Image

പതിനാറുകാരന്റെ കൈപ്പത്തിവെട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു

Published on 31 January, 2012
പതിനാറുകാരന്റെ കൈപ്പത്തിവെട്ടാന്‍ ക്വട്ടേഷന്‍ കൊടുത്ത പോലീസുകാരനെ അറസ്റ്റ് ചെയ്തു
തിരുവനന്തപുരം: പതിനാറുകാരന്റെ കൈപ്പത്തിവെട്ടി മാറ്റാന്‍ ക്വട്ടേഷന്‍ കൊടുത്ത കേസില്‍ ഒളിവിലായിരുന്ന പോലീസുകാരനെ പൂവാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

പൂവാര്‍ അരുമാനൂര്‍ ഇരുവൈകോണം വടക്കേ കുഴിവിള വീട്ടില്‍ രാജ്കുമാര്‍(26) ആണ് അറസ്റ്റിലായത്. ഇയാള്‍ ഇപ്പോള്‍ കണ്ണൂരില്‍ കെഎപി നാലാം ബറ്റാലിയനില്‍ പരിശീലനത്തിലായിരുന്നു. ഏറെ നാളായി ഒളിവിലായിരുന്ന ഇയാള്‍ വീട്ടിലെത്തിയെന്ന രഹസ്യവിവരത്തെതുടര്‍ന്ന് ഇന്നു രാവിലെ നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഗോപകുമാരന്‍ നായരുടെ നിര്‍ദേശാനുസരണം പൂവാര്‍ സിഐ. ബിനു, എസ്‌ഐ. പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം അറസ്റ്റുചെയ്തത്.

മൂന്നു വര്‍ഷം മുന്‍പാണ് അയല്‍വാസിയും വിദ്യാര്‍ഥിയുമായ പ്രജിത്ത് എന്ന ബാലനെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ രാജ്കുമാര്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പെടുത്തിയത്. മൂന്നംഗ ക്വട്ടേഷന്‍ സംഘം അന്ന് കൃത്യം നടത്തി. പോലീസിന് അന്ന് പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് അന്വേഷണം നിലച്ചിരുന്നു. ഈ അടുത്ത കാലത്ത് നഗരത്തിലെ ഒരു ബാറിലിരുന്ന് മദ്യപിക്കവെ സംഘത്തിലുണ്ടായിരുന്ന ഒരാള്‍ തന്റെ സാഹസിക കൃത്യങ്ങളെക്കുറിച്ച് കൂട്ടുകാരോട് വെളിപ്പെടുത്തി.

ഈ വിവരം അറിഞ്ഞ് പോലീസ് സംഘം സ്ഥലത്തെത്തി പ്രതിയെ അറസ്റ്റു ചെയ്തതോടെയാണ് മൂന്നു വര്‍ഷം മുന്‍പ് നടന്ന ക്വട്ടേഷനെക്കുറിച്ചുളള വിവരങ്ങള്‍ പുറത്തായത്. വിദ്യാര്‍ഥിയായ ബാലന്റെ പിതാവ് മന്ത്രവാദങ്ങള്‍ നടത്തിയതു മൂലം തന്റെ വീട്ടിലെ പശുവും കോഴികളും ചത്തു പോയെന്ന സംശയം നിമിത്തമാണ് രാജ്കുമാര്‍ ഇയാളെയും മകനെയും വകവരുത്താന്‍ ക്വട്ടേഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്. അന്ന് പോലീസ് കേസ് അന്വേഷിച്ചെങ്കിലും പ്രതികളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.

സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം ക്വട്ടേഷന്‍ സംഘത്തിലെ പ്രശാന്ത്, ജഗദീഷ്, അനി എന്നിവര്‍ പിടിയിലായിരുന്നു. അടുത്ത കാലത്ത് പോലീസില്‍ ജോലി ലഭിച്ച രാജ്കുമാര്‍ കണ്ണൂരില്‍ പരിശീലനത്തിലായിരുന്നു. ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ പിടിയിലായതറിഞ്ഞ ഇയാള്‍ ഒളിവില്‍ പോയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക