Image

അഴിമതിക്കേസുകളില്‍ നാല് മാസത്തിനകം വിചാരണയ്ക്ക് അനുമതി നല്‍കണമെന്ന് സുപ്രീംകോടതി

Published on 31 January, 2012
അഴിമതിക്കേസുകളില്‍ നാല് മാസത്തിനകം വിചാരണയ്ക്ക് അനുമതി നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: പൊതുപ്രവര്‍ത്തകര്‍ക്കെതിരായ അഴിമതിക്കേസുകളില്‍ വിചാരണയ്ക്ക് അനുമതി നല്‍കുന്നത് അനന്തമായി നീട്ടിക്കൊണ്ടുപോകാനാകില്ലെന്ന് സുപ്രീംകോടതി. പരമാവധി നാല് മാസത്തിനുള്ളില്‍ വിചാരണയ്ക്ക് അനുമതി നല്‍കണമെന്നും ഇതിനുള്ളില്‍ അനുമതി ലഭിച്ചില്ലെങ്കില്‍ അനുമതി ലഭിച്ചതായി കണക്കാക്കി തുടര്‍ നടപടികള്‍ കൈക്കൊള്ളാമെന്നും കോടതി വ്യക്തമാക്കി.

മൂന്ന് മാസത്തിനുള്ളില്‍ അനുമതി നല്‍കണം. അറ്റോര്‍ണി ജനറലുമായും മറ്റും വിശദമായ കൂടിയാലോചന ആവശ്യമെങ്കില്‍ മാത്രമേ നാല് മാസമെടുക്കാവൂയെന്നും ജസ്റ്റീസുമാരായ ജി.എസ്. സിംഗ്‌വിയും എ.കെ. ഗാംഗുലിയും വ്യക്തമാക്കി. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് നിയമഭേദഗതി നടത്തി മാര്‍ഗരേഖ പുറപ്പെടുവിക്കണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണയ്ക്ക് അനുമതി ആവശ്യപ്പെട്ട് വ്യക്തികള്‍ക്കും കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. ടു ജി സ്‌പെക്ട്രം കേസില്‍ എ. രാജയെ വിചാരണ ചെയ്യാന്‍ നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുബ്രഹ്മണ്യം സ്വാമി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി പൊതുവായ നിര്‍ദേശം നല്‍കിയത്.

രാജയെ വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് നിരവധി കത്തുകള്‍ അയച്ചെങ്കിലും 16 മാസത്തിന് ശേഷമാണ് മറുപടി പോലും നല്‍കാന്‍ തയാറായതെന്ന് സുബ്രഹ്മണ്യം സ്വാമി ചൂണ്ടിക്കാട്ടിയിരുന്നു. 2010 നവംബര്‍ 10 ന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായങ്കിലും വിധിപ്രഖ്യാപനത്തിനായി മാറ്റിവച്ചിരിക്കുകയായിരുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക