Image

ഒഗസ്റ്റ- വെസ്റ്റ്‌ലാന്റിലൂടെ ബോഫേഴ്‌സ് ഉയര്‍ത്തെഴുന്നേല്‍കുന്നുവോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ് Published on 04 May, 2016
ഒഗസ്റ്റ- വെസ്റ്റ്‌ലാന്റിലൂടെ ബോഫേഴ്‌സ് ഉയര്‍ത്തെഴുന്നേല്‍കുന്നുവോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് കോഴക്കേസ് സംബന്ധിച്ച് ഒരു ഇംഗ്ലീഷ് ദേശീയദിനപത്രത്തില്‍(ദ ടൈംസ് ഓഫ് ഇന്‍ഡ്യ) പ്രസിദ്ധീകരിച്ച ഒരു കാര്‍ട്ടൂണ്‍ ശ്രദ്ധേയം ആയി. കാര്‍ട്ടൂണിന് മൂന്ന് മുഖങ്ങള്‍ ഉണ്ട്. ആദ്യത്തേത്- അന്ന്- ഒഗസ്റ്റ എന്ന പശുവിനെ പണത്തിനായി കറക്കുന്നതിനെയാണ് ചിത്രീകരിച്ചിരിക്കുന്നത്. അതായത് പശുവിന്റെ അകിടില്‍ നിന്നും കറന്‍സി നോട്ടുകള്‍ കറന്നെടുത്ത് കോണ്‍ഗ്രസിന്റെ കൈപ്പത്തി അടയാളമുള്ള ബക്കറ്റിലേക്ക് ശേഖരിക്കുന്നു. അടുത്തത് ഇപ്പോള്‍ പശുവിന്റെ അകിടില്‍ നിന്നും താമര കറന്നെടുത്ത് കാവിനിറമുള്ള ബക്കറ്റിലേക്ക് നിറക്കുന്നു. മൂന്നാമത്തെതും അവസാനത്തേതുമായ ഘട്ടത്തില്‍-പിന്നീട്-ഈ പശുവിന്റെ അസ്ഥികൂടത്തിന്റെ മുഖവും വാരിയെല്ലും മാത്രം ആണ് കാണിക്കുന്നത്. അങ്ങനെ പണം ഉണ്ടാക്കുന്ന ഘട്ടവും രാഷ്ട്രീയമായി അതിനെ മുതലെടുക്കുന്ന സമയവും പിന്നീട് ആ വിഷയം അവഗണിക്കപ്പെടുന്നതും ആണ് കാര്‍ട്ടൂണ്‍ ചിത്രീകരിക്കുന്നത്. ബോഫേഴ്‌സ് ഉള്‍പ്പെടെയുള്ള ഒട്ടേറെ അഴിമതിക്കേസുകളില്‍ ഇതൊക്കെയാണ് സംഭവിച്ചത്. ചിലര്‍ പണമുണ്ടാക്കുക, ചിലര്‍ അതിനെ രാഷ്ട്രീയമായി മുതലെടുക്കുക, പിന്നെ എല്ലാം മറക്കുക!

ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് കോഴക്കേസിലൂടെ 1980 കളിലെ ബോഫേഴ്‌സ് പീരങ്കി കോഴക്കേസ് ഉയര്‍ത്തെഴുന്നേല്‍ക്കുകയാണോ? ഇടിത്തീപോലെയാണ് ബോഫേഴാസ് രണ്ടാം കാണ്ടം അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രം ആവര്‍ത്തിക്കുകയാണോ? കാള്‍ മാക്‌സ് എഴുതിയതുപോലെ ചരിത്രം ആദ്യം ദുഃഖപര്യവസായിയായി ആവര്‍ത്തിക്കുകയും പിന്നീട് അത് തമാശയായി മാറുകയും ആണോ?

എന്തുതന്നെ ആയാലും ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് ഹെലികോപ്ടര്‍ കുംഭകോണം വളരെ ഗൗരവമായ ഒന്നു തന്നെയാണ്. കാരണം ഇതില്‍ സംശയത്തിന്റെ മുള്‍മുന നീളന്നത് സോണിയ ഗാന്ധിയുടെയും അവരുടെ രാഷ്ട്രീയ ഉപദേശകനായ അഹമ്മദ് പട്ടേലിന്റെയും മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങിന്റെയും നേര്‍ക്കാണ്. മുന്‍ വ്യോമ സേനാ മേധാവി എസ്.പി.ത്യാഗിയും കോഴക്കേസിലെ ഒരു പ്രധാന കണ്ണിയാണ്.

രണ്ടാം ബോഫേഴ്‌സ് എന്ന ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കോഴകുംഭകോണം പൊട്ടിപ്പുറപ്പെട്ടത് മിലാനിലെ(ഇറ്റലി) ഒരു കോടതിയുടെ വിധിപ്രാസ്താവനയോടെയാണ്. ഇന്‍ഡ്യയുമായുള്ള ഈ ഹെലികോപ്റ്റര്‍ ഇടപാടില്‍ ഉള്‍പ്പെട്ടിരുന്ന ഫിന്‍മെക്കാനിക്ക, വെസ്റ്റ്‌ലാന്റ് എന്ന കമ്പനികളുടെ രണ്ട് ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരെ കോഴക്കാരെന്ന് കണ്ടെത്തി കോടതി നാലുവര്‍ഷത്തേക്ക് തടവിന് ശിക്ഷിച്ചു. കോടതിരേഖകളില്‍ മുന്‍വ്യോമസേനാ മേധാവി ത്യാഗിയുടെ പേര് കോഴവാങ്ങിയവരുടെ പേരില്‍ സൂചിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കന്മാരായ സോണിയ ഗാന്ധി, മന്‍മോഹന്‍സിംങ്ങ്, ഓസ്‌ക്കര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ പേരുകളും പരാമര്‍ശിക്കപ്പെടുകയുണ്ടായി. അന്നത്തെ രാജ്യരക്ഷമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയുടെ പേരും രേഖകളില്‍ ഇടം കണ്ടു. ഇവര്‍ കോഴ വാങ്ങിയതായി കോടതി വിധിയില്‍ തുറന്നു പറഞ്ഞിട്ടില്ല. ഉദാഹരണമായി കോടതി രേഖകളില്‍ ഒരിടത്ത് പറയുന്നത് സിഗ്നോറ ഗാന്ധിയാണ് പ്രധാന സ്വാധീന കേന്ദ്രം എന്നാണ്. സിഗ് നോറ എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ ലേഡി എന്നാര്‍ത്ഥം. എന്താണ് മാഡം ഗാന്ധിയുടെ റോള്‍ ഈ കോഴകുംഭകോണത്തില്‍? ചോദ്യം സ്വാഭാവികം ആണ്. പ്രത്യേകിച്ചും ഗവണ്‍മെന്റിനെ ഉത്താരഖണ്ഡ് ഗവണ്‍മെന്റ് പിരിച്ചുവിട്ട വിഷയത്തില്‍ പാര്‍ലിമെന്റില്‍ വളയുവാന്‍ കോണ്‍ഗ്രസ് കച്ചകെട്ടി ഇറങ്ങിയിരിക്കുന്ന സാഹചര്യത്തില്‍. പോരാത്തതിന് നാല് സംസ്ഥാനങ്ങളില്‍ നിയസഭ തെരഞ്ഞെടുപ്പും നടന്നുകൊണ്ടിരിക്കുന്നു. ബി.ജെ.പി.ക്ക് വേറെ എന്തെങ്കിലും കാരണം വേണോ സോണിയയെയും കോണ്‍ഗ്രസിനെയും ആക്രമിക്കുവാന്‍! പ്രത്യേകിച്ചും കോണ്‍ഗ്രസ് മുക്തഭാരതം എന്ന മോഡിയുടെ സ്വപ്‌നം സാക്ഷാത്ക്കരിക്കുവാന്‍ നെഹ്‌റു-ഗാന്ധി കുടുംബ തകര്‍ച്ച അനിവാര്യമാണ്. അതിനാല്‍ സോണിയ കോഴ കുംഭകോണകേസില്‍പ്പെട്ട് തകര്‍ന്നാല്‍ കോണ്‍ഗ്രസ് തകര്‍ന്നെന്ന് സാരം. പക്ഷേ, ഇതൊന്നും ഒഗസ്റ്റ-വെസ്റ്റ് ലാന്റ് കോഴകുംഭകോണകേസിനുള്ള മറുപടി അല്ല. ഒരു കാര്യം ഒഴിച്ചാല്‍. സോണിയ ഗാന്ധിയുടെ പേര് ഒരു ഗൂഢാലോചന പ്രകാരം ഇതിലേക്ക് വലിച്ചിഴച്ചതാണെന്ന കോണ്‍ഗ്രസിന്റെ ആരോപണം ശരിയാണെങ്കില്‍. കോണ്‍ഗ്രസിന്റെ ആരോപണപ്രകാരം 2015 സെപ്റ്റംബറില്‍ ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി സമ്മേളനത്തോടനുബന്ധിച്ച് ന്യൂയോര്‍ക്കില്‍ വച്ച് മോഡി ഇറ്റാലിയന്‍ പ്രധാനമന്ത്രി മാറ്റിയോ റെന്‍സിയുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. അപ്പോള്‍ മോഡി ഇറ്റാലിയന്‍ ഭരണാധികാരിക്ക് ഒരു ഉറപ്പ് നല്‍കിയത്രെ. കൊലക്കേസില്‍ അകപ്പെട്ട് ഇന്‍ഡ്യയില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ നാവികരെ വിട്ടുകൊടുക്കാം. പകരമായി സോണിയാഗാന്ധിയെ ഒഗസ്റ്റ-വെസ്റ്റ് ലാന്റ് ചോപ്പര്‍ കോഴക്കേസില്‍ പേരുസഹിതം ഉള്‍പ്പെടുത്തണം. അതിന്റെ ഫലമായിട്ടാണ് സോണിയഗാന്ധി ഈ കുംഭകോണത്തില്‍ പരാമര്‍ശിക്കപ്പെട്ടതെന്നാണ് കോണ്‍ഗ്രസിന്റെ വാദം. എങ്കില്‍ നായികക്ക് എന്തു പറ്റി? വിട്ടു കൊടുത്തോ ഇതുവരെ ഇല്ല. ഏതായാലും ഇതിന് മറുപടിയായി വിദേശകാര്യ മന്ത്രാലയം പറഞ്ഞിരിക്കുന്നത് ഇങ്ങനെ കൂടിക്കാഴ്ചയേ ന്യൂയോര്‍ക്കില്‍ വച്ച് നടന്നിട്ടില്ലെന്നാണ്. ഇവിടെയും ഗവണ്‍മെന്റിന്റെ വിശദീകരണം വിശ്വസിച്ചേ പറ്റൂ. അല്ലെങ്കില്‍ മറ്റ് തെളിവുകള്‍ ഹാജരാക്കണം. ഐക്യരാഷ്ട്രസഭയുടെ ജനറല്‍ ബോഡി മീറ്റിംങ്ങ് പോലുള്ള ബൃഹത്തായ ഒരു സമ്മേളനത്തില്‍ ഏത് രാഷ്ട്രത്തലവന്‍ ഏത് രാഷ്ട്രത്തലവനെ ഔദ്യോഗീകമായോ അനൗദ്യോഗീകമായോ കണ്ടെന്ന് നിജപ്പെടുത്തുവാന്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ചും അനൗദ്യോഗിക കണ്ടമുട്ടലുകള്‍. കണ്ടെങ്കില്‍ തന്നെയും എന്താണവര്‍ സംസാരിച്ചതെന്ന കാര്യം അവര്‍ക്ക് മാത്രമെ അറിയുകയുള്ളൂ. അതുകൊണ്ട് സോണിയ ഗാന്ധിയെ ഇ കേസില്‍ അത്യുന്നത തലത്തിലുള്ള ഒരു ഗൂഢാലോചനയുടെ ഫലമായി കരുതിക്കൂട്ടി  കെട്ടിചമച്ച് ഉള്‍പ്പെടുത്തിയതാണെന്ന ആരോപണം തള്ളാനോ കൊള്ളാനോ ആവുകയില്ല. പക്ഷേ, ഒരു കാര്യം ഉറപ്പാണ് യു.പി.എ.യുടെ ഭരണകാലത്ത് ഒരു പ്രധാനപ്പെട്ട തീരുമാനവും സോണിയ ഗാന്ധി അറിയാതെ എടുത്തില്ല. പ്രത്യേകിച്ചും ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്ടര്‍ വാങ്ങല്‍ പോലെ. ഇവിടത്തെ പ്രധാന ചോദ്യം കോഴകൊടുത്തതിന്റെ പേരില്‍ രണ്ട് ഇറ്റാലിയന്‍ ഉദ്യോഗസ്ഥന്മാരെ ആ രാജ്യത്തെ കോടതി ശിക്ഷിച്ചെങ്കില്‍  ആരാണ് കോഴവാങ്ങിയതെന്നതാണ്. ആരാണ് കോഴിവാങ്ങിയത്? ആരാണീ ഇ ഇന്‍ഡ്യക്കാര്‍? ആരാണ് ഈ  ഇന്‍ഡ്യന്‍ രാഷ്ട്രീയക്കാര്‍? കച്ചവടക്കാര്‍? ഉദ്യോഗസ്ഥന്‍മാര്‍? സേനാംഗങ്ങള്‍? ഇവരെ എന്നെങ്കിലും കണ്ടെത്തുവാനും കോടതി മുമ്പാകെ കൊണ്ടുവരുവാനും ഇന്‍ഡ്യയുടെ അന്വേഷണ ഏജന്‍സികള്‍ക്ക് കഴിയുമോ? കഴിയുകയില്ലെന്നും ഇന്‍ഡ്യയുടെ അന്വേഷണ ഏജന്‍സികള്‍ വെറും അല്പബുദ്ധികള്‍(മൊറോന്‍സ്) ആണെന്നും കോഴ നല്‍കിയ ഇറ്റാലിയന്‍ കമ്പനികളുടെ ഇടനിലക്കാര്‍ പറഞ്ഞ് പരിഹസിച്ചതായി കോടതി രേഖകള്‍ ഉണ്ട്. അത്ര ബുദ്ധിപൂര്‍വ്വം ആണത്രെ അവര്‍ ഈ കോഴപ്പണം(350 കോടി) റൂട്ട് ചെയ്തിരിക്കുന്നത്. സത്യത്തിന്റെ അന്ത്യം വരെയെത്തുവാന്‍ യു.പി.എ. ഗവണ്‍മെന്റിന്റെ സഹകരണം കാര്യമായി ഉണ്ടായില്ലെന്നുമുള്ള ഇറ്റാലിയന്‍ പ്രോസിക്യൂഷന്‍ അധികാരികളുടെ വിമര്‍ശനവും ശ്രദ്ധേയം ആണ്.

അന്വേഷണങ്ങളുടെ ചരിത്രം പരിശോധിക്കുമ്പോള്‍ ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് അന്വേഷണവും എങ്ങും എത്തുവാന്‍ സാദ്ധ്യതയില്ല. ഉദാഹരണമായി ബോഫേഴ്‌സ് പീരങ്കി കോഴക്കേസെടുക്കുക. 65 കോടിയാണ് കോഴതുക. രാജീവ് ഗാന്ധിയും രാജീവ്-സോണിയയുടെ ഇറ്റാലിയന്‍ സുഹൃത്ത് ഒട്ടാവിയോ ക്വട്ടറോക്കിയും എല്ലാം ഈ സ്വീഡീഷ് പീരങ്കി കോഴക്കേസില്‍ ഉള്‍പ്പെട്ടതാണ്. 250 കോടി രൂപയാണ് 65 കോടിയുടെ ഈ കോഴക്കേസ് അന്വേഷിക്കുവാന്‍ സി.ബി.ഐ. ചിലവഴിച്ചത്. എന്നിട്ടും ഒരു തുമ്പും കിട്ടിയില്ല. ഈ കോഴക്കേസ് മുഖാന്തിരം രാജീവ് അധികാരത്തില്‍ നിന്നും പോയി. അവസാനം അദ്ദേഹം മരിച്ചപ്പോള്‍ അദ്ദേഹം പ്രതിപ്പട്ടികയില്‍ നിന്നും പോയി. ക്വട്ടറോക്കി തന്ത്രപൂര്‍വ്വം ഇന്‍ഡ്യവിട്ടു ഉന്നതാധികാരികളുടെ സഹായത്തോടെ. ലണ്ടനിലെ ബാങ്കില്‍ നിക്ഷേപിച്ച പണവും അദ്ദേഹം പിന്‍വലിച്ചു സി.ബി.ഐ. അതിനായിട്ടെത്തിയപ്പോള്‍. അവസാനം ക്യാന്‍സര്‍ ബാധിച്ച് അദ്ദേഹം മരിച്ചുപോയി. അധികാരത്തില്‍ വന്നാല്‍ 100 ദിവസത്തിനുള്ളില്‍ ബോഫേഴ്‌സ് കേസിലെ പ്രതികളെ ഇരുമ്പഴിക്കുള്ളിലിടുമെന്നു പറഞ്ഞ വി.പി.സിംങ്ങിനും ഒന്നും ചെയ്യുവാനായില്ല. അദ്ദേഹവും മരിച്ചു മണ്ണടിഞ്ഞു.
ഇപ്പോള്‍ കത്തിപടരുന്ന ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് കോഴക്കേസിന്റെയും വിധി ഇതൊക്കെ തന്നെ ആയിരിക്കും. അധികാരത്തിലെത്തി രണ്ട് വര്‍ഷം ആയിട്ടും ബി.ജെ.പി. ഗവണ്‍മെന്റിനും മോഡിക്കും ഇത് സംബന്ധിച്ച് കാര്യമായ ഒരു അന്വേഷണവും നടത്തുവാനായില്ലെന്നത് എന്താണ് സൂചിപ്പിക്കുന്നത്? 2013-ല്‍ കൊഴകൊടുക്കല്‍ ആരോപിക്കപ്പെട്ട് ഫിന്‍മെക്കാനിക്ക, വെസ്റ്റ് ലാന്റ് ഉദ്യോഗസ്ഥരെ ഇറ്റലിയില്‍ അറസ്റ്റു ചെയ്തു. അപ്പോള്‍ തന്നെ ഇന്‍ഡ്യ ഈ ഡീല്‍ റദ്ദാക്കിയതാണ്. പണം തിരിച്ചെടുക്കുകയും ചെയ്തു. ഈ കമ്പനികളുമായിട്ടുള്ള ഭാവി ഇടപാടുകള്‍ നിറുത്തലാക്കുകയും ചെയ്തു. 2013- ല്‍ തന്നെ സി.ബി.ഐ. വായുസേനാമേധാവിക്കും ഇറ്റാലിയന്‍ കമ്പനി ഉദ്യോസ്ഥന്മാര്‍ക്കുമെതിരെ കേസ് എടുക്കുകയും ചെയ്തു. ഒരു രാഷ്ട്രീയക്കാരനെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ഉല്‍പ്പെടുത്തിയില്ല. ഇതെല്ലാം നടക്കുന്നത് യു.പി.എ.യുടെ കാലത്താണ്. അപ്പോഴും സി.ബി.ഐ. അന്വേഷണം തുടര്‍ന്നു കൊണ്ടേയിരുന്നു. ഒന്നു എങ്ങും എത്തിയില്ല. ബി.ജെ.പി. ഗവണ്‍മെന്റും രണ്ടു വര്‍ഷം അന്വേഷിച്ചു. ഒന്നും എങ്ങും എത്തിയില്ല. മിലാന്‍ കോടതി വിധിയെ തുടര്‍ന്ന് അന്വേഷണം പാര്‍ലിമെന്റിന് അകത്തും പുറത്തും ആരോപണ-പ്രത്യാരോപണ രാഷ്ട്രീയ അപഹാസ്യ നാടകമായി തരംതാഴ്ന്നിരിക്കുന്നു. ജനങ്ങള്‍ വിഡ്ഢികള്‍.

2010-ലാണ് ഇന്‍ഡ്യ 12 ഹെലിക്കോപ്ടറുകള്‍ 3600 കോടിരൂപയുടെ ഒരു കരാര്‍ ഒഗസ്റ്റ- വെസ്റ്റുലാന്റുമായി ഒപ്പിടുന്നത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി എന്നീ വി.വി.ഐ.പി.കള്‍ക്ക് ഉപയോഗിക്കുവാനായിരുന്നു ഇത്. സിക്കോര്‍സ്‌ക്കി എന്ന അമേരിക്കന്‍ കമ്പനിയെ പരാജയപ്പെടുത്തിയാണ് ഒഗസ്റ്റ ഈ കരാര്‍ കൈക്കലാക്കിയത്. 2013-ല്‍ കോഴക്കേസ് വെളിയില്‍ വന്നു. ഇന്‍ഡ്യ കരാര്‍ റദ്ദാക്കി. കമ്പനിയെ കരിമ്പട്ടികയില്‍ ഇട്ടില്ലെങ്കിലും ഭാവി ഇടപാടുകള്‍ മരവിപ്പിച്ചു. എന്തുകൊണ്ട് കരിമ്പട്ടികയില്‍ ഇട്ടില്ല? ബി.ജെ.പി. ഗവണ്‍മെന്റ് മോഡിയുടെ മേക്ക് ഇന്‍ ഇന്‍ഡ്യ കാമ്പെയിനില്‍ ഈ കമ്പനിയെ ക്ഷണിച്ചു വരുത്തി പങ്കെടുപ്പിച്ചു. എന്തുകൊണ്ട് അങ്ങനെ ചെയ്തു?
കുറ്റാരോപിതരായ എല്ലാവരും ആരോപണം നിഷേധിച്ചു. സോണിയ ഗാന്ധി പറഞ്ഞു ആരെയും ഭയയ്ക്കുന്നില്ല, ഒന്നും മറക്കുവാനില്ല എന്ന്. അഹമ്മദ് പട്ടേല്‍ ഒരു മറുചോദ്യം ചോദിച്ചു. കോടതി രേഖകളില്‍ കാണുന്ന എ.പി.എന്നത് അഹമ്മദ് പട്ടേല്‍ എന്ന തന്റെ പേരിന്റെ ചുരുക്കെഴുത്താണെന്നും എന്ത് തെളിവാണുള്ളത്? മന്‍മോഹന്‍ സിംങ്ങിന്റെ മറുപടി: യാതൊരു കേസും ഇല്ല. പാര്‍ട്ടി പ്രതികരിക്കും. മുന്‍ വ്യോമസേനാധിപന്‍ ത്യാഗിയും ഇങ്ങനെയൊക്കെതന്നെ പ്രതികരിച്ചു. അദ്ദേഹം അഴിമതിക്കാരന്‍ ആണെങ്കില്‍ ലോകത്തിലുള്ള എല്ലാവരും അഴിമതിക്കാരാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഡ്യയില്‍ ഏത് കുഞ്ഞുകുട്ടിക്കും അറിയാവുന്നതാണ് പ്രതിരോധ ഇടപാടുകള്‍ അഴിമതിയുടെ, കൈക്കൂലിയുടെ, കമ്മീഷന്റെ സ്വര്‍ണ്ണഖനിയാണെന്ന്. രാഷ്ട്രീയക്കാരും മുന്‍സേനാംഗങ്ങളും കോടികള്‍ ഇതില്‍ നിന്നു കൊയ്യുന്നുമുണ്ട്. ആര്‍ക്കും ഇത് തടയുവാന്‍ ആകും. എ.കെ.ആന്റണിയെ പ്രതിരോധമന്ത്രിയാക്കിയത് ഇതിന് തടയിടുവാന്‍ ആയിരുന്നുവെന്ന് പറയുന്നു. എന്നാല്‍ അദ്ദേഹത്തെ മറയാക്കികൊണ്ട് അഴിമതി നടത്തുകയായിരുന്നുവെന്നും ആരോപണം ഉണ്ട്. ഉദാഹരണമായി ഒഗസ്റ്റ്-വെസ്റ്റ്‌ലാന്റ് ഇടപാട് തന്നെ. ആന്റണി ഈ ഇടപാടിനെ പല പോയിന്റിലും എതിര്‍ത്തിരുന്നുവെന്നും ആ എതിര്‍പ്പിനെ മറികടന്നു കൊണ്ടാണ് ഈ ഇടപാടുമായി സര്‍ക്കാര്‍ മുമ്പോട്ടു പോയതെന്നും ആരോപണം ഉണ്ട്. ആന്റണി ഇത് വിശദീകരിക്കേണ്ടതായിട്ടുണ്ട്. കോഴ സ്വീകരിച്ചിരുന്നെങ്കില്‍ അതേ ഗവണ്‍മെന്റ് തന്നെ ഈ ഇടപാട് റദ്ദാക്കുമായിരുന്നോ എന്ന ചോദ്യവും ഉയരുന്നു. ഇറ്റാലിയന്‍ ഗവണ്‍മെന്റിന്റെ കണ്ടെത്തലിനെ തുടര്‍ന്ന് ഇന്‍ഡ്യന്‍ ഗവണ്‍മെന്റ് അതിന് നിര്‍ബ്ബന്ധിതമായതായിരുന്നോ? അതും ആകാം.

മിലാന്‍ കോടതി പറയുന്നു, ഒഗസ്റ്റ ഇടപാടില്‍ കോഴകൊടുത്തിട്ടുണ്ടെന്ന്. എങ്കില്‍ അത് വാങ്ങിയത് ആരാണ് എന്ന ചോദ്യം ന്യായവും യുക്തവും ആണ്. കുറ്റാരോപിതര്‍ പറയുന്നു അവര്‍ നിരപരാധികളും രാഷ്ട്രീയ ഗൂഢാലോചനയുടെയും സ്വഭാവ ഹത്യയുടെയും ഇരകള്‍ ആണെന്നും. ശരിയായിരിക്കാം. പക്ഷേ, അവര്‍ അത് തെളിയിക്കണം. ആരോപണം ഉന്നയിച്ചവര്‍ക്കും ഇത് തെളിയിക്കുവാനുള്ള ധാര്‍മ്മികവും നിയമപരമായും ഉള്ള ഉത്തരവാദിത്വം ഉണ്ട്. മറക്കരുത്.

മന്‍മോഹന്‍സിംങ്ങ് ഇടനില ഇടപാടുകളിലൂടെ പണം ഉണ്ടാക്കുവാനാണ് രാഷ്ട്രമീമാംസയിലും ഭരണത്തിലും വന്നതെന്ന് ആരെങ്കിലും വിശ്വസിക്കുമോ? ഇല്ല. പക്ഷേ, 2-ജി സ്‌പെക്ട്രം അദ്ദേഹത്തിന്റെ മൂക്കിന് താഴെയാണ് നടന്നത്. കല്‍ക്കരി കുംഭകോണവും. കൂട്ടുകക്ഷി ഭരണപരാധീനതകള്‍ എന്ന മുടന്തന്‍ ന്യായം അദ്ദേഹത്തെ രക്ഷിക്കുകയില്ല. സോണിയ ഗാന്ധി കോഴക്കാരിയാണെന്ന് ആരെങ്കിലും വിശ്വസിക്കുമോ? എന്തുകൊണ്ടില്ല? കാരണം ക്വൊട്ടറോക്കിയുടെ ഇറ്റാലിയന്‍ കരിനിഴല്‍ ഇവിടെ ഇപ്പോഴും വ്യാപിച്ച് കിടക്കുന്നുണ്ട്. യു.പി.എ. ഭരണകാലത്ത് അഹമ്മദ് പട്ടേലിന്റെ സ്വാധീനം, അധികാരം ആര്‍ക്കും അറിയാവുന്നതാണ്. സ്വഭാവഹത്യയോ ന്യൂയോര്‍ക്കിലെ മോഡി-റെന്‍സി കൂടിക്കാഴ്ചയോ ദുരൂഹമായിതന്നെ തുടരും. അത് സംഭവിച്ചെങ്കില്‍ രാഷ്ട്രീയം അത്രമാത്രം അധഃപതനത്തിന്റെ നെല്ലിപ്പലക കണ്ടോ? ഏതായാലും രാഷ്ട്രത്തിന് ഒഗസ്റ്റ-വെസ്റ്റ്‌ലാന്റ് കോഴകുംഭകോണത്തിന്റെ യാഥാര്‍ത്ഥ്യം അറിയണം.

ഒഗസ്റ്റ- വെസ്റ്റ്‌ലാന്റിലൂടെ ബോഫേഴ്‌സ് ഉയര്‍ത്തെഴുന്നേല്‍കുന്നുവോ? (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക