Image

ഓര്‍മകള്‍ ഉത്സവമാക്കി ഡോ. വേണുഗോപാല്‍ മേനോന്‍ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)

Published on 03 May, 2016
ഓര്‍മകള്‍ ഉത്സവമാക്കി ഡോ. വേണുഗോപാല്‍ മേനോന്‍ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
നാല്‍പ്പത്തിയെട്ട് സംവത്സരങ്ങള്‍ക്ക് മുമ്പാണ് ജീവിത പ്രാരാബ്ധങ്ങളുടെ തീച്ചൂളയില്‍ നിന്ന് എറണാകുളത്തെ കടക്കല്‍  തറവാടിന്റെ ഉമ്മറപ്പടി കടന്ന് ഡോ. വേണുഗോപാല്‍ മേനോന്‍ അമേരിക്കയെന്ന അനന്ത സാധ്യതയുടെ പറുദീസയിലെത്തിയത്. ഉപരിപഠനത്തോടൊപ്പം ജോലി ചെയ്ത് ജീവിതം ഉന്തിത്തള്ളിക്കൊണ്ടുപോയ, വേദന മുറ്റിയ പ്രവാസത്തിന്റെ തുടക്ക കാലം. പിന്നെ പഠനവും പരിശീലനവുമൊക്കെ മിഴിവോടെ പൂര്‍ത്തിയാക്കി നേട്ടങ്ങളുടെ സാമ്രാജ്യം സ്വന്തമാക്കിയ ഈ അലര്‍ജിസ്റ്റ്-ഇമ്മ്യുണോളജിസ്റ്റ്‌, അസാധാരണവും വിജ്ഞാനപ്രദവും ആസ്വാദ്യകരവുമായ ഒരു ഇംഗ്ലീഷ് ഗ്രന്ഥമെഴുതി... 'My Mother Called Me UNNI:  A Doctor's Tale of Migration..'

'മെല്‍റ്റിങ് പോട്ട്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന അമേരിക്ക സ്ഥിരതാമസത്തിനായി തിരഞ്ഞെടുത്ത 3 മില്യണ്‍ ഇന്ത്യാക്കാരില്‍ ഇത്തരത്തിലൊരു ജീവിതഗന്ധിയായ ബുക്ക് ആരുമെഴുതിക്കാണില്ല. അമേരിക്കന്‍ മണ്ണിലേയ്ക്കുള്ള കുടിയേറ്റ ചരിത്രത്തിലെ വിദ്യാസമ്പന്നനും വിജയശ്രീലാളിതനും സ്ഥിരോത്സാഹിയുമായ ഒരപൂര്‍വ വ്യക്തിത്വത്തിന്റെ ബഹുതല സ്പര്‍ശിയായ ഓര്‍മക്കുറിപ്പുകളാണിത്. സ്വാതന്ത്ര്യ പ്രാപ്തിക്കു മുമ്പുള്ള കൊളോണിയല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ജീവിതത്തിന്റെയും ആഗോള മാന്ദ്യത്തിന്റെ ആകുലതകളുടെയും നേര്‍സാക്ഷ്യം പറയുന്ന അധ്യായങ്ങളില്‍ ഭാരതത്തിന്റെ സമ്പന്നവും വര്‍ണാഭവുമായ സംസ്‌കാര വൈവിധ്യവും തനിമയാര്‍ന്ന ഉത്സവക്കാഴ്ചകളും പ്രൗഢമായ പാരമ്പര്യവിശേഷങ്ങളും മൂല്യവത്തായ സംസ്‌കൃതിയുടെ പ്രകാശഗോപുരങ്ങളും സ്വാഭാവികതയോടെ അനാവരണം ചെയ്യപ്പെടുന്നു.

ഇത് ഒരേ സമയം, ആറാം ഗ്രേഡില്‍ പഠിക്കുമ്പോള്‍ ആദ്യമായി ഒരു ജോഡി ചെരുപ്പിടാന്‍ ഭാഗ്യം ലഭിച്ച നിഷ്‌കളങ്കനായ ഒരു കുട്ടിയുടെ അതിരറ്റ ആനന്ദത്തിന്റെയും വൈദ്യുതിയെത്തും മുമ്പ് മണ്ണെണ്ണ വിളക്കിന്റെ നേര്‍ത്ത വെളിച്ചത്തിലിരുന്ന് പഠിച്ച ഒരു വിദ്യാര്‍ത്ഥിയുടെ അഭിലാഷങ്ങളുടെയും നാടോടിക്കഥയാണ്. ഒപ്പം നാട്ടില്‍ നന്നായി പഠിച്ച് ഡോക്ടറായി ഏഴു കടലുകള്‍ താണ്ടി അമേരിക്കയിലെത്തി, വിഖ്യാതമായ ഒരു മെഡിക്കല്‍ ക്ലിനിക്കിന്റെ പ്രസിഡന്റ് പദവി വഹിച്ച ഒരു 'ഡോക്ടര്‍ വിജയ ഗാഥ'യും കൂടിയാണ് ഇപ്പോള്‍ തദ്ദേശീയരുള്‍പ്പെടെയുള്ളവര്‍ ഏറെ വായിക്കുന്ന ഈ കൃതി. താന്‍ കാലുകുത്തിയ കൗബോയ് രാജ്യത്തിന് പുരാതനമായ ഇന്ത്യന്‍ തത്വശാസ്ത്രവും സംസ്‌കാരവും പരിചയപ്പെടുത്തിക്കൊടുക്കുന്ന ഈ ക്രോണിക്കിളില്‍ നിന്ന് ഒരു സാധാരണ കുടിയേറ്റക്കാരന്‍ തന്റെ കര്‍മഭൂമിയെ സമ്പുഷ്ടമാക്കുന്നതിനു വേണ്ടി ചെയ്ത സംഭാവനകളുടെ ആഴവും പരപ്പും വായിച്ചെടുക്കാം. 

എറണാകുളത്തെ പരമ്പരാഗതമായ മധ്യവര്‍ഗ നായര്‍ തറവാട്ടില്‍ 1937ലാണ് കാവുങ്കല്‍ നാരായണ മേനോന്റെയും കടക്കല്‍ തങ്കമ്മയുടെയും മൂത്ത പുത്രനായി ഡോ. വേണുഗോപാല്‍ മേനോന്റെ ജനനം. വളര്‍ച്ചയുടെ കാലഘട്ടത്തില്‍ രണ്ടാം ലോകമഹായുദ്ധം നടക്കുന്നു. ആരുടെ കൈയിലും കാശില്ല. മുത്തഛനും മുത്തശ്ശിയുമൊക്കെയുള്ള കൂട്ടുകുടുംബത്തിലായിരുന്നു ഡോ. മേനോന്‍ പിച്ചവച്ചത്. എറണാകുളം എസ്.ആര്‍.വി സ്‌കൂളിലും മഹാരാജാസ് കോളേജിലും പഠിച്ച്, തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിന്‍ പാസായ ശേഷം ഇന്ത്യന്‍ ആര്‍മിയില്‍ ഏതാനും വര്‍ഷം സേവനമനുഷ്ഠിച്ചു.  ചൈനീസ് അധിനിവേശകാലമായിരുന്നു അത്. (1962-'63). സാമ്പത്തിക പരാധീനതകള്‍ക്ക് നടുവിലും വിവാഹം കഴിച്ചു. മൂത്തമകള്‍ പിറന്നു. ഡോ. മേനോന്റെ ഇളയ സഹോദരങ്ങള്‍ എഞ്ചിനീയറിങും മറ്റും പഠിക്കുകയായിരുനനു. അവരുടെ പഠിത്ത കാര്യങ്ങള്‍ക്കൊപ്പം വീട്ടു ചെലവും നോക്കേണ്ടി വന്നതിനാല്‍ നാട്ടിലെ ഉപരിപഠനമോഹം ഉപേക്ഷിക്കുകയും ജീവിതമാര്‍ഗം തേടി കടല്‍ കടക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ആദ്യം സ്‌കോട്ട്‌ലാന്‍ഡിലേയ്ക്ക്. ഒരു വര്‍ഷത്തിനു ശേഷം 1969 ല്‍ അമേരിക്കയിലെത്തുമ്പോള്‍ വയസ് മുപ്പതില്‍ താഴെ.  മൂന്നു വര്‍ഷത്തെ ഉപരിപഠനവും ട്രെയിനിംഗും കഴിഞ്ഞ് സ്വന്തമായി പ്രാക്ടീസ് ആരംഭിച്ചു. ജന്മഭൂമിയില്‍ നിന്ന് എന്നെന്നേയ്ക്കുമായി പറന്നു പോന്ന ഒരു ആദ്യകാല കുടിയേറ്റക്കാരന്റെ അസൂയാവഹമായ ആതുരസേവന നേട്ടങ്ങളുടെ എളിയ തുടക്കം. അതിന്റെ മിടിപ്പുകള്‍ അദ്ദേഹം തന്റെ സ്റ്റെത്തിലൂടെ കേട്ടു...കുടുംബ ജീവിതം...കര്‍മകാണ്ഡം...എഴുത്ത് തുടങ്ങിയ സംഭവബഹുലമായ തന്റെ അമേരിക്കന്‍ അധ്യായങ്ങളെക്കുറിച്ച് ഡോ. വേണുഗോപാല്‍ മേനോന്‍ ഇ-മലയാളിയുടെ ആദരവുള്ള വായനക്കാരോട് മൃദുമന്ദഹാസത്തോടെ വര്‍ത്തമാനം പറയുകയാണ്. അദ്ദേഹത്തോട് നമുക്ക് വിശേഷങ്ങള്‍ ചോദിക്കാം...

? അമേരിക്കയിലേയ്ക്ക് വഴി തെളിച്ച് മുന്‍പേ പറന്ന വ്യക്തിയെന്ന നിലയില്‍ കേരളത്തെ എത്രമാത്രം മിസ് ചെയ്തു...
* ആ വേദന പറഞ്ഞറിയിക്കാനാവില്ല. നാടുവിട്ടു പോന്ന ദിവസം, അന്ന് എന്റെ മൂത്തമകള്‍ക്ക് മൂന്നു വയസേ പ്രായമുള്ളു. ഞാന്‍ എങ്ങോട്ടേയ്ക്കുമില്ല എന്ന് വാശിപിടിച്ച് അവള്‍ കരഞ്ഞു. ഗത്യന്തരമില്ലാതെയാണ് കേരളത്തോട് യാത്ര പറഞ്ഞത്. അഞ്ചാറു കൊല്ലം കഴിഞ്ഞ് നാട്ടിലേയ്ക്ക് തിരിച്ചു പോരാം എന്നായിരുന്നു അന്നത്തെ വിചാരം. പക്ഷേ ഞങ്ങള്‍ എന്നെന്നേയ്ക്കുമായി വേരും പറിച്ച് പോരുകയായിരുന്നുവെന്ന് പിന്നീടാണ് മനസിലായത്. അതിന്റെ ഒരു നീറ്റലുണ്ട്. 

? പിന്തിരിഞ്ഞു നോക്കുമ്പോള്‍ കുറ്റബോധം തോന്നുന്നുവോ...
* ഇല്ലാതില്ല. എഴുതിത്തുടങ്ങിയപ്പോഴാണെനിക്കത് കൂടുതല്‍ മനസിലായത്. പക്ഷേ നാടുമായി ജീവസുറ്റ ബന്ധമുണ്ട്. വരും കാലത്ത് എത്ര പേര്‍ക്കതുണ്ടാവുമെന്ന് പറയാനാവില്ല. സാമ്പിത്തിക ഭദ്രതയുള്ളൊരു ജീവിതമാഗ്രഹിച്ചാണ് പ്രവാസിയായത്. അങ്ങനെയൊരു ജീവിതം കിട്ടിയതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്.

? ജീവിതത്തില്‍ വിടാതെ പിന്തുടരുന്ന ദു:ഖം...
* അച്ഛനും അമ്മയും അസുഖമായിരിക്കുമ്പോള്‍ അവരെ ശുശ്രൂഷിക്കാനോ അവര്‍ക്കൊപ്പം കുറച്ചു നാള്‍ കഴിയുവാനോ സാധിച്ചില്ല. കാശുകൊണ്ട് എല്ലാവരെയും സഹായിച്ചിട്ടുണ്ട്. അതില്‍ കൂടുതലുള്ള കടമകള്‍ നിറവേറ്റാന്‍ സാധിക്കാത്തതില്‍ കുറ്റബോധമുണ്ട്.

? ഹൂസ്റ്റണില്‍ ആദ്യമായി കാലുകുത്തിയപ്പോഴുള്ള അനുഭവം...
* അന്ന് ഹൂസ്റ്റണില്‍ ആകെ അറുന്നൂറോളം ഇന്ത്യാക്കാരേ ഉണ്ടായിരുന്നുള്ളു. ഇന്നത് 1,50,000 ആയി. ആ വളര്‍ച്ചയുടെ നേര്‍സാക്ഷിയായി പങ്കു കൊണ്ടു.

? അന്നത്തെ കൂട്ടായ്മകള്‍...
* സാമൂഹികവും സാംസ്‌കാരികവും മതപരവുമായി ഒന്നുമില്ലായിരുന്നു. ഞങ്ങളുടെ തലമുറയാണ് അമ്പലങ്ങളും അസോസിയേഷനുകളുമൊക്കെ സ്ഥാപിച്ചത്. കുട്ടികള്‍ ഈ കൗബോയ് രാജ്യത്ത് വളരുമ്പോള്‍ അവര്‍ നമ്മുടെ പൈതൃകത്തില്‍ നിന്നകന്നു പോകാതിരിക്കാനായിരുന്നു ഈ ഉദ്യമങ്ങള്‍. അക്കാലത്ത് നോര്‍ത്ത് ഇന്ത്യ, സൗത്ത് ഇന്ത്യ എന്ന വ്യത്യാസങ്ങള്‍ ഇല്ലായിരുന്നു. എല്ലാവരും ഇന്ത്യക്കാര്‍ എന്ന ഏകബോധത്തില്‍ വീക്ക് എന്‍ഡുകളില്‍ ഓരോ വീടുകളിലും കൂടുമായിരുന്നു.

? ആദ്യമായി സ്ഥാപിച്ച ക്ഷേത്രം...
* മധുരയിലേതുപോലെയുള്ള മീനാക്ഷി ക്ഷേത്രമാണ്. അന്ന് ചെറിയ ക്ഷേത്രമായിരുന്നു. ഇന്ന് ഇവിടെ സകല ദൈവങ്ങളേയും പ്രതിഷ്ഠിച്ചിട്ടുണ്ട്. അമേരിക്കയിലിപ്പോള്‍ ഏതാണ്ട് അറുന്നൂറ് അമ്പലങ്ങളുണ്ട്. അതില്‍ 25 എണ്ണവും ഹൂസ്റ്റണിലാണ്.

? അസോസിയേഷനുകളുടെ തുടക്കം...
* ഞങ്ങള്‍ എത്തുന്ന കാലത്ത് ഇത്തരം കൂട്ടായ്മകളൊന്നുമുണ്ടായിരുന്നില്ല. പിന്നെ കേരള കള്‍ച്ചറല്‍ അസോസിയേഷന്‍, ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍, ഇന്ത്യന്‍ ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയവ രൂപീകരിച്ചു.

? എ.കെ.എം.ജിയുടെ പിറവിയെപ്പറ്റി...
* ഞങ്ങള്‍ കുറച്ചു പേര്‍ കൂടി തുടങ്ങിവച്ചതാണത്. ഏവരെയും പരസ്പരം കാണാനും സംസാരിക്കാനും കൊതിയായിരുന്നു. എ.കെ.എം.ജിയുടെ പ്രഥമ പ്രസിഡന്റായ ഡോ. ഗോകുലനാഥന്‍ എന്റെ കസിനാണ്. അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ആദ്യത്തെ ബാച്ചുകാരനായിരുന്നു. ഇന്ന് എ.കെ.എം.ജി വ്യാപകമായി അംഗീകരിക്കപ്പെട്ട സുശക്തമായ സംഘടനയാണ്.

? പുതിയ രാജ്യവുമായി എപ്രകാരം ഇണങ്ങി...
* ഭാഷയും സംസാരവും പെരുമാറ്റരീതികളുമൊക്കെ സ്വായത്തമാക്കാന്‍ കുറച്ചുകാലമെടുത്തു. അടിസ്ഥാന വിദ്യാഭ്യാസത്തിന്റെ ബലവത്തായ അടിത്തറയുണ്ടായിരുന്നതിനാല്‍ മുഖ്യധാരയിലെത്താന്‍ വലിയ വിഷമമുണ്ടായില്ല. 

? പഠനത്തോടൊപ്പം ജോലിയും എത്രമേല്‍ തുണയേകി...
* അതാണ് അമേരിക്കയുടെ ഗുണം. ജീവിക്കാന്‍ അത്യാവശ്യമായ ശമ്പളം കിട്ടും. അതേ സമയം ട്രെയിനിങും, രോഗികളെ ശുശ്രൂഷിക്കലും യഥാവിധി നടക്കുകയും ചെയ്യും. ചിലപ്പോള്‍ രാവിലെ വീട്ടില്‍ നിന്ന് പോയാല്‍ മൂന്നു ദിവസമൊക്കെ കഴിഞ്ഞേ മടങ്ങിയെത്തുമായിരുന്നുള്ളു.

? പ്രാക്ടീസിന്റെ ആരംഭം...
* തുടക്കത്തില്‍ പ്രൈവറ്റ് പ്രാക്ടീസായിരുന്നു. വാഷിംഗ്ടണിലും കണക്ടിക്കട്ടിലും പ്രവര്‍ത്തിച്ച ശേഷം ഹൂസ്റ്റണിലെ വിഖ്യാതമായ മെക്‌ഗോവന്‍ അലര്‍ജി ആന്റ് ആസ്ത്മ ക്ലിനിക്കില്‍ ജോയിന്‍ ചെയ്തു. ഈ ക്ലിനിക്ക് അമേരിക്കയിലാകമാനം അറിയപ്പെട്ടിരുന്ന  ഒന്നാണ്. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ ഉടമസ്ഥ പദവി വരെയെത്തി. പിന്നീട് എട്ടു കൊല്ലത്തോളം ഈ ബഹുമാന്യ സ്ഥാപനത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിക്കാനുള്ള അംഗീകാരവും ഭാഗ്യവും ലഭിച്ചു. ഇതിനിടയ്ക്ക് എനിക്ക് ലണ്ടനിലെ റോയല്‍ സൊസൈറ്റി ഓഫ് ഫിസിഷ്യന്‍സിന്റെ ഫെലോഷിപ്പും ലഭിച്ചു.

? ഗൃഹാതുരത്വം അങ്ങയുടെ ഓര്‍മക്കുറിപ്പുകളില്‍ എത്രമാത്രം നിഴലിച്ചിട്ടുണ്ട്...
* പുസ്തകത്തിന്റെ പകുതിയിലധികവും നമ്മുടെ സ്വന്തം കേരളത്തെപ്പറ്റിയുള്ള വാങ്മയ ചിത്രങ്ങളാണ്. ഓണം, വിഷു, തിരുവാതിര, നവരാത്രി, ഇതര ഉത്സവങ്ങള്‍...പിന്നെ മലയാളത്തിന്റെ ഭക്ഷണ വിഭവങ്ങള്‍...രുചിക്കൂട്ടുകള്‍...അങ്ങനെയുള്ളത്  പലയിടത്തും ഒരു പ്രവാസിയുടെ നൊമ്പരത്തിന്റെ അടിക്കുറിപ്പുകളായി ചേര്‍ക്കാന്‍ ശ്രമിച്ചിട്ടുണ്ട്. മനസിനുള്ളില്‍ തനി മലയാളിയാണ് ഞാന്‍. പക്ഷേ ഇവിടുത്തെ പൊതു സമൂഹത്തില്‍ വര്‍ത്തമാനം പറയാന്‍ ഇംഗ്ലീഷ് വേണം അല്ലാതെ ജീവിക്കാന്‍ പറ്റില്ല. എന്നാല്‍ വീട്ടിലെ ഭക്ഷണം സാമ്പാറും മോരുകൂട്ടാനുമൊക്കെയാണിപ്പോഴും.

? ഇങ്ങനെയൊരു ഓര്‍മക്കുറിപ്പിന്റെ പ്രസക്തിയും പ്രചോദനവും ഉദ്ദേശ്യവും...
* ഇന്നത്തെ പുതുതലമുറയ്ക്ക് നമ്മള്‍ എവിടെ നിന്നു വന്നു, നമ്മുടെ വേരുകള്‍ എവിടെയാണ് എന്ന് ബോധ്യപ്പെടുത്തുക ആവശ്യമാണ്. ഒരു ഇമിഗ്രന്റിന് അമേരിക്ക പോലുള്ള ഒരു വലിയ രാജ്യത്ത് വന്ന് എങ്ങനെ പിടിച്ചു നില്‍ക്കാന്‍ പറ്റും, എപ്രകാരം ജീവിത വിജയം നേടാന്‍ സാധിക്കും എന്ന് അനുഭവങ്ങളുടെ വെളിച്ചത്തില്‍ സ്ഥാപിക്കേണ്ടതുണ്ട്. ഇവിടുത്തെ തദ്ദേശിയര്‍ക്ക് നമ്മുടെ നാടിന്റെ ഉദാത്തമായ പാരമ്പര്യവും സമ്പന്നമായ പൈതൃക സംസ്‌കൃതിയും ആചാരമര്യാദകളും പറഞ്ഞു വച്ച്, നമ്മള്‍ യാചകരായി ഇവിടേയ്ക്ക് എത്തിയവരല്ല എന്ന് മനസിലാക്കികൊടുക്കാനുള്ള ഉല്‍ക്കടവും തീക്ഷണവുമായ ആഗ്രഹമാണ് രചനയുടെ പ്രേരക ശക്തി. 

? എഴുത്തിന്റെ വിവിധ ഘട്ടങ്ങളില്‍ അനുഭവപ്പെട്ട വികാരം...
* ഭൂതകാലത്തേയ്ക്കുള്ള തിരിഞ്ഞു നോട്ടം ഒരുപാട് സംഘര്‍ഷവും സന്തോഷവും എന്നിലുളവാക്കി. മരിച്ചു മണ്‍മറഞ്ഞു പോയവരെയും നമ്മെ സ്‌നേഹിച്ച് വളര്‍ത്തി വലുതാക്കിയവരെയും ഓര്‍ത്തപ്പോള്‍ കണ്ണീര്‍ വാര്‍ത്തു. ചില കാര്യങ്ങള്‍ മനസില്‍ തെളിഞ്ഞപ്പോള്‍ ചിരിക്കുകയും ചെയ്തു. 

? പുസ്തകത്തിന്റെ പ്രചാരം...
* ഔട്ട് സ്‌കേര്‍ട്‌സ് പ്രസ് പ്രസിദ്ധീകരിച്ച പുസ്തകം തദ്ദേശീയരായവരും മറ്റും വാങ്ങി വായിക്കുകയും പ്രോത്സാഹജനകമായ അഭിപ്രായങ്ങള്‍ പറയുകയും ചെയ്തിട്ടുണ്ട്. നമ്മുടെ നാട്ടുകാര്‍ക്ക് ഇങ്ങനെയൊക്കെ എഴുതാനുള്ള കടമയുണ്ട്. നമ്മുടെ തന്നെ വഴികാട്ടിയാവാന്‍...നമ്മിലേയ്ക്ക് തന്നെ മനസാലേ പിന്‍മടങ്ങാന്‍, സര്‍ഗശേഷിയുള്ളവര്‍ എഴുതി പ്രചരിപ്പിക്കണം എന്ന എളിയ അപേക്ഷ ഈ സംഭാഷത്തിലൂടെ വയ്ക്കുന്നു.

? ഈയൊരു വലിയ സന്ദേശം അമേരിക്കന്‍ മലയാളി സമൂഹത്തിലെ വിവിധങ്ങളായ സംഘടനകള്‍ പുതുതലമുറയ്ക്ക് കൈമാറുന്നുണ്ടോ...
* അവിടവിടങ്ങളില്‍ ചില ഉദ്യമങ്ങള്‍ ഉണ്ട് എന്ന് കാണുന്നതില്‍ സന്തോഷം. ആദ്യം എഴുതാനുള്ള മനസും ക്ഷമയും വേണം. നമ്മുടെ ആശയങ്ങള്‍ വാക്കുകളാക്കി തനിമയുള്ള വാക്യങ്ങളില്‍ അനുഭവവേദ്യമാം വണ്ണം അണിചേര്‍ത്ത് എഴുതുവാനുള്ള കഴിവ് വേണം. അത്യാവശ്യം വേണ്ടത് വായനാശീലമാണ്. അതില്ലെങ്കില്‍ എത്ര നല്ല പുസ്തകം കിട്ടിയാലും വായിക്കപ്പെടുകയില്ല.

? ഡോക്ടറുടെ ഈ ബഹുമുഖ വ്യക്തിത്വം ഇതര സമൂഹങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നു...
* ഒന്ന്, നമ്മുടെ വ്യക്തിപരമായ ജീവിതം. വീട്, ചുറ്റുപാട്, ഭക്ഷണം നമ്മുടെ ആചാരങ്ങള്‍ അതൊക്കെ വീട്ടിനുള്ളില്‍. പുറത്തേക്കിറങ്ങിയാല്‍ നമ്മുടെ ജോലി. ഇത് രണ്ടും സംയോജിപ്പിച്ചുകൊണ്ടു പോകുവാന്‍ യാതൊരു വിഷമവുമില്ല. പ്രൊഫഷണല്‍ മേഖലയില്‍ ഞാന്‍ മലയാളിയല്ല, ഇന്ത്യക്കാരനല്ല, തനി അമേരിക്കനാണ് എന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുമ്പോഴാണ് പൂച്ച് പുറത്താവുന്നത്. മലയാളം പറയാന്‍ കൂട്ടാക്കാതെ, ആരാധനാലയങ്ങളില്‍ പോകാതെ, സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ പങ്കുകൊള്ളാതെ തനി സായിപ്പായി നടക്കുന്ന മലയാളികളുണ്ടിവിടെ. ഈ മനോഭാവം ശാശ്വതമല്ല.

? അമേരിക്കന്‍ മലയാളികളെ ഒരു ഭിഷഗ്വര മനസോടെ പരിശോധിച്ച് പറയുവാനുള്ളത്...
* എന്റെ ജീവിതത്തിന്റെ ആകെത്തുക സ്വന്തം കഴിവിന്റെയോ പ്രയത്‌നത്തിന്റെയോ ഭാഗ്യത്തിന്റെയോ ആണെന്ന് അവകാശപ്പെടുന്നില്ല. ഇതൊരു 'ഡിവൈന്‍ ഡെസ്റ്റിനി' ആയിരിക്കാം. ദൈവത്തിന്റെ ഒരു മുന്‍ നിശ്ചയം. ഈ ചെറിയ ജീവിതത്തില്‍ ഇങ്ങനെയൊക്കെ ആയതില്‍ ചാരിതാര്‍ത്ഥ്യത്തില്‍ കുറഞ്ഞൊന്നുമില്ല. നമ്മള്‍ എവിടെ ചെന്നെത്തിയാലും എത്ര വലിയ ആളായാലും എത്ര സുഖത്തില്‍ ജീവിക്കുകയാണെങ്കിലും വേരുകള്‍, പൊക്കിള്‍കൊടി ബന്ധം മറക്കരുത്. തിരിച്ചൊന്നും ആഗ്രഹിക്കാതെ മാതാപിതാക്കളാണ് നമുക്കു വേണ്ടി ത്യാഗം ചെയ്തത്. അവര്‍ കൂടെ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ആ ഓര്‍മകളായിരിക്കും നമ്മെ നാമാക്കുന്നത്. കലര്‍പ്പില്ലാത്ത ആ സ്‌നേഹവും വാത്സല്യവും ഉടയാതെ, ഉലയാതെ ആദരവോടെ ഹൃദയത്തില്‍ സൂക്ഷിക്കണം. ഈ ചിന്ത പുതുതലമുറയിലേയ്ക്ക് ഒരു ദീപശിഖ കണക്കെ കൈമാറണം.
***
സഫലവും സ്തുത്യര്‍ഹവുമായ ജീവിത നിയോഗത്തിന്റെ സുന്ദരമായ എണ്‍പതാം സംവത്സരത്തിലേയ്ക്ക് പ്രവേശിക്കുന്ന ഡോ. വേണുഗോപാല്‍ മേനോന്റെ വിലമതിക്കാനാവാത്ത ഈ ആശയം താമസംവിനാ നമുക്ക് ശിരസാ വഹിക്കാം. അമേരിക്കയെന്ന പരിഷ്‌കൃതലോകത്ത് ഏവരെയും അത്ഭുതപ്പെടുത്തുന്ന കര്‍മ വിജയം നേടിയ ഈ പിതാമഹന്‍ ഇന്നും തനി നാടനായാണിവിടെ ജീവിക്കുന്നത്. ഹൂസ്റ്റണിലെ മീനാക്ഷി ക്ഷേത്രത്തിനടുത്തുള്ള അദ്ദേഹത്തിന്റെ വീടു തന്നെ അതിനുദാഹരണം. കേരളത്തില്‍ നിന്ന് ഉരുപ്പടികള്‍ എത്തിച്ച് നിര്‍മിച്ച നാലുകെട്ടും ചാരുപടിയും നടുമുറ്റവും മരത്തൂണുകളും മണിച്ചിത്രത്താഴുമൊക്കെയുള്ള, അറയും നിരയുമുള്ള ഈ വീട്ടിലേയക്ക് കയറിച്ചെല്ലുമ്പോള്‍ നമ്മള്‍ കേരളത്തിലെത്തിയോ എന്ന് തോന്നിപ്പോകും.

''ഈ വീട് കാണുമ്പോള്‍ കൗതുകവും അതില്‍ ജീവിക്കുമ്പോള്‍ പച്ച മലയാളിയാണെന്ന തോന്നലും അത് മറ്റുള്ളവരെ കാണിക്കുന്നത് അഭിമാനവുമാണ്. ഞാന്‍ സന്തോഷവാനാണ്... അനുഗ്രഹീതനാണ്...'' അന്യാദൃശമായ ഓര്‍ക്കുറിപ്പുകളാല്‍  മലയാളക്കരയിലേയ്ക്ക് ഗൃഹാതുരത്വത്തിന്റെ പാലമിട്ട ഡോ. വേണുഗോപാല്‍ മേനോന്‍ കൃതാര്‍ത്ഥതയോടെ പറയുന്നു.

അതിരാവിലെ വീടിനടുത്തുള്ള മീനാക്ഷി ക്ഷേത്രത്തില്‍ പോയി സുപ്രഭാതം പാടി ദേവിയെയും ദേവന്‍മാരെയും ഉണര്‍ത്തുന്ന ശ്രീദേവിയാണ് ഭാര്യ. ശ്രീലത, ശ്രീകല, അരുണ്‍ വേണുഗോപാല്‍ എന്നിവര്‍ മക്കള്‍. ഇന്ത്യാ എബ്രോഡിലെ ജേര്‍ണലിസ്റ്റായിരുന്ന അരുണ്‍ ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ റേഡിയോ ആര്‍ട്ടിസ്റ്റാണ്.

ഓര്‍മകള്‍ ഉത്സവമാക്കി ഡോ. വേണുഗോപാല്‍ മേനോന്‍ (അഭിമുഖം: എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക