Image

കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും-2 എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 04 May, 2016
കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും-2  എ.സി. ജോര്‍ജ്
മുഖൃ മൂന്നു മുന്നണികളുടേയും സമീപകാലത്തെ പ്രവര്‍ത്തനവും വാഗ്ദാനങ്ങളും മാനിഫെസ്റ്റോകളും പരിശോധിച്ചാല്‍ അതില്‍ വലിയ വ്യത്യാസമില്ല. എല്ലാവരും വികസനവും അഴിമതി രഹിത പ്രവര്‍ത്തനവും വാഗ്ദാനം ചെയ്യുന്നു. ജനങ്ങളുടെ കണ്‍മുമ്പില്‍ തന്നെ ഇത്രയധികം അഴിമതിയും നീതിനിഷേധവും വികസന വിഷയത്തില്‍ മെല്ലെപോക്കുകളും, വികലമായ മദ്യനയവും,  പ്രകൃതി സംരക്ഷണ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടിരിക്കുന്ന യു.ഡി.എഫിനെ ജയിപ്പിച്ച് എങ്ങിനെ ഭരണതുടര്‍ച്ച നല്‍കാനാകും? ഇപ്പോഴത്തെ ഭരണത്തേക്കാള്‍ കൂടുതലായി ദുര്‍ഭരണം നടത്താനായി അവര്‍ക്കു കൊടുക്കുന്ന ഒരു മാന്‍ഡേറ്റായിരിക്കുമല്ലൊ അത്. അതല്ലാ എല്‍.ഡി.എഫിനെയൊ, അതുമല്ലെങ്കില്‍ എന്‍.ഡി.എ.യെയൊ ജയിപ്പിച്ചു വിട്ടാല്‍ പോസിറ്റീവായ മാറ്റം സംജാതമാകുമോ എന്ന കാര്യത്തില്‍ വഞ്ചിതരായ വോട്ടറ•ാര്‍ ഏറെ സംശയാലുക്കളുമാണ്.  

ജനങ്ങളെ പമ്പരവിഡ്ഢികളാക്കാന്‍ ഈ മൂന്നു മുന്നണികളും തമ്മില്‍ അവിടെ പല ഇടങ്ങളിലും മൊത്തമായിട്ടും ചില്ലറയായിട്ടും ചില അവിശുദ്ധ ബന്ധങ്ങളും ഉണ്ടെന്നറിയാം. അതിന് ഉത്തമ ഉദാഹരണങ്ങളാണ് ഓരോ മുന്നണിക്കാരും അവരവരുടെ പ്രബല നേതാക്ക•ാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും എതിരെ ദുര്‍ബല എതിര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്. ജനപക്ഷത്തുനിന്ന് ചിന്തിക്കുമ്പോള്‍ പലവട്ടം മല്‍സരിച്ച കടല്‍ കിഴവ•ാരേയും കെളവികളേയും അവര്‍ എത്ര വമ്പ•ാരായാലും പാര്‍ട്ടി മുന്നണി ഭേദമന്യെ തോല്‍പ്പിക്കുകയാണ് വേണ്ടത്. അതു സാധിക്കുകയില്ലെന്നും അറിയാം. അമേരിക്കയിലെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷനും മറ്റുമുള്ള ഒരു ടൈം ലിമിറ്റ് ജനങ്ങള്‍ വോട്ടിംഗ് രീതിയിലൂടെ എങ്കിലും മാറ്റിയെടുക്കണം. അതായത് അവരെ ബാലറ്റിലൂടെ തോല്‍പ്പിക്കണം എന്നു സാരം. താന്‍ അന്‍പത് കൊല്ലം അവിടെ സാമാജികനായിരുന്നു എന്നതൊക്കെ ഇവര്‍ ഒരഭിമാനമായി പറയാന്‍ അനുവദിക്കരുത്. അതൊക്കെ അഭിമാനമല്ല മറിച്ച് ഒരപരാധവും നാണക്കേടും, അവര്‍ അവരേക്കാള്‍ സമര്‍ത്ഥരായവര്‍ക്ക് വഴിമുടക്കികളാണെന്നും കരുതണം. ഇപ്രകാരം നീണ്ട കാലം ഒരു മണ്ഡലം കുത്തകയാക്കി വെക്കുന്നവര്‍ ഒരുമാതിരി പഴയകാല നാട്ടുരാജാക്ക•ാരെയാണ് ഓര്‍മ്മിപ്പിക്കുന്നത്. അവരവിടെ അഴിമതിയും സ്വജനപക്ഷപാതവും നടപ്പാക്കി ജനാധിപത്യമാണ് കശാപ്പു ചെയ്തുകൊണ്ടിരിക്കുന്നത്. ഈ ലേഖകന്റെ ഇത്തരത്തിലുള്ള വാദങ്ങള്‍ക്ക് ധാരാളം മറുന്യായങ്ങളും ഉന്നയിച്ചേക്കാം. വിസ്താര ഭയത്തില്‍ അതെല്ലാം കൂടുതലായി ഇവിടെ വിശദീകരിക്കുന്നില്ല.

അഴിമതികള്‍ക്കും, അക്രമങ്ങള്‍ക്കും മതതീവ്രവാദത്തിനു കൂട്ടുനില്‍ക്കുകയും ഇന്ത്യന്‍ ജനതയെ തന്നെ തമ്മിലടിപ്പിക്കുകയും, രാജ്യത്ത് എമ്പാടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന അതിപ്രാകൃതമായ ബി.ജെ.പി നേതൃത്വം കൊടുക്കുന്ന എന്‍.ഡി.എ.ക്ക് ജനപക്ഷത്തു നിന്ന് ചിന്തിക്കുന്നവര്‍ക്ക് ഒരിക്കലും പിന്‍തുണ കൊടുക്കാന്‍ സാധ്യമല്ല. ഏതായാലും കേരളത്തില്‍ അവര്‍ ഇപ്രാവശ്യം അക്കൗണ്ട് തുറക്കാന്‍ പോകുന്നില്ലായെന്ന വിശ്വാസത്തിലും വിസ്താര ഭയത്താലും ഈ  മുന്നണിയെ പറ്റി കൂടുതല്‍ കുറിക്കുന്നില്ല. മതവിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും വിഷവിത്തുകള്‍ വിതറി ഒരാവേശത്തിന്റെ പേരില്‍ അവര്‍ ഇന്ത്യയിലെ കേന്ദ്രഭരണം തട്ടിയെടുത്തു എന്നതു ശരി. മറ്റ് എല്ലാ മുന്നണികളേക്കാള്‍ ജനോപകാരപ്രദങ്ങളായ നയങ്ങള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ വളരെ ദുര്‍ബലമാണെന്നും സമ്മതിക്കുന്നു. ആം ആദ്മി പാര്‍ട്ടി ആണ് ശക്തമാകേണ്ടത് എന്ന സത്യാവസ്ഥയും ഇവിടെ കുറിക്കുന്നു. 


ഇടതു കമ്മ്യൂണിസ്റ്റു പാര്‍ട്ടി നേതൃത്വം നല്‍കുന്ന എല്‍.ഡി.എഫിന്റെ ട്രാക്ക് റിക്കാര്‍ഡും, അവരുടെ ചില ഗുണ്ടായിസ പ്രവര്‍ത്തനങ്ങളും, തത്വസംഹിതകളും അത്രക്കു സ്വീകാര്യമല്ലെങ്കില്‍ കൂടി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും മറ്റും യു.ഡി.എഫിനെ അപേക്ഷിച്ച് ഒത്തിരി നീതിയും സമതുലിതാവസ്ഥയും കാണിച്ചിട്ടുണ്ട്. യു.ഡി.എഫിനുള്ള എല്ലാ രോഗങ്ങളും വീഴ്ചകളും ഉണ്ടെങ്കിലും കുറച്ചു കൂടെ മൂല്യങ്ങളും തത്വങ്ങളും ഉയര്‍ത്തിപ്പിടിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. അവര്‍ക്ക് അധികാരം കിട്ടിയാല്‍ ഇവിടെ പാലും തേനും ഒഴുക്കുമെന്നോ, മാവേലി ഭരണം കാഴ്ചവെക്കുമെന്നോ ഒന്നും പറയുന്നില്ല. ഇപ്പോഴത്തെ നിലയില്‍ കുറച്ചു കൂടെ അഴിമതി ഒഴിവാക്കാന്‍ അവര്‍ ശ്രമിക്കും. വികസനവും നിയമവാഴ്ചയും ഒന്നുകൂടെ മെച്ചപ്പെടാനും സാധ്യത കാണുന്നുണ്ട്. ജനജീവിതവുമായി ബന്ധമില്ലാത്ത സിനിമാക്കാരെയും സില്‍ബന്ധികളെയും അവരും പൊക്കിപ്പിടിക്കുന്നത് ഒരു നെഗറ്റീവ് പോയിന്റാകാം. ഇത്രയും നാള്‍ ഭരണത്തില്‍ നിന്നു വിട്ടുനിന്നതിനാല്‍ കുറച്ചു കൂടെ ജനങ്ങളെ ആത്മാര്‍ത്ഥമായി സേവിക്കാന്‍ അവര്‍ ശ്രമിക്കുമെന്നു നമുക്കു പ്രതീക്ഷിക്കാം. വേറെ ഒരു മാര്‍ഗ്ഗമില്ലാത്തതിനാല്‍, ചോയ്‌സ് ഇല്ലാത്തതിനാല്‍  ജനപക്ഷത്തുനിന്ന് ഇപ്രാവശ്യം എല്‍.ഡി.എഫിനെ ജയിപ്പിക്കുന്നതാണ് അഭികാമ്യം തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മാത്രം കരുതിയാല്‍ മതി. 80 സീറ്റോടെയെങ്കിലും എല്‍.ഡി.എഫ് വിജയിക്കുമെന്ന് ഈ ലേഖകന്‍ പ്രതീക്ഷിക്കുന്നു. യാതൊരു രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും തത്വങ്ങളും പാലിക്കാത്ത, അഴിമതിക്ക് ജയില്‍ വാസം അനുഭവിച്ച് ആര്‍. ബാലകൃഷ്ണപിള്ളക്കും മകന്‍ ഗണേഷ് കുമാറിനും പിന്‍തുണയും തട്ടകവുമൊരുക്കിയ എല്‍.ഡി.എഫിന്റെ നടപടിയെ നിശിതമായി വിമര്‍ശിക്കപ്പെടേണ്ടതാണ്. അതുപോലെ സിനിമാക്കാര്‍ക്ക് സുരക്ഷിതമായ സീറ്റ് ഉറപ്പാക്കാനും മറ്റുമായി പാര്‍ട്ടിയുടെ പ്രവര്‍ത്തകരെ ബലിയാടുകളാക്കിയത് ഇടതുപാര്‍ട്ടിയുടെ വീഴ്ചയാണ്. 

അമേരിക്കന്‍ മലയാളിയുടെ കേരള രാഷ്ട്രീയത്തെപ്പറ്റി ചിന്തിക്കുമ്പോള്‍ അധികവും യു.ഡി.എഫ് അനുഭാവികളാണ്. കാരണം യു.എസിലെ കുടിയേറ്റ മലയാളികളില്‍ അധികവും കേരളത്തിലെ യു.ഡി.എഫ് ശക്തികേന്ദ്രങ്ങളായ മധ്യകേരളത്തില്‍ നിന്നു വന്നവരാണ്. ആ പാരമ്പര്യം പേറുന്നവരാണ്. അവര്‍ക്ക് യു.ഡി.എഫ് ഭരണത്തിലെ അപാകതകള്‍ പ്രശ്‌നമല്ല. അവര്‍ നാട്ടിലെ ഭരണത്തിന്റെ വസ്തുതകളോ, ജനവികാരങ്ങളോ അറിയാതെ, മനസ്സിലാക്കാതെ എന്തു വന്നാലും യു.ഡി.എഫിനേയും അതിലെ നേതാക്കളെയും കണ്ണുമടച്ച് പിന്‍തുണക്കും. അവരുടെ അന്ധമായ ആ പിന്‍തുണയും യു.ഡി.എഫ് വോട്ടു ബാങ്കില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്നില്ല. വളരെ ചുരുക്കം ചിലര്‍ മാത്രം നാട്ടില്‍ പോയി വോട്ടു ചെയ്യും. ചുരുക്കം ചിലര്‍ യു.ഡി.എഫ് പ്രചാരണത്തിനായി നാട്ടിലെത്തും. ചിലര്‍ യു.ഡി.എഫിന് വോട്ടു ചെയ്യാന്‍ നാട്ടിലെ ചിലരെ ഒക്കെ വിളിച്ചു പറയുന്നു അത്ര മാത്രം. പിന്നെ ഇവിടേയും കുറച്ചു പേര്‍ക്ക് നേതാവാകാനും ആളുകളിക്കാനും ഒരു ഫാഷന്‍ അല്ലെങ്കില്‍ ഒരു ഫ്യൂഷനും ആവേശവും എന്ന നിലയില്‍ ഓവര്‍സീസ് ഇന്ത്യന്‍ നേഷണല്‍ കോണ്‍ഗ്രസ് ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് എന്ന പേര് തിരിച്ചിട്ടും മറിച്ചിട്ടും കേരളാ കോണ്‍ഗ്രസ് ചേര്‍ത്തും പിളര്‍ന്നും വളര്‍ന്നും തളര്‍ന്നും ഉരുവായ ചില സംഘങ്ങള്‍ കാണാം. അവരുടെ ഇവിടത്തെ ഉത്തരവാദിത്വം നാട്ടില്‍ നിന്ന് പാര്‍ട്ടിയുടെ ചോട്ടാ-ബഡാ മേലധ്യക്ഷ•ാര്‍ എത്തുമ്പോള്‍ അവരെ എയര്‍പോര്‍ട്ടില്‍ പോയി പൊക്കിക്കൊണ്ടു വരിക, കൂടെനിന്നു ഫോട്ടോ എടുക്കുക, ഉശിരന്‍ സ്വീകരണങ്ങള്‍ ഒരുക്കുക, പൊന്നാട ഇടുക, ഒപ്പം ഒത്താല്‍ പൊന്നാട നേടുക എന്നതൊക്കെയാണ്. പിന്നെ നാട്ടില്‍ ഇമ്മിണി വല്യ ആള്‍ ഇഹലോകവാസം വെടിഞ്ഞാല്‍ ഞെട്ടുക, ഞെട്ടിതെറിക്കുക, കണ്ണുനീര്‍ വാര്‍ക്കുക, ജനമധ്യത്തില്‍ വാവിട്ടു പൊട്ടിക്കരയുക ചിലര്‍ക്കു നാക്കുകൊണ്ട് പിന്‍തുണക്കുക എന്നതൊക്കെയാണ്. ഈ ഓവര്‍സീസ് പാര്‍ട്ടിക്കാരോട് ഈ ലേഖകന് വിനീതമായ ഒരപേക്ഷയുണ്ട്. അതായത് നിങ്ങളുടെ നാട്ടിലെ പാര്‍ട്ടിക്കാരോട് പാര്‍ട്ടി നേതാക്കളോട് ധൈര്യമായി പറയാം അഴിമതി ഉപേക്ഷിക്കാന്‍, സംശുദ്ധ ഭരണം കാഴ്ചവെക്കാന്‍, അര്‍ഹരായവര്‍ക്കു സീറ്റു നല്‍കാന്‍, പലവട്ടം മല്‍സരിച്ചവര്‍ ഒന്നു മാറിനില്‍ക്കാന്‍..... ഒക്കെ നിങ്ങള്‍ക്കു പറയാം. കാരണം നാട്ടിലെ നേതാക്കളെ നിങ്ങള്‍ ഇവിടെ ഭയപ്പെടേണ്ടതില്ല. നിങ്ങള്‍ ഇവിടെ യു.എസിലല്ലെ വസിക്കുന്നത്. നിങ്ങളുടെ സത്യസന്ധമായ ധീരമായ നിര്‍ദ്ദേശങ്ങള്‍ക്ക് അവിടെ പാര്‍ട്ടി എന്ത് അച്ചടക്കനടപടി നിങ്ങള്‍ക്കെതിരെ എടുക്കാനാണ്? അഥവാ അച്ചടക്ക നടപടി എടുക്കാന്‍ തുനിഞ്ഞാല്‍ ആ സിനിമാക്കാരന്റെ സിനിമാ ഡയലോഗു പോലെ നിങ്ങള്‍ക്കും കാച്ചിവിടാം.... ഫാ.... പുല്ലെ.... എന്നോ മറ്റോ. ഇവിടെ ജീവിക്കുന്ന നിങ്ങള്‍ക്കെതിരെ പാര്‍ട്ടിയുടെ ഒരു ഗുണ്ടാപടയേയും നിങ്ങള്‍ക്കെതിരെ ഇളക്കിവിടാന്‍ സാധ്യമല്ലാ. പിന്നെ നിങ്ങളാരും അവിടെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാകാന്‍ പോകുന്നുമില്ല. അഥവാ സ്ഥാനാര്‍ത്ഥി കുപ്പായം തയ്പ്പിച്ചിട്ടു അവിടെ ചെന്നാലും ഫലമില്ല. ഒരു തരം മരമാക്രി ശബ്ദം പോലെ തറാം.. തറാം.. എന്നു പറഞ്ഞ് പാര്‍ട്ടിക്കാര്‍ നിങ്ങളുടെ പണവും മാക്‌സിമം അടിച്ചു മാറ്റി നിങ്ങളുടെ അടിവസ്ത്രം പോലും ഉരിഞ്ഞെടുത്ത് ലേലം വിളിക്കും. അതിനാല്‍ എന്റെ സുഹൃത്തുക്കളായ ഓവര്‍സീസ് പാര്‍ട്ടി നേതാക്കളെ നാട്ടിലെ പാര്‍ട്ടി നേതാക്കള്‍ക്ക് വലിയ സ്വീകരണത്തിനു പകരം അഴിമതി രഹിതമായി ഭരിക്കേണ്ടതെങ്ങനെയെന്ന സല്‍ബുദ്ധി ഓതിക്കൊടുക്കുക. പിന്നെ പ്രവാസികളുടെ നാനാവിധ ന്യായമായ അവകാശങ്ങളും സംരക്ഷിക്കാന്‍ പറയുക. 

എല്‍.ഡി.എഫിനും കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്കും ഇവിടെ യു.എസിലും കുറച്ച് അനുഭാവികളുണ്ട്. യു.എസ്. ഗവണ്മെന്റിനെ ഭയന്നോ പഴയ റഷ്യ ശീതയുദ്ധ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ പേരു ഭയന്നോ മറ്റോ ആകണം ഓവര്‍സീസ് കേരളാ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന പേരില്‍ ഇവിടെ അവര്‍ പാര്‍ട്ടി ഉണ്ടാക്കാത്തത്. എന്നാല്‍ ബി.ജെ.പിയും മോദിയും ഇന്ത്യ ഭരണം പിടിച്ചടക്കിയതോടെ ആ ധൈര്യവും തിണ്ണമിടുക്കും മുതലാക്കി ഇവിടെ യു.എസിലും ചിലര്‍ ഓവര്‍സീസ് കേരളാ ബി.ജെ.പി ഉണ്ടാക്കി വാലാട്ടാന്‍ തുടങ്ങിയിട്ടുണ്ട്. കേരളാ ഇലക്ഷനിലും അവരുടെ സ്വാധീനം സീറൊ ആയിരിക്കും. അവരുടെ മുഖ്യ തൊഴിലും അജണ്ടയും ബി.ജെ.പി. നേതാക്കളെ എയര്‍പോര്‍ട്ടില്‍ പോയി പിക്കു ചെയ്യുക, പെട്ടി ചുമക്കുക, ഫോട്ടോ എടുക്കുക, ഞെട്ടുക, കരയുക, അഭിനയിക്കുക, താമര ചിഹ്നം കുത്തുക എന്നതൊക്കെ തന്നെ. പക്ഷെ അമേരിക്കയില്‍ പൂര്‍ണ്ണ മതസ്വാതന്ത്ര്യം അനുഭവിക്കുന്ന എന്റെ ബി.ജെ.പി. സുഹൃത്തുക്കളെ നിങ്ങള്‍ നാട്ടിലെ നിങ്ങളുടെ ബി.ജെ.പി. നേതാക്കളോടും സുഹൃത്തുക്കളോടും പറയുക മതതീവ്രവാദം ഉപേക്ഷിക്കാന്‍... സെക്കുലറിസം മുറുകെ പിടിക്കാന്‍... അപ്രകാരം ബി.ജെ.പിയുടെ ചിന്തയിലും പ്രവര്‍ത്തിയിലും ഒരു നവപരിവര്‍ത്തനമുണ്ടായാല്‍ കേരളത്തിലും നിഷ്പ്രയാസം അക്കൗണ്ട് തുറന്ന് കേരളത്തെ മാറിമാറി ഭരിക്കുന്ന യു.ഡി.എഫിനേയും എല്‍.ഡി.എഫിനേയും ഒരു പാഠം പഠിപ്പിക്കാം. മുന്‍സൂചിപ്പിച്ച ആ രണ്ട് എഫിനേയും വെറും എഫ് ആക്കി തോല്‍പ്പിച്ച് മൂലക്കിരുത്താം. ജയിച്ചു കേറി വരുന്ന എല്‍.ഡി.എഫും വികസനമില്ലാത്ത അഴിമതിയില്‍ മുങ്ങി കുളിക്കുന്ന ഭരണമാണ് കാഴ്ചവെക്കുന്നതെങ്കില്‍ ജനപക്ഷത്ത് ഉറച്ചു നിന്നു കൊണ്ട് വീണ്ടും ഒരു എല്‍.ഡി.എഫ് ഭരണം വരാതിരിക്കാനായി യു.ഡി.എഫിനെ പിന്‍തുണക്കും, പിന്‍തുണക്കണം. കാലോചിതമായ മുട്ടും തട്ടും തലോടലും ഏതു പാര്‍ട്ടിക്കും അനിവാര്യമാണ്. ഒരേ മുന്നണിയെ തന്നെ സ്ഥിരമായി ജയിപ്പിച്ചു വിടുന്നത് ജനാധിപത്യമല്ല. കാരണം അവര്‍ ഏകാധിപതികളായി ജനങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിക്കും എന്നതു തന്നെ. ജനാധിപത്യത്തില്‍ ജനങ്ങളാണ് അധിപ•ാര്‍. ആ അധിപ•ാര്‍ തെരഞ്ഞെടുത്തു വിടുന്ന സെര്‍വെന്റ്‌സ് അവരുടെ തൊഴിലാളികള്‍ മാത്രമാണ് ഈ എം.പിമാരും എം.എല്‍.എമാരും മന്ത്രിമാരും ഒക്കെ, എന്ന ചിന്തയോടെ വേണം വോട്ടറ•ാര്‍ സമ്മതിദാനം പ്രയോഗിക്കാന്‍. അതുപോലെ വിജയികളായി പുറത്തു വരുന്ന ജനപ്രതിനിധികളും ആദ്യവസാനം തങ്ങള്‍ക്ക് തൊഴിലും വേതനവും തരുന്ന, തന്നു കൊണ്ടിരിക്കുന്ന വോട്ടറ•ാരോടാണ് ആഭിമുഖ്യം പുലര്‍ത്തേണ്ടതും. എന്നാല്‍ തങ്ങള്‍ക്ക് നോമിനേഷന്‍ തന്ന പാര്‍ട്ടിയോടാണ് ജനപ്രതിനിധികള്‍ കൂടുതല്‍ ആഭിമുഖ്യം പുലര്‍ത്തുന്നത് എന്ന വസ്തുത നമ്മുടെ പാര്‍ലിമെന്ററി സിസ്റ്റത്തിലെ ഒരു വലിയ അപാകത തന്നെയാണ്. ജനങ്ങളെ സേവിക്കാത്ത, ക്ഷേമിക്കാത്ത ജനപ്രതിനിധികളെ ജനങ്ങള്‍ തന്നെ തിരിച്ചു വിളിക്കാനൊ ഫയര്‍ ചെയ്യാനൊ ഉള്ള ഒരു വ്യവസ്ഥ നമ്മുടെ പാര്‍ലമെന്ററി ഇലക്ഷന്‍ സിസ്റ്റത്തില്‍ ഇല്ലാതെ പോയി. അതിനാല്‍ 5 വര്‍ഷം കൂടി വരുന്ന ഈ തെരഞ്ഞെടുപ്പുകളിലെങ്കിലും സ്വന്തം പാര്‍ട്ടിയോടും,  സ്വന്തം പോക്കറ്റു വികസനത്തിനുമായി പ്രവര്‍ത്തിക്കുന്നവരേയും, തെരഞ്ഞുപിടിച്ച് അവര്‍ എത്ര വമ്പ•ാരായാലും തോല്‍പ്പിക്കുക. യഥാ പ്രജ തഥാ രാജ എന്നു പറയാറുണ്ടല്ലൊ. അതായത് ഓരോ ജനതയും അര്‍ഹിക്കുന്ന പോലെ അവര്‍ക്കു ഭരണം ലഭിക്കും. നല്ല ഭരണം, നല്ല ജനപ്രതിനിധികള്‍ വരണമെങ്കില്‍ എല്ലാ താല്‍ക്കാലിക ആവേശങ്ങളും സമ്മര്‍ദ്ദങ്ങളും ഒഴിവാക്കി സത്യസന്ധമായി വോട്ട് രേഖപ്പെടുത്തുക. മെയ് 19-ാംതീയതി തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അതു ജനപക്ഷത്തായിരിക്കട്ടെ എന്ന ആശംസയോടെ ഈ പരമ്പര അവസാനിപ്പിക്കുന്നു.


കേരളാ ഇലക്ഷനും ജനപക്ഷ ചിന്തകളും-2  എ.സി. ജോര്‍ജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക