ, വേദനകളോ ഒന്നും മനസിലാക്കാന്‍ അവര്‍ക്ക് അവസരം ലഭിക്കുന്നില്ല.

അതുപോലെ തന്നെയാണ് നമ്മുടെ സംസ്കാരത്തെ മാറ്റിമറിക്കുന്ന മൂല്യച്യുതിയേറിയ സീരിയലുകള്‍! പഴയതുപോലെ നല്ല കുടുംബാന്തരീക്ഷത്തെ തീം ആക്കുന്ന കഥകള്‍ ഇന്നു വിരളം. അഹങ്കാരവും പാര വെയ്പും കൊലപാതകവും ക്വട്ടേഷനും ഒക്കെയുള്ള ത്രില്ലറുകളാണ് ഇന്ന് റേറ്റിംഗ് കൂടുതല്‍ ലഭിക്കുന്നത്. സാമ്പത്തിക ലാഭം മാത്രം നോക്കുന്ന ടിവി ചാനലുകളും പ്രൊഡ്യൂസര്‍മാരും അതുതന്നെ പ്രോത്സാഹിപ്പിച്ച് അവതരിപ്പിക്കുന്നു. ഇതിനു കാഴ്ചക്കാര്‍ കൂടുന്നതുകൊണ്ട് വീണ്ടും ഇങ്ങനെയുള്ള കഥകള്‍ തന്നെ അവതരിപ്പിക്കുന്നു. അക്രമാസക്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ വെമ്പല്‍കൊള്ളുകയാണിവര്‍. പണം മാത്രം ലക്ഷ്യമാക്കുന്ന ഇവര്‍ ഒരു സംസ്കാരത്തെ തന്നെയാണ് ഇല്ലാതാക്കുന്നത്.

കേരളത്തില്‍ കഴിഞ്ഞ രണ്ടുമൂന്നു ദശാബ്ദങ്ങളായി ചെറിയ കുന്നുകള്‍ വെട്ടിയെടുത്ത് പടിഞ്ഞാറുള്ള ജലാശയങ്ങള്‍ നികത്തിയെടുത്തു. മണ്ണു വിറ്റവനും പാടം നികത്തിയവനും പണമുണ്ടാക്കി. കുന്നുകള്‍ പോയതോടെ അവിടെയെല്ലാം മരങ്ങളും നഷ്ടപ്പെട്ടു. മറ്റുചിലര്‍ പുഴകളില്‍ നിന്നും മണലുവാരി കാശുണ്ടാക്കി. ഇങ്ങനെ പോയാല്‍ കേരളം കൊടും വരള്‍ച്ചയില്‍ അകപ്പെടുമെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചു. ആരു കേള്‍ക്കാന്‍? ചുമതലപ്പെട്ട അധികാരികള്‍ക്ക് വീതംകിട്ടുന്നതുകൊണ്ട് അവരൊന്നും ഒരു ചെറുവിരല്‍ പോലും അനക്കില്ല. ഫലമോ, ഇന്നു കേരളം അനുഭവിക്കുന്നതു നോക്കിയാല്‍ മതി. ഇങ്ങനെ പോയാല്‍ കേരളം മരുഭൂമിയാകുന്ന കാലം അതിവിദൂരമല്ല.

ഇതുപോലെ തന്നെയാണ് കുറ്റകൃത്യങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു സംസ്കാരത്തെ പണമുണ്ടാക്കാന്‍ വേണ്ടി നമ്മള്‍ വാര്‍ത്തെടുക്കുന്നത്. ജിഷ ഒരു ദളിത് യുവതിയായിരുന്നു. ആരുമില്ലാത്ത അവര്‍ താമസിച്ചിരുന്നത് രണ്ടു സെന്റ് ഭൂമിയിലെ ഒരു ചെറ്റക്കുടിലില്‍. അവള്‍ കൊലചെയ്യപ്പെട്ടതുകൊണ്ട് ആര്‍ക്കും ഒന്നും നഷ്ടപ്പെടാനില്ല. പക്ഷെ, ഒരു ദിവസം നമ്മുടെ അമ്മയോ, പെങ്ങളോ, മകളോ ഇങ്ങനെയൊരു ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടാല്‍ നമുക്ക് പൊള്ളും. സാരമില്ല. മയക്കുമരുന്നുവിറ്റും മണലുവിറ്റും അക്രമാസക്തമായ സീരിയലു കാണിച്ചും നാം ധാരാളം പണമുണ്ടായിക്കിയിരിക്കുന്നു. അതു മതിയല്ലോ. നമ്മുടെ കുട്ടികളെല്ലാം പ്രൊഫഷണല്‍സ് ആകട്ടെ. അതു മതിയല്ലോ. ഒരു സംസ്കാരം കൊലചെയ്യപ്പെടുന്നതു നോക്കിനിന്നു നമുക്ക് രസിക്കാം!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക