Image

നല്ല കഥാപാത്രത്തിനായി കാത്തിരി­ക്കു­ന്നു: സായി പല്ലവി (ആശ പ­ണിക്കര്‍)

ആശ പ­ണിക്കര്‍ Published on 02 May, 2016
നല്ല കഥാപാത്രത്തിനായി കാത്തിരി­ക്കു­ന്നു: സായി പല്ലവി (ആശ പ­ണിക്കര്‍)
"പ്രേമ'ത്തിലൂടെ മലയാളത്തിന്റെ മനസില്‍ സുഗന്ധം വിടര്‍ത്തുന്ന മലരായി വിരിഞ്ഞ സായി പല്ലവി ഇപ്പോള്‍ വീണ്ടും യുവത്വത്തിന്റെ ആവേശമായി മാറിയിരിക്കുന്നു. സമീര്‍ താഹിര്‍ സംവിധാനം ചെയ്ത "കലി'എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി അഞ്ജലി എന്ന കഥാപാത്രമായാണ് ഇത്തവണ സായി കേരളത്തിന്റെ മനം കവര്‍ന്നത്. തിയേറ്ററുകളില്‍ കലി നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ അങ്ങ് ജോര്‍ജിയയില്‍ ഇരുന്നുകൊണ്ട് അതിന്റെ വിജയത്തിന്റെ മധുരം നുണയുകയാണ് സായി പല്ലവി .

നീണ്ട ഇടതൂര്‍ന്ന മുടിയും കവിളില്‍ മുഖക്കുരുവുമായി നിലവിലുള്ള നായികാ സങ്കല്‍പ്പങ്ങളെ നീക്കി നിര്‍ത്തിക്കൊണ്ടാണ് സയി മലയാളത്തിലത്തിയത്. എന്നാല്‍ ഒരു പുതുമുഖ നടിക്കും കിട്ടാത്ത സ്വീകാര്യതയും സ്‌നേഹവും ആരാധനയുമാണ് സായി പല്ലവിക്ക് മലയാളത്തില്‍ നിന്നം കിട്ടിയത്. യുവാക്കള്‍ക്ക് അവരുടെ മനസില്‍ വിരിഞ്ഞു  നില്‍ക്കുന്ന മലരായും മുഖകകുരുവിനാല്‍ കഷ്ടപ്പെടുകയും അപകര്ഷത അനുഭവിക്കുകയും ചെയ്യുന്ന പെണ്‍കുട്ടികള്‍ക്ക് ആശ്വാസമായും സായി പല്ലവി ഒരു പൂവ് പോലെ വിരിഞ്ഞു നിന്നു. കലി എന്ന തന്റെ രണ്ടാമത്തെ ചിത്രവും പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതിന്റ ആഹ്ലാദത്തിലാണ് സായി പല്ലവി. 

മലയാളത്തിന്റെ പ്രിയനടി തന്റെ പുതിയ വിശേഷങ്ങള്‍ പങ്കു വയ്ക്കുന്നു.

കലി ഹിറ്റായി. എങ്ങനെ കാണുന്നു ഈ വിജയം?

വളരെ സന്തോഷമുണ്ട് ചിത്രം ഹിറ്റായി എന്നറിയുമ്പോള്‍. സാമിര്‍ താഹിര്‍ ഇതിന്റെ കഥ പറയുമ്പോഴും പിന്നെ ഷൂട്ടിംഗ് നടക്കുമ്പോഴും ഇതൊരു നല്ല ചിത്രമായിരിക്കുമെന്ന് എന്റെ മനസ് പറയുന്നുണ്ടായിരുന്നു. ഭാഗ്യത്തിന് അത് അങ്ങനെ തന്നെയായി.

യുവാക്കളുടെ ഹരമാണ് ദുല്‍ഖര്‍. അദ്ദേഹത്തോടൊപ്പമുള്ള അഭിനയം എങ്ങനെയുണ്ടായിരുന്നു. ?

വളരെ നാച്വറാലായിട്ടുളള അഭിനയമാണ് ദുല്‍ഖറിന്റേത്. ഡയറക്ടര്‍ പറയുന്നതിനപ്പുറം കഥാപാത്രത്തെ കുറിച്ച് മനസിലാക്കാന്‍ കഴിവുള്ള ആളാണ് ദുല്‍ഖര്‍. ഓരോ ഷോട്ടും എത്ര പെര്‍ഫെക്ടായിട്ടാണ് ദുല്‍ഖര്‍ ചെയ്യുന്നത്. നല്ലൊരു ഫ്രണ്ടാണ് ദുല്‍ഖര്‍. കൂടെ നില്‍ക്കുന്നവരിലേക്ക് ഒരു പോസിറ്റീവ് എനര്‍ജി നല്‍കാനള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടെ അഭിനയിക്കുന്നവര്‍ക്ക് വളരെ കംഫര്‍ട്ടബിളായിട്ടുള്ള ഒരു നടനാണ് ദുല്‍ഖര്‍. ഷൂട്ടിംഗിന്റെ സമയത്ത് നല്ല ജോളിയായിരുന്നു ഞങ്ങള്‍.

"കലി' കൂടി റിലീസായതോടെ മലയാള പ്രേക്ഷകര്‍ക്ക് സായി പല്ലവി ശരിക്കും ഒരു ഹരമാണിപ്പോള്‍? എങ്ങനെ തോന്നുന്നു?

വളരെ വളരെ സന്തോഷം. സത്യത്തില്‍ ചിലപ്പോള്‍ സ്‌നേഹം എന്നെ ഭയപ്പെടുത്തുന്നുണ്ട്. പ്രേമത്തിനു ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ കലി മാത്രമാണ് ഞാന്‍ കമ്മിറ്റ് ചെയ്തത്. മറ്റു കഥാപാത്രങ്ങളൊക്കെ ശരിയാകുമോ എന്ന ഭയമുണ്ടായിരുന്നു. ആരാധകരുടെ സ്‌നേഹം നഷ്ടപ്പെടുത്താന്‍ എനിക്കാവില്ല. വാട്ട്‌സ് ആപ്പ് മെസേജുകള്‍, ഫേസ് ബുക്ക് പോസ്റ്റുകള്‍ ഇതിലൂടെയൊക്കെ ആരാധകരടെ സ്‌നേഹം ഞാന്‍ തിരിച്ചറിയുന്നുണ്ട്. കഴിയാവുന്നിടത്തോളം അവര്‍ക്ക് മറുപടിയും നല്‍കാറുണ്ട്. ഞാനും അവരെ സ്‌നേഹിക്കുന്നു. ഇത്രമേല്‍ സ്‌നേഹം നല്‍കുമ്പോള്‍ അത് തിരിച്ചു നല്‍കാതിരിക്കുന്നതെങ്ങനെയാണ്. മൊബൈലില്‍ വിളിച്ച് സ്‌നേഹം അറിയിക്കുന്നവരുണ്ട്. എത്രയോ രൂപ മുടക്കിയാകും അവര്‍ അങ്ങനെ വിളിക്കുക എന്നോര്‍ക്കുമ്പോള്‍ അത്ഭുതം തോന്നും. ഈ സ്‌നേഹം എന്നും എന്റെ കൂടെയുണ്ടകണം എന്നാണ് പ്രാര്‍തഥന.

ഇത്തരത്തില്‍ വലിയൊരു ആരാധക വൃന്ദം ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചിരുന്നോ?

ഒരിക്കലുമില്ല. സിനിമയില്‍ പോലും വരുമെന്ന് പ്രതീക്ഷിച്ചതല്ല. പ്രേമത്തിലേക്ക് വിളിച്ച് ഓഫര്‍ നല്‍കിയപ്പോള്‍ ആരെങ്കിലും പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്നാണ് ഞാന കരുതിയത്. എങ്കിലും സംശയം തീര്‍ക്കാന്‍ വേണ്ടി ഗൂഗിളില്‍ സെര്‍ച്ച് ചെയ്തു നോക്കി. അപ്പോള്‍ അല്‍ഫോന്‍സ് പുത്രന്‍ നേരം എന്ന സിനിമ സംവിധാനം ചെയ്ത ഡയറക്ടര്‍ ആണെന്നു മനസിലായി. ഒരു നായികക്ക് പറ്റിയ രൂപമാണോ എന്റേത് എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. പക്ഷേ അല്‍ഫോന്‍സിന് യാതൊരു സംശയവുമില്ലായിരുന്നു. "
നീങ്കളില്‍ യാര്‍ അടുത്ത പ്രഭുദേ' എന്ന റിയാലിററി ഷോ കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നത്. അത് ശരിക്കും അഞ്ചു വര്‍ഷം മുമ്പാണ് നടന്നത്. അതുകണ്ടിട്ടാണ് അദ്ദേഹം എന്നെ സിനിമയില്‍ എടുത്തത്. 

എങ്ങനെയാണ് 
റിയാലിറ്റി ഷോയില്‍ എത്തിയത്?

ഞങ്ങളെ വളരെ സ്ട്രിക്ടായിട്ടാണ് വളര്‍ത്തിയത്. പ്‌ളസ് വണ്ണിനു പഠിക്കുമ്പോഴാണ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നത്. ഇത്തരം ഷോകളിലൊന്നും പങ്കെടുക്കുന്നത് അമ്മയ്ക്കിഷ്ടമില്ലായിരുന്നു. "നീങ്കളില്‍ യാര്‍ അടുത്ത പ്രഭുദേവ' യില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ അത് ലൈഫ് ഇങ്ങനെ മാറ്റി മറിക്കുമെന്ന് കരുതിയില്ല. സത്യത്തില്‍ എന്നെ എലിമിനേറ്റ് ചെയ്യണമെന്ന് അമ്മ ഒരുപാട് പ്രാർഥിച്ചിരുന്നു. റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് നടന്നാല്‍ പഠനത്തില്‍ പുറകിലായി പോകുമോ എന്നായിരുന്നു അമ്മയുടെ പേടി. എനിക്ക് സ്‌പോര്‍ട്ട്‌സിലും കമ്പമുണ്ടായിരുന്നു. അമ്മ നിര്‍ബന്ധം പിടിച്ചു പററില്ലെന്ന്. പക്ഷേ റിയാലിറ്റി ഷോയുടെ ഓരോ സ്റ്റേജ് കഴിയുമ്പോഴും എല്ലാവരും നല്ല അഭിപ്രായം പറഞ്ഞു. കുറേയേറെ കഷ്ടപ്പെടേണ്ടി വന്നെങ്കിലും ആളുകള്‍ക്കിടയില്‍ നല്ലൊരു സ്വീകാര്യത ലഭിച്ചു. അതോര്‍ക്കുമ്പോള്‍ സന്തോഷമുണ്ട്.

യഥാര്‍ത്ഥ സായി എങ്ങനെയുളള ആളാണ്?

ഞാന്‍ അത്ര വലിയ മോഡേണ്‍ ആളൊന്നുമല്ല. സാരിയും ജീന്‍സും ചുരീദാറുമെല്ലാം ധരിക്കും. മുടിയുടെ കാര്യത്തില്‍ എനിക്ക് ഒരു വിട്ടുവീഴ്ചയുമില്ല. മുഖക്കുരു പോകാന്‍ വേണ്ടി മഞ്ഞള്‍, ചന്ദനം, അങ്ങനെ പലതും നോക്കി. പക്ഷേ യാതൊരു ഗുണവുമുണ്ടായില്ല. പക്ഷേ മുഖക്കുരുവാണല്ലോ എന്നോര്‍ത്ത് യാതൊരു സങ്കടവും തോന്നിയിട്ടില്ല. എനിക്ക് മേക്കപ്പു പോലും ഇഷ്ടമല്ല. കലിയില്‍ മേക്കപ്പില്ലാതെയാണ് ഞാന്‍ അഭിനയിച്ചത്.

പ്രേമം, കലി ..രണ്ടു സിനിമകളും തമ്മില്‍ എങ്ങനെ താരതമ്യം ചെയ്യും”?

രണ്ടും വ്യത്യസ്ത സിനിമകളാണ്. പ്രേമത്തില്‍ ശരിക്കും കോളേജ് ലൈഫ് പോലെ തന്നെ എന്‍ജോയ് ചെയ്താണ് അഭിനയിച്ചത്. നിവിനും വിനയ് ഫോര്‍ട്ടുമെല്ലാം നല്ല കമ്പനി തന്നു. എനിക്ക് ആ സിനിമയില്‍ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമാണ് വിനയ് ഫോര്‍ട്ടിന്റേത്. വിനയ് സിറ്റുവേഷനനുസരിച്ച് ഡയലോഗ് പോലും പറയും. അല്‍ഫോന്‍സ് ഞങ്ങള്‍ക്ക് സ്വതന്ത്രമായി അഭിനയിക്കാനുളള അവസരം തന്നു. അതുകൊണ്ട് ഒട്ടും ടെന്‍ഷനില്ലായിരുന്നു. നല്ല രസമായിട്ടങ്ങനെ പോയി. 

കലി ഒരു പ്രത്യേക മൂഡിലുളള സിനിമയാണ്. ശരിക്കും ദുല്‍ഖര്‍ സിദ്ധാര്‍ത്ഥായി ജീവിക്കുകയായിരുന്നു ആ സിനിമയില്‍. ദേഷ്യം വരുത്തി വക്കുന്ന വിന എത്ര വലുതാണ് എന്ന സന്ദേശം നല്‍കുന്ന സിനിമയാണത്. അഞ്ജലി എന്ന കഥാപാത്രം എനിക്കു വളരെ ഇഷ്ടമായി.

സിദ്ധാര്‍ത്ഥിനെ പോലൊരാളാണ് സായിയുടെ കാമുകനും ഭര്‍ത്താവുമാകുന്നതെങ്കിലോ?

അയ്യോ, (ചിരിക്കുന്നു) ശരിക്കും കുഴഞ്ഞു പോകും. ഒരു സത്യമുണ്ട്. ദേഷ്യക്കാരനാണെങ്കിലും വളരെ സ്‌നേഹമുളള ആളാണ് സിദ്ധാര്‍ത്ഥ്. അയാളെ പോലെയുള്ളവര്‍ പെട്ടെന്നു ചൂടാകും. അതുപോലെ തണുക്കുകയും ചെയ്യും. അവരുടെ മനസില്‍ ഒന്നും ഒളിപ്പിച്ചു വയ്ക്കില്ല. ശരിക്കും ഇന്നസെന്റാണ് അവര്‍. ദുല്‍ഖറിന്റെ പെര്‍ഫോമന്‍സ് എനിക്ക് ശരിക്കും ഇഷ്ടമായി.

നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍..ആരെയാണ് കൂടുതല്‍ ഇഷ്ടം? 

എനിക്ക് രണ്ടു പേരെയും ഇഷ്ടമാണ്. അവരുടെ അഭിനയ രീതികള്‍ വ്യത്യസ്തമാണ്. ഇവര്‍ അഭിനയിച്ച സിനിമകള്‍ ഞാന്‍ കാണാറുണ്ട്. അഭിനയത്തിന്റെ കാര്യത്തില്‍ രണ്ടു പേരും അവരുടേതായ സ്റ്റൈല്‍ സൂക്ഷിക്കുന്നുണ്ട്. അവരുടെ നായികയായി അഭിനയിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ട്.

പുതിയ ചിത്രങ്ങള്‍ ? മണിരത്‌നത്തിന്റെ സിനിമയില്‍ നായികയാകുമെന്ന് കേട്ടല്ലോ?

അതു സംബന്ധിച്ച് ഒന്നും പറയാനില്ല. പുതിയ ചിത്രങ്ങള്‍ ഒന്നും ഇതു വരെ ഒന്നും കമ്മിറ്റ് ചെയ്തിട്ടില്ല.
മലയാളത്തില്‍ നല്ല സിനിമകള്‍ വന്നാല്‍ ഇനിയും ചെയ്യും. പ്രേക്ഷകര്‍ക്ക് ഇഷ്ടമാകുന്ന കഥാപാത്രങ്ങള്‍ ചെയ്യാനാണ് എനിക്കിഷ്ടം. അതിനായി കാത്തിരിക്കുകയാണ് ഞാന്‍.

തലമുടി മുന്നിലേക്ക് ഇട്ടു കൈകൊണ്ട് മടിയൊതുക്കി സായി പറയുന്നു. പ്രേക്ഷകനെ കീഴടക്കിയ അതേ പുഞ്ചിരിയോടെ....
നല്ല കഥാപാത്രത്തിനായി കാത്തിരി­ക്കു­ന്നു: സായി പല്ലവി (ആശ പ­ണിക്കര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക