Image

ജിഷയുടെ കൊലപാതകം അക്കൌണ്ട് തുറക്കാന്‍ മാര്‍ഗമാക്കരുത്

Published on 06 May, 2016
ജിഷയുടെ കൊലപാതകം അക്കൌണ്ട് തുറക്കാന്‍  മാര്‍ഗമാക്കരുത്
കഴിഞ്ഞ ഒരാഴ്ചയായി നമ്മുടെ കേരളവും മലയാളിയും ചര്‍ച്ച ചെയ്യുന്നത് ഒരു പെണ്‍കുട്ടിയുടെ കൊലപാതകവും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ്. ഒരു കൊലപാതകത്തെ ഒരു സാധാരണ മലയാളി കാണുന്നതുപോലെയല്ല രാഷ്ട്രീയക്കാര്‍ കാണുന്നത്. എല്‍.എല്‍.ബിക്കു പഠിക്കുന്ന പെണ്‍കുട്ടിയായിരുന്നു. അവള്‍ ഇത്തരമൊരു സാഹചര്യത്തില്‍ താമസിച്ചിട്ട് എന്തുകൊണ്ട് ബന്ധപ്പെട്ടവര്‍ക്കോ നാട്ടില്‍ നിലവിലുള്ള സിസ്റ്റത്തിനോ ഇടപെടാന്‍ സാധിച്ചില്ല, അതിന്റെ ഒരു പ്രശ്‌­നമുണ്ട്. മറ്റൊന്ന് ഈ വിഷയത്തെ നമ്മള്‍ എങ്ങനെ കാണുന്നുവെന്നുള്ളതാണ്. ജിഷയുടെ മരണത്തെ സാമൂഹ്യസുരക്ഷയുടെ പശ്ചാത്തലത്തിലാണു നമ്മള്‍ വീക്ഷിക്കേണ്ടത്.

സംഭവത്തില്‍ വന്‍പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം അലയടിക്കുന്നത്. ഇത്തരത്തില്‍ പ്രതിഷേധിക്കുന്ന സമൂഹത്തിനുതന്നെ ആ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിക്കാനുള്ള ബാധ്യത ഉണ്ടായിരുന്നില്ലേയെന്നു കൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. പറഞ്ഞു കേട്ടിടത്തോളം അടച്ചുറപ്പില്ലാത്ത മുറിയിലാണ് ഈ പെണ്‍കുട്ടി താമസിച്ചിരുന്നത്. അതുതന്നെ ഒന്നാമത്തെ വീഴ്ചയാണ്. സാമൂഹ്യ സുരക്ഷാപദ്ധതി പ്രകാരം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും മറ്റുള്ളവര്‍ക്കും ഇടപെടാന്‍ സാധിക്കുമായിരുന്നില്ലേ? അങ്ങനെ ഇടപെട്ടിരുന്നെങ്കില്‍ ഈ കുട്ടിക്ക് ഇത്തരമൊരു ഗതി വരുമായിരുന്നോ? പലയിടത്തും സഹപാഠിക്കു വീടു വച്ചുകൊടുത്തു, മറ്റു സഹായങ്ങള്‍ കൊടുത്തു എന്നരീതിയില്‍ വാര്‍ത്തകള്‍ കാണാറുണ്ട്. എന്തുകൊണ്ട് ജിഷയുടെ കാര്യത്തില്‍ അത്തരമൊരു ഇടപെടല്‍ ഉണ്ടായില്ല.

ഒരു കൊടുംക്രിമിനലിന് മാത്രം ചെയ്യാനാവുന്ന അതിനിഷ്ഠൂരമായ നീചകൃത്യം കഴിഞ്ഞിട്ട് എട്ട് ദിവസങ്ങളായി. പെരുമ്പാവൂര്‍ കുറ്റിക്കാട്ട് പറമ്പില്‍ രാജേശ്വരിയുടെ മകളാണ് 19 കാരിയായ ജിഷ. വളരെ പരിതാപകരവും അരക്ഷിതവുമായ ഒരു ചുറ്റുപാടില്‍ നിന്നാണ് ഈ വിദ്യാര്‍ഥിനി വരുന്നതെന്ന് സഹപാഠികള്‍ പോലും അറിയാതെ പോയി. കൊല്ലപ്പെട്ടതിന് ശേഷം പ്ലക്കാര്‍ഡുകളേന്തി പ്രതിഷേധിക്കുന്നതിന് മുമ്പ് സഹപാഠിയുടെ കുടുംബസ്ഥിതി ആരാഞ്ഞിരുന്നുവെങ്കില്‍ അടച്ചുറപ്പുള്ള ഒരു വീട്ടില്‍ ഈ കുട്ടിയും സ്വസ്ഥമായി, നിര്‍ഭയമായി കഴിയുമായിരുന്നില്ലേ. പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ പുറംപോക്കില്‍ കാലിത്തൊഴുത്തിനെ പോലും തോല്‍പിക്കുന്ന വൃത്തിഹീനമായ ഒറ്റമുറി വീട്ടില്‍ നിന്നാണ് ഈ കുട്ടി ലോകോളജിലേക്ക് വരുന്നതെന്ന് അറിയുവാന്‍ സഹപാഠികള്‍ പോലും മെനക്കെട്ടില്ല. വീടില്ലാത്ത സഹപാഠികള്‍ക്ക് വീടു നിര്‍മിച്ചുകൊടുക്കുന്ന മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെക്കുന്ന വിദ്യാലയങ്ങള്‍ എത്രയോ ഉണ്ട്. അതൊന്നും എറണാകുളം ജില്ല അറിയുന്നില്ലന്നോ?
രാഷ്ട്രീയ നേതാക്കള്‍ കക്ഷിഭേദമന്യെ ജിഷയുടെ മരണത്തില്‍നിന്നും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നതാണ് മറ്റൊരു ദുരന്തമായി തീര്‍ന്നിരിക്കുന്നത്.

രമേശ് ചെന്നിത്തലയല്ല, പിണറായി വിജയനോ, കുമ്മനം രാജശേഖരനോ സംസ്ഥാനത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നാല്‍ പോലും ഈ അത്യാഹിതം സംഭവിക്കുമായിരുന്നു. മനഃസാക്ഷിയുള്ളവരെ വേദനിപ്പിച്ചുകൊണ്ടിരിക്കുന്ന കൊടുംക്രൂരതയ്ക്ക് കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവന്ന് അതികഠിനമായ ശിക്ഷ വാങ്ങിക്കൊടുക്കുന്നതിന് കൂട്ടായ ശ്രമമാണ് വേണ്ടത്. അല്ലാതെ ഉമ്മന്‍ചാണ്ടി വി.എസ് അച്യുതാനന്ദനെയും, പിണറായി വിജയന്‍ രമേശ് ചെന്നിത്തലയെയും ജിഷയുടെ കൊലപാതകത്തിന്റെ പേരില്‍ പഴി പറയുകയല്ല വേണ്ടത്. 

ജിഷയുടെ അമ്മയെ കാണാന്‍ വരുന്ന വി.ഐപികളാകട്ടെ പബ്ലിസിറ്റിക്കുവേണ്ടിയാണ് വരുന്നതെന്നും കാമറ സഹിതമാണ് വരുന്നതെന്നും എറണാകുളം ജില്ലാ കലക്ടര്‍തന്നെ പരാതിപ്പെട്ടത് നാം കണ്ടു കഴിഞ്ഞു. ഇന്ന് ഇതാ പ്രധാനമന്ത്രി നരേന്ദ്രമോദിയും ജിഷയുടെ അമ്മയെ സന്ദര്‍ശിക്കാന്‍ വരുന്നു. രോഹിത് വെമൂല എന്ന ഗവേഷക വിദ്യാര്‍ഥി ജാതിവെറിയുടെ ഇരയായി തൂങ്ങിമരിച്ചിട്ട് തിരിഞ്ഞുനോക്കാത്ത നരേന്ദ്രമോദി മറ്റെല്ലാ തിരക്കുകളും മാറ്റിവച്ച് കേരളത്തില്‍ ദലിത് പീഡനമാണെന്നാരോപിച്ച് ജിഷയുടെ അമ്മയെ കാണാന്‍ വരുന്നതിലെ സത്യസന്ധത തിരിച്ചറിയപ്പെടേണ്ടതുണ്ട്. 

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഒരു എം എല്‍ എ ഉണ്ടാക്കുക എന്നത് മാത്രമാണ് മോദി സന്ദര്‍ശനത്തിന്റെ ലക്ഷ്യം. രാഷ്ട്രീയ ലാഭം നേടാന്‍ രാഷ്ട്രീയ നേതാക്കള്‍ ഈ ദുരന്തത്തെ സമീപിക്കുന്നതെന്നോര്‍ക്കുമ്പോള്‍ സംസ്­കാര സമ്പന്നരാണ് കേരളീയര്‍ എന്നഭിമാനിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്­ ?
Join WhatsApp News
Texan American 2016-05-06 09:50:00
താങ്കൾ പറഞ്ഞ പോലെ അക്കൗണ്ട്‌ തുറക്കാനും വോട്ടിനും സെല്ഫ് പുബിളിസിട്യ്ക്കും  വേണ്ടി തന്നെയാണ് ഈ മരണത്തെയും നാട്ടിൽ പലരും ഇപ്പോൾ യൂസ് ചെയ്യുന്നത്.

അല്ല അതിരിക്കട്ടെ. താങ്കളും മറ്റു ചിലരും ഈയിടെയായി നാട്ടിലെയും ഇവിടത്തെയും മരണങ്ങലെപ്പറ്റി വല്ലാതെ എഴുതുന്നുണ്ടല്ലോ ?  ഇനി അമേരികയിൽ വല്ല മലയാളി എലെക്ഷനും വരുന്നുണ്ടോ?  അപ്പോൾ എല്ലാവരുടെയും ഉദ്ദേശം ഒന്ന് തന്നെ.  വായനക്കാർ വരികൾക്കിടയിൽ വായിക്കുന്നുണ്ടെന്നു മനസിലാക്കുക.
s madhavan 2016-05-06 12:24:55
Dont WORRY.... Mr.Joy 

2 more VIP's from Delhi are also coming to see jisha mom Very Soon in the next few days.
A. Madam Sonia
B. Rahul Gandhi
Victor 2016-05-06 17:39:56

Seems that Mr. Joy Itten is too much upset and unrest about Modi/BJP because of  Maathamma ; Rahul and chandty   Shame , very shame.

i

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക