Image

വോട്ട് പോര് 2016: ബംഗാളില്‍ കൈകോര്‍ത്തു; കേരളത്തില്‍ കലിയേറി-22 (എ.എസ് ശ്രീകുമാര്‍)

Published on 01 May, 2016
വോട്ട് പോര് 2016: ബംഗാളില്‍ കൈകോര്‍ത്തു; കേരളത്തില്‍ കലിയേറി-22 (എ.എസ് ശ്രീകുമാര്‍)
ഏതാണ്ട് മൂന്നര പതിറ്റാണ്ടിലേറെക്കാലം സി.പി.എം ബംഗാള്‍ ഭരിച്ചിട്ട് ജനങ്ങള്‍ എന്തു നേടി എന്ന് ചോദിച്ചാല്‍, അവിടുത്തെ പ്രജകള്‍ കൂട്ടത്തോടെ തൊഴിലന്വേഷിച്ച് കേരളത്തിലേയ്ക്ക് പോയി എന്ന് ഉത്തരം പറയാം. ഇത് അതിശയോക്തിയല്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കേരളത്തിന്റെ സമസ്ത തൊഴില്‍ മേഖലകളും ബംഗാള്‍വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. കെട്ടിട നിര്‍മാണ മേഖല മുതല്‍ കള്ളുഷാപ്പുകളില്‍ വരെ ബംഗാളികള്‍ സന്തോഷത്തോടെ തൊഴിലെടുക്കുന്നത് കാണാം. ബംഗാളിലെ തുഛ വരുമാനത്തില്‍ പണിയെടുത്ത് ദിവസത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ കഷ്ടപ്പെട്ട അവരെ സംബന്ധിച്ചിടത്തോളം കേരളം ഗള്‍ഫാണ്, പറുദീസയാണ് എന്ന് പറയാം. 1957 മുതല്‍ കേരളത്തില്‍ കോണ്‍ഗ്രസ്-സി.പി.എം മുന്നണികള്‍ മാറി മാറി സെക്രട്ടേറിയറ്റില്‍ അധികാരത്തിന്റെ തായം കളിച്ചിട്ട് മലയാളികള്‍ എന്ത് നേടി എന്നു ചോദിച്ചാല്‍ സാധാരണക്കാര്‍ ജീവിതമാര്‍ഗം തേടി ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കും മറ്റും മനസ്സില്ലാമനസോടെ പറന്നു, പറപറക്കുന്നു എന്നായിരിക്കും ഉത്തരം. മലയാള നാട്ടില്‍ അഴിമതി ദേശസാല്‍ക്കരിക്കപ്പെട്ടത് മറ്റൊരു മികച്ച നേട്ടമാണ്. ഉദ്യോഗസ്ഥ-ഭരണ അച്ചുതണ്ട് ശക്തികള്‍ ഖജനാവ് കൊള്ളയടിച്ച് പള്ള വീര്‍പ്പിക്കുന്നത് നിത്യകാഴ്ചയാവുകയും ചെയ്യുന്നു.

കോണ്‍ഗ്രസും സി.പി.എമ്മും മറ്റും ഈ ലോകത്ത് ഇതുവരെ കേട്ടുകേഴ്‌വിയില്ലാത്ത അത്യപൂര്‍വ കൂട്ടുകെട്ടിന് കളമൊരുക്കിയിരിക്കുന്നുവെന്നത് ഇത്തവണത്തെ നിയമസഭാതിരഞ്ഞെടുപ്പിന്റെ ഹൈലൈറ്റാണ്. ഈ മാസം 16നാണ് കേരളത്തിലെ തിരഞ്ഞെടുപ്പ്. പത്രികാ സമര്‍പ്പണം ഏപ്രില്‍ 29ന് പൂര്‍ത്തിയായി. മെയ് രണ്ടാം തീയതി പത്രിക പിന്‍വലിക്കാം. അതു കഴിഞ്ഞാല്‍ പോരാട്ടത്തിന്റെ അന്തിമ ചിത്രം വ്യക്തമാവും. ബംഗാളിലെ അവസാനഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 30ന് പൂര്‍ത്തിയായി. കേരളം പോളിങ് ബൂത്തിലെത്താന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രം. ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഉഷ്ണതരംഗം പ്രഖ്യാപിച്ചിരിക്കുകയാണെന്ന് കേട്ടു, പിറ്റെദിവസം അല്ലെന്നും. അതെന്തായാലും പോരാട്ടത്തിന്റെ ചൂടും കൂടിവരുന്നു. ഇനി കൂട്ടപ്പൊരിച്ചിലിന്റെ ആരവങ്ങള്‍ തെരുവില്‍ ഇടതടവില്ലാതെ കേള്‍ക്കാം.

ബംഗാള്‍ തിരഞ്ഞെടുപ്പ് അവസാനിച്ചിരിക്കെ കോണ്‍ഗ്രസിന്റെയും സി.പി.എമ്മിന്റെയും നേതാക്കള്‍ ഒരു നിമിഷം കളയാതെ കേരളത്തില്‍ പറന്നിറങ്ങും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സി.പി.എം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തുടങ്ങിയ  പ്രമുഖ നേതാക്കളുടെ പ്രവാഹമായിരിക്കും കേരളത്തിലേയ്ക്ക്. ബംഗാളില്‍ ഇവരെല്ലാം പരസ്പരം തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ച് ഉമ്മവച്ച് ചിരിച്ചുമാണ് വോട്ടു ചോദിച്ചത്. കൈപ്പത്തി, അരിവാള്‍ ചുറ്റികയ്ക്ക് വേണ്ടിയും അരിവാള്‍ കൈപ്പത്തിക്കായും വോട്ടഭ്യര്‍ത്ഥിക്കുന്ന സമഭാവനയുടെ കാഴ്ചയാണ് ഇക്കഴിഞ്ഞ ദിവസങ്ങളിള്‍ ബംഗാളില്‍ കണ്ടത്.

കോണ്‍ഗ്രസ്-സി.പി.എം കൂട്ടുമുന്നണിയെ അധികാരത്തിലെത്തിക്കണമെന്ന് ഇരു പാര്‍ട്ടികളിലെയും നേതാക്കള്‍ ഒരുമയോടെ ഇരന്നപ്പോള്‍ അവരുടെ ഐക്യം കണ്ട് രോമാഞ്ചം കൊണ്ടത് ബംഗാളിലെ അനേക ലക്ഷങ്ങളായിരുന്നു. കൊല്‍ക്കത്തയിലെ പാര്‍ക്ക് സര്‍ക്കസ് മൈതാനിയില്‍ ഒരു മെഗാ റാലി സംഗമിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി അപേക്ഷിച്ചത് അരിവാള്‍ ചുറ്റിക ചിഹ്നത്തില്‍ കുത്തി കോണ്‍ഗ്രസ്-സി.പി.എം മുന്നണിയെ വിജയതിലകമണിയിക്കണമേ എന്നാണ്. വേദിയില്‍ ഇരുന്ന് സി.പി.എമ്മിന്റെ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ തന്റെ ഇരു'കൈപ്പത്തി'കളും കൂട്ടിയടിച്ച് രാഹുലിനെ പ്രോത്സാഹിപ്പിച്ചു. ശ്രീരാംപൂരിലെ യോഗത്തില്‍ ബുദ്ധദേവുമായി വേദി പങ്കിട്ട സാക്ഷാല്‍ സോണിയാ ഗാന്ധി സി.പി.എമ്മിനെ വിജയിപ്പിക്കാന്‍ ആഹ്വാനം ചെയ്തപ്പോള്‍ അത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ കിടിലന്‍ സംഭവമായി. ബംഗാളിലെ കുല്‍പ്പി മണ്ഡലത്തില്‍ അവിടുത്തെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഓം പ്രകാശ് മിശ്രയുമായി ഒരേ വേദിയില്‍ ഇരുന്നുകൊണ്ട് കോണ്‍ഗ്രസിനെ വിജയിപ്പിച്ചേ അടങ്ങൂ എന്ന് കാരാട്ട് പറഞ്ഞു. ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരിയുമായും വേദി പങ്കിട്ടുകൊണ്ട് കാരാട്ട് തന്റെ പാര്‍ട്ടിയുടെ പ്രകാശമാനമായ പാര്‍ലമെന്റ് മോഹത്തെ തുറന്നു കാട്ടി. ഇത് പണ്ടത്തെ ചരിത്രപരമായ മണ്ടത്തരമാവാതിരിക്കട്ടെ. 

ബംഗാളില്‍ കൈപ്പത്തിക്കാരും അരിവാള്‍ കക്ഷികളും ഒരു പ്ലാറ്റ്‌ഫോമില്‍ നിന്ന് നടത്തിയ കലക്കന്‍ പ്രചാരണത്തിന്റെ ഹാങ് ഓവര്‍ മാറാതെയാണവര്‍ കേരളത്തില്‍ കാലുകുത്തുന്നത്. ബംഗാളില്‍ കൈകോര്‍ത്തെങ്കില്‍ കേരളത്തില്‍ കളിമാറും. അവിടെ ഒന്നിച്ച് ഉണ്ടുറങ്ങിയവര്‍ ഇവിടെ നേരില്‍ കണ്ടാല്‍ കോക്രി കാട്ടും. ബംഗാളില്‍ പരസ്പരം പുറം ചൊറിഞ്ഞവര്‍ കേരളത്തില്‍ എതിര്‍ ചേരികളില്‍ നിന്ന് ചെളിവാരിയെറിയും. പൊതുജനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കോമഡി പരിപാടിയായേ തോന്നൂ. സോണിയയും രാഹുലും യെച്ചൂരിയും കാരാട്ടുമൊക്കെ കേരളത്തില്‍ പ്രചാരണത്തിനെത്തുമ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയിലായിരിക്കുമവര്‍. ഇന്നലെ വരെ ഒരു പാത്രത്തിലുണ്ടവര്‍ ഇന്ന് കടകം തിരിഞ്ഞു നില്‍ക്കുമ്പോഴുണ്ടാകുന്ന ഉളുപ്പ് ഊഹിക്കാവുന്നതേയുള്ളു.

ഈ ലജ്ജയും ധര്‍മസങ്കടങ്ങളും അവസരവാദ വിഭ്രാന്തികളും പാര്‍ലമെന്റ് മോഹത്തിന്റെ മാറിയും തിരിഞ്ഞുമുള്ള ചങ്ങാത്തക്കളിയും കണ്ടുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബി.ജെ.പി അഖിലേന്ത്യാ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലേയ്ക്ക് എത്തുകയാണ്. ബംഗാളില്‍ നിന്ന് 'തൃണമൂല്‍ ദീദി' മമതാ ബാനര്‍ജിയും മലയാള നാട്ടിലേയ്ക്ക് നീളന്‍ നാവുമായി എത്താന്‍ സാധ്യതയുണ്ട്. ഇവരുടെയൊക്കെ പ്രചാരണം ഊന്നല്‍ കൊടുക്കുന്നത് ബംഗാളില്‍ ഒന്നായ കോണ്‍ഗ്രസും സി.പി.എമ്മും കേരളത്തില്‍ പരസ്പരം വെട്ടാന്‍ നില്‍ക്കുന്നതിനെക്കുറിച്ചായിരിക്കും. കേരളത്തില്‍ അമിത പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന എന്‍.ഡി.എക്ക് ഭരണ-പ്രതിപക്ഷ മുന്നണികളെ അടിക്കാനുള്ള വടിയാണ് അവര്‍ തന്നെ വെട്ടിക്കൊടുത്തിരിക്കുന്നത്. ബംഗാളിലെ മധുരം കേരളത്തില്‍ കയ്പ്പാകുന്നത് എങ്ങിനെയെന്ന് സമ്മതിദായകരോട് പറഞ്ഞ് മനസിലാക്കാന്‍ ഇവര്‍ നന്നേ വിയര്‍ക്കും. സൂര്യതാപത്തിന്റെ കൊടുമുടിയില്‍ കരിഞ്ഞു നില്‍ക്കുന്ന മലയാള നാട്ടില്‍ ഈ സമ്മര്‍ദവും താങ്ങാനാവാതെ ഇടതും വലതും വല്ലാതെ വലയുന്നത് ഉടന്‍ കാണാം. ശക്തിയാര്‍ജിക്കാന്‍ വെമ്പുന്ന കൈപ്പത്തിയുടേയും മൂര്‍ച്ചകൂട്ടുന്ന അരിവാളിന്റെയും രാഷ്ട്രീയ ഫയല്‍മാന്‍മാരുടെ ഗോദയിലെ ഗുസ്തി കടുക്കുകയാണ്. 
***
''എല്‍.ഡി.എഫ് വരും, എല്ലാം ശരിയാകും...'' എന്നതാണ് ഇടത് മുന്നണിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യം. പൂട്ടിയ ബാറുകളെല്ലാം തുറന്ന് 'കുടി സൗകര്യം' ശരിയാക്കിത്തരും എന്നാണ് കള്ള് കുടിയന്മാര്‍  ഉറച്ച് വിശ്വസിക്കുന്നത്. ബംഗാളില്‍ മദ്യത്തിന് നിരോധനം ഒന്നുമില്ല. കേരളത്തില്‍ പണിക്കെത്തിയ ബംഗാളികളില്‍ അധികവും ബാറില്ലാത്തതിനാല്‍ കഠിനമായി വിഷമിക്കുന്നുമുണ്ട്. കോണ്‍ഗ്രസ് മുന്നണി തങ്ങളുടെ മദ്യനയം വ്യക്തമാക്കിക്കഴിഞ്ഞതാണ്. ഘട്ടം ഘട്ടമായ മദ്യ നിരോധനമാണ് യു.ഡി.എഫിന്റെ ഒരിക്കലും നടക്കാത്ത സുന്ദരമായ സ്വപ്നം. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ മദ്യം ഘട്ടംഘട്ടമായി നിരോധിക്കുമെന്ന് എന്‍.ഡി.എക്കാര്‍ താമരയിതളിലെഴുതിയ ദര്‍ശന രേഖയില്‍ എഴുതി മോഹംകൊള്ളുന്നുമുണ്ട്. അതും മേല്‍പ്പറഞ്ഞ സ്വപ്നത്തിന്റെ പാഴ് വിഭാഗത്തില്‍പ്പെടും. എന്നാല്‍ കേരളത്തിലെ ഇടതുപക്ഷം മദ്യനിരോധനത്തെയല്ല മദ്യവര്‍ജനത്തെയാണ് താങ്ങിപ്പിടിക്കുന്നത്. മദ്യം സുലഭമായിക്കോട്ടെ, അത് വര്‍ജിക്കുവാനുള്ള ബോധവത്ക്കരണ പരിപാടിയാണ് ഇടതുപക്ഷ മദ്യ വിപ്ലവം.

ഇതിനിടെ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മദ്യ നയത്തിലെ നിലപാടു മാറ്റി രംഗത്തു വന്നിരിക്കുന്നു. യെച്ചൂരിയുടെ കരണം മറിച്ചിലിനുപിന്നില്‍ സി.പി.എം സംസ്ഥാന നേതാക്കളുടെ സമ്മര്‍ദമാണെന്ന, മദ്യവിരുദ്ധ പുണ്യാളനും കെ.പി.സി.സി പ്രസിഡന്റുമായ വി.എം സുധീരന്റെ ആക്ഷേപം അങ്ങ് പിണറായിവരെ കേട്ടിട്ടുണ്ട്. ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ പൂട്ടിയ ബാറുകള്‍ തുറക്കില്ല എന്ന് ഉറക്കെയുറക്കെ പ്രഖ്യാപിച്ച യെച്ചൂരി ഇപ്പോള്‍ പ്ലേറ്റു മാറ്റി പറയുന്നത് മദ്യ നിരോധനം തങ്ങളുടെ നയം അല്ലെന്നും മദ്യത്തിന്റെ ലഭ്യത പൂര്‍ണമായും ഇല്ലാതാക്കുന്നതിനോട് യോജിക്കാനാവില്ലെന്നുമാണ്. എല്‍.ഡി.എഫിന് ഭരണം കിട്ടിയാല്‍ ഇപ്പോഴത്തെ മദ്യനയത്തില്‍ മദ്യഉപഭോഗം കുറയ്ക്കാന്‍ സഹായിക്കാത്ത എന്തെങ്കിലുമുണ്ടെന്ന് തെളിഞ്ഞാല്‍ മാറ്റം വരുത്തുമെന്ന് യെച്ചൂരി പച്ചയ്ക്ക് പറഞ്ഞിരുന്നു. എറണാകുളം പ്രസ്‌ക്ലബില്‍ നടന്ന മീറ്റ് ദ പ്രസിലായിരുന്നു യെച്ചൂരിയുടെ ലഹരി വിചിന്തനങ്ങള്‍... ''ചിയേഴ്‌സ്...'' 

ബംഗാളില്‍ കോണ്‍ഗ്രസുമായി സി.പി.എം ഒരു സഖ്യവുമുണ്ടാക്കിയിട്ടില്ലെന്നും അവിടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അതിക്രമങ്ങളില്‍ നിന്ന് സംസ്ഥാനത്തെ രക്ഷിക്കുവാനും ജനാധിപത്യം പുനസ്ഥാപിക്കുവാനുമായി എല്ലാ പാര്‍ട്ടികളും പ്രസ്ഥാനങ്ങളും ഒറ്റ പ്ലാറ്റ്‌ഫോമില്‍ വന്നിരിക്കുകയാണെന്നും യെച്ചൂരി പറഞ്ഞു... ''വീണ്ടും ചിയേഴ്‌സ്...''

വോട്ട് പോര് 2016: ബംഗാളില്‍ കൈകോര്‍ത്തു; കേരളത്തില്‍ കലിയേറി-22 (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക