Image

ജിഷാദം (കവിത) ജോര്‍ജ് നടവയല്‍

ജോര്‍ജ് നടവയല്‍ Published on 05 May, 2016
ജിഷാദം (കവിത) ജോര്‍ജ് നടവയല്‍
ഹേ, നിഷാദാ, 
നിന്‍ നിഷാദമെന്നുമൊരു
കെടാത്ത തീയമ്പ്.

കൊന്നതില്ലല്ലോ
തിന്നതില്ലല്ലോ 
നീ നിന്നിണയിലേതിനെയും.

രാവുമായണമങ്ങനെ
വാത്മീകീരാമായണ-
മാകണമെന്നേ കാട്ടാളാ 
നീ നിനച്ചൂള്ളൂ.

കിളിച്ചിറകില്‍ നിന്‍ 
വിശപ്പൊരമ്പായിറുകവേ,
സീതായന കാന്തിയൊരു യുഗ-
പ്പെണ്‍ കാന്തിയാകണമെന്നേ 
നിഷാദാ നിന്‍
നിഷ്‌ക്കള കാട്ടാളത്തം
നോറ്റതൂള്ളൂ.

നിഷാദാ, കാട്ടാളാ, 
നാട്ടാളരാം ഞങ്ങള്‍ക്കില്ല
കാടിനി; കരളാകെ
നരക കരാളത മാത്രം

കാട്ടാളാ, നിഷാദാ നോക്കുകീ
കന്യാംബുജത്തെ ജിഷയെ,
നീ തോല്‍ക്കുന്നൂ, 
നിന്‍ കാട്ടാളത്തമീ
നാട്ടാളപ്പിശാചരുടെ 
പെണ്‍വേട്ടയില്‍ മുട്ടുകുത്തുന്നൂ.

ഒരു വെളളരിപ്പിറാവിന്റെ 
തൂവെള്ളത്തൂവലൊക്കെ 
യുരിഞ്ഞ ചിറകരിഞ്ഞ്
ചങ്കും തുടയും നുറുക്കി
കോര്‍മ്പല്ലില്‍ കോര്‍ക്കുന്നൂ
മനുഷ്യാകൃതപ്പെരും ചെകുത്താന്‍
വിജയാട്ടഹാസം മുഴക്കുന്നൂ.
'ആണ്' മണ്‍മറയുന്നൂ.

ജിഷ മലരാവെണ്‍പിറാവാകുന്നു
താഴുന്നേന്‍
ഇനി ഞാനൊരു 
കേരള മകനെന്നൂറ്റം
കൊള്‍വാനാവാതെ

വീഴുന്നേന്‍ 
പ്രണയിനിയുടെ മൃദു
ലാളനകള്‍ക്കിനിയൊട്ടും
പോന്നവനാണെന്നാകാതെ.

കേഴുന്നേനി-
നിയമ്മ പെങ്ങമ്മാരുടെ 
യാണ്‍ പിറപ്പാം
വിരിനെഞ്ചാണെന്നാകാതെ.

അഴുകുന്നേനിനി-
യിന്നലെ വരെയുമുയര്‍ത്തിയ 
പുംവീര്യത്തില്‍ ധീരത
യൊട്ടും കൂടാതെ.

ഹേ നിഷാദാ, കാണുക
ഏ.കെ.ജി.പാര്‍ക്കില്‍ 
പ്രതിപക്ഷ നേതാവിന്റെ 
തൊണ്ട കാറുന്നുണ്ടിപ്പോഴും
പണ്ടത്തെപ്പോലെ
സ്ത്രീ പീഡനത്തിനെതിരെ

കാട്ടാളസൗമ്യമേ, കേള്‍ക്കുക
ഗാന്ധിമൈതാനിയില്‍
ഭരണമുന്നണി പ്രസിഡന്റിന്റെ 
മൈക്കിലിടിവെട്ടുന്നുണ്ട്
ക്രൂരമായി ഇരുമ്പുകുന്തമിറക്കപ്പെട്ട
പെണ്‍പിറാവിനെയോര്‍ത്ത്.

തെരുവിന്‍ യുവജനങ്ങള്‍ 
മൂവര്‍ണ്ണരക്തത്താമരപ്പതാകകളേന്തി
വഴികളേതും മുടക്കുന്നുണ്ട്
ജനനേന്ദ്രിയം പിച്ചിപ്പോയ
കുമാരിയെച്ചൊല്ലി.

സാംസ്‌കാരിക നായകര്‍ 
അഗ്നിപുരട്ടിയ മഷികള്‍ 
അക്ഷരങ്ങളാക്കുന്നുണ്ട്
താളുകള്‍ തോറും 
മുുലച്ഛേദിക്കപ്പെട്ട 
കന്യകയെച്ചൊല്ലി.

സില്‍ക്കുസാരി സ്വര്‍ണക്കമ്പനിവക
ചാനലുകളില്‍ മൂക്കറ്റം
വാക്കേറ്റം വാറ്റുന്നവര്‍
തമ്മില്‍ത്തമ്മില്‍ കടിച്ചു കീറുന്നുണ്ട്
ചെറ്റമറയില്ലാത്തിടത്ത്
ക്ഷണിക്കപ്പെട്ട പെണ്‍കുട്ടിയെച്ചൊല്ലി.

പള്ളികളില്‍ അച്ഛന്‍മാര്‍
കുര്‍ബ്ബാന മദ്ധ്യേ കൈകഴുകി 
കരുണാപൂര്‍വ്വം കുന്തുരക്കം
പുകയ്ക്കുന്നുണ്ട് മുറിയ്ക്കപ്പെട്ട
ഒരുവളുടെ ആത്മശാന്തിക്കുവേണ്ടി

ശ്രീകോവിലുകളില്‍ പൂജാരിമാര്‍ 
ശാന്തിമന്ത്രങ്ങള്‍ പുണ്യാഹം തളിച്ച് 
ഉരുക്കഴിക്കുന്നുണ്ട് അറുക്കപ്പെട്ട 
കിളിന്നു പെണ്ണിന്റെ മോക്ഷത്തിനായി.

കാക്കിക്കുപ്പായക്കാര്‍ ലാത്തി വീശി 
തലയില്‍ മുണ്ടിട്ടു മൂടിയ തെമ്മാടികളെ 
നിരനിരയായി ജീപ്പിലേറ്റുന്നുണ്ട്
ചിമ്മും ക്യാമറകള്‍ക്കാര്‍ത്തി തീരാന്‍.

ആശുപത്രിക്കിടക്കയില്‍,
കൈത്തണ്ട മുറിഞ്ഞ ഞരമ്പില്‍, 
തുളച്ചു കേറുന്ന തുള്ളി മരുന്നില്‍
സമനില വിട്ട കണ്ണിലിരുട്ടാസ്വദിച്ച് 
വട്ടു പുലമ്പുന്നുണ്ടമ്മ

പത്തുലക്ഷത്തിന്റെ ചെക്കുപടം കാട്ടി
സര്‍ക്കാര്‍ തൊഴിലുറപ്പും കൂട്ടി
നാടിന്റെ മുഖ്യമന്ത്രി
പെണ്‍കുട്ടിയുടെ സഹോദരിയെ 
ചേര്‍ത്തു നിര്‍ത്തുന്നുണ്ട്
ക്യാമറകള്‍ മിന്നുന്നുണ്ട്.

റെയില്‍പ്പാളത്തില്‍ 
കാക്കകൊത്തി വലിയ്ക്കുന്ന 
ഒരു പെണ്‍ ശരീരം
കാമുകനെ വിശ്വസിച്ച് 
വീടുവിട്ടിറങ്ങിയ പ്ലസ്ടു
വിദ്യാര്‍ത്ഥിയുടെതാണെന്ന്
പത്രത്താളില്‍ അക്ഷരമപ്പോള്‍
പുതുതായി വിരചിതമാകുന്നുമുണ്ട്.

ജിഷാദം തുടരുന്നുണ്ട് 
നിഷാദാ, പെണ്‍കൊലകളുടെ 
സ്വന്തം നാട്ടില്‍
സാക്ഷരകേരം തിങ്ങും നാട്ടില്‍.


ജിഷാദം (കവിത) ജോര്‍ജ് നടവയല്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക