Image

ആദിവാസി വീട്ടമ്മയെ മാനംഭഗപ്പെടുത്താന്‍ ശ്രമിച്ചയാളെ ബീവറേജസ് ഷോപ്പിന്റെ ക്യൂവില്‍ നിന്നും അറസ്റ്റു ചെയ്തു

Published on 31 January, 2012
ആദിവാസി വീട്ടമ്മയെ മാനംഭഗപ്പെടുത്താന്‍ ശ്രമിച്ചയാളെ ബീവറേജസ് ഷോപ്പിന്റെ ക്യൂവില്‍ നിന്നും അറസ്റ്റു ചെയ്തു
തിരുവനന്തപുരം: ആദിവാസി വീട്ടമ്മയെ മാനംഭഗപ്പെടുത്താനും കൊലപ്പെടുത്താനും ശ്രമിച്ച യുവാവിനെ ഒമ്പതു മാസത്തിനു ശേഷം ബീവറേജസ് ഷോപ്പിന്റെ ക്യൂവില്‍ നിന്നും പോലീസ് അറസ്റ്റു ചെയ്തു.
വിതുര മക്കി തടത്തരികത്തു വീട്ടില്‍ കൊച്ചുകുട്ടന്‍ എന്നു വിളിയ്ക്കുന്ന അജയ(27)നാണ് അറസ്റ്റിലായത്.

വിതുര മക്കി സ്വദേശിയായ വീട്ടമ്മ ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് വൈകുന്നേരം 6.30ന് വീടിന് സമീപത്തുള്ള തോട്ടില്‍ നിന്ന് കുളിച്ച ശേഷം വീട്ടിലേയ്ക്ക് പോകവെ പ്രതി തടഞ്ഞു നിര്‍ത്തുകയും മാനഭംഗപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. എതിര്‍ത്ത വീട്ടമ്മയെ തോര്‍ത്ത് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്താനും ശ്രമിച്ചു. വീട്ടമ്മയുടെ നിലവിളികേട്ട് സമീപം താമസിക്കുന്നവര്‍ എത്തിയതോടെ ഇയാള്‍ രക്ഷപ്പെടുകയായിരുന്നു. ഇയാളെ പിടികൂടാന്‍ നെടുമങ്ങാട് ഡി.വൈ.എസ്.പി കെ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തിവരികയായിരുന്നു.

ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ മാറി മാറി താമസിച്ചു വരികയായിരുന്നു അജയന്‍. അജയന്റെ ഫോട്ടോ പതിച്ച ലുക്കൗട്ട് നോട്ടീസും പോലീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളുടെ മൊബൈല്‍ ഫോണ്‍ പിന്തുടര്‍ന്ന് അന്വേഷണ സംഘം പത്തനംതിട്ടയില്‍ എത്തിയപ്പോഴേക്കും ഇയാള്‍ മുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം ചിലന്തി കടിച്ചതിനെ തുടര്‍ന്ന് ഇയാള്‍ ചികിത്സയ്ക്കായി മലയിന്‍കീഴുള്ള സഹോദരിയുടെ വീട്ടിലെത്തി. ഇതറിഞ്ഞ് നെടുമങ്ങാട് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സ്ഥലത്തെത്തിയപ്പോള്‍ ഇയാള്‍ മലയിന്‍കീഴുള്ള ബീവറേജസിന്റെ ഔട്ടിലെറ്റില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കുകയായിരുന്നു.

അറസ്റ്റു ചെയ്ത പ്രതിയെ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തില്‍ മക്കിയിലെത്തി തെളിവെടുപ്പ് നടത്തിയ ശേഷം ഇന്നലെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി. പ്രതിയെ 14 ദിവസത്തേക്ക് കോടതി റിമാന്റ് ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക